Monday 25 October 2021
കൗതുകമാകുന്ന മാറ്റങ്ങള്‍, കെ വി തോമസ് എഴുതുന്നു

By Web Desk.19 Jul, 2021

imran-azhar

 

ഡല്‍ഹിയിലായിരുന്നപ്പോള്‍ പൈപ്പ് ലൈനിലൂടെ കൃത്യമായ അളവില്‍ ഗ്യാസ് ലഭിച്ചിരുന്നതിനാല്‍
സിലിണ്ടര്‍ ഒരു പ്രശ്‌നമല്ലായിരുന്നു. ഇവിടെ ആ രീതി കൊണ്ടുവരുന്നതിന് ധാരാളം തടസ്സവും
തര്‍ക്കങ്ങളും ആണ്. ഗ്യാസ് സിലിണ്ടര്‍ വരുന്ന നൂറുകണക്കിന് ലോറികള്‍ കേരളത്തില്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്നത് കാണുമ്പോള്‍ പേടി തോന്നും. പൈപ്പ് ലൈനിലൂടെയുള്ള ഗ്യാസ് വിതരണത്തിന് അപകടങ്ങള്‍ കുറവാണെന്ന് മാത്രമല്ല, ഉപയോഗിക്കുന്നതിന് മാത്രം വില കൊടുത്താല്‍ മതി.

 

കെ.വി.തോമസ്

 

