Saturday 04 April 2020
രാജാവിന്റെ വരവും കാത്ത് റോഡുകൾ ഇനിയും

By Chithra.29 Oct, 2019

imran-azhar

 

കൊച്ചിയിൽ ഡച്ച് രാജാവും രാജ്ഞിയും വന്നപ്പോൾ രണ്ട് കാര്യങ്ങൾ നടന്നു. കേരളത്തിന്റെ മനോഹാരിത അവർ കണ്ടാസ്വദിക്കുകയും ചെയ്തു, അവരുടെ വരവ് കാരണം കൊച്ചിയിലെ ചില വീഥികൾ നന്നാവുകയും ചെയ്തു.

 

ഇടക്കൊച്ചിയിലെയും കൂവപ്പാടത്തെയും ജനങ്ങൾ ഇപ്പോൾ സന്തോഷത്തിലാണ്. രാജാവിന്റെ വരവ് നിമിത്തം അവർ പോലും പ്രതീക്ഷിക്കാതെ കാലങ്ങളായി ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ കിടന്ന ചില റോഡുകൾ ദ്രുതഗതിയിൽ നന്നായി.പത്ത് മാസത്തിലധികമായി തകർന്ന് കിടന്ന റോഡുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കി രാജയാത്രയ്ക്ക് സജ്ജമാക്കിയത്. തീർച്ചയായും ഇതൊന്നും മറ്റ് റോഡുകളിലും പ്രാവർത്തികമാക്കാൻ അറിയാത്തതുകൊണ്ടല്ല; കുഴിച്ച റോഡുകൾ അടയ്ക്കാൻ അറിയാത്തതുകൊണ്ടുമല്ല.

 

 

 

ഇങ്ങ് തലസ്ഥാനത്തെ പ്രധാന റോഡുകൾ പലതും കനത്ത മഴയിൽ വാഹനഗതാഗതം ദുസ്സഹമാക്കി ജനങ്ങളെ തീർത്തും നിസ്സഹായാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. ഇതെല്ലം നഗരത്തിലെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയുന്ന ചില റോഡുകൾ ആണെന്നുള്ളതാണ് സത്യം. കവടിയാർ, ശാസ്തമംഗലം പോലെയുള്ള ചില 'വിഐപി' റോഡുകളും നഗരത്തിന്റെ അതിർത്തിയിലുള്ള സ്ഥലങ്ങളിലെ റോഡുകളുമൊഴിച്ച് മറ്റെല്ലാം ഒരു ശരാശരി വാഹനയാത്രക്കാരന്റെയോ കാൽനടയാത്രക്കാരന്റെയോ ക്ഷമ പരീക്ഷിക്കുന്നവയാണ്.

 

മെഡിക്കൽ കോളേജിലേക്ക് എത്തുന്നതിന് മുൻപ് ഗൗരീശപ്പട്ടം റോഡിൽ കുറച്ച് നാൾ മുൻപ് അത്യാവശ്യം നന്നായി കുഴിച്ച് എന്തൊക്കെയോ ശരിയാക്കിയതാണ്. കുഴിക്കുന്ന പണി കഴിഞ്ഞ് എല്ലാം മണ്ണിട്ട് മൂടിയിട്ടുമുണ്ട്. അത് പോരാതെ നേരെ കുഴിച്ച് പോയ റോഡിന്റെ കുറുകെ മറ്റൊരു കുഴിയും ഇപ്പോൾ എടുത്തിട്ടുണ്ട്. മഴ തകർത്ത് പെയ്യുന്ന സമയത്താണ് ഈ റോഡുപണികളെല്ലാം ആരംഭിച്ചത് എന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ഇനി എന്ന് ഈ റോഡ് ഗതാഗത യോഗ്യമാകുമെന്ന് അറിയില്ല.

 

കലാകൗമുദി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാൾ കുറെയായി. കനത്ത മഴ പെയ്യുമ്പോൾ നിറഞ്ഞൊഴുകുന്ന ഒരു പുഴ കണക്കെയാണ് ഈ റോഡ്. മഴ ഇല്ലെങ്കിലും ഇതുവഴി ഒന്ന് കടന്ന് പോകാൻ ബുദ്ധിമുട്ടാകും. തകർന്ന് കിടക്കുന്ന ഓരോ റോഡിലും ഇതുപോലെ ഓരോ വിവിഐപിയെ വീതം അയച്ചാൽ നന്നാകാൻ സാധ്യതയുണ്ട്.

 

ഇതൊന്നും ഈ പുരോഗമനവും മെട്രോയും സ്മാർട്ട് സിറ്റിയും അവകാശപ്പെടുന്ന സംസ്ഥാനത്തിന് അല്ലെങ്കിൽ ജില്ലയ്ക്ക് ശരിയാക്കാൻ സാധിക്കില്ലേ? ഇവയൊന്നും രാജാക്കന്മാർ പോകുന്ന പാത അല്ലാത്തതിനാൽ ഈ ക്ഷിപ്രറോഡ്-വൃത്തിയാക്കൽ എല്ലാ റോഡുകൾക്കും ബാധകമാകില്ലേ?? ജനങ്ങൾ രാജാക്കന്മാരാണെന്ന് എവിടെയോ കേട്ടിട്ടുണ്ട്...

