Monday 25 October 2021
അങ്കം ജയിച്ച അമ്മ

By online Desk .07 Mar, 2017

imran-azhar

1992 ഏപ്രില്‍ 10. അര്‍ദ്ധരാത്രി 12.30. നെയ്യാറ്റിന്‍കര അമരവിളയില്‍ നിന്ന് കൊല്ലം ചൈതന്യയുടെ നാടകവണ്ടി ചിറയിന്‍കീഴിലേക്കു തിരിച്ചു. നാടകാവതരണം കഴിഞ്ഞ ക്ഷീണത്തിലായിരുന്നു എല്ലാവരും. അടുത്ത കളിസ്ഥലത്തെത്തും മുമ്പ് ഒന്ന് കണ്ണടക്കാം എന്ന ആശ്വാസത്തിലാണവര്‍. പക്ഷെ നാടകസമിതി ഉടമകൂടിയായ ഉദയനും ഭാര്യ ഉഷയും ഉറങ്ങിയില്ല. അത്യാവശ്യം ചില കണക്കുകളും കാര്യങ്ങളുമായി ഇരിക്കുകയാണവര്‍. അത് തീര്‍ത്തിട്ട് മയങ്ങാം എന്ന വിചാരിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ശബ്ദം!.

 

ഉഷ പിന്നെ കണ്ണു തുറക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പത്തൊമ്പതാം വാര്‍ഡില്‍... സമിതിയിലെ പിന്നണി പ്രവര്‍ത്തകരും അഭിനേതാക്കളും വീട്ടുകാരും ബന്ധുക്കളും ഒക്കെ അവിടെയുണ്ട്. പലരും വന്ന് കാര്യങ്ങള്‍ ചോദിക്കുന്നു. ഉഷയുടെ കണ്ണുകള്‍ ചുറ്റും പരതി അവര്‍ അന്വേഷിക്കുന്നത് ഉദയനെയാണ്. ഉദയനെയും ഒപ്പം അഭിനയിക്കുന്ന മൂന്നു നടികളെയും മാത്രം അവിടെയെങ്ങും കണ്ടില്ല...

 


അവര്‍ക്ക് കുറച്ചു ഗുരുതരമാണ് ആരോ പറഞ്ഞു. ഉഷയുടെ വലതുകൈയും കാലും പ്‌ളാസ്റ്റിറിട്ടിരിക്കുകയാണ്. മുഖം മുഴുവന്‍ വച്ച് കെട്ട്. അനങ്ങാന്‍ വയ്യ ഇടതുകാലിലുമുണ്ട് കെട്ട്. ഇടതുകൈ മാത്രം അല്പം അനക്കാം. ഉഷ നോക്കുമ്പോള്‍ പത്രക്കാരന്‍ പയ്യന്‍ പത്രം പത്രം എന്നു വിളിച്ചുകൊണ്ട് നടക്കുന്നു. ഉഷ ഇടതു കൈകൊണ്ട് ആംഗ്യത്തിലൂടെ അവനെ വിളിച്ചു. പയ്യന്‍ ഒരു മാതൃഭൂമി പത്രം ബെഡിലേക്കിട്ടു. അപ്പോള്‍ പത്രത്തിന്റെ പേജ് ഒന്ന് നിവര്‍ന്നു. വാഹനാപകടത്തില്‍ നാടകനടന്‍ മരിച്ചു. ഒപ്പം ഉദയന്റെ ഫോട്ടോയും.....
ഉഷ പിന്നിലേക്കു മറിഞ്ഞു. ആ ദിവസം മുഴുവന്‍ ഉഷ ബോധാവസ്ഥയിലായിരുന്നുവെന്നും രാത്രിയാണ് ബോധം വന്നതെന്നും വീട്ടുകാര്‍ പിന്നീട് പറഞ്ഞ് ഉഷ അറിഞ്ഞു.....

 


ആറു ദിവസം കഴിഞ്ഞ് പതിനാറാം തീയതിയോടെ ദേഹം മുഴുവന്‍ പ്‌ളാസ്റ്ററും ബാന്‍ഡേജും ഒക്കെയായി ഉഷയെ വീട്ടില്‍ കൊണ്ടുവന്നു.... നാടകക്കാരും അല്ലാത്തവരുമൊക്കെയായി വീട്ടില്‍ ആളൊഴിഞ്ഞ നേരമില്ല... പക്ഷെ ആ തിരക്കിലും ഉഷയുടെ മുന്നില്‍ ശൂന്യത മാത്രം....
മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതു കൊണ്ട് ഉദയന്‍ അരികിലില്ലെന്ന് ഓര്‍ക്കുമ്പോഴും ആ ചിരിക്കുന്ന മുഖമേ ഉഷക്ക് ഓര്‍ക്കാനുള്ളു. ഉദയന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്നുയെങ്കില്‍ അതുമാത്രമായിരിക്കും മനസ്‌സില്‍. ഉഷ ഓര്‍ക്കുന്നു.
നാളുകള്‍ കഴിഞ്ഞു. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍.
ഉദയന്റെ സ്വപ്‌നമായ നാടകസമിതി....

 


കണ്ടില്ലെന്നു കരുതാന്‍ ഉഷക്കു കഴിയില്ല. ജീവിതം മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്... എന്തു ചെയ്യണം ഉഷ ആലോചിച്ചു... രാവും പകലും.... ആരോ ഉള്ളിലിരുന്ന് നിരന്തരം ഉഷയോട് പറഞ്ഞു. സമിതി മുന്നോട്ടുകൊണ്ടുപോകണം... അങ്ങനെ ഉഷ ആ തീരുമാനമെടുത്തു. ചൈതന്യ മുന്നോട്ടു കൊണ്ടു പോകും.

 


എല്ലാവര്‍ഷവും പകുതി കഴിയുമ്പോള്‍ തന്നെ അടുത്ത വര്‍ഷത്തേക്കുള്ള നാടകത്തിന്റെ പണി തുടങ്ങിയിരിക്കും. ഉദയന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ അടുത്ത നാടകത്തിന്റെ പണി തുടങ്ങിയിരുന്നു. പ്രഫുല്ലകുമാറിന്റെ അഴിമുഖത്തേക്കൊരു തീര്‍ത്ഥയാത്രയായിരുന്നു 93 ലേക്ക് നിശ്ചയിച്ചിരുന്ന നാടകം. ഉദയന്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു സമിതിയുടെ സെക്രട്ടറി. അതിനാല്‍ പ്രഫുല്ലകുമാറുമായുള്ള എല്ലാ ഏര്‍പ്പാടും അദ്ദേഹം വഴിയാണ്. അഴിമുഖത്തേക്കൊരു തീര്‍ത്ഥയാത്ര കരാര്‍ ചെയ്തതും അങ്ങനെ തന്നെ. ഉഷയും ഉദയനും കൂടിയാണ് കഥയില്‍ വേണ്ടകാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിച്ചത്. പ്രഫുല്ലകുമാര്‍ അതുവച്ചാണ് നാടകം തിരുത്തി എഴുതുന്നത്. തിരുത്തി എഴുതിയ സ്‌ക്രിപ്ട് പ്രഫുല്ലകുമാര്‍ കൊടുത്തിട്ടില്ല. ആ നാടകത്തെക്കുറിച്ച് പൂര്‍ണ്ണരൂപം മനസ്‌സിലുള്ളതു കൊണ്ട് എത്രയും വേഗം അതിന്റെ റിഹേഴ്‌സലും മറ്റും തുടങ്ങണമെന്ന് ഉഷ തീരുമാനിച്ചു.

