By dipin manathavadi.22 Feb, 2021
പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ ദളിത് കോണ്‍ഗ്രസ് നേതാക്കളെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന ഭാരവാഹികളെ 7 സീറ്റുകളിലേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യം ഔദ്യോഗികമായി ദളിത് കോണ്‍ഗ്രസ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്ന സാധ്യതാപട്ടികയില്‍ പോലും അര്‍ഹമായ പരിഗണന കിട്ടാത്തതാണ് ദളിത് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
നിശ്ചിത എണ്ണം സ്ത്രീ പ്രാതിനിത്യം എന്ന എ.ഐ.സി.സി നിര്‍ദ്ദേശത്തെ മറികടക്കാന്‍ സംവരണസീറ്റുകള്‍ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ത്തുന്നുണ്ട്. സംവരണസീറ്റുകളില്‍ 50%ത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്ക് മാറ്റിവയ്ക്കുന്ന നേതൃത്വം ജനറല്‍ സീറ്റുകളില്‍ ഇതേ മാനദണ്ഡം പാലിക്കാത്തതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.
സെലിബ്രിറ്റികള്‍ അടക്കമുള്ളവരെ ജനറല്‍ സീറ്റുകളിലേയ്ക്ക് പരിഗണിക്കാതെ സംവരണ സീറ്റുകളില്‍ പരിഗണിക്കുന്നതിലും ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ചേലക്കര മുസ്ലിംലീഗിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെയും ദളിത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. കൊല്ലം ജില്ലയിലെ സംവരണമണ്ഡലമായ കുന്നത്തൂര്‍ കോണ്‍ഗ്രസ് തിരിച്ചുപിടിക്കണമെന്ന ആവശ്യവും ദളിത് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതൃത്വത്തിന് മുന്നില്‍ ഉയര്‍ത്തുന്നുണ്ട്.
കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരായ ദളിത് കോണ്‍ഗ്രസ് നേതാക്കളെ സംഘടനാപാരമ്പര്യവും സീനിയോരിറ്റിയും പരിഗണിക്കാതെ അവഗണിക്കുകയും സംഘടനാ പാരമ്പര്യമോ ദളിത് മേഖലയില്‍ പ്രവര്‍ത്തനപരിചയമോ ഇല്ലാത്തവരെ കെട്ടിയിറക്കുകയും ചെയ്യുന്നു എന്ന ആക്ഷേപം ഇതിനകം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മുന്നില്‍ ഒരുവിഭാഗം ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
ജില്ലയ്ക്ക് വെളിയില്‍ നിന്നുള്ള നേതാക്കളെയും സെലിബ്രിറ്റികളെയും കെട്ടിയിറക്കുന്നതിനെതിരെയുള്ള ദളിത് കോണ്‍ഗ്രസ് പാലക്കാട് ഘടകത്തിന്റെ നിലപാട് നേതൃത്വത്തിന് തലവേദനയാണ്. പ്രധാനമായും കോങ്ങാട് പന്തളം സുധാകരന് വീണ്ടും മത്സരിക്കുന്നതിലുള്ള എതിപ്പാണ് ഇവരുടെ നീക്കത്തിന് പിന്നില്‍.
സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടിയെ പരിഗണിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ കോഴിക്കോട് ജില്ല സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വി.എസ്. അഭിലാഷിന്റെ പേരാണ് ഇവിടെ ദളിത് കോണ്‍ഗ്രസ് വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നത്. സംവരണസീറ്റായ കോങ്ങാട് തുളസി ടീച്ചറെ പരിഗണിക്കുന്നതില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ഡി.സി.സി പ്രസിഡന്റും പാലക്കാട് എം.പിയുമായ വി.കെ.ശ്രീകണ്ഠന്റെ ഭാര്യയാണ് തുളസി ടീച്ചര്‍.
ഇതാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ ഒന്നിലേറെ തവണ മത്സരിച്ച് പരാജയപ്പെട്ട തുളസി ടീച്ചറെ വീണ്ടും പരിഗണിക്കരുതെന്നാണ് മറ്റൊരുവിഭാഗം ആവശ്യപ്പെടുന്നത്. ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകപോലുമല്ലാത്ത കെ.എ.ഷീബയെ തരൂരില്‍ പരിഗണിക്കരുതെന്ന ആവശ്യവും ശക്തമാണ്. ദളിത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റ് സി. പ്രേംനവാസിന്റെ പേരാണ് ദളിത് കോണ്‍ഗ്രസ് തരൂരില്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
2014ല്‍ ആലത്തൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും കെ.എ.ഷീബ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. വൈക്കത്ത് ഡോ.സോനയെയും ആറ്റിങ്ങലില്‍ കെ.എസ്. ഗോപകുമാറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. വൈക്കത്ത് രവി സോമന്റെയും ആറ്റിങ്ങലില്‍ ഷാബു ഗോപിനാഥിന്റെയും പേരാണ് ദളിത് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.