Monday 08 March 2021
ഇവിടെ ഒരു സ്മാരകം ഉണ്ട്, ഓര്‍ക്കണം ;പല്‍പ്പുസ്മാരകം അവഗണനയുടെ പടുകുഴിയില്‍, ഭരണസിരാകേന്ദ്രം വിളിപ്പാടകലെ

By sl syam.26 Jan, 2021

imran-azharതിരുവനവന്തപുരം: വലിയൊരു വിഭാഗം ജനങ്ങളെ അവഗണനയുടെയും അപമാനത്തിന്റെയും പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ ജീവിതം ഉഴിഞ്ഞു വച്ച വിശ്വപൗരന്‍ ഡോ.പി.പല്‍പ്പുവിന്റെ സ്മാരകത്തിന് കടുത്ത അവഗണന. രണ്ടര സെന്റ് ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സ്മാരകം മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയായ ക്‌ളിഫ്ഹൗസ് വളപ്പിന് ഒരു കിലോമീറ്റര്‍മാത്രം അകലെയാണ്.

 

അധികൃതരുടെ കടുത്ത അവഗണനയില്‍ സാംസ്‌കാരിക കേരളത്തെ നാണിപ്പിക്കുന്ന ഈ സ്മാരകത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ഡോ.പല്‍പ്പു തന്റെ വില്‍പത്രത്തില്‍ ചെറിയൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു.

 

സ്വസ്ത്തിക്ക് ചിഹ്‌നത്തില്‍ ഒരു ഘടന. അതിനടുത്ത് ഒരു ചെമ്പകം നടണം. മറ്റ് ആഡംബരങ്ങള്‍ വേണ്ട. പല്‍പ്പുവിന്റെ ഈ ആവശ്യങ്ങള്‍ കുടുംബം തന്നെയാണ് പിന്നീട് നിറവേറ്റിയത്.

 

നഗരത്തിന്റെ പ്രധാന റോഡുകളില്‍ ഒന്നായ മ്യൂസിയത്തിനും നന്ദന്‍കോടിനും മദ്ധ്യേ രണ്ടര സെന്റിലാണ് സ്മാരകം ഉയര്‍ന്നത്.

 

പല്‍പ്പുവിന്റെ ആവശ്യം പ്രകാരം സ്മാരകത്തിന് സമീപം ഒരു ചെമ്പക മരവും നട്ടു. വര്‍ഷങ്ങള്‍ കൊണ്ട് ചെമ്പകം വളര്‍ന്നു. എപ്പോഴോ പൂത്തു.

 

വര്‍ഷാ വര്‍ഷം കുടുംബവും ചില ചരിത്ര സ്‌നേഹികളും ആരാധകരും അവിടെ എത്തും. പല്‍പ്പുവിന്റെ ചരമദിനമായ ഓരോ ജനുവരി 25 കടന്നു പോകുമ്പോഴും സാംസ്‌കാരിക കേരളത്തിന്റെ ഹൃദയനൊമ്പരവും വളരുകയാണ്.

 

ദാരുണം ഈ കാഴ്ച...ഹൃദയം തകര്‍ക്കും

 

വര്‍ഷത്തിലെ മറ്റ് ദിവസങ്ങളില്‍ കടുത്ത അവഗണനയ്ക്കും പാത്രമാവുകയാണ് ഈ സ്മാരകം. പ്രധാന റോഡില്‍ നിന്ന് തൊഴുതു മടങ്ങാനുള്ള അവസരം പോലും ആര്‍ക്കുമില്ല. മാത്രമല്ല ഇതിന് സമീപമായി മദ്യക്കുപ്പികളും ചപ്പുചവറുകളും കുന്നുകൂടി കിടക്കുന്ന സാഹചര്യവുമാണുള്ളത്.

 

അവകാശവും അഭിമാനവും നഷ്ടപ്പെട്ട് ജീവിക്കേണ്ടി വന്ന ഒരു ജനതയെ ആത്മാഭിമാനത്തിലേക്കും സ്വാശ്രയത്വത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ ഡോ.പല്‍പുവിന്റെ സ്മാരകത്തിന് ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്നും നഗരത്തിന്റെ ഓരത്തില്‍ ചിലരുണ്ട്.

 

പല്‍പ്പു വിടവാങ്ങിയിട്ട് 71-ാം വാര്‍ഷികം തികയുന്ന ഇന്നലെ അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി പടിക്കെട്ടില്‍ മുത്തം നല്‍കി മടങ്ങാനെത്തിയ ഒരു വയോധികന്‍ നാലഞ്ചു വഴിപോക്കരെ അടുത്തു വിളിച്ചു. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയില്ലെങ്കിലും തനിക്ക് ചുറ്റും കൂടി നിന്നവര്‍ക്ക് മുന്നില്‍ അയാള്‍ പല്‍പ്പു എന്ന നായകനെ വിവരിക്കാന്‍ തുടങ്ങി.


ഇനിയെങ്കിലും തിരിച്ചറിയൂ...


തിരുവനന്തപുരത്തെ പേട്ടയില്‍ നെടുങ്ങോട്ട് കുടുംബത്തില്‍ തച്ചക്കുടിയില്‍ പപ്പു എന്ന മാതുക്കുട്ടി ഭഗവതിയുടെയും പപ്പമ്മ എന്ന മാതപ്പെരുമാളിന്റെയം മകനായി ജനിച്ചു.

 

ഈഴവര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ലായിരുന്ന അക്കാലത്തും കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിച്ചെടുത്ത് സമൂഹത്തില്‍ അത്ഭുതമായി മാറിയ വ്യക്തിയായിരുന്നു പല്‍പ്പുവിന്റെ അച്ഛന്‍.

 

എല്ലാ ജാതീയ തടസങ്ങളെയും നേരിട്ട് പല്‍പ്പുവും പഠിച്ചു. പിന്നീട് സമര്‍ത്ഥമായി തുഴഞ്ഞ് എം.ബി.ബി.എസ് നേടി. എന്നാല്‍ പ്രധാന തടസം പിന്നീടായിരുന്നു. ചെത്താന്‍ കുറച്ചധികം തെങ്ങുകളായിരുന്നു ചില അധികാരികളുടെ വാഗ്ദാനം.

 

വിശാലമായ തിരുവിതാംകൂറില്‍ ജോലിയൊന്നും നല്‍കാനാവില്ല. ഒടുവില്‍ മൈസൂരില്‍ പ്ലേഗ് രോഗികളുടെ ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. പല പ്രമുഖ ഡോക്ടര്‍മാരും പ്ലേഗ് രോഗബാധ ഭയന്ന് ഓടിമറഞ്ഞപ്പോള്‍ ഡോ.പല്‍പ്പു അവര്‍ക്കിടയില്‍ സജീവമായി നിന്നു.