 


എന്തായാലും തനിക്കിനി തട്ടേല്‍ കേറാനാകില്ലായെന്നും അതുകൊണ്ട് പിന്നണിയില്‍ നില്‍ക്കാമെന്നുമായിരുന്നു ഉഷയുടെ തീരുമാനം. ഉദയന്റെ സഹോദരനുമായി ഉഷ കാര്യങ്ങള്‍ സംസാരിച്ചു. ഉഷയെ മാറ്റി നിര്‍ത്തി ഉദയന്റെ സഹോദരന്മാര്‍ ചൈതന്യ മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ആലോചിച്ചത്. ഉഷ സമ്മതിച്ചില്ല. ചൈതന്യ ഉഷ തന്നെ നടത്തും എന്നു അവര്‍ തീര്‍ത്തും പറഞ്ഞു. അതോടെ ഉദയന്റെ സഹോദരന്മാര്‍ നവചൈതന്യ എന്ന പേരില്‍ ഒരു നാടകസമിതി രൂപം കൊടുത്തു. പ്രഫുല്ലകുമാര്‍ അഴിമുഖത്തേക്കൊരു തീര്‍ത്ഥയാത്ര ക്കേ കൊടുക്കു എന്നു ഫറഞ്ഞു. അതിനയാള്‍ പറഞ്ഞ ന്യായം ഉഷയുമായോ ഉദയനുമായോ അല്ല ഉദയന്റെ സഹോദനുമായാണ് ഇടപാട്. അതിനാല്‍ നാടകം അയാള്‍ക്കേ കൊടുക്കു എന്നായിരുന്നു.

 


വീണ്ടും ഒരു വലിയ ഗര്‍ത്തത്തില്‍ വീണുപോയപോലെ ഉഷക്കു തോന്നി. പക്ഷെ അതിലങ്ങനെ കിടക്കാന്‍ വയ്യ, ചൈതന്യ തകരരുത്. അതിനു വഴിയെന്ത്. ഉഷ ആലോചിച്ചു. ആ ആലോചനയുടെ സമയത്ത് കൊല്ലത്തെ തന്നെ പല സമിതിയിലെയും ആള്‍ക്കാര്‍ ദു:ഖം അന്വേഷിച്ചു വന്നു. അതില്‍ ചിലര്‍ ഉഷയുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. അവരോട് ഉഷ പ്രഫുല്ലകുമാറിന്റെ സ്‌ക്രിപ്ടിന്റെ കാര്യം പറഞ്ഞു. ' നമുക്ക് മറ്റേതെങ്കിലും നാടകകൃത്തുക്കളെ കൊണ്ടെഴുതിയ്ക്കാം' അവര്‍ സമാധാനിപ്പിച്ചു. എന്നിട്ട് കുറെ നാടകമെഴുത്തുകാരുടെ പേരു പറഞ്ഞു. കൂട്ടത്തില്‍ അഡ്വക്കേറ്റ് മണിലാലിന്റെ പേരും ഉണ്ടായിരുന്നു. ഉഷക്ക് മണിലാലിനെ അറിയാം.

 


'നമുക്ക് മണിച്ചേട്ടനോട് ചോദിക്കാം.'
ഉഷ പറഞ്ഞു.
'ചോദിക്കുന്നതിനു കുഴപ്പമില്ല പക്ഷെ കിട്ടാനുള്ള സാധ്യത കുറവാണ്. അദ്ദേഹം പത്തു കൈകൊണ്ട് പത്തു പേര്‍ക്ക് എഴുതുകയാണ്.'
'എന്നാലും ഒന്നു ചോദിക്കാം ' ഉഷ പറഞ്ഞു. എല്ലാവരും അതു സമ്മതിച്ചു.അങ്ങനെ ഉഷയും സഹോദരനും മറ്റു ചിലരും കൂടി അഡ്വക്കേറ്റ് മണിലാലിനെ കാണാന്‍ പോയി. അപ്പോഴും ഉഷ ബാന്‍ഡേജിനും പ്‌ളാസ്റ്ററിനും ഉള്ളില്‍ തന്നെയായിരുന്നു, ഒരു നൈറ്റിയിട്ട് ഷാള്‍ പുതച്ചാണ് ഉഷ മണിലാലിനെ കാണാന്‍ പോയത്. സഹോദരനെ ഇതിനകം ഉഷ തന്റെ നാടക സമിതി സെക്രട്ടറി ആക്കിക്കഴിഞ്ഞിരുന്നു. അതിനും കാരണമുണ്ട്. അപകടം ഉണ്ടാകുമ്പോള്‍ ഉഷയുടെ ജ്യേഷ്ഠനും കൂടെയുണ്ടായിരുന്നു. വിദേശത്തായിരുന്ന ഉഷയുടെ ജ്യേഷ്ഠന്‍ ആ സമയത്ത് നാട്ടില്‍ വന്നപ്പോള്‍ നാടകം കാണാന്‍ നെയ്യാറ്റിന്‍കരയില്‍ കൂടെ പോയതാണ്. അപകടത്തില്‍പ്പെട്ട ജ്യേഷ്ഠന് തലയില്‍ പതിനഞ്ച് തയ്യല്‍ ഉണ്ടായിരുന്നു. തല പൊട്ടിപ്പിളര്‍ന്നുപോയി. അതോടെ ജ്യേഷ്ഠന് തിരിച്ചു ഗള്‍ഫില്‍ പോകാനാകാതെയായി.


 ഉഷയെക്കണ്ട് മണിലാല്‍ ചോദിച്ചു.
ഈ അവസ്ഥയില്‍ നാടകം ചോദിക്കാന്‍ നീയെന്തിനാ ഉഷേ വന്നത്?
ഉഷ ഒന്നും പറഞ്ഞില്ല: നാടകം നല്കാമെന്ന് മണിലാല്‍ പറഞ്ഞെങ്കിലും അതപ്പോഴത്തെ ഒരാശ്വാസം മാത്രമായേ ഉഷ കണ്ടുള്ളു. പിന്നീട് ഉഷ സഹോദരനെ തുടര്‍ച്ചയായി മണിലാലിന്റെ വീട്ടിലേക്കു വിടാന്‍ തുടങ്ങി. കാരണം നാടകത്തിന്റെ പേര് അനൗണ്‍സ് ചെയ്യണം അല്ലാതെ മുന്നോട്ടു പോകാനാകില്ല. പേര് അനൗണ്‍സ് ചെയ്തില്ലെങ്കില്‍ സമിതിയുടെ പേരു പോകും.
'എനിക്ക് അഭിനയിക്കാനാകുമോ എന്നു പോലും അറിയില്ല. ഞാന്‍ അഭിനയിച്ചില്ലെങ്കിലും മുന്നില്‍ നിന്നേ പറ്റു.'

