Saturday 15 August 2020
കൊറോണക്കാലത്തെ സാമ്പത്തിക നയങ്ങള്‍;

By എം.ആര്‍.ഷൈന്‍.02 Apr, 2020

imran-azhar
2019 നവംബര്‍ മാസം ഏഴാം തീയതി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള, വിസ്തൃതിയില്‍ മൂന്നാം സ്ഥാനത്തുള്ള കിഴക്കനേഷ്യയിലെ രാജ്യമായ ചൈന (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന)യിലെ ഹുബെ പ്രവിശ്യയുടെ വിശാലമായ തലസ്ഥാനമായ വുഹാൻ(യാങ്‌സി, ഹാൻ നദികൾ കൊണ്ട് വിഭജിച്ചിരിക്കുന്ന ഒരു വാണിജ്യ കേന്ദ്രമാണ്. വിശാലമായ, മനോഹരമായ ഈസ്റ്റ് തടാകം ഉൾപ്പെടെ നിരവധി തടാകങ്ങളും പാർക്കുകളും നഗരത്തിലുണ്ട്)പ്രവിശ്യയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വിഭാഗത്തിലെ വൈറസായ നോവല്‍ കൊറോണ വൈറസ് ലോകത്തിലെ ഏകദേശം 203 രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്നു. 2019 ഡിസംബര്‍ മാസത്തോടെയാണ് ഈ വൈറസിനെക്കുറിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്. ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കോവിഡ്-19 (കൊറോണ വൈറസ് ഡിസീസ്-2019) എന്നറിയപ്പെടുന്ന ഈ മഹാമാരി, മാര്‍ച്ച് മാസത്തോടേ ചൈനയില്‍  കെട്ടടങ്ങിയെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് ഭീതി പടര്‍ത്തി, മഹാവ്യാധിയായി പടര്‍ന്നു കയറി. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കു പ്രകാരം മാര്‍ച്ച് 31 ആയപ്പോഴേക്കും 7,89,015 പേര്‍ രോഗബാധിതരാകുകയും 38,101 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. 166,730 പേര്‍ രോഗമുക്തരായി.

കോവിഡ്-19 വൈറസ് ബാധിച്ച മിക്ക ആളുകൾക്കും വളരെ ചെറിയൊരളവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടുകയും പ്രത്യേക ചികിത്സയൊന്നുമില്ലാതെ തന്നെ സുഖം പ്രാപിക്കുകയും ചെയ്യും. പ്രായമായ ആളുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം, ക്യാൻസർ തുടങ്ങിയ മെഡിക്കൽ പ്രശ്നങ്ങളുള്ളവർക്ക് ഗുരുതരമായ രോഗം വരാനുള്ള സാധ്യത കൂടുതലായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. എന്നാല്‍ കുട്ടികളും യുവജനങ്ങളിലും ബാധിക്കുമെന്നും മരണം സംഭവിക്കുമെന്നും വിലയിരുത്തുന്നു. കൊറോണ വൈറസ് പ്രാഥമികമായി ഉമിനീർ തുള്ളികളിലൂടെയും രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന സ്രവത്തില്‍ നിന്നുമാണ് രോഗം പടരുന്നതെന്നുമാണ് നിഗമനം.

