Sunday 24 March 2019


എന്റെ മകന്‍ നേര്‍ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു, ഞാന്‍ തന്നെയാണ് അവനെ പൊലീസിന് ഏല്‍പ്പിച്ചു കൊടുത്തത്- കത്വ പീഡനക്കേസിലെ പ്രതിയുടെ അമ്മ പറയുന്നു

By Amritha AU.15 Apr, 2018

imran-azhar

 

ഇരുട്ടിനെ പേടിച്ചിരുന്നവന്‍ ആയിരുന്നു അവന്‍. പക്ഷേ അവന്‍ സ്വയം പ്രകാശത്തെ കെടുത്തി. ആസിഫ കൊല്ലപ്പെട്ട വിവരം വാര്‍ത്തകളില്‍ ഇടം പിടിച്ചതും അവളിന്ന് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതും അവളുടെതായി പ്രചരിക്കുന്ന ഒരേയൊരു ഫോട്ടോക്കും അവള്‍ കൊല്ലപ്പെട്ട സമയത്തെ വസ്ത്രത്തിനും ഉണ്ടായിരുന്ന ഒരേ നിറമായിരുന്നു. ആ നിറം മുഖചിത്രമാക്കി പ്രതിഷേധിക്കുമ്പോള്‍ അവളുടെ കൊലപാതകിയായത് ഒരു പതിനഞ്ച് വയസുകാരനാണെന്നത് ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ഡല്‍ഹിയിലെ അഭയയെയും ഇപ്പോള്‍ കത്വയിലെ പെണ്‍കുഞ്ഞിനെയും പൈശാചികമാം വിധം ഉപദ്രവിക്കാന്‍ മുന്നിലുണ്ടായിരുന്നവര്‍ ഈ കുട്ടി കുറ്റവാളികള്‍ തന്നെയായിരുന്നു.

തന്റെ 15ാം വയസില്‍ ഒരു ബാലന് എങ്ങനെ ഇത്രയും വലിയ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നുളള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥര്‍. കത്വ പീഡനകേസിലെ ഈ കുട്ടികുറ്റവാളി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നൂവെന്നുളളതാണ്.കേസിലെ മുഖ്യ പ്രതിയായ അറുപത്തിരണ്ടുകാരന്‍ സാഞ്ചി റാമിന്റെ മരുമകനാണിവന്‍. കുട്ടിക്കാലം മുതല്‍ത്തന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തലവേദനയായിരുന്നു ഇവന്‍. നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയില്‍ മദ്യപിച്ചതിനാണ് ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മകനെ മര്‍ദ്ദിച്ചതെന്ന് ഇവന്റെ അമ്മ പറയുന്നുണ്ട്. എന്റെ മകന്‍ നേര്‍ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാന്‍ തന്നെയാണ് അവനെ പൊലീസിന് ഏല്‍പ്പിച്ചു കൊടുത്തതെന്ന് അമ്മ അവകാശപ്പെടുമ്പോഴും പിഞ്ചുബാലികയെ നിഷ്‌ക്രൂരമായി നശിപ്പിക്കാന്‍ സാധിക്കുമെന്ന് ആ അമ്മ വിശ്വസിക്കുന്നില്ല.

പതിനഞ്ച് വയസ് മാത്രമാണ് പ്രായമെങ്കിലും ഈ ബാലനില്‍ മുസ്ലിംകളോട് അടങ്ങാത്ത പകയായിരുന്നു. ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകളുമായി മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഘട്ടനം ഈ വൈരാഗ്യം വര്‍ധിപ്പിച്ചുണ്ടാകാമെന്നും കണക്കുകൂട്ടുന്നു.
ഈ ചെറുപ്രായത്തില്‍ തന്നെ വിദ്വേഷ്യവും മതസ്പര്‍ദ്ദയും ഉറഞ്ഞു നില്‍ക്കുന്നതുകൊണ്ട് തന്നെയാകും വലിയ ക്രൂരമായ കുറ്റകൃത്യത്തിന് ശേഷവും പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു ഇവന്‍ പ്രകടിപ്പിച്ചത്.

കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പറഞ്ഞത് വിശ്വസിച്ച പെണ്‍കുട്ടി അവരുടെ പിന്നാലെ പോവുകയായിരുന്നു. പക്ഷേ അപകടം മണത്ത കുട്ടി തിരിച്ചോടി. പെണ്‍കുട്ടിയെ ബലമായി പിടിച്ചു നിര്‍ത്തി മാനാര്‍ എന്ന മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിച്ചത് ഈ കുട്ടികുറ്റവാളിയായിരുന്നു. കൂട്ടുകാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സാഞ്ചി റാമിന്റെ മകനും മീററ്റ് സര്‍വകലാശാല വിദ്യാര്‍ഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഇവനായിരുന്നു.

ബകര്‍വാള്‍ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്റെ വളര്‍ത്തുമകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. തന്റെ രണ്ടു മക്കള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് യൂസഫ് 2010 ല്‍ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു. പക്ഷേ അധികം ആയുസ്സില്ലാതെ പോയി ഈ കുഞ്ഞിനും.

ലോകത്തെ നടുക്കിയ ഈ സംഭവത്തില്‍ രാജ്യത്തെങ്ങും പ്രത്ിഷേധം അലയടിക്കുമ്പോഴും ആസിഫക്ക് നീതി ലഭിക്കാനുളള പോരാട്ടങ്ങള്‍ തുടരുമ്പോഴും ഇനിയൊരു മനുഷ്യനും ഇത്തരമൊരു ദുര്‍വിധിയുണ്ടാകാതിരിക്കാനുളള നിയമ നിര്‍മ്മാണമാണ് നടത്തേണ്ടത്. ഇവിടെ ഇരയെന്നത് കുറ്റവാളിയെക്കാള്‍ പ്രായം കുറവായതുകൊണ്ട് തന്നെ യാതൊരുവിധ നിയമ പരിരക്ഷയും ഇവന്‍ അര്‍ഹിക്കുന്നില്ലായെന്നുളളതാണ്   വാസ്തവം.