സ്വന്തം ജീവിതം വെളിച്ചം കൊണ്ടെഴുതിയ നിഷ്കളങ്കനായ നിശ്ചല ഛായാഗ്രാഹകന്‍. പ്രസ്സ് ഫോട്ടോഗ്രാഫര്‍, ചിത്രകാരന്, നടന് അതിലെല്ലാം ഉപരി പച്ചയായ മനുഷ്യന്. പളുങ്കുപോലെ സുതാര്യനായ തനി നാട്ടിന്പുറത്തുകാരന്. സംവിധായകന് അരവിന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ആഹ്ലാദകരമായ ഒരു അല്‍ഭുതം'. അതാണ് എന്‍.എല്‍. ബാലകൃഷ്ണന്.
ഒരു കാമറ ഫെയിമിലും ഒതുങ്ങുന്നതായിരുന്നില്ല ഈ മനുഷ്യന്. തന്റെ റോളികോര്ഡ് വിബി ജര്‍മ്മന്‍ കാമറയിലൂടെ ബാലകൃഷ്ണന് പകര്‍ത്തിയ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. എ.കെ.ജിയുടെ മിച്ചഭൂമി സമരം, നക്സലൈറ്റുകളുടെ കുമ്മിള്‍ തലവെട്ട് കേസ്, സി. അച്ചുത മേനോന്റെ കാലത്തെ കോളേജ് അധ്യാപകരുടെ സമരം, വിക്രം സാരഭായിയുടെ മരണം, ചലച്ചിത്രങ്ങളായ സ്വയവരത്തിന്റെയും ഉത്തരായനത്തിന്റെയും നിശ്ചല ചിത്രങ്ങളെല്ലാം എല്ലാം ചരിത്രത്തിന്റെ ഭാഗമായി. അതിനോടൊപ്പം സൗമ്യനായി ബാലകൃഷ്ണന് തന്റെ ജീവിതത്തെ ഒഴുകാന്‍ അനുവദിച്ചു.
142 കിലോ ഭാരമുള്ള ഈ മനുഷ്യന്, തിരുവനന്തപുരത്തിന് വടക്കുള്ള പൗഡിക്കോണം എന്ന കുഗ്രാമത്തെ നിശ്ചലചിത്ര കലയുടെ ഭൂപടത്തില്‍ സമാനതകളില്ലാത്തവണ്ണം അടയാളപ്പെടുത്തി. സ്കൂള്‍ ഒഫ് ആര്‍ട്സിലെ വിദ്യാര്‍ത്ഥി എങ്ങനെ ഫോട്ടോഗ്രാഫറായെന്ന് ബാലയണ്ണന് തന്നെ പറയട്ടെ: 'ആര്‍ട്സ് സ്കൂളില്‍ നിന്ന് വൈകുന്നേരം പൗഡികോണത്തേക്കുള്ള മറുവണ്ടിക്ക് കുറെ കാത്തുനില്‍ക്കണമായിരുന്നു. മുഷിപ്പ് മാറ്റാന്‍ സമീപത്തൊക്കെ ചുറ്റിത്തിരിയും. അങ്ങനെയാണ് പുതിയൊരു ലാവണം വീണു കിട്ടിയത്. സ്പെന്‍സര്‍ ജംഗ്ഷനിലെ മെട്രോ സ്റ്റുഡിയോ. ചുമ്മാ ലോഹ്യം പറഞ്ഞുണ്ടായ ബന്ധം. അന്ന് അവിടെ മാനേജര്‍ തോമസ് ചേട്ടന്. ഒരു ദിവസം ചേട്ടന് ചോദിച്ചു, 'നിനക്ക് ഫോട്ടോ പിടുത്തം പഠിക്കണോ? പടം വരക്കാര്‍ക്ക് ഉപകരിക്കും.' എനിക്ക് എന്താ മടി? അവിടുന്ന് തുടങ്ങുന്നു ഞാന്‍ പോലും അറിയാതെ എന്റെ കലാ ജീവിതം.'