ഇറ്റലിയില്‍ കൊറോണ ആദ്യമായി സ്ഥിരീകരിച്ചത് 2020 ഫെബ്രുവരി മാസത്തോടു കൂടിയാണ്. എന്നാല്‍ മാര്‍ച്ച് 31 ആകുമ്പോഴേക്കും 101,739 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11,591 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു. 14,620 പേര്‍ രോഗമുക്തരായി.
ലോകത്തേറ്റവും കൊറോണ മരണം സംഭവിച്ചത്, ഏകദേശം 6 കോടി 46 ലക്ഷം മാത്രം ജനസംഖ്യയുള്ള ഏറ്റവും നീളമുള്ള മെഡിറ്ററേനിയൻ തീരപ്രദേശമുള്ള യൂറോപ്യൻ രാജ്യമായ ഇറ്റലിയിലാണ്. യൂറോപ്യന്‍ യൂണിയനിലെ മൂന്നാമത്തെ ദേശീയ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് ഇറ്റലി. ലോകത്തിലെ നോമിനല്‍ GDP യില്‍ എട്ടാം സ്ഥാനവും GDP (PPP) യില്‍ പന്ത്രണ്ടാം സ്ഥാനവുമുള്ള രാജ്യം. യൂറോപ്യന്‍ യൂണിയന്‍, യൂറോസോണ്‍, OECD (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്പമെന്‍റ്), G7 (ഗ്രൂപ്പ് ഓഫ് സെവന്‍), G20 (ഗ്രൂപ്പ് ഓഫ് ട്വന്‍റി) എന്നിവയുടെ സ്ഥാപക അംഗം കൂടിയാണ് ഇറ്റലി. എന്നാല്‍ ഈ മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ആദ്യഘട്ടത്തില്‍ അവര്‍ പരാജയപ്പെട്ടു. ഏറ്റവും കൂടതല്‍ ജനസംഖ്യയുള്ള ചൈന കൊറോണയെ പരാജയപ്പെടുത്തിയത് കൃത്യമായ മുന്‍കരുതലുകളും നടപടിക്രമങ്ങളും സ്വീകരിച്ചു കൊണ്ടാണ്. ആ രീതിയില്‍ മുന്‍കരുതലെടുക്കാനോ കൊറോണ വൈറസിനെ അതിജീവിക്കാനോ ഇറ്റലിയ്ക്കായില്ല.

ഇറ്റലിയോടൊപ്പം തന്നെ തെക്ക് പടിഞ്ഞാറന്‍ യൂറോപ്പിലെ ഐബീരിയന്‍ ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാര രാജ്യവും യൂറോപ്യന്‍ യൂണിയന്‍റെ അംഗരാജ്യവുമായ സ്പെയിനും (കിംങ്ഡം ഓഫ് സ്പെയിന്‍) ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടു. ഈ രാജ്യത്തും 2020 ഫെബ്രുവരിയോടു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു തുടങ്ങി മാര്‍ച്ച് അവസാനമാകുമ്പോഴേക്കും 87,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും 7,716 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാല്‍ 16,780 പേര്‍ രോഗമുക്തരായി. ഇത് ശരാശരി ഇറ്റലിയേക്കാള്‍ കൂടുതലാണ്.


പേര്‍ഷ്യയെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്നും അറിയപ്പെടുന്ന പടിഞ്ഞാറന്‍ ഏഷ്യയിലെ, വിസ്തൃതിയില്‍ മിഡില്‍ ഈസ്റ്റില്‍ രണ്ടാം  സ്ഥാനവും ലോകത്തിലെ പതിനേഴാമത് സ്ഥാനവുമുള്ള ഇറാനിലും ഈ മഹാമാരി കാട്ടുതീ പോലെ പടര്‍ന്നു കയറി. ഇറാന്‍റെ കിഴക്കന്‍ അതിര്‍ത്തി നമ്മുടെ അയല്‍രാജ്യമായ പാകിസ്താനാണ്. ഏകദേശം 8 കോടി 37 ലക്ഷം ജനസംഖ്യയുള്ള ഇറാനില്‍ മാര്‍ച്ച് മാസം കഴിയുമ്പോള്‍ 41,495 കോവിഡ് സ്ഥിരീകരിച്ചവരില്‍ 2,757 പേര്‍ മരണപ്പെടുകയും 13,911 പേര്‍ രോഗമുക്തരാവുകയും ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും വികസിത രാജ്യമായ അമേരിക്കയില്‍ മാര്‍ച്ച് അവസാനിക്കുമ്പോള്‍ 164,359 പേരില്‍ കൊവിഡ് സ്ഥിരീകരിക്കുകയും 3173 പേര്‍ മരണപ്പെടുകയും ചെയ്തു. ചൈനയിലാകട്ടേ, ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത് 81,518 കേസ്സുകളും 3,305 മരണവുമാണ്. മാര്‍ച്ച് മാസത്തോടെ പുതിയ കേസ്സുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെ ചെറിയ തോതിലാണ്.

