Saturday 23 February 2019


പരസ്യപ്രചരണം അവസാനിച്ചു; 12ന് കര്‍ണാടക പോളിംഗ് ബൂത്തിലേക്ക്

By Amritha AU.10 May, 2018

imran-azharകര്‍ണാടക: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പരസ്യ പ്രചരണം അവസാനിച്ചു. റോഡ് ഷോകളും റാലികളുമായി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുളള അവസാനവട്ട പ്രചരണവും അവസാനിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും ഏറെ പ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചരണത്തിനുശേം നാളെ കര്‍ണാടക പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

 

ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കര്‍ണാടക വേദിയാകുന്നത്. 224 നിയമസഭാമണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച ജയനഗര്‍ മണ്ഡലത്തിലൊഴികെ 223 മണ്ഡലങ്ങളിലായി 4.96 കോടി വോട്ടര്‍മാരോടാണ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തോടുന്നത്. ബി ജെ പി- കോണ്‍ഗ്രസ് അടക്കമുളള മറ്റ്് പ്രമുഖമായ ചെറുതും വലുതുമായ രാഷ്ടീയ പാര്‍ട്ടികള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

 


കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ എസ് (ജെ.ഡി.എസ്), എന്നിവക്കുപുറമെ കര്‍ണാടക ജനതപക്ഷ (കെ.ജെ.പി) ആറും ബദവാര ശ്രമികാര കോണ്‍ഗ്രസ് പാര്‍ട്ടി (ബി.എസ്.ആര്‍ കോണ്‍ഗ്രസ്) കര്‍ണാടക മക്കള പക്ഷ (കെ.എം.പി), സമാദ് വാദി പാര്‍ട്ടി (എസ്.പി), സര്‍വോദയ കര്‍ണാടക പക്ഷ (എസ്.കെ.പി) എന്നീ ചെറുകക്ഷികളും മത്സരരംഗത്തുണ്ട്.
2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 122 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണയും വിജയം ആവര്‍ത്തിക്കാനുളള പരിശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പരസ്യപ്രചാരണം അവസാനിക്കുന്നതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ 119ഓളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രവചനങ്ങള്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ സര്‍വേകളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. അവസാനം പുറത്ത് വന്ന ലോക്നീതി– സിഎസ്ഡിഎസ്–എബിപി സര്‍വേയില്‍ 92 മുതല്‍ 102 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സൂചിപ്പിക്കുന്നത്. ബിജെപിക്ക് 79 മുതല്‍ 89 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.

 


ഗുജറാത്ത് മാതൃകയിലുള്ള പ്രചാരണമാണ് രാഹുല്‍ കര്‍ണാടകത്തിലും നടത്തിയതെന്നും ശ്രദ്ധേയമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി നേരിട്ട് പ്രചാരണത്തിനിറങ്ങി.

 

കോണ്‍ഗ്രസ് ഭരണത്തെയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിക്കുകയും തരെഞ്ഞടുപ്പില്‍ ഒറ്റ കക്ഷിയായി വിജയിച്ചാല്‍ രാഹുലിന്റെ പ്രധാനമന്ത്രിയാകുമെന്നുളള പ്രസ്താവനയെയും മോദി പരഹസിച്ചു. പരസ്യമായി ഏറ്റുമുട്ടിയ കോണ്‍ഗ്‌സും ബി ജെ പിയും പരസ്പരം വിമര്‍ശിച്ചും പരിഹസിച്ചുമാണ് പരസ്യപ്രചരണങ്ങള്‍ക്ക് അവസാനമായത്.ജനതാദളിനെ സംബന്ധിച്ചെടുത്തോളം ഈ തെരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്. ജനതാദളിന്റെ രാഷ്ട്രീയ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനവോട്ട് ബാങ്കായ വൊക്കാലിംഗായത്തുകാരുടേയും ലിംഗായത്തുകളുടേയും വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പോരാട്ടത്തിലാണ് ജനതാദള്‍. ജനതാദളിനുവേണ്ടി ദേവഗൗഡയും മകന്‍ കുമാരസ്വാമിയുമാണ് പ്രചാരണം നയിച്ചത്. ബിഎസ്പി നേതാവ് മായാവതിയും മജ്ലിസ് പാര്‍ട്ടി നേതാവ് ഒവൈസിയും ജെഡിഎസിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
മുഖ്യമന്ത്രി സിദ്ദരാമയ്യ ഇക്കുറി മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. 2008 മുതല്‍ സിദ്ദരാമയ്യ ജനവിധി തേടിയിരുന്ന വരുണയില്‍ ഇത്തവണ പുത്രന്‍ യതീന്ദ്രയാണ് ജനവിധി തേടുന്നത്. സിദ്ദരാമയ്യയെ കൂടാതെ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ, നിയമ മന്ത്രി റ്റി ബി ജയചന്ദ്രയുടെ മകന്‍, കൂടാതെ മന്ത്രിമാരായ നാലോളം പേരുടെ മക്കള്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. സിദ്ദരാമയ്യയുടെ മന്ത്രി സഭയിലെ വിവാദ മന്ത്രിയായ ഡി കെ ശിവകുമാര്‍ കനകപുരയില്‍ നിന്നും മത്സരിക്കും.


പ്രമുഖപാര്‍ട്ടികളെല്ലാം മത്സരരംഗത്ത് ശക്തമാകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുളള 28ശതമാനം മത്സരാര്‍ത്ഥികളും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടവരാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ബി ജെ പിയാണ.് 224 മത്സരാര്‍ത്ഥികളില്‍ 83 പേര്‍(37%) ബി ജെ പിയില്‍ നിന്നുളളവരാണ്. തൊട്ടുപിറകിലായി കോണ്‍ഗ്രസ് 59പേര്‍ (26%)വും, ജനതാദള്‍ 41 പേരും(20%) വും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതും ബി ജെ പി കോണ്‍ഗ്രസ് നോതാക്കളുടെ വസതികളില്‍ നിന്നും പണം പിടികൂടിയതും ഫലങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും നില്‍ക്കുന്നുണ്ട്.

2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ 224 അംഗ നിയമസഭയില്‍ 122 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. ജനതാദള്‍ എസ് (ജെ.ഡി.എസ്), ബി.ജെ.പി എന്നിവ 40 വീതം സീറ്റുകള്‍ നേടി. കര്‍ണാടക ജനതപക്ഷ (കെ.ജെ.പി) ആറും ബദവാര ശ്രമികാര കോണ്‍ഗ്രസ് പാര്‍ട്ടി (ബി.എസ്.ആര്‍ കോണ്‍ഗ്രസ്) നാലും സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കര്‍ണാടക മക്കള പക്ഷ (കെ.എം.പി), സമാദ് വാദി പാര്‍ട്ടി (എസ്.പി), സര്‍വോദയ കര്‍ണാടക പക്ഷ (എസ്.കെ.പി) എന്നീ ചെറുകക്ഷികള്‍ ഓരോ സീറ്റ് വീതം നേടി. ഒമ്പത് സ്വതന്ത്രരും വിജയിച്ചിരുന്നു.