Wednesday 07 December 2022
ഉമിക്കരി മുതല്‍ ഉമിക്കരി വരെ

By parvathyanoop.20 Jun, 2022

imran-azhar

ഭാസ്‌കരന്‍ നായര്‍ അജയന്‍


പണ്ട്, വളരെ പണ്ടൊന്നുമല്ല, ഒരു 40 - 50 വര്‍ഷം മുമ്പ് വരെ ഉമിക്കരി കൊണ്ടായിരുന്നു മലയാളികള്‍ പലരും പല്ല് തേച്ചിരുന്നത്. നെല്ല് കുത്തുമ്പോള്‍ കിട്ടുന്ന ഉമി നീറ്റി അതില്‍ ഉപ്പും ചേര്‍ത്ത് നല്ല പൊടിയാക്കി ഒരു പിടി പിടിച്ചാല്‍ പല്ല് നല്ല മുത്തു പോലെ തിളങ്ങുമായിരുന്നു. ദുര്‍ഗന്ധത്തെ ഇല്ലാതാക്കാന്‍ കാര്‍ബണിന് കഴിവുള്ളതു കൊണ്ട് വായ്‌നാറ്റവും ഇല്ലാതാക്കുമായിരുന്നു ഉമിക്കരി. പിന്നീട് കുറേക്കാലം ഉപ്പും ഗ്രാമ്പുവും ചേര്‍ത്ത് പൊടിച്ച ഉമിക്കരി വിപണിയിലുണ്ടായിരുന്നു. പിന്നെ കൂട്ടിനു കുരുമുളകായി.

 

ഉമിക്കരി കൊണ്ട് പല്ല് തേച്ച ശേഷം മാവില കൊണ്ട് ഒന്ന് പോളിഷ് ചെയ്താല്‍, കയ്യിലിരിപ്പും നാക്കും ശരിയാണെങ്കില്‍ എത്ര വയസ്സായാലും പല്ലുകള്‍ നല്ല മുത്തുപോലെ തിളങ്ങി വായില്‍ തന്നെ കാണുമായിരുന്നു. പിന്നീട് യാത്രാ വേളകളില്‍ ഗോപാല്‍ പല്‍പ്പൊടിയും പയോരിയാ പല്‍പ്പൊടിയുമൊക്കെ വന്നെങ്കിലും ഉമിക്കരിയെ തോല്‍പ്പിക്കാനായില്ല.

 


അപ്പോഴാണ് ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കള്‍ ഈ വിപണിയുടെ സാദ്ധ്യത മനസ്സിലാക്കി സിബാക്കാ, ബിനാക്കാ, ഫോര്‍ഹാന്‍സ്, കോളിനോസ്, കോള്‍ഗേറ്റ്, ക്‌ളോസപ്പ് , പെപ്‌സൊഡന്റ് എന്നീ പല പേരുകളിലായി വിപണി പിടിക്കാന്‍ മത്സരം തുടങ്ങിയത്. ഉമിക്കരിയിട്ട് പല്ല് തേച്ചിരുന്നവരെ പേസ്റ്റിലേയ്ക്ക് കൊണ്ടുവരാനായി ടൂത്ത് പൗഡര്‍ എന്നൊരു സാധനത്തിലൂടെ ഉമിക്കരി ഉപഭോക്താക്കളെ ടൂത്ത് പേസ്റ്റിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചു. ഉമിക്കരി പല്ലില്‍ പാടുകള്‍,വീഴ്ത്തും, ഇനാമലിനെ നശിപ്പിക്കും, അത് പല്ലിന്റെ ഗ്‌ളാമര്‍ കുറയ്ക്കും, നിങ്ങളെ പിന്നെ ആരും സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കാതാകും... ഇങ്ങനെ പോയി പ്രചരണങ്ങള്‍.