മാര്‍ച്ചവസാനത്തോടെ ഇറ്റലിയിലെ ആകെ ജനസംഖ്യയുടെ 0.16% ആളുകള്‍ക്കും സ്പെയിനില്‍ 0.18% ആളുകള്‍ക്കും ഇറാനില്‍ 0.049% ആളുകള്‍ക്കും അമേരിക്കയില്‍ 0.049% ആളുകള്‍ക്കും ചൈനയില്‍ 0.005% ആളുകള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സ്ഥിരീകരിക്കപ്പെട്ടവരിലെ മരണനിരക്ക് ഇറ്റലിയില്‍ 11.39 ശതമാനവും സ്പെയിനില്‍ 8.77 ശതമാനവും ഇറാനില്‍ 6.64 ശതമാനവും അമേരിക്കയില്‍ 1.93 ശതമാനവും ചൈനയില്‍ 4.05 ശതമാനവുമാണ്. രോഗമുക്തമായവര്‍ ഇറ്റലിയില്‍ 14.37 ശതമാനവും സ്പെയിനില്‍ 19.07 ശതമാനവും ഇറാനില്‍ 33.53 ശതമാനവും അമേരിക്കയില്‍ 3.35 ശതമാനവും ചൈനയില്‍ 94.29 ശതമാനവും (76,052 പേര്‍ ) ആണ്. ചൈനയില്‍ നിന്നും വരുന്ന കണക്കുകള്‍ ലോകജനതയ്ക്ക് സമാധാനം നല്‍കുന്നത് തന്നെയാണ്. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയിലും ഫ്രാന്‍സിലും യഥാക്രമം 67,051 ഉം 44,550 കേസ്സുകളുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ലോകത്തിലെ ജനസംഖ്യാ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മാര്‍ച്ച് മുപ്പത്തൊന്നോടെ 1511 പേരില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയും 32പേര്‍ മരണപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. നമ്മുടെ സംസ്ഥാനത്ത് ഇതുവരെയായി 234 കേസ്സുകള്‍ പോസിറ്റീവ് ആകുകയും രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. 20 പേര്‍ രോഗമുക്തരായി. കേരളത്തില്‍ സ്ഥിരീകരിക്കപ്പെട്ടവര്‍ ചൈന,ഇറ്റലി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ്. മാര്‍ച്ച് 28 നായിരുന്നു കേരളത്തില്‍ ആദ്യ കോവിഡ്-19 മരണം സ്ഥിരീകരിച്ചത്. മട്ടാഞ്ചേരി സ്വദേശിയായ 69 കാരന്‍  വിദേശത്തുനിന്നും മാര്‍ച്ച് മാസം 16 നെത്തി 22 ന് കോവിഡ്-19 സ്ഥിരീകരിക്കുകയും ചികിത്സ തേടുകയും ചെയ്തിരുന്നയാളാണ്. ഹൃദ്രോഗിയും (ബൈപ്പാസ് സര്‍ജറി കഴിഞ്ഞതാണ്), ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന ആളുകൂടിയായതനിലാണ് മരണം സംഭവിച്ചതെന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. രണ്ടാമത് മരണം റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് 31 നാണ്. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 68 കാരനാണ് മരണപ്പെട്ടത്. അദ്ദേഹത്തിനും ശ്വാസകോശ സംബന്ധമായ രോഗമുള്ള ആളായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇതുവരെ 1,57,000 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇനിയുമതുയരാന്‍ സാധ്യതയുണ്ട്. എന്നാലും കേരളമെടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയാണ്. 93ഉം 88 ഉം വയസ്സുള്ള ദമ്പതികള്‍ കോവിഡ്-19 ല്‍ നിന്നും നെഗറ്റീവായി ജീവിതത്തിലേയ്ക്കു തിരികെ വന്നുവെന്നത് ലോകരാഷ്ട്രങ്ങള്‍ക്കു തന്നെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതു തന്നെയാണ്. കേരളം അതിജീവിക്കുമെന്നു തന്നെയാണ് വിലയിരുത്തലുകള്‍.

