Tuesday 19 March 2024




ഇന്ന് കാർഗിൽ ദിനം; വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം

By BINDU PP .26 Jul, 2018

imran-azhar

 

 

ഡൽഹി: കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വിജയക്കൊടി താണ്ടി ഇന്നേക്ക് 19-ാം വർഷമായി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഭാഗമായാണ് രാജ്യം കാർഗിൽ ദിനം ആചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, കരസേനാ മേധാവി ബിപിൻ റാവത്ത് തുടങ്ങിയവർ കാർഗിൽ ദിനത്തിൽ ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു.

 

 

 

 

 

 

 


കാർഗിൽ യുദ്ധം

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം, എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.