 


പലപ്പോഴും മണിലാലിനെ കാണാനാകാതെ സഹോദരന്‍ തിരിച്ചു വരും. അങ്ങനെയിരിക്കെ അഡ്വ. മണിലാല്‍ ആറ്റിങ്ങല്‍ ദേശാഭിമാനിക്ക് നാടകം എഴുതുകയാണെന്ന് ആരോ പറഞ്ഞ് ഉഷ അറിഞ്ഞു ആറ്റിങ്ങല്‍ ടൂറിസ്റ്റ് ഹോമില്‍ ഇരുന്നാണ് എഴുതുന്നത്. ഉഷ ചേട്ടനെ ടൂറിസ്റ്റ് ഹോമിലേക്കയച്ചു. കാര്യം പറഞ്ഞു അങ്ങനെ അദ്ദേഹം പേരു കൊടുത്തു വിട്ടു.
അങ്കം ജയിക്കാന്‍ ഒരമ്മ പേരുകേട്ടപ്പോള്‍ കുറച്ച് നീളം കുടുതലല്ലേ എന്ന് ഉഷക്കു സംശയം. ഉഷ അച്ഛനോട് കാര്യം പറഞ്ഞു.

 


'അങ്ങനെ സംശയിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ മനസ്‌സില്‍ എന്തെങ്കിലും ഉണ്ടായിരിക്കും. നല്ല നാടകമാകാനാണു സാധ്യത എന്നയി അച്ഛന്‍. തുടര്‍ന്ന് സ്‌ക്രിപ്ടിനുള്ള കാത്തിരിപ്പായി. സെപ്തംബര്‍ അവസാനത്തോടെ അഡ്വക്കേറ്റ് മണിലാല്‍ ചൈതന്യയില്‍ എത്തി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നാടകം എഴുതിത്തരാമെന്നു പറഞ്ഞത് ശരിക്കും ഉഷയെ സമാധാനിപ്പിക്കാനായിരുന്നു. പക്ഷെ ഉഷ എനിക്കു സ്വസ്ഥത തന്നില്ല. അങ്ങനെയാ ഒടുവില്‍ എഴുതാന്‍ നിശ്ചയിച്ചത്.' 

 


അതു ശരിയായിരുന്നുയെന്ന് ഉഷയ്ക്കും തോന്നി. 'അന്ന് എന്നെ കണ്ടാല്‍ കഷ്ടം തോന്നുമായിരുന്നു... എന്തായാലും 1992 ഡിസംബര്‍ 26–ാം തീയതി അങ്കം ജയിക്കാന്‍ ഒരമ്മ ആദ്യമായി തട്ടേല്‍ കയറി. കൊടുങ്ങല്ലൂര്‍ ആയിരുന്നു ആദ്യ സ്‌റ്റേജ്.
1993 മെയ് 31 വരെയായി 248 സ്‌റ്റേജില്‍ ആ നാടകം കളിച്ചു. ചൈതന്യയുടെ പുനര്‍ജന്മമായിരുന്നു അത്. അടുത്ത ഒരു നാടകം കൂടി മണിലാല്‍ തന്നെ ചൈതന്യക്ക് എഴുതിക്കൊടുത്തു. പടനിലം കാത്ത പാവങ്ങള്‍. ഈ രണ്ടു നാടകങ്ങളും മറ്റൊരു സംവിധായകനെക്കൊണ്ടാണ് ചെയ്യിപ്പിച്ചത്.

 


ഇവ രണ്ടും കഴിഞ്ഞതോടെ ഉഷയുടെ മനസ്‌സില്‍ ഒരു ചിന്ത. 80 മുതല്‍ ഉദയനൊപ്പം നാടകങ്ങളുമായി നടക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ കാര്യങ്ങളിലും ഉദയന്റെ വലം കൈ ആണ്. ഒന്നാഞ്ഞു ശ്രമിച്ചാല്‍ നാടകത്തിന്റെ സംവിധാനം ഏറ്റെടുക്കാനാകും. ഒടുവില്‍ ഉദയന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അഭിപ്രായവും അനുവാദവും വാങ്ങി. അദ്ദേഹത്തിനോട് നിശബ്ദമായി സംസാരിച്ചപ്പോള്‍ മനസ്‌സിന് വല്ലാത്ത ഒരു ശക്തിയും ഊര്‍ജ്ജവും കൈവരുന്നതായി ഉഷക്ക് തോന്നി. ഉഷ സംവിധാനം ചെയ്യുന്ന കാര്യം അച്ഛനമ്മമാരോടും സഹോദരന്മാരോടും സംസാരിച്ചു. അവര്‍ പൂര്‍ണ്ണ പിന്തുണ നല്കി. പുതിയ നാടകം എഴുതുന്നത് അഡ്വ. വെങ്കുളം ജയകുമാറാണ്. ആധിപത്യം എന്നാണ് നാടകത്തിന്റെ പേര്.

 


'ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 'ഞാനൊരു ആര്‍ട്ടിസ്റ്റാണ്. സംവിധായിക അല്ല. പക്ഷെ ഉദയേട്ടന്റെ കൂടെ 1980 മുതല്‍ ഞാന്‍ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. നാടകത്തിന്റെ എ ടു ഇസഡ് കാര്യങ്ങളും എനിക്കറിയാം. ഈ നാടകം മുതല്‍ ഞാന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു'. 'വെങ്കുളം ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മനസ്‌സില്‍ എന്തായിരുന്നു എന്ന് എനിക്കു അറിയില്ല. പക്ഷെ എതിര്‍ത്തൊന്നും പറഞ്ഞില്ല.
ഉദയന്‍ സംവിധായകനായിരുന്നപ്പോള്‍ സ്‌ക്രിപ്ട് എഡിറ്റ് ചെയ്യുമായിരുന്നു സ്‌ക്രിപ്ട് റൈറ്റര്‍ പലയിടത്തും ആവര്‍ത്തിച്ചൊക്കെ എഴുതിയിട്ടുണ്ടാകും. അതെല്ലാം മാറ്റി ശരിയാക്കുന്നത് സംവിധായകന്‍ തന്നെയാണ്. അതുപോലെ തന്നെ ഇവിടെയും സ്‌ക്രിപ്ട് ഞാന്‍ തന്നെ എഡിറ്റ് ചെയ്തു തുടങ്ങി. എഡിറ്റ് ചെയ്ത സ്‌ക്രിപ്ട് കണ്ടപ്പോഴാണ് വെങ്കുളത്തിന് എന്നില്‍ വിശ്വാസം വന്നത്.

