Monday 25 October 2021
പ്രണയം കൊല്ലുമോ?

By Subha Lekshmi B R.11 Feb, 2017

imran-azhar

പ്രണയം നിരസിച്ചതിനു യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു. സ്വയം കൊല്ലുക കൂടി ചെയ്തു എന്നത് അയാളുടെ പ്രണയത്തിന്‍റെ തീവ്രതയായി ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. ഏതു കാര്യത്തിലുമുണ്ടല്ലോ രണ്ടു പക്ഷം എന്നതു പോലെ ഇവിടെ ആ കാമുകനൊപ്പം നില്‍ക്കാനുമുണ്ട് ഒരു പക്ഷം. പക്ഷേ, അല്പം മനസ്സിരുത്തി ചിന്തിക്കൂ...പ്രണയം ആരെയെങ്കിലും കൊല്ലുമോ? മനുഷ്യന്‍റെ ഏറ്റവും മൃദുലമായ വികാരമാണ് പ്രണയം. കത്തുന്ന വേനലില്‍ പോലും യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നവര്‍ക്കിടയില്‍ പ്രണയം തണുപ്പ് നിറയ്ക്കും. ബാഹ്യമായ ഒരു സമ്മര്‍ദ്ദവും അവരിലെ പ്രണയത്തെ ബാധിക്കയില്ല. ഇതിഹാസങ്ങളിലും മഹാകാവ്യങ്ങളിലും പ്രണയത്തിന് ഒരു ഭാവമേയുളളു. സ്വയം കൊല്ലുവാനോ അത്രയും നാള്‍ പ്രണയം പകുത്തു നല്‍കിയ ആളെ (അത് സ്ത്രീയോ പുരുഷനോ ആകട്ടെ) കൊല്ലുവാനോ പ്രേരിപ്പിക്കുന്നത് പ്രണയമല്ല. അത് ഒരു തരം കൈവശാധികാരമാണ്. തന്‍റേതെന്ന് കരുതിയിരുന്ന ഒന്ന് മറ്റൊരാള്‍ക്ക് സ്വന്തമായാലോ? എന്നോടൊപ്പം ചേര്‍ന്നാല്‍ ഉണ്ടാകുന്നതിനേക്കാള്‍ മികച്ച ജീവിതം മറ്റൊരാള്‍ക്കൊപ്പമുണ്ടായാലോ എന്ന ചിന്ത, അതില്‍ നിന്നുയിര്‍ക്കൊളളുന്ന അസൂയ, പക, എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന ദുര്‍വാശി ഇവയൊക്കെയാണ് മേല്‍പ്പറഞ്ഞ തരം ക്രൂരമായ കൊലപാതകങ്ങള്‍ക്കും ആത്മഹത്യയ്ക്കും നിദാനം.

 

ഇവിടെ പ്രണയിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിക്കു മേല്‍ പെട്രോള്‍ ചൊരിച്ച്, അപകടം മണത്ത് പ്രാണഭയത്താല്‍ ഓടിയ അവളെ ഓടിച്ചിട്ട് പിടിച്ച് തീ കൊളുത്തിക്കൊന്നപ്പോള്‍ ആ തീയില്‍ സ്വയം വെന്തുനീറിയപ്പോള്‍ ആ യുവാവിന് എന്തുകിട്ടി? അവളുടെ മുഖത്തെ പ്രാണഭയം കണ്ടിട്ടുപോലും അലിയാത്ത മനസ്സിലുണ്ടായിരുന്നത് പ്രണയമാണെന്ന് പറയുന്നത് എത്ര അര്‍ത്ഥശൂന്യമാണ്....നമ്മള്‍ മനസ്സുതുറന്ന് സ്നേഹിക്കുന്നൊരാള്‍ക്ക് വേദനിച്ചാല്‍ കണ്ടുനില്‍ക്കാനാവില്ല. അതുപോലെ സ്വന്തം ശരീരത്തെ ക്രൂരമായ വേദനയ്ക്ക് വിട്ടുകൊടുക്കുന്നവികാരത്തെയും പ്രണയമെന്ന് പറയാനാവില്ല. അത് ഒരു നിമിഷത്തെ വികാരത്തളളലാണ്....വിവേകമില്ലായ്മയും.