തകരക്കെട്ടിടത്തിലെ സ്റ്റുഡിയോയിലെ ഡാര്‍ക്ക് റൂമില്‍ അപ്രന്റീസ്ഷിപ്പ് പണി. സ്റ്റുഡിയോ ഫോട്ടോഗ്രാഫി കര്‍ട്ടന്റെ വശത്ത് നിന്ന് നോക്കി പഠിക്കാനേ പറ്റുകയുള്ളൂ. പിന്നെ പിന്നെ ഫോട്ടോഗ്രാഫി ബാലകൃഷ്ണന്റെ ഹരമായി. തോമസ് ചേട്ടനുമായുള്ള ബന്ധം ബാലകൃഷ്ണനെ മറ്റു സ്റ്റുഡിയോകളുമായും അടുപ്പിച്ചു. കുട്ടപ്പന് നായരുടെ രൂപലേഖ, ശിവന്റെ ശിവന്‍സ് സ്റ്റുഡിയോ, വലിയശാല സേതുവിന്റെ അപസ്ര സ്റ്റുഡിയോ ഇവിടങ്ങളിലെല്ലാം ബാലകൃഷ്ണന് നിത്യസന്ദര്‍ശകനായി.
വലിയശാല സേതുവാണ് ബാലകൃഷ്ണന് ഒരു കാമറ സമ്മാനമായി കൊടുത്തത്-യാഷിക ഡി. അതിനെ കുറിച്ച് ബാലകൃഷ്ണന് പറയുന്നതിങ്ങനെ:
'പിന്നെ നിലത്തൊന്നുമായിരുന്നില്ല, തടി കൂടി തുടങ്ങിയ ഈ ദേഹം. ആദ്യ സമ്മാനം കിട്ടിയ കുട്ടിയുടെ ആര്‍ത്തിയോടെ ഞാന്‍ കണ്ണില്‍ കണ്ടതിലൊക്കെ ക്ലിക്ക് ചെയ്യാന്‍ തുടങ്ങി. മറ്റുള്ളവര്‍ എടുക്കാറുള്ള പടങ്ങളൊക്കെ നോക്കിവച്ച് അതുപോലെ എടുക്കാനായിരുന്നു ശ്രമം. എന്റെ പാവം യാഷിക പിടിച്ചാല്‍ പൊന്താത്ത വലിയ വലിയ പടങ്ങള്‍. സൂര്യാസ്തമയം, നിഴല്‍ ചിത്രങ്ങള്‍, വയലില്‍ ഞാറ് നടുന്നത്, വല വീശുന്ന മുക്കുവന്, പിന്നെ തമിഴ് പടങ്ങളില്‍ കണ്ട ഓര്‍മ്മയില്‍ എന്റെ നാട്ടിന്‍പുറത്ത് ഇലകള്‍ കൊഴിഞ്ഞുണങ്ങിയ മൊട്ടമരങ്ങള് തേടി നടന്നു. കിട്ടിയതൊക്കെ കുഞ്ഞ് പ്രിന്റ് അടിച്ച് ആല്‍ബത്തില്‍ ഒട്ടിച്ചു. ആരെയും കാണിക്കില്ല. ചമ്മല് അല്ലേ?'
ഇവിടെ വിട്ടു പോയ ഒരു കാര്യമുണ്ട്. ബാലകൃഷ്ണന്റെ ആദ്യ പടം. കണ്ണീരില്‍ കുതിര്‍ന്ന ആ പടത്തിന്റെ കഥ ബാലകൃഷ്ണന് തന്നെ പറയട്ടെ: 'സത്യത്തില്‍ ഞാന്‍ ആദ്യം എടുത്ത പടം ഒരു അസ്ഥിത്തറയുടേതാണ്. എന്റെ അമ്മയുടെ. അവര്‍ ജീവിച്ചിരുപ്പോള്‍ പടം എടുക്കാന്‍ ശ്രദ്ധിച്ചില്ല. പിന്നീടോര്‍ത്ത് വേദിനിച്ചിട്ടുണ്ട്. ഒരു കാമറ വായ്പ വാങ്ങിയെങ്കിലും ഒന്നെടുക്കാമായിരുന്നു. മരണം, പക്ഷേ നോട്ടീസ് തരാറില്ലല്ലോ?'