 


റിഹേഴ്‌സല്‍ തുടങ്ങും മുമ്പ് സമിതിയിലെ എല്ലാ അംഗങ്ങളോടുമായി പറഞ്ഞു.
'എന്നെ സംവിധായിക ആയി കാണരുത് ഞാനും നിങ്ങളെപ്പോലെ ഒരാര്‍ട്ടിസ്റ്റാണ്.... പരസ്പരം അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞ് സഹകരിക്കണം.
ഓ അവള് വലിയൊരു സംവിധായിക. ഒരു പെണ്ണ് എന്നെ പഠിപ്പിക്കുന്നു ഇങ്ങനെയൊന്നും തോന്നാതെ സഹകരിക്കാനാണ് ഞാനങ്ങനെ പറഞ്ഞത്. ഒരു കൊച്ചുകുട്ടിയെങ്കിലും ആ സമയത്ത് എതിര്‍ത്തിരുന്നെങ്കില്‍ ആ നിമിഷം ഞാന്‍ മാറിയേനെ... ഉഷ പറഞ്ഞു. നാടകം അവതരിപ്പിച്ചു തുടങ്ങിയതോടെ ലാന്‍ഡ് ഫോണിലും കത്തുകളിലും വന്ന അഭിനന്ദനങ്ങള്‍ ഉഷക്ക് പ്രചോദനമായി. എന്തായാലും ആ നാടകവും ഗംഭീരമായി.അതിനുശേഷം അദ്ദേഹം തന്നെ മറ്റൊരു നാടകം എഴുതിത്തന്നു.

 

അഷ്ടമംഗല്യം. 1996–97 ല്‍ ആലത്തൂര്‍ മധു എന്ന തിരക്കഥാകൃത്ത് എഴുതിത്തന്ന അര്‍ച്ചനപൂക്കള്‍ എന്ന നാടകം എനിക്ക് മറ്റൊരു വഴിത്തിരിവായി.ആ വര്‍ഷത്തെ സംസ്ഥാന നാടക അവാര്‍ഡില്‍ നാലെണ്ണം അര്‍ച്ചനപൂക്കള്‍ക്കായിരുന്നു. മികച്ച തിരക്കഥാകൃത്ത് നടന്‍, ഗായിക, പിന്നെ സംവിധായിക. ആദ്യമായിട്ടായിരുന്നു ഒരു വനിത മികച്ച സംവിധായികക്കുള്ള അവാര്‍ഡ് നേടുന്നത്.

 


'എന്നാല്‍ എനിക്കതിന്റെ മഹത്വം അപ്പോള്‍ അറിയില്ലായിരുന്നു. ഞാനതില്‍ സുമതി എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങളുള്ള കഥാപാത്രം. അതിന് മികച്ച് നടിക്കുള്ള അവാര്‍ഡ് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എല്ലാവരും അതു പറഞ്ഞായിരുന്നു അഭിനന്ദിച്ചതുപോലും. പക്ഷേ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ഇല്ല. അതു കൊണ്ടു തന്നെ സന്തോഷം തോന്നിയില്ല. എന്നാല്‍ പിറ്റേദിവസം പത്രക്കാരൊക്കെ മികച്ച സംവിധായകയെ അന്വേഷിച്ചുവന്നപ്പോഴാണ് ആ മഹത്വം ഞാനറിഞ്ഞത്. എന്നാല്‍ 2000 ത്തില്‍ അവതരിപ്പിച്ച അദ്ധ്യാപികയിലൂടെ ഉഷ മികച്ച നടിയുമായി.

 


• തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?


സംതൃപ്തി. ഉദയേട്ടന്‍ പോകുമ്പോള്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. കുട്ടികള്‍, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്ന നാടകസമിതി, ആ സമിതി അംഗങ്ങളുടെ ജീവിതം, ഞങ്ങളുടെ രണ്ടു പേരുടെയും രക്ഷിതാക്കള്‍.... ഇവരെയെല്ലാം ഭംഗിയായി നോക്കാന്‍ കഴിഞ്ഞിട്ടുണ്ട് ആര്‍ക്കും വിഷമമുണ്ടാക്കാതെ...

 

• എപ്പോഴെങ്കിലും നാടകസമിതി ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്നു തോന്നിയോ?


ഒരിക്കലുമില്ല. മറിച്ച് അന്ന് ഞാനത് വിട്ടുകൊടുത്തിരുന്നുവെങ്കില്‍ നാടകത്തിലെന്നല്ല ജീവിതത്തില്‍ പോലും പില്‍ക്കാലത്ത് ഞാന്‍ വീണു പോകുമായിരുന്നു. ഈശ്വരനിശ്ചയമെന്നത് മഹത്തരമാണ്. ഈശ്വരന്‍ നിശ്ചയിക്കുന്ന സമയത്ത് അവിടുന്ന് നിശ്ചയിക്കുന്നത് ചെയ്തില്ലെങ്കില്‍ നമ്മള്‍ വീണുപോവുകതന്നെ ചെയ്യും.

 


* അതിനെക്കുറിച്ച് നാടക വേദിയില്‍ എന്തെങ്കിലും ഭിന്നാഭിപ്രായങ്ങള്‍? വേദനിപ്പിക്കുന്നതോ മനസ്‌സിനെ മുറിപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ ആയിട്ട്?


ഒരു പാടുണ്ട്. സന്തോഷിപ്പിച്ചവയെക്കാളേറെ വേദനിപ്പിച്ചവയും മനസ്‌സിനെ മുറിപ്പെടുത്തിയവയും തന്നെയാണ്. ഉദയേട്ടന്‍ പോയശേഷമുള്ള ആദ്യ നാടകമായ അങ്കം ജയിക്കാന്‍ ഒരമ്മ–വിജയകരമായി അവതരിപ്പിച്ചു വരുന്നസമയത്ത്. ഉഷയെന്തിനാ ഇപ്പോള്‍ കൂടുതല്‍ റേറ്റ് വാങ്ങി നാടകം കളിക്കുന്നത്. എന്ന് പലരും ചോദിച്ച അതെനിക്ക് വലിയ വിഷമമായി.
ഉഷയോടുള്ള സഹതാപം കൊണ്ട് എല്ലാവരും സൗജന്യമായി എന്തെല്ലാം സഹായിച്ചുഎന്നും അവര്‍ പറഞ്ഞു ഞാന്‍ അന്തം വിട്ടുപോയി. എന്താണ് ഇവരുദ്ദേശിക്കുന്ന സൗജന്യ സഹായം എന്നെനിക്കു മനസ്‌സിലായില്ല. എന്റെ നാടകവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിത്തന്നെയാണ് ഞാന്‍ സഹകരിപ്പിച്ചത്. ഒരു പക്ഷേ അതില്‍ ഏറ്റക്കുറച്ചിലുണ്ടായിരിക്കാം. എല്ലാവരും ആ സമയത്ത് എന്റെ ആവശ്യം അറിഞ്ഞ് സഹകരിച്ചു എന്നതുമാത്രമാണ് സത്യം. നാടകകൃത്തിനായാലും സംവിധായകനായാലും മ്യൂസിക് ഡയറക്ടര്‍ക്കായാലും മാന്യമായി പ്രതിഫലം തന്നെ നല്കിയാണ് ഞാന്‍ നാടകമിറക്കിയത്. സമയബന്ധിതമായി എല്ലാവരും സഹകരിച്ചതുകൊണ്ടാണ് അന്നെനിക്ക് നാടകം നടത്തിക്കൊണ്ടു പോകാന്‍ കഴിഞ്ഞത്. അതൊരിക്കലും മറക്കാനാകില്ല. എല്ലാക്കാലത്തും അതിന്റെ നന്ദി അവരോടുണ്ടായിരിക്കുകയും ചെയ്യും.