'ഗ്യാസ് തീര്‍ന്നു, വൈകുന്നേരത്തിനുള്ളില്‍ സിലിണ്ടര്‍ എത്തിയില്ലെങ്കില്‍ രാത്രി ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും.' ഉച്ചയ്ക്ക് ഭാര്യ ഷെര്‍ളിയുടെ മുന്നറിയിപ്പായിരുന്നു ഇത്. ഞങ്ങള്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ പൈപ്പ് ലൈനിലൂടെ കൃത്യമായ അളവില്‍ ഗ്യാസ് ലഭിച്ചിരുന്നതിനാല്‍ സിലിണ്ടര്‍ ഒരു പ്രശ്‌നമല്ലായിരുന്നു. ഇവിടെ ആ രീതി കൊണ്ടുവരുന്നതിന് ധാരാളം തടസ്സവും തര്‍ക്കങ്ങളും ആണ്. ഗ്യാസ് സിലിണ്ടര്‍ വരുന്ന നൂറുകണക്കിന് ലോറികള്‍ കേരളത്തില്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്നതു കാണുമ്പോള്‍ പേടി തോന്നും. പൈപ്പ് ലൈനിലൂടെയുള്ള ഗ്യാസ് വിതരണത്തിന് അപകടങ്ങള്‍ കുറവാണെന്ന് മാത്രമല്ല, ഉപയോഗിക്കുന്നതിന് മാത്രം വില കൊടുത്താല്‍ മതി. ഡല്‍ഹിയിലെ ഈ അനുഭവമാണ് ഗ്യാസ് തീര്‍ന്നപ്പോള്‍ ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടിവരും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍.പണ്ട് ഭക്ഷണം പാചകം ചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമായിരുന്നു. ദ്രാവക-വാതക ഇന്ധനങ്ങളൊന്നും വ്യാപകമായിരുന്നില്ല. എല്ലാ വീടിനോടും ചേര്‍ന്ന് പാചകകാര്യങ്ങള്‍ക്കായി ഒരു ചായ്പ് ഉണ്ടാകും. ചായ്പിന്റെ തറയില്‍ നിലം തല്ലി കൊണ്ട് ചെമ്മണ്ണ് അടിച്ചുറപ്പിച്ച് അതില്‍ ചാണകം മെഴുകിയെടുത്ത തറയിലാണ് അടുപ്പ് തയ്യാറാക്കുക. വാസ്തുശാസ്ത്രപ്രകാരം സാധിക്കുമെങ്കില്‍ വടക്കുകിഴക്കേ മൂലയിലാണ് മൂന്ന് ചെങ്കല്ലുകളോ ഇഷ്ടികയോ വച്ച് അടുപ്പുണ്ടാക്കുക. കത്തിക്കുന്നതിന് വീട്ടുപറമ്പില്‍ തന്നെയുള്ള സാധനങ്ങള്‍ ഉണ്ടാകും. തെങ്ങ് കയറുമ്പോള്‍ വെട്ടിയിടുന്ന ഓലയില്‍ നിന്നും കവളം മടല്‍ വെട്ടിമാറ്റി ഓല കുതിരാന്‍ കുളത്തില്‍ ഇടും. കുതിര്‍ന്ന ഓല മെടഞ്ഞാണ് ഓലപുരയും വേലിയുമൊക്കെ കെട്ടുന്നത്. കവളം മടലാകട്ടെ വെട്ടി ഉണക്കിയെടുത്തതിനുശേഷം അടുക്കളയില്‍ അടുപ്പിന് മുകളില്‍ ഒരു പരന്ന തട്ട് ഉണ്ടാക്കി ആ തട്ടില്‍ സൂക്ഷിക്കും. അടുപ്പില്‍ നിന്നും കിട്ടുന്ന ചൂടും കൂടി ഈ വിറകിന് കിട്ടും. ഇവ കത്തിക്കാന്‍ എളുപ്പമായിരിക്കും. തെങ്ങില്‍ നിന്നും കിട്ടുന്ന ഉല്‍പ്പന്നങ്ങളായ കൊതുമ്പ്, ചിരട്ട, തേങ്ങ പൊതിച്ച മടല്‍ തുടങ്ങിയവയും മറ്റ് മരങ്ങളുടെ ചില്ലകളുമൊക്കെ വെട്ടി ഉണക്കി കത്തിക്കാനായി കരുതി വയ്ക്കും. മഴക്കാലത്ത് കത്തിക്കാനുള്ള വിറകുകള്‍ വേനല്‍ കാലത്തു തന്നെ തയ്യാറാക്കുമായിരുന്നു.ഓരോ വിറകും വിവിധ തരത്തിലുള്ള പാചകത്തിനാണ് ഉപയോഗിച്ചിരുന്നത്. കാരണം ചൂടിന്റെ കാഠിന്യം ഇവയിലോരൊന്നിനും വ്യത്യസ്ഥമാണ്. കത്തുമ്പോഴുള്ള ചൂട് വളരെ ശക്തിയുള്ളതായതിനാല്‍ പായസം ഉണ്ടാക്കാനാണ് ചിരട്ട പ്രധാനമായും ഉപയോഗിച്ചിരുന്നത്. മീന്‍ കറി പാചകം ചെയ്യാന്‍ കൊതുമ്പ് ഉപയോഗിച്ചിരുന്നു. കറി തിളച്ചു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വലിച്ചു മാറ്റി തീയുടെ ആവശ്യം പരിമിതപ്പെടുത്താന്‍ സൗകര്യപ്രദം കൊതുമ്പ് ആണ്. അടക്കാമരത്തിന്റെ ഓലയാണ് വെള്ളം ചൂടാക്കാനായി ഉപയോഗിച്ചിരുന്നത്. മണ്‍പാത്രങ്ങളിലായിരുന്നു പാചകം. പുതിയ മണ്‍ചട്ടി, കലം മുതലായവയില്‍ ഉമിക്കരി കത്തിച്ച് വഴക്കവും പാകവും വരുത്തിയാണ് ഉപയോഗിച്ചിരുന്നത്.

 

