Tuesday 19 November 2019




കറുപ്പണിഞ്ഞ് നിലപാടുയര്‍ത്തി 18 സ്ത്രീകള്‍; 18 ഷേഡ്‌സ് ഒഫ് ബ്ലാക്കുമായി ഷര്‍മിള നായര്‍

By mathew.02 Nov, 2019

imran-azhar

മാത്യു ജേക്കബ്‌

 

2018 സെപ്റ്റംബറില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധി ഉണ്ടായി. ലിംഗനീതിയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയും വാചാലരാകാറുള്ള മലയാളി സമൂഹം പക്ഷേ ആ കോടതി വിധിയെ വരവേറ്റ രീതി ഇതില്‍ നിന്നും വിഭിന്നമായതായിരുന്നു. ദൈവത്തിന് വേണ്ടി പോരാടാനും, ദൈവത്തെ സംരക്ഷിക്കാനുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി. ദൈവത്തിന് വേണ്ടി തെരുവിലിറങ്ങിയ ഈ സ്ത്രീകളില്‍ എത്ര പേര്‍ക്ക് പൊതു സമൂഹത്തിലും സ്വന്തം കുടുംബത്തിലും അനുഭവിക്കുന്ന വിലക്കുകള്‍ക്കെതിരെ പോരാടാനാകുന്നുണ്ട്? അങ്ങനെ പോരാടിയിരുന്നെങ്കില്‍, നമ്മുടെ സമൂഹത്തില്‍ ചെറുതെങ്കിലും ചില മാറ്റങ്ങള്‍ അത് സൃഷ്ടിക്കുമായിരുന്നു എന്നു കരുതാനെങ്കിലും അവരിലെത്ര പേര്‍ക്ക് കഴിയുന്നുണ്ടാകും. ഈ ചിന്തയില്‍ നിന്നായിരുന്നു ഷര്‍മിള നായര്‍ എന്ന ഡിസൈനറുടെ 18 ഷേഡ്‌സ് ഒഫ് ബ്ലാക്ക് എന്ന ക്യാമ്പെയിനിന്റെ ജനനം. ഫാഷന്‍ ഡിസൈനിംഗിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചുള്ള ഈ ക്യാമ്പെയിനിലൂടെ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഷര്‍മിള ഇപ്പോള്‍.

 

ഷര്‍മിള നായര്‍

 

ഉറച്ച നിലപാടുകളുള്ള, അവ ഉറക്കെ പ്രഖ്യാപിക്കാന്‍ തയ്യാറായ 18 സ്ത്രീകളാണ് 18 ഷേഡ്‌സ് ഒഫ് ബ്ലാക്കിലൂടെ നമുക്ക് മുന്നിലേക്കെത്തുന്നത്. ജീവിതത്തില്‍ അവര്‍ നേരിട്ട, തരണം ചെയ്ത വിലക്കുകളെയും അനുഭവങ്ങളെയും പറ്റിയാണ് അവര്‍ ഓരോരുത്തരും സംസാരിക്കുന്നത്. മാതൃത്വം, ആര്‍ത്തവം, ദേവീ സങ്കല്‍പം, ഡ്രൈവിംഗ് തുടങ്ങിയ വിവിധ കാര്യങ്ങള്‍ അവര്‍ക്ക് വിഷയങ്ങളാകുന്നുണ്ട്. അവരെപ്പോലെ തന്നെ നമുക്ക് ചുറ്റിലും നമ്മളും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ഈ വിഷയങ്ങളെപ്പറ്റി തുറന്ന് സംസാരിക്കാന്‍ അവര്‍ കാട്ടിയ ആര്‍ജ്ജവം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അമ്പതിലധികം സ്ത്രീകളോട് സംസാരിച്ചതിന് ശേഷമായിരുന്നു ഷര്‍മിള ഈ പതിനെട്ടിലേക്കെത്തുന്നത്. തുറന്ന് സംസാരിക്കാന്‍ പേടിച്ചവരെയും ഇതേ പേടി കാരണം പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പിന്നീട് പറഞ്ഞവരെയും 18 ഷേഡ്‌സ് ഒഫ് ബ്ലാക്കിനായുള്ള ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ട തന്റെ പരിശ്രമങ്ങള്‍ക്കിടെ ഷര്‍മിള കണ്ടിരുന്നു.