• മറ്റെന്തെങ്കിലും?


എത്രവേണമെങ്കിലുമുണ്ട്. എത്ര മറക്കാന്‍ ശ്രമിച്ചാലും തികട്ടി വരുന്നവ. സമിതി നയിക്കാനിറങ്ങുമ്പോള്‍ എനിക്ക് മുപ്പത് വയസ്‌സ് തികഞ്ഞിട്ടില്ല. ആ സമയത്ത് ഒരുപാട് കഥകള്‍ കേട്ടു. നേരിട്ടല്ലാ കേള്‍ക്കാതെ പറഞ്ഞാല്‍ പ്രതികരിക്കാനാകില്ലല്ലോ? നാടകരംഗമല്ലേ. പലതും അറിഞ്ഞില്ല എന്ന് നടിച്ചു. എന്തായാലും മുഖത്തുനോക്കി വെളുക്കെ ചിരിച്ച് ക്ഷേമാന്വേഷണം നടത്തുന്നവരുടെ യഥാര്‍ത്ഥ ചിത്രം അന്നു ഞാന്‍ കണ്ടു. അങ്കം ജയിക്കാനൊരമ്മ കഴിഞ്ഞ് ഞാന്‍ രാത്രിയില്‍ കൊല്ലത്തുവന്ന് ബാഗും പിടിച്ച് കൈനീട്ടി നില്‍ക്കും കാശിനായി എന്നുവരെ പറഞ്ഞിട്ടുണ്ട്. സങ്കടം അടക്കാനാവാതെ കരഞ്ഞു പോയിട്ടുണ്ട് അന്ന്. അത്തരക്കാരിയാണോ ഞാന്‍? അത്തരമൊരു കുടുബത്തിലാണോ ഞാന്‍ ജനിച്ചതും വളര്‍ന്നതും? നാടകം ഇല്ലെങ്കിലും അത്യാവശ്യം കഴിഞ്ഞുകൂടാന്‍ പറ്റുന്ന ചുറ്റുപാടെനിക്കുണ്ടായിരുന്നു. ഈ പറഞ്ഞവര്‍ അതൊന്നും ചിന്തിച്ചു പോലുമില്ല. ആകസ്മികമായി ഭര്‍ത്താവ് നഷ്ടപ്പെട്ടൊരു സ്ത്രീയെ ഇങ്ങനെ അവഹേളിക്കാമോ? സ്വന്തം കുടുംബത്തിലാണെങ്കില്‍ അതു ചെയ്യാമോ... ഏറ്റവും വിശേഷം ഇക്കഥകളൊക്കെ ഉണ്ടായത് നാടകരംഗത്തു നിന്നുതന്നെയാണ് എന്നതാണ്.


• അങ്കം ജയിക്കാനൊരമ്മയിലെ കഥാപാത്രവും ഉഷയുടെ ജീവിതവും സമാനമാണ്.


എന്നെ അറിയുന്നവര്‍ക്ക് ആ സാമ്യം തോന്നിയിട്ടുണ്ടാകാം. നാടകത്തില്‍ ഞാനവതരിപ്പിച്ച മേഴ്‌സിപവിത്രന്‍ എന്ന കഥാപാത്രം അവകാശത്തിനു വേണ്ടി പോരാടി ജയിക്കുന്നു. ജീവിതത്തില്‍ ഞാന്‍ അവകാശങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ല. കേസും നടത്തിപ്പുമൊക്കെയുണ്ടായിരുന്നെന്നേയുള്ളു. നാടകരംഗത്തെ പ്രമുഖരായ ചില ആളുകള്‍ മുന്നില്‍ നിന്ന് അത് നടത്തിത്തന്നു. ക്രമേണ കേസിലും മറ്റുമുള്ള താത്പര്യം കുറഞ്ഞു കാരണം പോയതിനേക്കാള്‍ വലുതൊന്നും കിട്ടാനില്ലല്ലോ. ആ അപകടവും ഉദയന്‍ ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് എനിക്ക് കിട്ടിയത് മുപ്പതിനായിരം രൂപയാണ്. പതിനെട്ടായിരം വണ്ടിക്കും പന്ത്രണ്ടായിരം ഉടമസ്ഥനും. അന്‍മ്പത്തിമൂവായിരം രൂപയായി അന്ന് വണ്ടി പണിതിറക്കാന്‍ ചിലവായത്. എന്റെ മക്കള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ അവര്‍ക്കായി എന്തെങ്കിലും കിട്ടിയതൊഴിച്ചാല്‍ ജീവിതത്തിലെ അവകാശപ്പോരാട്ടം വിജയിച്ചില്ല.

 


• ചൈതന്യയെ ഒറ്റയ്ക്ക് നയിക്കാന്‍ തുടങ്ങിയിട്ട് 24 വര്‍ഷം. തിരിഞ്ഞു നോക്കുമ്പോള്‍?


അഭിമാനം, ആഹ്‌ളാദം, ചാരിതാര്‍ത്ഥ്യം, സന്തോഷം, സംതൃപ്തി. ഈ വാക്കുകള്‍ ഒറ്റക്കോ ഒന്നിച്ചോ ഉപയോഗിക്കാം. നാടകത്തിലായാലും നാടകത്തെ മാത്രം മുന്‍ നിര്‍ത്തിയുള്ള കുടുംബജീവിത്തിലായാലും ഞാന്‍ സംതൃപ്തയാണ്. ഒറ്റയ്ക്ക് നയിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ബിഗ് സീറോയായിരുന്ന ഞാന്‍ ഇന്ന് ബഹുദൂരം മുന്നിലാണ്. ആ വിലയിരുത്തല്‍ അഹങ്കാരത്തിന്റേതല്ല. അര്‍പ്പണമനോഭാവം കൊണ്ട് ആര്‍ജിച്ച കൈമുതലാണത്. അടുക്കും ചിട്ടയും നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ഞാന്‍ സമിതി നയിച്ചു. സഹകരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ അവരുടെ സൗകര്യത്തിനു കൂടെ പ്രാധാന്യം കൊടുത്തു. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഒരു വേഷമിടാന്‍ പറഞ്ഞപ്പോള്‍ അയ്യോ എന്ന് വിളിച്ചുകൊണ്ട് വീടിനകത്തേക്കോടിയ എന്നെ ഉദയന്‍ ചേട്ടന്‍ ബലാല്‍ക്കാരമായി പിടിച്ചു നിര്‍ത്തി അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒന്നുമാകില്ലായിരുന്നു. വിവാഹത്തിനു മുമ്പ്് നാടകങ്ങള്‍ നേരെ ഒന്ന് കണ്ടിട്ടു പോലുമില്ല. ഒരു നാടകപുസ്തകം വായിച്ചിട്ടുപോലുമില്ല. എന്നെ നാടകം രക്ഷപ്പെടുത്തിയിട്ടേയുള്ളു. ഒരു ശതമാനം പോലും നശിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്തിട്ടില്ല. ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഞാന്‍ തളര്‍ന്നിട്ടില്ല. നാടക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസ്‌സിന് പിരിമുറുക്കം ഉണ്ടാവുമ്പോള്‍ ഞാന്‍ ഉദയന്‍ ചേട്ടനെ ഓര്‍ക്കും. അദ്ദേഹം തെളിച്ച കൈത്തിരിയാണ് ഞാന്‍ ഏന്തിയിരിക്കുന്നത്. അത് കെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. എന്നെ ഞാനാക്കിയത് ചൈതന്യയാണ്. അതിന് നിമിത്തമായത് എന്റെ ഭര്‍ത്താവും.