 

അവരെന്തു പിഴച്ചു?
ഇനി കൊല്ലപ്പെട്ട ലക്ഷ്മിയുടെയും ആത്മഹത്യ ചെയ്ത ആദര്‍ശിന്‍റെയും മാതാപിതാക്കളുടെ കാര്യമെടുക്കാം. അവരെന്തു തെറ്റാണ് ചെയ്തത്. ഒരു കുഞ്ഞിനായി ആഗ്രഹിച്ച് അതിന്‍റെ ജനനം മുതല്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ച് വളര്‍ത്തി. ഒരു പ്രായം...വിവേകത്തെക്കാള്‍ വികാരം ഭരിക്കുന്ന പ്രായമെത്തുന്പോള്‍ മകള്‍ക്കുണ്ടായ അല്ലെങ്കില്‍ മകനുണ്ടായ ഒരു ബന്ധം. അത് തെറ്റെന്ന് തോന്നിയാല്‍ തിരുത്താനുളള അധികാരം അവര്‍ക്കുണ്ട്....അത് നല്ല മാതാപിതാക്കളുടെ കടമയുമാണ്. മകളുടെ ഭാവിയെ കരുതി ഇവിടെ ലക്ഷ്മിയുടെ മാതാപിതാക്കള്‍ തിരുത്തിക്കാണും. അവള്‍ജന്മം നല്‍കിയവരുടെ വാക്കുകള്‍ അനുസരിച്ചു. അതു തെറ്റല്ല. പ്രണയവിവാഹങ്ങള്‍ അല്പായുസ്സുകളായി മാറുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പ്രണയത്തിന്‍റെ പേരില്‍ ചതിക്കുഴികള്‍ തീര്‍ക്കപ്പെടുന്ന കാലം...അതില്‍പ്പെട്ട് ജീവിതം നരകിച്ച് പോയവരുടെ കഥകള്‍ നിത്യവും വാര്‍ത്തയാകുന്ന കാലം. അപ്പോള്‍, ഒരു ദുര്‍ബലനിമിഷത്തില്‍ പ്രണയത്തില്‍ പെട്ടുപോയ പുരുഷനോ സ്ത്രീയോ വേണ്ടപ്പെട്ടവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുന്നതോ, പ്രായോഗികമായി ചിന്തിക്കുന്നതോ തെറ്റെന്നു പറയാനാവില്ല. അതുകൊണ്ടു മാത്രം അവളെ അല്ലെങ്കില്‍ അവനെ അവസാനിപ്പിച്ചുകളയാം എന്നു കരുതിന്നിടത്ത് വിവേകമേയില്ല. വിവേകത്തോടെ ചിന്തിച്ചാല്‍ ആദ്യം തെളിയുക സ്വന്തം മാതാപിതാക്കളുടെ മുഖമായിരിക്കും... അവരെ കുറിച്ച് ഓര്‍ക്കുന്നിടത്ത് കൊല്ലാനുളള ത്വര അവസാനിക്കും.

 

അന്പിളിയുടെ കഥ
ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന അന്പിളി എന്ന കോളജ് വിദ്യാര്‍ത്ഥിനി വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അവള്‍ ആരെയും പ്രണിച്ച് വഞ്ചിച്ചില്ല.അവള്‍ക്ക് പ്രണയിക്കാന്‍ സമയമില്ലായിരുന്നു. ദുരന്തങ്ങള്‍ വേട്ടയാടിയ ഒരു കുടുംബത്തില്‍ അച്ഛനും അമ്മയ്ക്കും അനുജത്തിക്കും പ്രതീക്ഷയേകി കൊണ്ട് പഠിച്ചുകയറുന്നതിനിടെയാണ്
തന്‍റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു എന്ന കേവലകാരണത്താല്‍ അയല്‍വാസിയായ അമല്‍ അവളെ തുരുതുരെ വെട്ടിയത്. തലയ്ക്കും കഴുത്തിനും കൈക്കും വെട്ടേറ്റ അന്പിളിയുടെ ചികിത്സയ്ക്ക്എങ്ങനെ പണംകണ്ടെത്തുമെന്നോര്‍ത്ത് തീ തിന്നുകയാണ് അവളുടെ കുടുംബം.

