By അലി കട്ടയാട്ട്.04 Mar, 2021
വർത്തമാന ഇന്ത്യയിൽ കോൺഗ്രസ്, സിപിഎം, മുസ്ലീം ലീഗ്, സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾക്ക് ജനകീയ അടിത്തറയിലും സംഘടനാ സംവിധാനത്തിലും ഏറ്റവും വലിയ യൂണിറ്റ് കേരളം ആണ്. ബിജെപി യുടെ സംഘടന സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നത് കേരളത്തിൽ മാത്രമാണ്.
ആവനാഴിയിലെ അവസാന അസ്ത്രം പ്രയോഗിച്ചിട്ടും ബിജെപിക്ക് ഭരണത്തിൽ എത്താൻ കഴിയാത്ത സംസ്ഥാനവുമാണ് കേരളം. മേൽപ്പറഞ്ഞ എല്ലാ ദേശീയ പാർട്ടികൾക്കും വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് നിലനിൽപ്പിനുള്ള പോരാട്ടമാണ്.
രാജ്യം ഭരിക്കുന്ന ബിജെപിക്ക് ബംഗാളിലും ത്രിപുരയിലും മുഖ്യ പാർട്ടി ആകാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളത്തിൽ മുഖ്യ പാർട്ടി ആകാനുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റിലെങ്കിലും ജയിച്ചാലേ അവരുടെ കേരളത്തിലെ ഭാവി ശോഭനമാകുകയുള്ളു.
ഇന്ത്യയൊട്ടാകെ കോൺഗ്രസിന് 53ലോകസഭാ എംപി മാരാണുള്ളത്. അതിൽ 15 പേരും കേരളത്തിൽ നിന്നാണ്. കോൺഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പും സംഘടനാ പ്രവർത്തനവും പ്രക്ഷോഭങ്ങളും ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ മുറതെറ്റാതെ നടക്കുന്നത് കേരളത്തിൽ മാത്രമാണ്.
415 സീറ്റുവരെ വാങ്ങി അധികാരത്തിൽ വന്നിരുന്ന കോൺഗ്രസിന് ഒട്ടുമിക്ക സംസ്ഥാനത്തും ഭരണം നഷ്ടപ്പെട്ടു. ആന്ധ്രപ്രദേശിൽ കോൺഗ്രസ് എടുക്കാത്ത നാണയമായി. വൈ. എസ് രാജശേഖര റെഡ്ഡിയുടെ പ്രതാപം ആയിരുന്നു അവിടെ കോൺഗ്രസിനെ നില നിർത്തിയത്. റെഡ്ഡിയുടെ മരണത്തോടുകൂടി ആന്ധ്രയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണ് ഇപ്പോൾ അവിടെ ഭരിക്കുന്നത്,.
1977 വരെ പശ്ചിമബംഗാളിൽ അധികാരത്തിലിരുന്നത് കോൺഗ്രസാണ്. ജ്യോതിബസു എന്ന ജനകീയ മുഖം വന്നത്തോടെ പിന്നീടൊരിക്കലും കോൺഗ്രസിന് അവിടെ ഭരണത്തിലെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയുടെ ഭരണമാണ് അവിടെയുള്ളത്. ഒരുകാലത്ത് തമിഴ്നാട്ടിലും കോൺഗ്രസിന്റെ തുടർഭരണമായിരുന്നു . ദ്രാവിഡ പാർട്ടികളുടെ വരവോടുകൂടി കോൺഗ്രസ് അവിടെയും ഇല്ലാതായി.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 ലോക്സഭാ സീറ്റും നാനൂറിലധികം നിയമസഭാ സീറ്റും യുപിയിൽ ഉണ്ട്.അവിടെ ഒരു ലോക്സഭാ സീറ്റ് മാത്രമാണ് കോൺഗ്രസിന് ആകെയുള്ളത്. റായി ബാറെലിയിൽ നിന്ന് ജയിച്ച സോണിയ ഗാന്ധി. ബീഹാർ തിരഞ്ഞെടുപ്പിൽ മഹാ സഖ്യത്തി ന്റെ ഭാഗമായി 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ആകെ ലഭിച്ചത് പത്തൊമ്പത് സീറ്റ് മാത്രമാണ്.
മദ്ധ്യപ്രദേശിൽ 30 സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ചത് ഏഴ് സീറ്റാണ് രാജസ്ഥാൻ, ചത്തീസ്ഗഡ് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് പ്രതിപക്ഷത്ത് ആണെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുമെന്നുള്ള കണക്കുകൂട്ടലിലാണ്.
ഇന്ത്യയിൽ സിപിഎമ്മിന് അടിത്തറയുള്ള കേന്ദ്രം കേരളം മാത്രമാണ്. പശ്ചിമബംഗാളിൽ 20 സീറ്റ് എങ്കിലും കിട്ടിയാൽ നന്നായിരുന്നു എന്ന ചിന്തയാണ് പാർട്ടിക്ക് ഉള്ളത്. എന്നാൽ കേരളത്തിൽ ഭരണത്തിൽ എത്താൻ സാദ്ധ്യതയുണ്ട് എന്ന് പാർട്ടി കണക്കുകൂട്ടുന്നു.