ഭൂമിയില്‍ ഒരു പടവും അവശേഷിപ്പിക്കാതെ ആ അമ്മ ബാലകൃഷ്ണനെ വിട്ടുപോയി. ബാലകൃഷ്ണന്, തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചു 3.11.1963, ഞായറാഴ്ച 4.30 ന് എന്റെ അമ്മ മരിച്ചുപോയി.
കലാകൗമുദിയും മണി സാറും
ഫാദര്‍ ബ്രഹന്സാ ശ്രീകാര്യത്ത് മണ്‍വിളയില്‍ ബോയ്സ് ടൗണ്‍ ഒഫ് കേരള എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു അനാഥാലയം നടത്തിയിരുന്നു. അദ്ദേഹം ഇടയ്ക്കിടെ മെട്രോ സ്റ്റുഡിയോയില്‍ വരുമായിരുന്നു. ഒരു ദിവസം സ്റ്റുഡിയോയുടെ മാനേജരായിരുന്ന തോമസ് ചേട്ടന് ഫാദറിനോട് ഒരു നിര്‍ദ്ദേശം വച്ചു. അനാഥക്കുട്ടികളെ പടം വരയ്ക്കാനും പടം പിടിക്കാനും പഠിപ്പിച്ചുകൂടെ? ഫാദറിന് അത് വലിയ ആവേശമായി. പക്ഷേ, ചെറിയ കാശിന് ആര് അത് പഠിപ്പിക്കും? തോമസ് ചേട്ടന് അതിന് വഴി കണ്ടു.
ബാലകൃഷ്ണന് പൗഡിക്കോണത്ത് നിന്ന് കഷ്ടപ്പെട്ട് വരുന്ന ആളാണ്. ഫാദര്‍ പറഞ്ഞാല്‍ അവന് കുട്ടികളെ ചിത്രകലയും ഫോട്ടോഗ്രാഫിയും പഠിപ്പിക്കും. ഇനി ബാലകൃഷ്ണന്റെ വാക്കുകള്‍ കടംമെടുക്കാം: 'അങ്ങനെ ഞാന്‍ ഫാദര്‍ ബ്രഹന്സയുടെ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വീതം മാഷയായി ദിവസക്കൂലിയും പ്രമോഷനുമുണ്ടായി. ദിവസം രണ്ട് രൂപ. കുറെ അനാഥകുട്ടികള്‍ കൂട്ടുകാരായി. ഏറ്റവും സന്തോഷിപ്പിച്ചത് മറ്റൊന്നാണ്. അച്ഛന് അവിടെ സ്വന്തം നിലയ്ക്ക് ഒരു ഡാര്‍ക്ക് റൂം സെറ്റ് ചെയ്ത് തന്നു.'
ഒന്നരക്കൊല്ലം അവിടെ ജോലി ചെയ്ത ബാലകൃഷ്ണന് പിന്നെ പ്രസ്സ് ഫോട്ടോഗ്രാഫര്‍ ആയ കഥയിങ്ങനെ. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ സോഷ്യല്‍ സര്‍വ്വീസ് ലീഗിന് അച്ചന്റെ അനാഥാലയവുമായി ബന്ധമുണ്ടായിരുന്നു.