അക്കാലത്ത് ടോര്‍ച്ച് വളരെ കുറച്ചു പേര്‍ക്കെ ഉണ്ടായിരുന്നുള്ളൂ. ടോര്‍ച്ചും പിടിച്ച് വൈകിട്ട് നടക്കുന്നത് ഒരു അന്തസ്സായിരുന്നു. സാധാരണക്കാര്‍ ചൂട്ട് കത്തിച്ച് വീശികൊണ്ടാണ് ഇരുട്ടത്ത് വഴി നടന്നിരുന്നത്. ഉണങ്ങിയ ഓല ഉണക്കി കെട്ടിയെടുക്കുന്നതാണ് ചൂട്ട്. വീടുകളിലാകട്ടെ രാത്രികാലങ്ങളില്‍ വൈദ്യുതി വിളക്കിന് പകരം മരോട്ടി, കരിങ്ങോട്ട, മണ്ണെണ്ണ വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. ഓട്ടുവിളക്കില്‍ മണ്ണെണ്ണയൊഴിച്ച് തുണികൊണ്ട് തിരിയുണ്ടാക്കി ഓട്ടുവിളക്കിലെ ദ്വാരത്തിലൂടെ മണ്ണെണ്ണയിലേക്ക് ഇട്ടു വയ്ക്കും. മണ്ണെണ്ണ വലിച്ചെടുത്ത് ഈ തിരി പുകയോടു കൂടി കത്തും. അതിനാല്‍ തന്നെ എല്ലാ വീടുകളും കറുത്ത മുഷിഞ്ഞ നിറത്തിലായിരുന്നു അന്ന് കാണപ്പെട്ടിരുന്നത്. അരിക്കിലാമ്പ് എന്ന മണ്ണെണ്ണ വിളക്കും ചില വീടുകളില്‍ കത്തിച്ചിരുന്നു. ഈ വിളക്ക് കത്തിക്കുമ്പോള്‍ മുകളിലെ ചില്ലില്‍ പറ്റി പിടിക്കുന്ന കരി പിന്നീട് വടിച്ചെടുത്ത സിമന്റ് തറ ഇടുന്ന സന്ദര്‍ഭത്തില്‍ കറുപ്പ് നിറം കൂട്ടാന്‍ ഉപയോഗിച്ചിരുന്നു. കണ്മഷി ഉണ്ടാക്കുന്നതും ഇതുപോലെ തന്നെയാണ്. കരിങ്ങോട്ട എണ്ണയില്‍ തീ കത്തിച്ചുണ്ടാക്കുന്ന കരി, ശുദ്ധമായ വെളിച്ചെണ്ണയില്‍ അലിയിച്ച് കണ്മഷി ഉണ്ടാക്കുമായിരുന്നു.

 

'പെട്രോ മാക്‌സ് ' വിളക്കുകള്‍ വരുന്നത് അതിനുശേഷമാണ്. ഈ വിളക്കുകള്‍ തെളിച്ചെടുക്കുന്നതിന് പെട്രോള്‍ ഉപയോഗിച്ചിരുന്നതിനാലാവാം ഈ പേരു വന്നത്. പള്ളിപ്പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും വീടുകളിലെ വിശേഷ അവസരങ്ങള്‍ക്കും പെട്രോമാക്‌സ് ആണ് ഉപയോഗിച്ചിരുന്നത്. എല്ലാവര്‍ക്കും തെളിക്കാനും അണക്കാനും പറ്റുന്ന ഒന്നായിരുന്നില്ല പെട്രോമാക്‌സ്. ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണ നിറച്ച ചെറിയ ടാങ്കിലേയ്ക്ക് വായു പമ്പ് ചെയ്തു കയറ്റി മര്‍ദ്ദം ക്രമീകരിച്ചു വേണം വിളക്കിന്റെ ചില്ലുകൂടിനകത്തിരിക്കുന്ന 'മാന്‍ഡില്‍' തെളിയിച്ചെടുക്കാന്‍. മാന്‍ഡില്‍ കത്തിചാരമാകും. അത് മുറിവുണക്കാനുള്ള ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. കത്തിച്ചു വച്ച പെട്രൊമാക്‌സ് അണക്കാനുള്ള ആള്‍ പൂസായി കിടന്നു പോയതിനാല്‍ കുട്ടയിട്ടു മൂടിവച്ച കഥകളും കുമ്പളങ്ങിക്കാര്‍ തമാശയായി പറയാറുണ്ട്. കുറെ നാളുകള്‍ കൂടി കഴിഞ്ഞപ്പോഴാണ് മണ്ണെണ്ണ അടുപ്പുകള്‍ ഇറങ്ങിയത്. ഞാന്‍ എം.പി.യായ ആദ്യകാലങ്ങളില്‍ ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ ഇത്തരം അടുപ്പുകള്‍ കൊണ്ടുവന്നിട്ടുണ്ട്. പിന്നെ ഇലക്ട്രിക് ഹീറ്ററുകളും പ്രചാരത്തില്‍ വന്നു. അതിനു ശേഷമാണ് ഗ്യാസ് അടുപ്പുകള്‍ സാധാരണമായത്. 75 വര്‍ഷക്കാലം കൊണ്ട് കേരളത്തിലെ തീയുടെയും വിളക്കുകളുടെയും ഉപയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഞാന്‍ കൗതുകത്തോടെ കാണുന്നു.