Sunday 18 April 2021
ദുഷിച്ച രാഷ്ട്രീയവും മാറേണ്ട മൂല്യബോധവും

By അഡ്വ.ജോഷി ജേക്കബ്.03 Mar, 2021

imran-azhar
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു കഴിഞ്ഞു. പ്രധാന രാഷ്ട്രീയ ശാക്തിക ചേരികളായ എല്‍.ഡി.എഫ്., യു.ഡി.എഫ്., എന്‍.ഡി.എ. എന്നീ മുന്നണികള്‍ അതിനുള്ള തയ്യറെടുപ്പുകളും തീക്ഷ്ണമായ പ്രചാരണങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ജനങ്ങളുടെ ജീവിതച്ചെലവ് കടിഞ്ഞാണില്ലാതെ കുതിച്ചു പായുകയാണെന്നുള്ളത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യമാണ്.

 

കയറാത്ത ഒരു മേഖലയും ഇനി രാജ്യത്ത് അവശേഷിക്കാത്തതും ചാങ്ങാത്ത കമ്പനികള്‍ മുതല്‍ വാരിക്കൂട്ടുന്നതും കണ്‍മുന്നിലെ കാഴ്ചയാണ്. അത്തരം ഓരോ ഇടപാടുകളും മുന്‍സര്‍ക്കാരുകളുടെ കാലത്ത് എന്നപോലെ ഭരണത്തിലുള്ളവരുടെ സമ്പത്ത് എത്ര ഇരട്ടിയാക്കുമെന്ന് ഈശ്വരനല്ലാതെ മറ്റാര്‍ക്കും അറിയില്ല. എന്നാല്‍ ജനങ്ങളെ സംബന്ധിച്ച് കുതിച്ചുയരുന്ന ജീവിതച്ചെലവിനോട് യാതൊരു തരത്തിലും യോജിക്കാത്ത തരത്തിലാണ് അവരുടെ വരുമാനം.

 

പാചകവാതക വിലയും സകല സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും പ്രത്യാഘാതമുണ്ടാക്കുന്ന പെട്രോള്‍, ഡീസല്‍ വിലയും ഒരു കൊള്ള സംഘത്തിന്റെ പിടിച്ചുപറി പോലെ വര്‍ദ്ധിപ്പിക്കുകയാണ്. അതേ സമയം കഴുത്തില്‍ വീണ കുരുക്കുപോലെ ജനങ്ങള്‍ അത്തരം വായ്പാ കെണികളുടെ ദുരന്തത്തില്‍ ജീവിക്കുകയും അതിവേഗ മരണം വരിക്കുകയും ചെയ്യുന്നു. അവയൊന്നും നമ്മുടെ മാദ്ധ്യമങ്ങളിലോ ചര്‍ച്ചകളിലോ പ്രതിഫലിക്കുന്നില്ല. എന്നാല്‍ വായ്പകളുടെ ലഭ്യത അടിക്കടി ഉയര്‍ത്താന്‍ ഭരണക്കാര്‍ എപ്പോഴും ഉത്സാഹഭരിതരാണ്.

 

ഉദാഹരണമായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഡോ.മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി പി.ചിദംബരം കാര്‍ഷിക വായ്പാതുക ഒരുലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പിന്നാലെ വന്ന നരേന്ദ്രമോദി സര്‍ക്കാരിലെ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അത് പത്തുലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അത് 24ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. ഒരു ഭാഗം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000/- രൂപ വച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയതായി പറയുന്നത് ഒരുലക്ഷത്തിപതിനായിരം കോടി രൂപയാണെന്നാണ്.