കെട്ടിടത്തിന്റെ ഓല മേയുക, ചില്ലറ സഹായങ്ങള്‍ ചെയ്യുക എന്നിങ്ങനെ. ലിഗീന്റെ നേതാവ് പത്രാധിപരുടെ രണ്ടാമത്തെ മകന് എം.എസ്. മധുസൂദനനായിരുന്നു. മധുസുദനന്‍ സാര്‍ ഒരിക്കല്‍ അവിടെ വച്ച് ബാലകൃഷ്ണനോട് തിരക്കി, താന്‍ പത്രത്തിന് പടം എടുക്കുമോ? എടുത്തിട്ടില്ല പക്ഷേ, എടുക്കാന്‍ പറ്റുമെന്നായി ബാലകൃഷ്ണന്. അങ്ങനെ മധുസൂദനന് സാറിന്റെ നിര്‍ദ്ദേശപ്രകാരം ബാലകൃഷ്ണന്, എം. എസ്. മണി സാറിനെ ചെന്നു കണ്ടു. 1968 ല്‍ ബാലകൃഷ്ണന് 5 രൂപ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ബാലകൃഷ്ണന് ആദ്യത്തെ അസൈന്മെന്റ് കിട്ടി.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന്റെ പടം എടുക്കുക. മനോരമയിലെ വര്ഗ്ഗീസുമൊത്ത് ബാലകൃഷ്ണന് പടിഞ്ഞാറെക്കോട്ടയില്‍ പോയി ആറാട്ടിന്റെ പടം എടുത്തു. പിറ്റേ ദിവസത്തെ കേരള കൗമുദിയില്‍ ആ പടം ഭംഗിയായി അടിച്ചുവന്നു.
നളിനിയെന്ന പ്രണയകാവ്യം
കുമാരനാശാന്റെ നളിനിയെ നമുക്ക് അറിയാം. എന്നാല്‍, ഈ നളിനി, ബാലകൃഷ്ണന്റെ മുറപ്പെണ്ണാണ്. നളിനി, ബാലകൃഷ്ണന് എന്ന ഭര്‍ത്താവിനെ, തന്റെ മുറച്ചെറുക്കനെ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ: 'വലിയ ശരീരവും കുട്ടികളുടെ മനസ്സുമുള്ള മനുഷ്യന്!'
ബാലകൃഷ്ണന്റെ സുഖമില്ലാത്ത അമ്മയെ നോക്കാനാണ് മുറപ്പെണ്ണായ നളിനി ആ വീട്ടിലേയ്ക്ക് വന്നത്.
പിന്നെയത് കല്യാണത്തില്‍ കലാശിച്ചു. അന്ന് ബാലകൃഷ്ണന് പത്തൊന്‍പത് വയസും നളിനിക്ക് പതിനേഴും. ബാലകൃഷ്ണന് അപ്പോഴും സ്കൂള്‍ ഒഫ് ആര്‍ട്സില്‍ ചിത്രകല പഠിക്കുന്നു. ബാലകൃഷ്ണന്-നളിനി ദമ്പതിമാര്‍ക്ക് മൂന്ന് മക്കള്‍-ഒരാണും രണ്ട് പെണ്ണും. മകന് ജയകൃഷ്ണനോടൊപ്പമാണ് നളിനി താമസിക്കുന്നത്. അച്ഛന്റെ കാമറകളും പുസ്തകങ്ങളും മദ്യക്കുപ്പികളുമെല്ലാം ജയകൃഷ്ണന് കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്നു. സഹോദരിമാരും അടുത്തു തന്നെയാണ് താമസിക്കുന്നത്.
അരവിന്ദന് എന്ന വഴികാട്ടി
ഈ ഭൂമിയില്‍ അച്ഛന് പാണാട്ടുവിള നാരായണന് കഴിഞ്ഞാല്‍ ബാലകൃഷ്ണന് ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് സംവിധായകന് ജി. അരവിന്ദനെ ആയിരുന്നു. അടൂരിന്റെ ചിത്രം സ്വയംവരവുമായി ബന്ധപ്പെട്ടാണ് ബാലകൃഷ്ണന് അരവിന്ദനെ ആദ്യമായി കണ്ടത്. അതിനെ കുറിച്ച് ബാലകൃഷ്ണന്റെ വിവരണമിങ്ങനെ: 'നീട്ടി വളര്‍ത്തിയ താടിയും ചുരുളന്‍ മുടിയും കവിത മയങ്ങും കണ്ണുകളുമുള്ള ആ മനുഷ്യന് എന്തോ എന്റെ മനസില്‍ ആദ്യ ദര്‍ശനത്തിലെ കയറിപ്പറ്റി.