 


* പ്രൊഫഷണല്‍ നാടകവേദിയുടെ ശക്തിയും കരുത്തും വെളിച്ചവുമായി ഉഷാഉദയന്‍ മാറിയിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍?


അത്രക്കായോ ഞാന്‍; ഒരു പക്ഷേ എന്നോടുള്ള ആരാധനകൊണ്ടോ ഇഷ്ടക്കൂടുതല്‍ കൊണ്ടോ നിങ്ങള്‍ പറയുന്നതാവാം അത്. അല്ലെങ്കില്‍ ആ അഭിപ്രായം ശരിയാവാം. കുതികാല്‍വെട്ടും കുതന്ത്രങ്ങളും അപവാദപ്രചാരണങ്ങളും കൊണ്ട് സത്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്കു എന്നും എളിമയും വിനയവും അങ്ങേയറ്റം പുലര്‍ത്തി മുന്നോട്ടു പോകുന്ന ഞാന്‍ ആ വിശേഷണം ആദരവോടെതന്നെ സ്വീകരിക്കുന്നു.

 


* ഉഷയെക്കുറിച്ച് സ്ഥിരം പറയുന്നൊരു പല്ലവിയുണ്ട്. ഉഷ റേറ്റ് കുറച്ച് നാടകം കളിക്കില്ല. ശരിയാണോ?


നൂറ് ശതമാനവും ശരിയാണ്. ചൈതന്യ എന്ന ബാനറാണടിസ്ഥാനം. അതിന് ബലമേകാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, നാടകം കൊള്ളില്ലായിരിക്കും. എങ്ങനെയെങ്കിലും ഓടാന്‍ വേണ്ടി റേറ്റ് കുറച്ച് കളിക്കുകയാണ്' എന്ന് പറയും. ഏതൊരുല്പന്നത്തിനും അതിന്റേതായ ഒരു മാര്‍ക്കറ്റ് വാല്യു ഉണ്ട്. ക്ഷമയുണ്ടെങ്കില്‍ നിശ്ചിതവാല്യുവിന് തന്നെ അത് വിറ്റുപോയിരിക്കും. പക്ഷേ ഉല്പന്നം ക്വാളിറ്റിയുള്ളതാവണം. രണ്ടാമത്തെ കാര്യം 36 വര്‍ഷത്തെ പാരമ്പര്യമുള്ള ചൈതന്യക്ക് റേറ്റ് കുറച്ചൊരു നാടകം കളിക്കേണ്ട' ആവശ്യമില്ല. ഓരോ നാടകത്തിലേക്കും പുതിയ പ്രവര്‍ത്തകരെ വിളിക്കുമ്പോള്‍ അവരോട് അഡ്വാന്‍സായി തന്നെ പറയും. ഇത്ര സ്റ്റേജ് തരാം എന്ന് എനിക്ക് ഉറപ്പു പറയാനാകില്ല, പക്ഷേ നില്‍ക്കുന്ന സീസണില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായിത്തന്നെ നില്‍ക്കണം. അതെക്കെകൊണ്ടാണ് ഒരു കാരണത്താലും ചൈതന്യ റേറ്റ് കുറച്ച് നാടകം കളിക്കില്ലായെന്നു തീരുമാനിച്ചത്.

 


• നാടകജീവിതത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?
1980 ലാണ് തുടക്കം. 1979 ലായിരുന്നു നാടകനടനായ ഉദയന്‍ ചേട്ടനെ വിവാഹം കഴിച്ചത്. അടുത്ത വര്‍ഷം തന്നെ ചൈതന്യ എന്ന പേരില്‍ ഒരു നാടകസമിതിക്ക് രൂപം കൊടുത്തു.

 


• നാടകാഭിനയം മാത്രമായി നടക്കുന്ന ഒരാളെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യം?


എന്റെ ഇഷ്ടവും തീരുമാനവുമായിരുന്നു. ന്യായവും സത്യസന്ധവുമായ തീരുമാനങ്ങള്‍ മാത്രമേ ചെറുപ്പം മുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഈ തീരുമാനവും മാതാപിതാക്കള്‍ അംഗീകരിച്ചു.

 


• പ്രണയ വിവാഹമായിരുന്നോ?


പൂര്‍ണ്ണമായും പ്രണയമെന്ന് പറയാനൊക്കില്ല. എങ്കിലും പരിചയമുണ്ടായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് ഒരു ഗായകന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഉദയന്‍ചേട്ടന്‍. ആ ഗായകനെക്കാണാന്‍ ഇടക്കിടെ ചേട്ടന്‍ വരാറുണ്ടായിരുന്നു. അങ്ങനെ സ്ഥിരമായി ഞങ്ങള്‍ കണ്ടു. അത് പരിചയമായി. പരിചയം സ്‌നേഹമായി, സ്‌നേഹം ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമായി.

 


• അച്ഛനമ്മമാരോടൊത്തുള്ള ആ ഒരു കുടുംബപശ്ചാത്തലം വിശദീകരിക്കാമോ?


അച്ഛന്‍ സദാനന്ദന്‍പിള്ളക്ക് ജനയുഗം പ്രസ്‌സില്‍ ജോലിയുണ്ടായിരുന്നു. പിന്നീട് അത് വിട്ട് നാട്ടില്‍ ഒരു പലചരക്കുകട നടത്തുകയായിരുന്നു. അമ്മ ജാനമ്മ. ഞങ്ങള്‍ നാലു മക്കള്‍. മകളായി ഞാന്‍ മാത്രം. പലചരക്ക് കട നടത്തിയാണ് ഞങ്ങളെ അച്ഛന്‍ പഠിപ്പിച്ചതും വളര്‍ത്തിയതും.പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് ഉദയേട്ടനെ കാണുന്നത്.

 


• അതിന് ശേഷം?