 

ഇരുപത്തിനാലുലക്ഷം കോടി രൂപയുടെ കേവലം 25% മാത്രമാണ് അത്. വികസിത രാജ്യങ്ങളില്‍ കര്‍ഷകര്‍ക്കുള്ള വായ്പ മിക്കവാറും പലിശരഹിതമായിരിക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് കര്‍ഷക വായ്പകള്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിച്ച് സര്‍ക്കാരും കോര്‍പ്പറേറ്റുകളും ബാങ്കുദ്യോഗസ്ഥരും തടിച്ചുകൊഴുക്കുന്ന ഏര്‍പ്പാടാണ്. അത്രയേറെ വലിയ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ ജനങ്ങളുടെ വരുമാനം അതിനോട് ഏതെങ്കിലും വിധത്തില്‍ ഒത്തുപോകുമോയെന്ന് ആരാണ് പരിശോധിക്കേണ്ടത്. സര്‍ക്കാരും കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും ഇന്നത്തെ നയങ്ങളുടെ നടത്തിപ്പുകാരായ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് ജനങ്ങളെ അവരുടെ യഥാര്‍ത്ഥ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിപ്പിച്ച് ശബ്ദമില്ലാത്തവരാക്കി മാറ്റുകയാണ്.

 


ആധുനിക വന്‍കിട വ്യവസായ നാഗരികതയില്‍ നഗരങ്ങളിലേക്ക് ജനങ്ങള്‍ ചേക്കേറുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. തലമുറകളായി ചെയ്തുവരുന്ന ഉപജീവനമാര്‍ഗ്ഗങ്ങള്‍ വരുമാനം ഉണ്ടാക്കാത്തതും പഴഞ്ചനെന്ന് തോന്നിപ്പിക്കുന്നതുമാക്കി മാറ്റുന്നു.

 


മാറി മാറി അധികാരം രുചിക്കുന്നവര്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതി വിശേഷത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അത് ഒരു രോഗ ലക്ഷണമാണെങ്കില്‍ അതിന്റെ മുഖ്യകാരണം നമ്മുടെ രാഷ്ട്രീയം ദുഷിച്ചുപോയതാണ്. ചെളിക്കുണ്ടില്‍ മഥിച്ച് മറിയുന്ന ചില ജീവികള്‍ക്ക് ചെളിക്കുണ്ടിന് പുറത്തേക്ക് പോകുന്നത് ഒരു അജണ്ടയല്ല. ദുഷിച്ച രാഷ്ട്രീയം നമ്മുടെ സമൂഹത്തെയാകെ അഴിമതി ഗ്രസ്തമാക്കിയിരിക്കുന്നു. ഗ്രാമപ്പഞ്ചായത്ത് തലം മുതല്‍ സംസ്ഥാനതലവും കടന്ന് അങ്ങ് കേന്ദ്രസര്‍ക്കാര്‍ തലം വരെ അഴിമതി ആരോപണങ്ങളും അതിലെ മുഖ്യഘടകങ്ങളായ രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍, വന്‍കിട വ്യവസായ, വാണിജ്യ ശക്തികള്‍ തുടങ്ങിയവര്‍ സമ്പത്ത് കവര്‍ന്നെടുക്കുന്ന നടപടികളും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതും വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നില്ല.

 


കോടാനുകോടി രൂപയുടെ കള്ളപ്പണം ചെലവഴിക്കുന്ന നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ നേതാക്കാ•ാരില്‍ ചിലര്‍ ആദര്‍ശ വ്യക്തികളാണെന്നുള്ളത് ഒരു വലിയ നുണയാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന അത്തരം നേതാക്കള്‍ രാഷ്ട്രീയ ദുഷിപ്പിന്റെ താങ്ങുകാലുകളാണ്.
ഇന്നത്തെ കോര്‍പ്പറേറ്റ് ശക്തികള്‍ തീവെട്ടിക്കൊള്ളക്കാരെപ്പോലെ ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുമ്പോള്‍ അഴിമതി രഹിതമായ ഒരു ഇടപാടും ഉണ്ടാവില്ല.
വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികള്‍ ഫലത്തില്‍ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാത്തവരായിക്കഴിഞ്ഞു.

 

എല്ലാവരും കോര്‍പ്പറേറ്റുകളുടെ സേവ പിടിച്ചുള്ള കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയുടെ വക്താക്കളാകുമ്പോള്‍ മറ്റെന്താണ് സംഭവിക്കുക. നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ സാമ്പത്തിക നയത്തില്‍ എന്തെങ്കിലും വ്യത്യാസം കണ്ടുപിടിക്കാന്‍ അത്യാന്താധുനികമായ ഏത് ഇലക്‌ട്രോണിക് മൈക്രോസ്‌കോപ്പിനും കഴിയില്ല.