വാക്കുകള്‍ക്ക് നന്നേ പിശക്ക്. സി.എന്‍. കരുണാകരന്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ജി. അരവിന്ദന് എന്നിവര്‍ ശാസ്തമംഗലത്തെ രേഖാ പ്രിന്റേഴ്സില്‍ ഇരുന്നാണ് പടം വരപ്പ്. ചിത്രലേഖാ സ്റ്റുഡിയോയുടെ നേരെ എതിരെയായിരുന്നു അത്. അയ്യപ്പന് എന്ന സുഹൃത്തും ഞാനും കൂടിയാണ് ചിത്രകാരന്മാര്ക്ക് കട്ടന്‍ചായ ഇട്ടുകൊടുക്കുന്നത്. കട്ടനുമായി ഞാന്‍ ചെന്നു വിളിക്കും, സാറേ ചായ... രണ്ടുമൂന്നുവട്ടമായപ്പോള് അരവിന്ദന് പറഞ്ഞു, ചായ മതി, ഈ സാറേ വേണ്ട.... പിന്നെന്ത് വിളിക്കണം സാറെ എന്നായി ഞാന്‍! അദ്ദേഹം ചിരിച്ചു. എന്തായാലും സാറേ വേണ്ട. നിര്‍ബന്ധമാണെങ്കില്‍ ഏട്ടാ എന്നായിക്കോ. അങ്ങനെ ആ മനുഷ്യന് എനിക്ക് അരവിന്ദേട്ടനായി. വല്യേട്ടന്മാരില്ലാതെ നില്‍ക്കള്ളിയില്ലാത്ത നമ്മുടെ സിനിമാലോകത്ത് വളരെ വളരെ വ്യത്യസ്തനായ ഹൃദയേട്ടന്!
അരവിന്ദന്റെ മരണം വരെ എല്ലാക്കാര്യങ്ങളിലും ബാലകൃഷ്ണന് അരവിന്ദന് വഴികാട്ടിയായി. വ്യക്തി ജീവിതത്തിലേ സാഹസങ്ങളിലും അപകടങ്ങളിലും വരെ അരവിന്ദന് ആയിരുന്നു ബാലകൃഷ്ണന്റെ ബലം. ഓരോ വിദേശ യാത്ര കഴിഞ്ഞ് വരുമ്പോഴും ബാലകൃഷ്ണന് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള പുസ്തകങ്ങളള്‍ അരവിന്ദന് കൊണ്ടുകൊടുക്കുമായിരുന്നു. ബാലകൃഷ്ണന്റെ ഡയറി എഴുത്ത് പരിഷ്കരിച്ചതും അരവിന്ദനാണ്. ബാലന്റെ ഡയറിക്കുറിപ്പുകള്‍ കണ്ട അരവിന്ദന്റെ കമന്റ് ഇങ്ങനെ: ഡയറി കൊള്ളാം. പക്ഷേ, ഇതില്‍ നിന്ന് കള്ളിന്റ എപ്പിസോഡുകള്‍ നീക്കിയാല്‍ പിന്നെ ഡയറിയില്ല! ആ കമന്റ് ബാലകൃഷ്ണനെ നല്ലൊരു ഡയറി എഴുത്തുകാരനാക്കി.
