Sunday 18 April 2021
കിഫ്ബി: എന്താണ് യാഥാർഥ്യം?

By Web Desk.04 Mar, 2021

imran-azhar

 

കിഫ്ബിയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി അടക്കമുള്ളവർ പങ്കാളികളായ വലിയ രാഷ്ട്രീയ ഗൂഢാലോചന മറ നീക്കി പുറത്തു വരികയാണ്. കേരള വികസനത്തെ തകർക്കാനുള്ള ഏതു ശ്രമത്തെയും ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനസർക്കാരും ധനകാര്യവകുപ്പും.

 

കിഫ്ബി തുടങ്ങിവച്ച അന്യാദൃശ്യമായ വികസനപ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുന്ന യുഡിഎഫിന്റെ നിലപാടിനെ ലൈഫ് മിഷന്റെ കാര്യത്തിലെന്നപോലെ ജനങ്ങൾ തിരുത്തിക്കും.
കൃത്യമായ ലക്ഷ്യങ്ങളോടെയാണ് രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ബിജെപി നേതാവ് ഹരിസിംഗ് ഗോദരയുടെ മകൻ മനീഷ് ഗോദരയെ കൊച്ചിയിലെ ഇഡി യൂണിറ്റിന്റെ ചുമതലയേൽപ്പിച്ചത്.

 

ബിജെപിയ്ക്ക് വേണ്ടി ഒട്ടേറെ ഇഡി റെയിഡുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആളാണ് 2009 ബാച്ച് ഐആർഎസുകാരനായ മനീഷ്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള കളികൾക്ക് ഈ ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയിട്ടുണ്ട് എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മനസിലാക്കണം.

 


കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ കിഫ്ബിയുടെ ഉദ്യോഗസ്ഥരോട് ഫെബ്രുവരി ആദ്യവാരമാണ് ആവശ്യപ്പെട്ടത്. കിഫ്ബി ജനറൽ ബോഡി കഴിഞ്ഞ് 17-ാം തീയതിയാണ് ഹാജരായത്. തുടർന്ന് 25-ാം തീയതിയും. വരുന്ന എട്ടാം തീയതി വീണ്ടും ഹാജരാകണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

 


പക്ഷേ, അതിനിടയിലാണ് കേന്ദ്രമന്ത്രി നിർമ്മലാസീതാരാമൻ കേരളം സന്ദർശിച്ചത്. അതിനെത്തുടർന്നാണ് ഇതുവരെ ഹാജരായിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരെ മാറ്റി സിഇഒ കെ എം എബ്രഹാമിനോടും ഡെപ്യൂട്ടി മാനേജർ വിക്രംജിത്ത് സിംഗിനോടും ഇഡിയുടെ മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. തന്റെ വകുപ്പിനു കീഴിലുള്ള ഇഡിയെ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്.

 


ഇതുവരെ രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയിട്ടും ഒന്നും കിട്ടിയിട്ടില്ല. ബാലിശമായ ചോദ്യങ്ങളാണ് ചോദിച്ചത്. രേഖകളും വസ്തുതകളും വച്ചുള്ള വിശദീകരണം അവർക്കു വേണ്ട. അവർക്കാവശ്യമുള്ള ഉത്തരങ്ങൾക്കുവേണ്ടിയുള്ള സമ്മർദ്ദമാണ് ചെലുത്തുന്നത്.

 

ഭീഷണിപ്പെടുത്തിയും മാനസിക പീഡനത്തിന് വിധേയമാക്കിയും ആ ഉത്തരങ്ങൾ സംഘടിപ്പിക്കാനാണ് ശ്രമം. അതിനൊന്നും ആരും വഴങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. വസ്തുത അറിയാനുള്ള ശ്രമമാണ് ഇഡി നടത്തുന്നതെങ്കിൽ, അതിനോടു സഹകരിക്കും. പകരം ഭീഷണിയാണെങ്കിൽ ഇവിടെയും നിയമപാലനത്തിന് പോലീസുണ്ട് എന്നത് മറക്കണ്ട.
കിഫ്ബി എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ്.

 

ഇതിനെ സംശയത്തിന്റെ നിഴലിൽ നിർത്താനും തകർക്കാനും ഉള്ള കൂട്ട് മുന്നണി പ്രവർത്തനം തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ആർ എസ് എസുകാരന്റെ ഹർജിക്ക് കെപിസിസി നേതാവ് വക്കാലത്ത് എടുത്തതും അതിൽ തെളിവ് നൽകാൻ സകല ചട്ടങ്ങളും ലംഘിച്ചു എജി റിപ്പോർട്ട് ചമച്ചതും എല്ലാം ഈ നാട് കണ്ടതാണ്.

 

അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇഡി നീക്കം. ഇതിന് നിയമ നടപടികളിലൂടെയും രാഷ്ട്രീയമായും മറുപടി നൽകും. കിഫ്ബിയെ തകർത്തുകളയാമെന്ന വ്യാമോഹവുമായി ആരും കേരളത്തിൽ ചുറ്റിക്കറങ്ങേണ്ടതില്ല.