 


എന്തായാലും ഒടുവില്‍ ബ്രാന്‍ഡഡ് ദന്ത ശുദ്ധീകരണ കമ്പനികള്‍ വിജയിച്ചു. ബ്രാന്‍ഡഡ് പേസ്റ്റുകളുടെ പ്രളയത്തില്‍ അണ്‍ബ്രാന്‍ഡഡ് ഉമിക്കരി ഒലിച്ചുപോയി. ഉമിക്കരി ഉണ്ടാക്കാനുള്ള പ്രയാസവും അത് സൂക്ഷിക്കാനും കൊണ്ടുന ടക്കാനുമുള്ള ബുദ്ധിമുട്ടും പിന്നെ ബ്രാന്റ് അംമ്പാസഡര്‍മാരില്ലാത്തതും ഉമിക്കരിയുടെ സ്ഥാനഭ്രഷ്ടത്തിന് കാരണമായി.
പല്ല് തേക്കുന്നവര്‍ ടൂത്ത് പേസ്റ്റിലേക്കും അതോടൊപ്പം അതിഥിയായി വന്ന ടൂത്ത് ബ്രഷിലേക്കും ചേക്കേറി.


പേസ്റ്റിലേക്ക് കൂടുമാറ്റം നടത്തിയെങ്കിലും മുന്‍പ് ഉമിക്കരി ഉപയോഗിച്ചിരുന്നവര്‍ അത്ര തൃപ്തരല്ലായിരുന്നു. പല്ലില്‍ നിറംമാറ്റം കറിയില്‍ മഞ്ഞള്‍ കൂടിയത് കൊണ്ടാണെന്നും ചായ കാപ്പി എന്നിവയുടെ ഉപയോഗം കൊണ്ടാണെന്നും അവര്‍ സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു. പല്ലിലെ ദ്വാരങ്ങള്‍ ഒരാഗോള പ്രതിഭാ സമാണെന്നും മോണയിലുണ്ടാകുന്ന അസുഖങ്ങള്‍ അയല്‍ക്കാരനുമുണ്ടല്ലോ എന്നും കണ്ടെത്തി സന്തോഷിച്ചു.ടൂത്ത് പേസ്റ്റ് നിര്‍മ്മാതാക്കളും വെറുതേയിരുന്നില്ല. തനിയെ തിരിയുന്ന തലയുള്ള ബ്രഷും, സിഗ്‌സാഗ് രോമങ്ങളുള്ള ബ്രഷും, കൈപിടിയില്‍ റബ്ബറുള്ള ബ്രഷും ഒക്കെ നല്‍കി അവര്‍ തങ്ങളുടെ ഉപഭോക്താക്കളുടെ ആ പഴയ ഉമിക്കരി ചിരി മടക്കിക്കൊണ്ടു വരാന്‍ ശ്രമിച്ചു.

 

ജെല്‍ ടൂത്ത് പേസ്റ്റും ഗ്രാമ്പൂ ചേര്‍ത്ത ആയുര്‍വ്വേദ ടൂത്ത് പേസ്റ്റും വിപണിയിലിറക്കി. ഇതിലേതാണ് നല്ലതെന്ന് ചോദിച്ചാല്‍ അതുണ്ടാക്കുന്ന കമ്പനികള്‍ക്ക് തന്നെ ഉത്തരം മുട്ടുന്ന അവസ്ഥയായി. അതിനു പകരം അവര്‍ അടുത്തു വാ, അടുത്തു വാ, അടുത്തു വന്നാട്ടെ എന്ന് ഒരു സുന്ദരി വിളിച്ച് ഉമ്മ കൊടുക്കുന്ന പരസ്യം കാണിച്ച് ശ്രദ്ധ തിരിച്ചു.പല്ല് തേയ്ക്കുന്നവര്‍ 40 വയസ്സ് കഴിയുമ്പോള്‍ ദന്താശുപത്രിയിലേ സ്ഥിരം സന്ദര്‍ശകരായി. റൂട്ട് കനാലിങ്ങ് അവശ്യ സര്‍വ്വീസായി. മാസ ബഡ്ജറ്റില്‍ ദന്താരാേഗ്യ സംരക്ഷണത്തിന് സ്ഥിരമായി തുക വകയിരുത്തി തുടങ്ങി.