 

നരേന്ദ്രമോദി സര്‍ക്കാര്‍ പ്രകൃതി വിഭവങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ ഒരുക്കുന്ന പകിട്ടേറിയ വന്‍കിട പദ്ധതികള്‍ക്ക് അടിയറ വയ്ക്കുകയാണ്. പിണറായി സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതാന്‍ നിക്ഷേപകരുടെ സമ്മേളനത്തില്‍ വഴിവിട്ട് തുനിഞ്ഞതുമായി അതിന് എന്ത് വ്യത്യാസമാണ് കാണാന്‍ കഴിയുക. അഴിമതിയുടെ ഉത്ഭവം നയങ്ങളില്‍ കാണുവാന്‍ കഴിയാതിരുന്നാല്‍ അഴിമതിക്കെതിരെയുള്ള എല്ലാസംസാരങ്ങളും ഇരുട്ടില്‍ തപ്പുന്നതുപോലെയാകും.

 


യഥാര്‍ത്ഥ കാരണത്തിന് പകരം ഉപരിപ്ലമായ കുറുക്കുവഴികള്‍ പരിഹാരമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിക്കുന്നു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പോലുള്ള ന്യൂനീകരിച്ച ആശയങ്ങളുമായി കടന്നുവരുന്ന പ്രസ്ഥാനങ്ങളെ വിലയിരുത്തുവാനുള്ള ശേഷി ജനങ്ങള്‍ക്കില്ലാതാകുന്ന നിസഹായതയുടെ അന്തീരക്ഷമാണ് അരാഷ്ട്രീയത ഇവിടെ ജനിപ്പിക്കുന്നത്.

 


ഏത് മുന്നണി അധികാരത്തില്‍ വന്നാലും ഭരണത്തിലെ അഴിമതിയും കോര്‍പ്പറേറ്റുകളുടെ വെട്ടിപ്പിടിത്തവും വര്‍ദ്ധിച്ചു വരുന്നതല്ലാതെ കുറയുന്നില്ല.
ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഗുണപരമായ പ്രധാന നേട്ടം പൊതു വിദ്യാലയങ്ങളുടെ സംരക്ഷണവും പരിപാലനവുമാണ്.യു.ഡി.എഫിന് പൊതുവിദ്യാലയങ്ങള്‍ തകര്‍ക്കുന്നതിലായിരുന്നു ശ്രദ്ധ. നമ്മുടെ വികസന പദ്ധതികള്‍ക്ക് വായ്പകള്‍ നല്‍കുന്ന ആ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ അത്തരം വികസന പദ്ധതികളുമായി പോകുന്ന ഒരു സര്‍ക്കാരിനും മുട്ടുമടക്കാതെയിരിക്കാനാവില്ല. മോദി സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം അതനുസരിച്ച് തയ്യാറാക്കിയതാണ്.

 


'എല്ലാ വര്‍ഗ്ഗീയതകളും അപകടകാരികളാണ്. എന്നാല്‍ ഹിന്ദുവര്‍ഗ്ഗീയത കൂടുതല്‍ അപകടകാരിയാണ്. കാരണം അതിന് ഇന്ത്യന്‍ ദേശീയതയുടെ പ്രച്ഛന്നവേഷത്തല്‍ വരാനും എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്താനും കഴിയും.'എന്ന ലോകനായക് ജയപ്രകാശ് നാരയന്റെ നിരീക്ഷണം ഇക്കാലത്ത് ശ്രദ്ധേയമാണ്.
മുസ്ലീം എന്ന സമുദായത്തെ സൂചിപ്പിക്കുന്ന വാക്ക് പാര്‍ട്ടിയുടെ പേരില്‍ ഉണ്ടെന്നൊഴിച്ച് കുഞ്ഞാലിക്കുട്ടിയുടെ മുസ്ലീം ലീഗിന് കേരള കോണ്‍ഗ്രസ് ( മാണി) പാര്‍ട്ടിയുമായി സമുദായ രാഷ്ട്രീയത്തില്‍ എന്ത് വ്യത്യാസമാണുള്ളത്.