 

ലക്ഷക്കണക്കിന് മലയാളികൾ ദിവസവും യാത്ര ചെയ്യുന്നത് ഇതേ കുഴികളൊക്കെ താണ്ടിയാണ്. സ്ട്രീറ്റ് ലൈറ്റുകൾ മിഴിയണഞ്ഞിരിക്കുമ്പോൾ ഇരുട്ട് വീണ പാതയിൽ കനത്ത മഴ കാരണം നിറഞ്ഞ കുഴികളെ കാണാൻ സാധിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന മലയാളികൾ. ഇവരൊക്കെ കഷ്ടപ്പെടുമ്പോഴാണ് നെതർലണ്ടുകാരൻ രാജാവിനും രാജ്ഞിക്കും സുഗമമായി യാത്ര ചെയ്യാൻ ഇടക്കൊച്ചിയിലെയും കൂവപ്പാടത്തേയും തകർന്ന റോഡുകൾ നന്നാക്കിക്കൊണ്ടുവന്നത്.

 

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സാധിക്കാത്തതിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയിരിയ്ക്കുകയാണ് കൊച്ചി നഗരസഭ. ഒരു ദിവസത്തെ മഴയിൽ ഒരു പ്രദേശം മുഴുവനും വെള്ളത്തിൽ മുങ്ങിയ അവസ്ഥ പ്രബുദ്ധ കേരളത്തിൽ.
ഡച്ച് രാജാവ് വരുന്നതറിഞ്ഞ് കൊച്ചിയിലെ രണ്ട് റോഡുകൾ നന്നാക്കിയത് വളരെ പെട്ടെന്നായിരുന്നു. അതിലൊരു റോഡിലെ കുഴികൾ നികത്തുക മാത്രമല്ല, റോഡിലെ ചപ്പ് ചവറുകൾ വരെ നീക്കം ചെയ്തു. വരുന്ന രാജാവിന് ഒരു മതിപ്പ് ഉണ്ടാക്കാനായി.

 

ഈ റിപ്പോർട്ട് എഴുതുന്ന സമയം കൊണ്ട് ലേഖിക തലസ്ഥാന നഗരിയിലെ ഏറെക്കുറെ പൂർണമായും നശിച്ച ചില റോഡുകൾ സന്ദർശിക്കുകയുണ്ടായി. ശ്രീവരാഹം റോഡിൽ കുഴികൾ ഉണ്ടായിട്ട് വർഷം കുറെയായി. കുഴികളുടെ എണ്ണം കൂടിയതല്ലാതെ വലിയ മാറ്റം ഇവിടെ ഉണ്ടായിട്ടില്ല. സാധാരണനിലയിൽ ആറ്റുകാൽ പൊങ്കാല സമയത്ത് താൽകാലികമായി നന്നാക്കുന്ന റോഡുകളാണ്. ഇപ്പോൾ അതും നടക്കാത്ത സ്ഥിതിയാണ്. പാറ്റൂർ-ഗൗരീശപട്ടം റോഡിൽ നല്ലരീതിയിൽ തന്നെ റോഡ് പണി ആരംഭിച്ചിട്ടുണ്ട്. മണ്ണിട്ട് മൂടിയ ഈ കുഴികളിൽ എന്ന് ടാർ വീഴുമെന്ന് അറിയില്ല. കണ്ണമ്മൂല കലാകൗമുദി റോഡിൽ അലങ്കാരമായി നിരവധി കുഴികളുണ്ട്. ചെറിയ മഴയിൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകുന്ന ഈ റോഡിൽ കുഴികളേത് റോഡേത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്.

 

ഇത്രയുമല്ല, ഇനിയുമുണ്ട് അധികാരികളുടെ കണ്ണെത്താതെ തകർന്ന് നാമാവശേഷമായ റോഡുകൾ. തിരുവനതപുരം ജില്ലയിൽ തന്നെ ഈ ഗണത്തിൽപ്പെടുന്ന അനവധി റോഡുകൾ ഉണ്ട്. അപ്പോൾ സംസ്ഥാനത്താകമാനം എത്ര റോഡുകൾ ഉണ്ടെന്നത് അറിയേണ്ട കാര്യം തന്നെയാണ്.

ഒരു രാജാവ് വന്നപ്പോൾ രണ്ട് റോഡുകൾ നന്നായെങ്കിൽ ലോകത്തുള്ള രാജാക്കന്മാരെയും വിവിഐപികളെയും എല്ലാം ഇറക്കി കേരളം മുഴുവനായി ഒന്ന് നന്നാക്കിക്കൂടെ??