അപ്പോഴാണ് പേസ്റ്റ് കമ്പനിക്കാര്‍ കണ്ടെത്തിയത്, ഈ നാശത്തിനെല്ലാം കാരണം നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പില്ലാത്തതാണ്. കാണാന്‍ കൊള്ളാവുന്ന ഒരു പെണ്‍കൊച്ച് മൈക്കും പിടിച്ച് ബെഡ്‌റൂം വരെ ചവിട്ടിത്തുറന്ന് വന്ന് പേസ്റ്റില്‍ ഉപ്പുണ്ടോ എന്ന് തിരക്കിത്തുടങ്ങി. കഞ്ഞിയില്‍ പോലും ഉപ്പിടരുതെന്നാ ഡോക്ടര്‍ പറഞ്ഞിട്ടുള്ളത് അപ്പോഴാ ടൂത്ത് പേസ്റ്റില്‍ ഉപ്പ് എന്നൊരു അമ്മൂമ്മ മറുപടിയും കൊടുത്തു. അതോടെ ആ കൊച്ചിനെ കാണാതായി.
പല്ല് തേപ്പുകാരൂടെ പ്രശ്‌നമാകട്ടെ വഷളായതേയൂള്ളൂ.

 

പല്ലിലെ പുളിപ്പ് കാരണം ചൂടുള്ളതോ തണുത്തതോ കഴിക്കാന്‍ പറ്റാതായി. അവര്‍ക്കായി കമ്പനികള്‍ മറുമരുന്നു കണ്ടുപിടിച്ചു. അവരുടെ പല്ലുകളെല്ലാം ഞരമ്പ് രോഗികളാണെന്നും അവയ്ക്കായി പ്രത്രേകം പേസ്റ്റ് വേണമെന്നും ഡോക്ടറുടെ കുപ്പായമിട്ട സുന്ദരിമാരായ മോഡലുകളെ കൊണ്ട് പറയിച്ചു. കുറേപ്പേര്‍ അതും വാങ്ങി പരീക്ഷിച്ചു പക്ഷേ അത് നിര്‍ത്തിയാല്‍ പുളിപ്പ് തിരികേ വന്നു തുടങ്ങി. ബിഡിഎസ് എന്ന മെഡിക്കല്‍ ശാഖ എംബിബിഎസിനേക്കാള്‍ വലുതായി.ഇത്രയും ആയപ്പോള്‍ ടൂത്ത് പേസ്റ്റ് കമ്പനികള്‍ ഇതിനെല്ലാം കാരണം കണ്ടു പിടിച്ചു. ബ്രഷിലും പേസ്റ്റിലും ആക്ടിവേറ്റഡ് കാര്‍ബണ്/ ചാര്‍ക്കോള്‍ ഇവയില്ലാത്തതാണ് കാരണം.

 

പേസ്റ്റിന്റെ രോമങ്ങളില്‍ കരി പുരട്ടി വിറ്റു. പേസ്റ്റില്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ അഥവാ കരി ഒരു ഘടകമായി.ഇപ്പോഴിതാ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ ടീത്ത് വൈറ്റ്‌നിംഗ് പൗഡര്‍ ആണ് താരം. എന്താണിത് ? നമ്മുടെ പഴയ ഉമിക്കരിയുടെ മറ്റൊരു രൂപം. ഉമിക്ക് പകരം ചിരട്ടയാണെന്ന് മാത്രം. ആഗിരണശേഷി കൂടാന്‍ പ്രതല വിസ്തീര്‍ണ്ണം കൂട്ടിയ കരി. ഓണ്‍ലൈനില്‍ സംഭവമുണ്ട് വില അല്‍പം കൂടുതലാ. 30  ന് 2500 രൂപ. ഇത് കണ്ട് ഞെട്ടി പഴയ ഉമിക്കരിയി ലേക്ക് തിരികെ പോകാമെന്ന് വച്ചാലോ ? അതിന് ഉമിയെവിടെ ? നെല്ലെവിടെ ? പാടമെവിടെ ? പാടം നികത്തിയല്ലേ വീടും ഫ്‌ളാറ്റും വച്ചത്.ഇനിയിപ്പൊ 500 രൂപയ്ക്ക് ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ വാങ്ങി അഞ്ച് ദിവസം പല്ല് തേയ്ക്കാം .

ഉമിക്കരിയാണെന്ന് ആരോടും പറയാ തിരുന്നാല്‍ മതി...

സവാരി കരി കരി.....!