ലോകം കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. മുമ്പൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്‍കരുതലുകളും മുന്നൊരുക്കങ്ങളുമാണ് ലോകരാഷ്ട്രങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശാനുസരണം സ്വീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. നിലവില്‍ ചികിത്സയിലുള്ളവരില്‍ നല്ലൊരു ശതമാനമാളുകളും ആരോഗ്യവാന്മാരായി തന്നെയാണുള്ളതെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പുറത്തുവിടുന്ന കണക്കുകളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.

നോവല്‍ കൊറോണ വൈറസിനെ ലോകത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും അതേല്‍പ്പിക്കുന്ന സാമ്പത്തിക പ്രഹരം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നട്ടെല്ല് തകര്‍ത്തേക്കാം. ലോകസാമ്പത്തിക വ്യവസ്ഥ തന്നെ താളം തെറ്റിയിരിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും ലോകരാജ്യങ്ങള്‍ക്ക് കരകയറാന്‍ ഏറ്റവും കുറഞ്ഞത് ആറുമാസക്കാലമെങ്കിലും വേണമെന്നതില്‍ സംശയമില്ല. ദുരിതമനുഭവിക്കുന്നവരില്‍ അസംഘടിത തൊഴിലാളികളുടേയും ദിവസ വേതനക്കാരുടെയും പങ്ക് ചെറുതല്ല. അവരുടെ വരുമാനമാര്‍ഗം നഷ്ടമായതോടെ പട്ടിണിയിലേയ്ക്കു വഴുതി വീഴുന്നതായാണ് കാണാനാകുന്നത്. ലോകത്തിന്‍റെ പലയിടങ്ങളിലും 'പ്രത്യേക പാക്കേജു'കള്‍ അവിടുങ്ങളിലെ ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും ഈ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുതകുന്നതല്ല.

ചൈനയും ക്യൂബയും വിയറ്റ്നാമും ഉത്തരകൊറിയയുമൊക്കെ സ്വീകരിച്ചിരിക്കുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതിയ്ക്കാകും ഒരു പരിധി വരെയെങ്കിലും ഈ ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നത്. അവരുടെ സമ്പദ് വ്യവസ്ഥയുടെ തൊണ്ണൂറ് ശതമാനത്തിലധികവും പൊതുമേഖലയിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ ആയിരം കിടക്കകളുള്ള താല്ക്കാലിക ആശുപത്രിയുണ്ടാക്കാന്‍ ചൈനയ്ക്ക് വെറും പത്തുദിവസം മാത്രമാണ് വേണ്ടിവന്നത്. ചൈനയുടെ മുഴുവൻ  ഭൂമിയും പൊതു ഉടമസ്ഥതയിലുള്ളതാണ്,  പരമാവധി 70 വർഷത്തെ  പാട്ടത്തിന് ഭൂമി വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാൽ എപ്പോഴും  അത് സർക്കാർ ഉടമസ്ഥതയിൽ തന്നെ ആയിരിക്കും;  ഏത് സമയത്തും നിയമപരമായ മാർഗങ്ങളിലൂടെ സ്റ്റേറ്റിന് ഭൂമി തിരിച്ചെടുക്കാൻ  കഴിയും. ഇത് ഒരു 'മോശം' കാര്യമാണെന്ന് മുതലാളിത്ത വാദികൾക്ക് തോന്നാം. എന്നാൽ ഏതെങ്കിലും മുതലാളിയുടെ നന്മയല്ല ജനന്മയാണ് ആ രാജ്യം ലക്ഷ്യമിടുന്നത്. അവിടെ സ്വകാര്യ സംരംഭങ്ങൾ നിലവിലുണ്ട്, പക്ഷേ അവ കൂടുതലും ചെറുകിട, ഇടത്തരം സംരംഭങ്ങളുമാണ്.  അവയ്ക്ക് ഒരു തരത്തിലും പൊതു മേഖലയോട് മത്സരിക്കുവാനോ അവയെ വിഴുങ്ങുവാനോ ശേഷിയുള്ളവയല്ല. ഒരു സ്വകാര്യ ഇൻഷുറൻസ് ഏജൻസിയോ ബാങ്കോ ചൈനയിൽ ഇല്ല. ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ  ICBC(ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ്  കൊമേഴ്സിയല്‍ ബാങ്ക് ഓഫ് ചൈന)ചൈനീസ് പൊതു മേഖലാ ബാങ്കാണ്. എയർലൈൻസ്,ഏവിയോണിക്സ്,എയ്‌റോസ്‌പേസ്,കെമിക്കൽ വ്യവസായങ്ങൾ,നിർമ്മാണമേഖല,ഷിപ്പിംഗ്,ഖനനം,ന്യൂക്ലിയർ, പെട്രോളിയം,റെയിൽ‌വേ, സ്റ്റീൽ,ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി 100-ലധികം പ്രധാന മേഖലകൾ പൊതു മേഖലയ്ക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