 


കിഫ്ബി ഒരു തരത്തിലുള്ള ഫെമാ ലംഘനവും നടത്തിയിട്ടില്ല. 2150 കോടി രൂപയ്ക്കുള്ള മസാലബോണ്ടുകൾ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂൺ 1 ന് റിസർവ്വ് ബാങ്ക് അനുമതി നൽകിയത്. മസാലബോണ്ട് എക്‌സ്റ്റേണൽ കൊമേഴ്‌സ്യൽ ബോറോയിംഗ് ഗണത്തിൽപ്പെടുന്ന വായ്പയാണ്. ഫെമ നിയമമാണ്. ഇത്തരം വിദേശ വായ്പകൾ സംബന്ധിച്ച ലീഗൽ ഫ്രെയിം വർക്ക്. ഫെമ നിയമത്തിലെ (6(3)(റ)) പ്രകാരം ഇത്തരം വായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ്വ് ബാങ്കിൽ നിക്ഷിപ്തമാണ്.

 

കേരളം ഭരിക്കുന്നത്ഇടതുപക്ഷം

 

ഇത്തരത്തിൽ നിയതമായ വ്യവസ്ഥകളുടെയും അനുമതികളുടെയും അടിസ്ഥാനത്തിൽ തീർത്തും നിയമവിധേയമായി പുറപ്പെടുവിച്ച മസാലബോണ്ട് സംബന്ധിച്ച് നേരത്തെയുള്ള എജി പരാമർശവും ഹൈക്കോടതി ഹർജിയും ഇപ്പോഴത്തെ ഇഡി നീക്കവും തിരക്കഥയ്ക്ക് ഒപ്പിച്ച നടപടികളാണ്.

 


ഒരാളുടെയും കള്ളപ്പണം വെളുപ്പിക്കാൻ കിഫ്ബിയെ ഉപയോഗിക്കാൻ ആവില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നത് എന്ന പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ഇഡി.

 


കിഫ്ബി വായ്പ്പ ഭരണ ഘടനയുടെ 293ന്റെ ലംഘനം ആണ് എന്നും അതാണ് കേസിന് അടിസ്ഥാനം എന്നും വാർത്തകൾ കാണുന്നുണ്ട്. ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ പോലും ഇഡിയ്ക്ക് എന്താണ് കാര്യം എന്നത് മനസ്സിലാകുന്നില്ല. ഇതിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ആർട്ടിക്കിൾ 293 സംസ്ഥാനങ്ങളുടെ വായ്പാ അധികാരത്തെയും പരിധിയെയും സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്.

 


ഇത്തരത്തിൽ അടിസ്ഥാന രഹിതമായി ആരോപണങ്ങൾ ഉയർത്തി കിഫ്ബിയെ തകർക്കാം, അതിനായി ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താം എന്നെല്ലാമുള്ള കുത്സിത നീക്കങ്ങളെ രാഷ്ട്രീയ കേരളം പ്രതിരോധിക്കും.

 


എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്? സ്‌കൂളുകളും ആശുപത്രികളും ലോകോത്തരമാക്കിയതോ? റോഡും പാലവും പണിതതോ? ജനങ്ങൾക്ക് ഏറ്റവും നവീനമായ പശ്ചാത്തലമൊരുക്കുന്നത് ഒരു തെറ്റാണോ? കേരളത്തിലെ ആശുപത്രിയും സ്‌കൂളും ഉത്തർപ്രദേശിലെ നിലവാരത്തിൽ മതിയെന്നാണോ ബിജെപി നേതൃത്വത്തിന്റെ മനസിലിരുപ്പ്? കേരള ജനങ്ങൾക്കു വേണ്ടി ഈ ഉത്തരവാദിത്വമേറ്റെടുത്തതിന് ഞങ്ങളെ തൂക്കിക്കൊല്ലുമോ?
നാടിനുവേണ്ടിയാണ് ഈ വികസന പ്രവർത്തനങ്ങൾ.

 

കിഫ്ബി ഉപയോഗിച്ച് പണി കഴിപ്പിച്ചതെല്ലാം നാടിന്റെ സമ്പത്താണ്. അത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ്. തങ്ങൾ ഭരിക്കുന്ന നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ പള്ളിക്കൂടങ്ങളും ഓക്‌സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്ന ആശുപത്രികളും നന്നാക്കാനാണ് ബിജെപിക്കാർ ശ്രമിക്കേണ്ടത്.  

 

അതിനു പകരം വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ മനോവീര്യം തകർക്കാൻ ഇത്തരം അന്വേഷണ ഏജൻസികളെ തുടലഴിച്ചു വിടുന്നവരുടെ ഭീഷണിയ്‌ക്കൊന്നും ഒരിഞ്ച് വഴങ്ങാൻ പോകുന്നില്ല. കോൺഗ്രസല്ല, ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്.