വിവാഹം കഴിഞ്ഞിട്ട് പഠിക്കാന്‍ കഴിഞ്ഞില്ല. വിവാഹസമയത്ത് അടൂര്‍ പങ്കജത്തിന്റെ ഉടമസ്ഥതയിലുള്ള അടൂര്‍ ജയാതിയേറ്റേഴ്‌സിന്റെ 'ഹോമം' എന്ന നാടകത്തിലെ നടനായിരുന്നു അദ്ദേഹം. തൊട്ടടുത്ത വര്‍ഷം സ്വന്തമായൊരു സമിതിയുണ്ടാക്കാന്‍ തീരുമാനിച്ചു. പക്ഷേ കുടുംബത്തില്‍ എതിര്‍പ്പായിരുന്നു. എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്താം എന്ന് അച്ഛന്‍ പറഞ്ഞു. പക്ഷേ അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നിന്നു.

 


• അതിലായിരുന്നോ ഉഷയുടെ അഭിനയത്തിന്റെ തുടക്കം?


'താളം' എന്ന പേരില്‍ ചേട്ടന്‍ തന്നെ എഴുതിയതായിരുന്നു ആദ്യനാടകം. നാടകത്തിന്റെ പ്രതാപകാലമായിരുന്നതിനാല്‍ പ്രവര്‍ത്തകരെ കിട്ടാനൊന്നും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നടിമാര്‍ക്ക് അവരുടെ പോര്‍ഷന്‍ എഴുതിക്കൊടുക്കേണ്ടത് എന്റെ ജോലിയായിരുന്നു. അതിലൊരാള്‍ ഞാനെഴുതിയതും കൊണ്ടങ്ങു പോയി, ഇനി എഴുതാന്‍ വയ്യെന്ന് ഞാന്‍. 'എങ്കില്‍ നീ തന്നെ അഭിനയിക്ക്' എന്ന് ഉദയന്‍ ചേട്ടന്‍ പറഞ്ഞു. പേടിച്ച് പിന്‍മാറിയ എന്നെ പിടിച്ചുനിര്‍ത്തി അഭിനയിപ്പിച്ചു. എങ്കിലും എന്റെ പേടി മാറിയില്ല.
സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഓഡിയന്‍സിനെ നോക്കാതിരുന്നാല്‍ മതിയെന്ന് അദ്ദേഹം എനിക്കു പറഞ്ഞു തന്നു. അതനുസരിച്ചപ്പോള്‍ പ്രശ്‌നം തീര്‍ന്നു. അങ്ങനെ താളം നാടകത്തിലെ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ഞാന്‍ നാടകത്തിലെത്തി.

 


• പിന്നെ ചൈതന്യയിലെ സ്ഥിരം നടിയായി?


ചെറിയ ചെറിയ വേഷങ്ങള്‍. ഭാര്യയും ഭര്‍ത്താവുമായതിനാല്‍ ഒരു കുടുംബത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ ഞങ്ങളെപ്പോഴും ശ്രദ്ധിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്കും അണിയറക്കാര്‍ക്കുമൊന്നും ഒരു ബുദ്ധിമുട്ടും വരുത്താതെ സമിതി കൊണ്ടു നടന്നു. ചെറിയ വേഷങ്ങളില്‍ നിന്ന് പ്രധാന വേഷങ്ങള്‍ എല്ലാ നാടകങ്ങളിലും എന്റെ കയ്യിലായി. എല്ലാം ഉദയന്‍ ചേട്ടന്റെ പിന്‍ബലത്തോടെ തന്നെ. ആശങ്കകളോടെയാണ് സമിതി തുടങ്ങിയതെങ്കിലും അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൊണ്ട് കൊല്ലം ചൈതന്യ നാടകവേദിയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ബാനറായി.

 


• നാടകജീവിതത്തിലോ കുടുംബജീവിതത്തിലോ മറക്കാനാകാത്ത സംഭവങ്ങള്‍?

 


നാടകജീവിതത്തില്‍ മറക്കാനാവാത്ത സംഭവങ്ങള്‍ നിരവധിയുണ്ട്. ഒകേ്ടാബര്‍ – നവംമ്പര്‍ മാസങ്ങളില്‍ സ്ഥിരമായി ഉത്തരേന്ത്യന്‍ പ്രോഗ്രാമിന് പോകുമായിരുന്നു. ഒരിക്കല്‍ ഒരു യാത്രയില്‍ ഗുഢല്ലൂര്‍ വച്ചാണെന്ന് തോന്നുന്നു. നാടകവണ്ടി ഒരു ഒറ്റയാന്റെ മുന്നില്‍പെട്ടു. പാതിരാത്രിയിലാണ്.
വണ്ടി റിവേഴ്‌സ് എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ വാഹനങ്ങള്‍ വന്ന് നിറഞ്ഞു. ഒടുവില്‍ നാല് ബാറ്ററിയിലുള്ള ടോര്‍ച്ചിന്റെ വെളിച്ചം ഒറ്റയാന്റെ കണ്ണലടിച്ച് പിടിച്ച് അതിനെ പിന്തിരിപ്പിച്ചു. എങ്കിലും കുറെ സമയം ജീവന്‍ കൈയില്‍ പിടിച്ചുള്ള അവസ്ഥയായിരുന്നു. പിന്നീടൊരിക്കല്‍ ഒരു വെള്ളപ്പോക്കത്തില്‍പെട്ടു. കണ്ണടച്ചു തുറക്കുന്നവേഗത്തില്‍ ഇരച്ചുകയറുകയാണ് മലവെള്ളം.

 

വണ്ടിയുടെ സ്റ്റിയറിംഗ് വരെയെത്തി. കൂട്ടനിലവിളിയായി. അടുത്തുവന്നു നിന്ന ഒരു ലോറിയില്‍ നിന്ന് ഞങ്ങളുടെ സെറ്റ് വര്‍ക്കര്‍ ഒരു വടം എടുത്ത് എങ്ങനെയൊക്കെയോ മറ്റൊരു ബസില്‍ കെട്ടി ഓരോരുത്തരും കൈകൊരുത്തു പിടിച്ചു കൊണ്ട് അതിലേക്ക് കയറി. വല്ലാത്തൊരവസ്ഥയായിരുന്നു അത്. ഹോ ഇപ്പോഴും അത് ഓര്‍ക്കാനേ പേടിയാവുന്നു.പിന്നീടുള്ളത് ജംഷഡ്പൂരില്‍ മലയാൡസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നാടകം കളിക്കാനെത്തിയപ്പോഴായിരുന്നു. ആകസ്മികമായി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. തുടര്‍ന്നുള്ള കലാപം.