അരവിന്ദന്റെ ഒരിടത്തിന്റെ ഷൂട്ടിംഗ് ലോക്കേഷനിലുളള സംഭവങ്ങളെ ആസ്പദമാക്കി ഓരോന്നും സൂക്ഷ്മായി രേഖപ്പെടുത്തിക്കൊണ്ടുള്ള തന്റെ ഡയറി ബാലകൃഷ്ണന് അരവിന്ദനെ കാണിച്ചു. അരവിന്ദന് അത് ശ്രദ്ധയോടെ വായിച്ചിട്ട് പറഞ്ഞു. ബാലന് സ്വകാര്യങ്ങളുടെ ഡയറി എഴുതാന്‍ പഠിച്ചിരിക്കുന്നു, തുടരുക. എന്നിട്ട് അരവിന്ദന്1 000 രൂപയുടെ ചെക്ക് ബാലകൃഷ്ണന് കൊടുത്തു. കാരണം അരവിന്ദനെക്കുറിച്ചുള്ള കുറിപ്പായിരുന്നു ആ ഡയറിയില്‍!
ബാലനും ഗന്ധര്‍വ്വനും
ബാലകൃഷ്ണന്റെ മൂത്ത മകളുടെ കല്യാണം നിശ്ചയിച്ചു. പക്ഷേ, കൈയില്‍ പണമില്ല. ബാലകൃഷ്ണന്റെ വാക്കുകള്‍: 'ആര്‍ടിസ്റ്റ് നമ്പൂതിരി കല്യാണക്കുറി രൂപകല്‍പ്പന ചെയ്തുതന്നു. കലാകൗമുദി അത് അച്ചടിച്ചുതന്നു. ആദ്യത്തെ ക്ഷണക്കത്ത് യേശുദാസിന് കൊടുത്തു. അദ്ദേഹം കുറി വാങ്ങി നോക്കിയിട്ട് മാനേജര്‍ സുധാകരനെ വിളിച്ച് എന്തോ പറഞ്ഞു. അല്‍പ്പ സമയത്തിനകം എനിക്കൊരു കവന്‍ തന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ 3000 രൂപയുടെ ചെക്ക്.
അന്ന് അതിന് മൂന്ന് ലക്ഷം രൂപയുടെ വിലയുണ്ടായിരുന്നു. പിന്നീട് ഞാന്‍ പത്മരാജന് ഫോണ്‍ ചെയ്തു. നൊമ്പരത്തിപൂവ് എന്ന പടത്തിന്റെ പ്രാരംഭ പണികളിലായിരുന്നു അന്നദ്ദേഹം. ഫോണെടുത്ത മകള്‍ മാധവിക്കുട്ടി പറഞ്ഞു, അച്ഛനും പ്രൊഡ്യൂസര്‍ ഗാന്ധിമതി ബാലനും കൂടി പടത്തിനുള്ള കോസ്റ്റ്യൂംസ് തെരഞ്ഞെടുക്കാന്‍ പോയി. ഞാനവിടെ ചെന്നു. കല്യാണക്കുറി കൊടുത്തു. അത് ഓടിച്ചു നോക്കിയിട്ട് മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു പത്മരാജന്. മക്കളൊക്കെയങ്ങു വളര്‍ന്നുപോയി, അല്ലേ ബാലാ? മക്കള്‍ വളര്‍ന്നത് അറിഞ്ഞില്ല അല്ലേ ? ചില്ലറയൊന്നും കൈയില്‍ കരുതിയതുമില്ല? ഇത്രയും പറഞ്ഞിട്ട് അദ്ദേഹം പോക്കറ്റില്‍ നിന്ന് ചെക്ക് ബുക്കെടുത്തു. ഒരു ചെക്ക് ലീഫില് ഒപ്പിട്ടിട്ട്, പേന സഹിതം എനിക്ക് നീട്ടി.
