Saturday 21 July 2018

മറ്റെല്ലാം മറന്നേക്കൂ..എനിക്കവള്‍ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും

By BINDU PP.08 Sep, 2017

imran-azhar

 

 

വെടിയേറ്റു കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിച്ച് മുന്‍ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ ചിദാനന്ദ് രാജ്ഘട്ട എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുന്നു.


'ആത്മാവിനെയും മരണാനന്തര ജീവിതത്തെപ്പറ്റിയുമൊക്കെ അനുശോചനങ്ങളിൽ പറയുന്നതു വായിക്കുകയാണെങ്കിൽ ഗൗരി പൊട്ടിച്ചിരിക്കും. കുറഞ്ഞപക്ഷം അടക്കിച്ചിരിക്കുകയെങ്കിലും ചെയ്യും. സ്വർഗവും നരകവുമൊക്കെ ആവശ്യംപോലെ ഈ ഭൂമിയിലുമുണ്ടെന്നു ചിന്തിക്കാനായിരുന്നു കൗമാരം മുതൽ ഞങ്ങൾക്കിഷ്ടം. പിന്നെ, ഒരു കാരണവശാലും മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നും ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. പ്രേമബദ്ധരായി അഞ്ചുവർഷവും ഭാര്യാഭർത്താക്കന്മാരായി വീണ്ടുമൊരു അഞ്ചുവർഷവും കഴിഞ്ഞ ഞങ്ങൾ 27 വർഷം മുൻപു വിവാഹബന്ധം വേർപെടുത്തിയിട്ടും ഉറ്റസുഹൃത്തുക്കളായി തുടർന്നതിനു പിന്നിൽ ഈ കാഴ്ചപ്പാടായിരുന്നു.

 

 

നാഷനൽ കോളജിൽ കണ്ടുമുട്ടിയ ഞങ്ങൾ യുക്തിവാദി ചിന്താജ്വാലകൾ കയ്യിലേന്തി അന്നു തൊട്ടേ ‍പോരാടിയത് ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയായിരുന്നു. അതേക്കുറിച്ചു വിശദമായി പിന്നീടാകട്ടെ. കൊലപാതകത്തിന്റെ പശ്ചാത്തല സൂചനകൾ നൽകാനായി പറഞ്ഞുവെന്നേയുള്ളൂ. യുക്തിവാദികളെയും നിരീശ്വരവാദികളെയുമാണു മതഭ്രാന്തരുടെ തോക്ക് ഉന്നംപിടിക്കുന്നത്. വിൽ ഡ്യൂറന്റിനെ മുതൽ ഗ്രഹാം ഗ്രീനിനെ വരെ ഞങ്ങൾ ഒരുമിച്ചിരുന്നു വായിച്ചു; ഡിലന്റെയും ബീറ്റിൽസിന്റെയും ഗാനങ്ങൾ ഒരുമിച്ചിരുന്നു മൂളി; കാൾ സാഗനെ വായിച്ചും കണ്ടും ചന്ദ്രനില്ലാത്ത ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളെ നോക്കിക്കൊണ്ടും ചേർന്നിരുന്നു.

 

 

കോളജിൽ പുകവലിക്കുമായിരുന്ന എന്നോടവൾ സ്ഥിരമായി കലഹിച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ പുകവലി നിർത്തിയപ്പോൾ അവൾ തുടങ്ങി. ഒരിക്കൽ യുഎസിൽ എന്നെ കാണാൻ വന്നപ്പോൾ മുറിക്കുള്ളിൽ പുകവലിക്കരുതെന്നു വിലക്കിയ എന്നെ അവൾ ചീത്ത വിളിച്ചു. പുകവലിക്കാൻ അവൾക്കു പ്രചോദനമായതു ഞാനാണെന്നു പറഞ്ഞു. ആരോഗ്യത്തിനു ഹാനികരമാണെന്ന് ഉപദേശിച്ചപ്പോൾ ആദ്യം മരിക്കാൻ പോകുന്നതു ഞാനാണെന്നും അവൾ പിന്നെയും ജീവിക്കുമെന്നും വാദിച്ചു. അതു പക്ഷേ, നുണയായിരുന്നു.

 

സുഹൃത്തുക്കൾക്കു പലർക്കും ഞങ്ങളുടെ അടുപ്പം കടങ്കഥയായിരുന്നു. കോടതിയിൽ വിവാഹമോചനം നേടുമ്പോൾ ഞങ്ങൾ വിരലുകൾ കോർത്തുപിടിച്ചു. കോടതിമുറിയിലെ നൂലാമാലകൾ കഴിഞ്ഞപ്പോൾ, എംജി റോഡിലെ താജിൽ പോയി ഊണുകഴിച്ചു. യാത്ര പറഞ്ഞു പിരിഞ്ഞ് ഞാൻ ആദ്യം ഡൽഹിയിലേക്കും പിന്നെ മുംബൈയിലേക്കും ഒടുവിൽ വാഷിങ്ടൻ ഡിസിയിലേക്കും ചേക്കേറി. എല്ലായിടത്തും അവളെന്നെ കാണാൻ വന്നു. പുതിയൊരു പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ കുടുംബത്തിലെ ആദ്യത്തെ മരുമകൾ എന്തായാലും താനാണെന്നു വീമ്പു പറഞ്ഞു ചിരിച്ചു.

 


ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എന്റെ അമ്മ മരിച്ചപ്പോൾ, ഞാൻ വീടെത്തും വരെയുള്ള സമയമത്രയും ചടങ്ങുകളുടെ തൽസമയവിവരം തന്നുകൊണ്ടേയിരുന്നു. വിവാഹമോചനത്തിനു ശേഷവും ഗൗരിയുടെ അച്ഛൻ ലങ്കേഷുമായി എന്റെ അടുപ്പം തുടർന്നു. എട്ടുവർഷം മുൻപ്, ബെംഗളൂരുവിൽ ഞാ‍ൻ പുതിയ വീടുവച്ചപ്പോൾ ‘കാര്യങ്ങൾ നോക്കി നടത്താനായി ഒരാളെ അങ്ങോട്ടുവിടുകയാണെ’ന്ന് അധികാരത്തോടെ പറഞ്ഞു ഫോൺ വച്ച അവൾ എന്റെയടുത്തേക്കയച്ചതു രാമക്ക എന്ന വിധവയായ സ്ത്രീയെ. രാമക്കയുടെ രണ്ടു പെൺമക്കളുടെ പഠനകാര്യം നോക്കണമെന്ന ആജ്ഞ പിന്നാലെ വന്നു. സ്നേഹനിധിയായ രാമക്ക, ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. അവരുടെ മക്കളായ ആഷയും ഉഷയും പഠിച്ചു മിടുക്കരായി ഉദ്യോഗസ്ഥകളായി.ഗൗരിയുടെ സന്മനസ്സ് ഇത്തരം നൂറുകണക്കിന് ആഷമാരുടെയും ഉഷമാരുടെയും ജീവിതം പ്രകാശമാനമാക്കി. ലെഫ്റ്റിസ്റ്റ്, റാഡിക്കൽ, ഹൈന്ദവവിരുദ്ധ, സെക്യുലർ... ഗൗരിയെക്കുറിച്ചുള്ള ഈ വിശേഷണങ്ങളെല്ലാം മറന്നേക്കൂ. എന്നെ സംബന്ധിച്ച് അവൾ ഇതാണ്: ചങ്ങാതി, ആദ്യ പ്രണയിനി'.