Friday 24 September 2021




വരൾച്ച: ജീവൻ നിലനിർത്താൻ കഴിക്കുന്നത് വെട്ടുക്കിളികളെയും പ്രാണികളെയും

By Preethi Pippi.26 Aug, 2021

imran-azhar

 

 


പട്ടിണിക്ക് കാരണം വരൾച്ചയാണോ? കാലാവസ്ഥ മാറുന്നതിനനുസരിച്ചു നമ്മുടെ ജീവിത ശൈലികളും മാറാറുണ്ടല്ലേ. കാലാവസ്ഥയുടെ മാറ്റമാണോ അതോ നമ്മൾ മനുഷ്യരാണോ ഈ വരൾച്ചയ്ക്ക് കാരണം എന്ന അറിയില്ല. എന്നാൽ പണ്ട് ഗ്രാമങ്ങളിൽ മാത്രം നേരിട്ടിരുന്ന പ്രശ്നമായ വരൾച്ച ഇന്ന് നഗരജീവിതത്തിലും ബാധിക്കുന്നുണ്ട്.

 


വരൾച്ച കാരണം മോശമാകുന്ന ഒരു സ്ഥലത്തെ കുറിച്ചു അറിഞ്ഞാലോ? ലോകത്ത് തന്നെ ആദ്യമായി കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ക്ഷാമം അനുഭവിക്കേണ്ടി വരുന്നത് മഡഗാസ്കറിനാണ്.

 

ക്ഷാമത്തിന്റെ വക്കിലാണ് മഡഗാസ്കറെന്ന് ഐക്യരാഷ്ട്രസഭയാണ് പറയുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ അഭിപ്രായത്തിൽ, പതിനായിരക്കണക്കിന് ആളുകൾ ഇതിനകം തന്നെ മഴയില്ലാത്തതിനെ തുടര്‍ന്ന് പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും അനുഭവിക്കുന്നുണ്ട്.

 


നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ് വരൾച്ച അവിടെ. രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഒറ്റപ്പെട്ട കർഷക സമൂഹങ്ങളെ ഈ വരൾച്ച തകർത്തു കളഞ്ഞിരിക്കുന്നു. അവിടത്തെ ജനങ്ങള്‍ പ്രാണികളെയും മറ്റും കഴിച്ചാണ് ഇപ്പോൾ വിശപ്പടക്കുന്നത്.

 


ക്ഷാമം നേരിടുന്നു എന്നതിന് ഇതിനും വലിയ ഒരു തെളിവ് വേണ്ടല്ലോ. ഇതിനുകാരണം കലാപം ഉണ്ടായിട്ടല്ല മറിച്ച് കാലാവസ്ഥാ മാറ്റമാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമില്‍ നിന്നുള്ള ഷെല്ലി തക്രാല്‍ പറയുന്നത്.

 

 

കൊയ്ത്തിന് മുമ്പ് തന്നെ മഡഗാസ്കർ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകാറ്. ആ സമയത്ത് ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുടെ എണ്ണം പിന്നെയും കൂടിയേക്കാം. കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് പങ്കില്ല. അവര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നില്ല. എന്നിട്ടും ഈ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ രൂക്ഷപരിണിത ഫലങ്ങള്‍ അവര്‍ അനുഭവിക്കുന്നു .

 

 


പ്രാണികളെ കഴിയുന്നത്ര വൃത്തിയാക്കും, പക്ഷേ, മിക്കവാറും ഇവിടെ വെള്ളമുണ്ടാവില്ല, കഴിഞ്ഞ എട്ട് മാസങ്ങളായി ഞാനും എന്‍റെ മക്കളും ഇതാണ് ഭക്ഷിക്കുന്നത്. കഴിക്കാനിവിടെ മറ്റൊന്നുമില്ല. മഴയില്ലാത്തതിനാല്‍ കൃഷി ചെയ്യാനും കഴിയുന്നില്ല , കള്ളിച്ചെടിയുടെ ഇലകളല്ലാതെ ഇവിടെ വേറൊന്നും കഴിക്കാനില്ല തന്റെ ഭർത്താവ് അടുത്തിടെ പട്ടിണി കിടന്നാണ് മരിച്ചത് എന്നും നാല് കുട്ടികളുടെ അമ്മയായ തമരിയ പറഞ്ഞു.

 

 

ഇത് അവിടത്തെ ഒരു സംഭവം മാത്രമാണ്. ഇതേ പോലെ അനേകം ദുരന്തങ്ങളാണ് വരൾച്ചകാരണം മഡഗാസ്കറിൽ ഉണ്ടാകുന്നത്. മഡഗാസ്കറിനെ രക്ഷിക്കാൻ ഇനിയും വഴികൾ കണ്ടെത്തിയില്ലെങ്കിൽ ഇനിയും പട്ടിണി മരണങ്ങൾ കൂടും. ഇത് മാറ്റ് നഗരങ്ങൾക്കും ഒരു പാഠമാണ്.