 

ലക്ഷ്മിയുടെ കാര്യത്തില്‍ അവള്‍ പ്രണയിച്ചിട്ട് പിന്മാറിയതുകൊണ്ടല്ലേ എന്ന് ന്യായീകരിച്ചവര്‍ അന്പിളിയുടെ കാര്യത്തിലെന്താണ് പറയുക. അവള്‍ പ്രണയിക്കാഞ്ഞിട്ടല്ലേ എന്നോ?യുവാവിന്‍െറ ശല്യം സഹിക്കാതെ ബന്ധുവീട്ടില്‍ നിന്നാണ് ഈ പാവപ്പെട്ട പെണ്‍കുട്ടി പഠനംതുടര്‍ന്നത് എന്ന് എത്ര പേര്‍ക്കറിയാം.

 

അന്പിളിയും ലക്ഷ്മിയും സംസ്കാരസന്പന്നമായ കേരളത്തില്‍ വാര്‍ത്തയായ ഒടുവിലത്തെ ഇരകളാണ്. നേരത്തേ എത്രയെത്ര ജീവനുകള്‍ പ്രണയമെന്ന് അവകാശപ്പെടുന്ന ചപലമായവാശിയില്‍ തട്ടി പൊലിഞ്ഞു...വിവാഹത്തിന് ഏതാനും നാള്‍ മുന്പ് കാമുകനെന്ന് അവകാശപ്പെടുന്നവന്‍റെ വെട്ടേറ്റ് വീണ ദീപ, അങ്കിള്‍ എന്നു വിളിച്ച് കൈയില്‍ തൂങ്ങിനടന്നയാള്‍ക്ക്
തന്നോട് മറ്റേതോ വികാരമായിരുന്നുവെന്നറിയാതെ പരീക്ഷാദിനത്തില്‍ കൈയറ്റുവീണ തിരുവനന്തപുരംകാരി പെണ്‍കുട്ടി, പ്രണയംനിരസിച്ചതിന് കാമുകന്‍റെ കുത്തേല്‍ക്കുകയും കാവലായെത്തിയസ്വന്തം പിതാവ് പിടഞ്ഞുതീരുന്നത് കാണേണ്ടിവരികയും ചെയ്ത ആലപ്പുഴക്കാരി, അതേ കാരണത്താല്‍ തന്നെ വാഹനത്തിന്‍റെ ചക്രത്തിനിടയില്‍ പെട്ട് ജീവനോട് മല്ലിട്ട പെണ്‍കിടാവ്( പക മൂത്ത യുവാവ്പെണ്‍കുട്ടിയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചു. തടയാനെത്തിയ പരിസരവാസികളായ സ്ത്രീകളെയും ഇയാല്‍ കാര്‍ കയറ്റിക്കൊല്ലാന്‍ ശ്രമിച്ചു), പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണത്തില്‍ മുഖംനഷ്ടപ്പെട്ടവര്‍ അങ്ങനെയങ്ങനെ ഈ പ്രതികാരകഥകള്‍ അവസാനിക്കുന്നില്ല....അവസാനിക്കുകയുമില്ല...എതിരാളികള്‍ പ്രണയമെന്തെന്ന് തിരിച്ചറിയും വരെ.

 

പ്രണയം കാത്തിരിപ്പിന്‍റേതാണ്
അടുത്തിരിക്കുന്നതിനേക്കാള്‍ അകന്നിരിക്കുന്പോള്‍ തമ്മില്‍ സ്നേഹിപ്പിക്കുന്നതാണ് പ്രണയം. കഥയായും, കവിതയായും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെയും നാം പലപ്പോഴും ഇങ്ങനെ കേട്ടിട്ടുണ്ട്. വിരഹം പോലും മധുരം എന്നതാണ് ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ പ്രത്യേകത. അത് കാല്പനികതയായിക്കോട്ടെ. എന്നാലും, പറയട്ടെ പ്രണയം മനസ്സുകള്‍ തമ്മിലാണ്...രാഗം ആരെയും വൈരിയാക്കില്ല...മറിച്ച് വൈരാഗിയാക്കുകയേ ഉളളൂ...പ്രേമഭിക്ഷുവോ ഭിക്ഷുകിയോ ഉണ്ടാവാം...ഘാതകരുണ്ടാവില്ല. പ്രണയത്തോട് ചേര്‍ത്തുനിര്‍ത്തേണ്ട വികാരം ക്ഷമയാണ്, ക്ഷോഭമല്ല. പ്രണയം കാത്തിരിപ്പിന്‍റേതാണ് ........പ്രതികാരത്തിന്‍റേതല്ല.