ഒരു സമ്പന്ന സോഷ്യലിസ്റ്റു രാജ്യം സൃഷ്ടിക്കാനുള്ള മാർക്‌സിന്റെ പദ്ധതിയെ താൻ പിന്തുടരുകയാണെന്ന് 1978 മുതല്‍ 1992 വരെ  പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പരമോന്നത നേതാവായിരുന്ന ഡെംഗ് സിയാവോ പിംഗ് (Deng Xiaoping) ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്, അത് ചരിത്രവുമാണ്. ചൈനീസ് ഭരണഘടനയെ പുതുക്കിയ Deng Xiaoping 'ജനങ്ങൾ' എന്ന വാക്ക് 392 തവണയും' സോഷ്യലിസം' എന്ന വാക്ക് 123 തവണയുമാണ് ഉപയോഗിച്ചത്. വെറും 40 വർഷം കൊണ്ട് 850 മില്യൺ ജനങ്ങളെയാണ് ചൈന ദാരിദ്രത്തിൽ നിന്നു കരകയറ്റിയത്. ലോകത്ത് ഒരു മുതലാളിത്ത രാജ്യത്തിനും ഇത്ര ചെറിയ കാലഘട്ടത്തിനുള്ളിൽ ഇങ്ങനെയൊരു നേട്ടം സാദ്ധ്യമായിട്ടില്ല എന്നതും നാം കാണേണ്ടതുണ്ട്.

എന്നാല്‍,ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ പൊതുമേഖലകളെ വിറ്റുതുലയ്ക്കുന്ന, സ്വകാര്യ മേഖലയിലേയ്ക്ക് തീറെഴുതുന്ന കാഴ്ചകളാണ് ഓരോ ദിവസവും നാം കാണുന്നത്. ഈ സാമ്പത്തിക വ്യവസ്ഥിതി രാജ്യത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യപ്പെടാം. 'സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതി'യാണിന്ന് ലോകരാഷ്ട്രങ്ങള്‍ ആശ്രയമായി കാണുന്നത്. എന്നാല്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് അത്തരത്തിലേയ്ക്കു വേഗം ചെന്നെത്താനാകില്ലായെന്നത് നഗ്നസത്യമാണ്. 'എരിതീയില്‍ നിന്നും വറചട്ടി'യിലേയ്ക്കാണ് മുതലാളിത്ത രാജ്യങ്ങളുടെ ദിനങ്ങള്‍. കൊറോണക്കാലം സാമ്പത്തിക നയ പഠനങ്ങളുടേയും, നയവ്യതിയാനങ്ങളുടെ കാലംകൂടിയാണ്.

 

=========================================

ആരോഗ്യ വകുപ്പിൻറെ പ്ലാനുകൾ എന്തൊക്കെയാണെന്ന് കേട്ട് നോക്കാം ... VIDEO