 

പുറത്തിറങ്ങിയാല്‍ അപകടപ്പെടുന്ന അവസ്ഥ. ദിവസങ്ങളോളം സമാജത്തില്‍ തന്നെ കഴിഞ്ഞു. പുറത്തിറങ്ങിയില്ല. ഒരല്‍പം ശാന്തമായതിനു ശേഷം നാടകം കളിക്കാന്‍ തീരുമാനിച്ച ദിവസം സമിതിയിലെ ഗായകനും സംഘവും. (അന്ന് ഓര്‍ക്കസ്ട്രാ ടീം കൂടെയുണ്ടാവും) കലാപം ഭയന്ന് ഞങ്ങളെ അറിയിക്കാതെ അവര്‍ സ്ഥലം വിട്ടു. എന്തായാലും നാടകം കളിച്ചേ പറ്റു. ഒടുവില്‍ പാടാനറിയുമായിരുന്ന ഒരു നടന്‍ പാടി. ഒരു നടന്റെ വേഷം ഉദയന്‍ ചേട്ടന്‍ തന്നെ ചെയ്തു. മറ്റൊരു നടന്റെ വേഷത്തിന് സമാജത്തിലെ ഒരു നടനെ പഠിപ്പിച്ച് കയറ്റി. നാടകം തീരുവോളം അതൊരു പരീക്ഷണമായിരുന്നു. ഇങ്ങനെ ഓര്‍മ്മിച്ചെടുത്താല്‍ ഒരു പാട് സംഭവങ്ങളുണ്ട്.

 


• ഇനിയിപ്പോള്‍ നാടകസമിതിയുടെ ആവശ്യമുണ്ടോ;


എന്റെ മക്കള്‍ ഏകസ്വരത്തില്‍ പറയാറുണ്ട്, അമ്മാ നാടകം മതിയാക്ക്, നാടകം നടത്തിയും കളിച്ചും ഞങ്ങളെ രണ്ടുപേരേയും വളര്‍ത്തി നല്ലനിലയിലാക്കിയില്ലേ. ഇനി മതി എന്ന്. അവര്‍ ആവശ്യപ്പെടുന്നതിലും കഴമ്പുണ്ട്. പ്രായമേറി വരികയല്ലേ, ആരോഗ്യപരമായ കാരണങ്ങള്‍ കൂടി കണക്കിലെടുത്തുമാകാം. മക്കളല്ലേ. അമ്മയുടെ കാര്യത്തില്‍ അവര്‍ക്ക് അതീവ ശ്രദ്ധയാണ്. പക്ഷേ കലയോടുള്ള സ്‌നേഹം കൊണ്ടും എന്റെ മരണം വരേയും ഉദയന്‍ചേട്ടന്റെ പേര് നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഞാന്‍ ഇന്നും ഇത് നടത്തിക്കൊണ്ടു പോകുന്നത്. മരണം വരെയും അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.


• മക്കള്‍ രണ്ടുപേരും?


മകന്‍ കുടുംബസമേതം വിദേശത്താണ്. മകള്‍ നാട്ടിലുണ്ട്. മകളുടെ ഭര്‍ത്താവും വിദേശത്താണ്. നാടകമില്ലാത്ത സമയത്ത് ഞാന്‍ മകന്റെ അടുത്തേക്ക് പോകാറുണ്ട്.• ഇടയ്ക്ക് ഏറെ സീരിയലുകളില്‍ നല്ലവേഷങ്ങള്‍ ചെയ്ത് കണ്ടിരുന്നു. പിന്നെന്താണ് തുടരാതിരുന്നത്?


അതിന്റെ കാരണവും നാടകം തന്നെ. നാടകത്തെ ബാധിക്കാത്തതരത്തിലാണ് സീരിയലുകള്‍ തിരഞ്ഞെടുത്തിരുന്നത്. അങ്ങനെ വന്നപ്പോള്‍ നാടകത്തിന് മുന്‍തൂക്കം കൊടുക്കേണ്ടിവന്നു.
സീരിയലുകള്‍ പിന്നിലായി.

 


• ചൈതന്യ ശരാശരി വേദികളുമായി തല ഉയര്‍ത്തി നില്‍ക്കുന്നു. അതിന്റെ ഗുട്ടന്‍സ് എന്താണ്?


ഒരു ഗുട്ടന്‍സുമില്ല. നാടകം പ്രേക്ഷകന് വേണ്ടിയാവണം. നാടകസമിതി നടത്തുന്നത് നമുക്ക് വേണ്ടിയാവണം. പക്ഷേ അതിനിടയില്‍ പവിത്രത കാത്തു സൂക്ഷിക്കണം. അതില്ലാതായാല്‍ എല്ലാം പോയി. ഞാന്‍ എന്റെ സമിതിയുടെ നിലനില്‍പിന്റെ കാര്യമാണ് സൂചിപ്പിച്ചത്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. ഏതായാലും നാടകം എന്നെ ചതിച്ചിട്ടില്ല. വളര്‍ത്തിയിട്ടേയുള്ളൂ. നേരത്തേ പറഞ്ഞതുപോലെ ഒരു ബിഗ് സീറോയായിരുന്ന ഞാന്‍ എല്ലാം നേടിയത് നാടകത്തില്‍ നിന്ന് തന്നെയാണ്. നാടകം എനിക്ക് എല്ലാം തന്നു.

 


• അഭിനയിച്ചവയില്‍ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം?


പറയാന്‍ ബുദ്ധിമുട്ടാണ്. എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.


• 'ഹൃദയമാറ്റം' എന്ന വിഷയമാണല്ലോ പുതിയ നാടകം പുത്രി പ്രമേയമാക്കിയത്. യാദൃശ്ചികമായി വന്നതാണോ?


യാദൃശ്ചികതയില്ല. പ്രേക്ഷകന് എന്തെങ്കിലും സന്ദേശമുണ്ടാകണമെന്ന്. നന്‍മ വറ്റിയിട്ടില്ലാത്ത മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത വേറിട്ടൊരു വിഭാഗം പ്രത്യക്ഷത്തില്‍ വരാതെ തീര്‍ച്ചയായും നമുക്കിടയിലുണ്ട്. ശരിക്കും പറഞ്ഞാല്‍ അവരാണ് സമൂഹത്തെ സത്യത്തിന്റെ പാതയില്‍ നിലനിര്‍ത്തുന്നത്. ഈ നാടകത്തില്‍ ഞാന്‍ പകര്‍ത്തിവച്ചതിന്റെ ഒരു ചെറുശതമാനമെങ്കിലും ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. നാടകം കണ്ടിട്ട് ധാരാളം പേര്‍ ഈ വിഷയം തിരഞ്ഞെടുത്തത് നന്നായി എന്നറിയിച്ചു.


• അവസാനമായി ഒരു ചോദ്യം കൂടി. ഈ നീണ്ടകാലയളവില്‍ കുറെ ഏറെ നടീനടന്‍മാരെ സംവിധാനം ചെയ്തിട്ടുണ്ടാവുമല്ലോ. സംവിധാനം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന നടനോ നടിയോ ഉണ്ടോ? അതു
പോലെ സംവിധാനം ചെയ്യാന്‍ എളുപ്പമായിരുന്നവര്‍?


ഈ ചോദ്യത്തിന് മറുപടിയില്ല. സ്‌നേഹപൂര്‍വം ചോദ്യം നിരസിക്കുന്നു.