ഇതൊരു ബ്ലാങ്ക് ചെക്കാണ്, ഇഷ്ടമുള്ള തുക ബാലന് എഴുതിയെടുക്കാം. ഇപ്പോഴല്ലെങ്കില്‍ കല്യാണം കഴിഞ്ഞ്. കടമൊക്കെ ധാരളമുണ്ടാവും. മഷി മാറാതിരിക്കാന്‍ ഞാനൊപ്പിട്ട ഈ പേനയും വച്ചോളൂ. കണ്ണു നിറഞ്ഞു പോയി. എന്തൊരു മനുഷ്യനാണിത്? ഞാന്‍ ആ ചെക്ക് വാങ്ങിയില്ല. യാഥാര്‍ത്ഥ സൗഹൃദയത്തിന്റെ മഷി മായാതിരിക്കണമെങ്കില്‍ അതിന് വില പറയരുതേ...
നിഴലും വെളിച്ചവും
'എന്റെ കണ്ണില്‍ ഫോട്ടോജനിക് എന്നൊന്നില്ല. എന്തിനും ആര്‍ക്കും സവിശേഷമായ ഫീച്ചേഴ്സ് ഉണ്ട്. ചില ലൈറ്റിംഗില്‍ നമ്മള് വിചാരിക്കാത്ത ദൃശ്യ അനുഭവങ്ങള്‍ ഉണ്ട്. പാളി വീഴുന്നൊരു വെളിച്ചക്കീറില്‍ ഒരു മൂക്കിന്റെ നിഴലൊളി എഴുന്ന് വരുമ്പോള്‍, ആ മുഖത്തിന്റെ ഉടമയ്ക്ക് അയാള്‍ പോലും അറിയാത്ത ദൃശ്യഭംഗിയുണ്ടാകും. അത് യവനസുന്ദരന്മാരുടെ പ്രഖ്യാത മൂക്കാവണമെന്നില്ല. ഭംഗി എന്നത് എന്നെ സംബന്ധിച്ച് സുന്ദരീ സുന്ദരന്മാരുടെ രൂപസൗഭഗമല്ല.
മനുഷ്യമനസിനെ ചലിപ്പിക്കാന്‍ പോന്ന എന്തും സുന്ദരമാണ്. ആ ചലനാത്മകത പകരാന്‍ കഴിയുക ചിലപ്പോള്‍ സാധാരണ കാഴ്ചയില്‍ വിരൂപമെന്ന് പറഞ്ഞ് കളയാറുള്ള രൂപങ്ങള്ക്കാവും. ഫോട്ടോഗ്രാഫര്‍ അതൊക്കെ കാണാന്‍ ബാദ്ധ്യസ്ഥനാണ്. അങ്ങനെയൊരു ബാദ്ധ്യത ആരും അയാളില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല. സ്വയമേവ ഉള്ളില്‍ ഉദിക്കുന്നതും മരണം വരെ അവിടെ സ്ഥാപിക്കപ്പെടുന്നതുമാണ്. അതുകൊണ്ടാണ്, ഇത് ഒരു കല എന്ന് പറയുന്നത്.' ബാലകൃഷ്ണന് നിരീക്ഷിക്കുന്നു. അത് ഫോട്ടോഗ്രാഫറുടെ നിരീക്ഷണം മാത്രമല്ല, ഒരു ജീനിയസിന്റെ അര്‍പ്പണമാണ്.
150 സിനിമകളിലും 88 ടിവി സീരിയലുകളിലും ബാലകൃഷ്ണന് അഭിനയിച്ചു. 170 ചിത്രങ്ങള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 40 വര്‍ഷം സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു. 2014 ഡിസംബര്‍ 25 ന് പാണാപ്പാട്ടുവിള നാരായണന് ലക്ഷ്മി ബാലകൃഷ്ണന് നമ്മെ വിട്ടുപോയി. മുഴുവിപ്പിക്കാതെ പോയ ആല്‍ബത്തിലെ സുന്ദര ചിത്രം പോലെ അയാള്‍ കാലത്തിനപ്പുറം നിന്ന് സമാനകളില്ലാത്തവണ്ണം നമ്മുടെ ചിത്രം പകര്‍ത്തുന്നു.