 

മുസ്ലീങ്ങളുടെ ഇന്നത്തെ അന്തര്‍ദേശീയ, ദേശീയ യാഥാര്‍ത്ഥ്യങ്ങള്‍ മുസ്ലീങ്ങളില്‍ അപക്വവും ഇടുങ്ങയതുമായ സമീപനം പെട്ടെന്നുണ്ടാകുവാന്‍ സാഹചര്യമുണ്ട്. അത് മുസ്ലീം ലീഗിലും പ്രതിഫലിക്കുന്നുണ്ടാകും. ഹാഗിയ സോഫിയ കത്തീഡ്രല്‍ മുസ്ലീം ആരാധന സ്ഥലമായി തുര്‍ക്കിയിലെ സ്വേച്ഛാധിപത്യ മത ഭരണകൂടം പരിവര്‍ത്തനം ചെയ്തത് യാതൊരു തരത്തിലും ഒരു ജനാപത്യവാദിക്കും ഉള്‍ക്കൊള്ളാനാവില്ല.

 

എന്നാല്‍ മേല്‍ സൂചിപ്പച്ചതുപോലെ ഇടുങ്ങിയ ചിന്താഗതികള്‍ പരിപോഷിപ്പിക്കുന്ന ഇന്നത്തെ ലോകസാഹചര്യം കണക്കിലെടുത്ത് വേണം മുസ്ലീം ലീഗിന്റെ പരിമിതികളെ കാണുവാന്‍. സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും കരുതലോടെ കണ്ട് അതിനുള്ള സാമ്പത്തിക പരിപാടികള്‍ ആണ് വയ്‌ക്കേണ്ടത്. അതിന് പകരം തൊഴില്‍ തേടുന്ന ദശലക്ഷക്കണക്കിന് യുവതീ യുവാക്കളില്‍ തുലോം തുച്ഛമായ ആളുകള്‍ക്ക് മാത്രം അവസരങ്ങള്‍ കിട്ടുന്ന സാമ്പത്തിക സംവരണമാണ് ഇടത് വലത് മുന്നണികളുടെ പരിഹാരം.

 


സാധാരണ ജനങ്ങളില്‍ ഒരു വലിയ പങ്ക് ഈ സമൂഹം നന്നാകണമെന്നും ശാന്തിയും സമാധാനവും ഉള്ള സാധാരണക്കാര്‍ക്ക് ജീവിക്കാവുന്ന അന്തരീക്ഷവും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ്.  ബി.ജെ.പി.ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് തങ്ങളുടെ വിഭാഗീയവും ഫാഷിസ്റ്റുമായ മുഖത്തെ ദേശീയതയുടെ പ്രച്ഛന്നവേഷം അണിയിക്കുന്നതിലാണ്. ഹിന്ദുത്വ അജണ്ഡ അതിനുള്ളില്‍ കടത്തി വിടുക എന്ന തന്ത്രമാണ് അവരുടേത്. അതേ സമയം കോര്‍പ്പറേറ്റ് ശക്തികളുടെ ഏറ്റവും വിശ്വസ്തരായ കൂട്ടാളികളാകാനും അവര്‍ ശ്രദ്ധിക്കുന്നു.

 


ആഗോള മുതലാളിത്ത രൂപകല്പനയ്ക്ക് പുറത്ത് സാധാരണ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ മുന്നോട്ട് വയ്ക്കണമെന്ന് അതിന്റെ യുവ നേതാക്കളില്‍ ഒരാള്‍ പോലും പറയുന്നില്ല. ജനാധിപത്യം മാത്രമായ ഒരു രാഷ്ട്രീയം യാഥാസ്ഥിതകമാണെങ്കിലും അത്രയെങ്കിലും സംഭവാന ചെയ്യാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും കഴിയുമോ എന്ന വെല്ലുവിളിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഉണ്ടാകുന്നത്. കാരണം തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ നിന്നാണല്ലോ വരുന്നത്.

 


പുതിയ ചിന്തയും പുതിയ പാതയും നാം കണ്ടെത്താതെ ആത്യന്തികമായി നമുക്ക് ഒരു മോചനം ഇല്ല. അതിനുള്ള അന്വേഷണങ്ങളാണ് ഈ തിരഞ്ഞെടുപ്പ് വേളയിലും നമ്മള്‍ നടത്തേണ്ടത്.