 

 

പരമ്പരാഗതമായി തങ്ങളിലേക്ക് പകര്‍ന്ന് വന്ന ചിന്തകളിലും ആശയങ്ങളിലും ജീവിതത്തെ ഒതുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ നിന്നാണ് ഈ 18 പേര്‍ മറ്റുള്ളവര്‍ക്കായി കൂടി ശബ്ദമുയര്‍ത്തുന്നത്. തുറന്ന് എഴുതുകയും സംസാരിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന സ്ത്രീകളെ എന്തുകൊണ്ടോ നമ്മുടെ സമൂഹം ഭയക്കുന്നതായി മാധ്യമപ്രവര്‍ത്തകയായ ഗീത ബക്ഷി പറയുന്നുണ്ട്. സ്ത്രീകള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് സമൂഹത്തിന് സഹിക്കാന്‍ കഴിയില്ലെന്നുള്ളത് സ്വന്തം അനുഭവങ്ങളില്‍ നിന്ന് കൂടിയാണ് അവര്‍ വ്യക്തമാക്കുന്നത്.

 

 

 

അമ്മയാകുക എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വലിയ കാര്യമെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളുള്ള നാട്ടിലാണ് 'Motherhood is a choice, just as much as not being a mother is a choice' എന്ന് രമ്യ ശശീന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നത്.

 

 

മലയരയ വിഭാഗത്തിലുള്ളവരായതിനാല്‍ തങ്ങളെ കുരങ്ങുകളോട് ഉപമിക്കുന്നത് നിത്യേന കേള്‍ക്കേണ്ടി വന്നിട്ടുള്ള സ്‌കൂള്‍ കാലത്തെപ്പറ്റി കെ.പി സന്ധ്യ ഓര്‍ക്കുന്നുണ്ട്. അങ്ങനെ പറഞ്ഞവര്‍ക്ക് മുന്നില്‍ ഏറ്റവും നല്ല രീതിയില്‍ ജീവിച്ചു കാണിച്ചുകൊടുക്കണമെന്ന വാശിയില്‍ നിന്ന് തങ്ങള്‍ നേടിയ വിജയത്തെപ്പറ്റിയും 18 ഷേഡ്‌സ് ഒഫ് ബ്ലാക്കില്‍ സന്ധ്യ പരാമര്‍ശിക്കുന്നുണ്ട്.

 

 

സ്വന്തം ജീവിതത്തില്‍ നേരിട്ട വിലക്കുകളും പല വിധത്തിലുള്ള അനുഭവങ്ങളും തന്നെയാണ് ഇവര്‍ ഓരോരുത്തരെയും ഉറച്ച നിലപാടുകളുള്ള സ്ത്രീകളാക്കി മാറ്റിയത്. കറുത്ത സാരി എന്ന മാധ്യമത്തിലൂടെ ഇവരുടെ നിലപാടുകളെയാണ് ഷര്‍മിള ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 18 ഷേഡ്‌സ് ഒഫ് ബ്ലാക്ക് എന്ന പേരിലെ '18' എന്ന സംഖ്യയും 'കറുപ്പ്' എന്ന നിറവും ശബരിമല വിഷയം സൂചിപ്പിക്കുന്നതിന് വേണ്ടി ബോധപ്പൂര്‍വ്വം തെരഞ്ഞെടുത്തതാണെന്ന് ഷര്‍മിള പറയുന്നുണ്ട്. ആ രാഷ്ട്രീയ ബോധ്യം തന്നെയാണ് 18 ഷേഡ്‌സ് ഒഫ് ബ്ലാക്ക് എന്ന ആശയവുമായെത്തിയ ഷര്‍മിളയെ അഭിനന്ദനത്തിന് അര്‍ഹയാക്കുന്നത്.

 

 

 

കേരള സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്റര്‍ പോളിസിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മായാ മേനോന്‍, ഗൗരി സാവിത്രി എന്നീ ട്രാന്‍സ്‌ജെന്റര്‍ മോഡലുകളെ ഉള്‍പെടുത്തി 'മഴവില്‍' എന്ന പേരില്‍ ഷര്‍മിള ഒരു ഫാഷന്‍ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. 18 ഷേഡ്‌സ് ഒഫ് ബ്ലാക്ക് ഷര്‍മിളയെ സംബന്ധിച്ചിടത്തോളം ഒരു തുടര്‍ച്ചയാണ്.

 

 

പാര്‍ശ്വവല്‍ക്കപ്പെടുന്നവരുടെയും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമൊക്കെ പലവിധത്തിലുള്ള വിലക്കുകള്‍ നേരിടേണ്ടി വരുന്നവരുടെയും ശബ്ദമാകാന്‍ ഇനിയും വരാനിരിക്കുന്ന നിരവധി പരിശ്രമങ്ങള്‍ക്കുള്ള തുടര്‍ച്ച. തന്റെ മാധ്യമത്തിലൂടെ, തനിക്കാകുന്ന വിധത്തിലൊക്കെ ഇനിയും ഷര്‍മിള തന്റെ നിലപാടുകള്‍ അറിയിച്ചുകൊണ്ടേയിരിക്കും.