Friday 27 May 2022




മധുരയും മീനാക്ഷി അമ്മന്‍ ക്ഷേത്രവും ചില ചരിത്രങ്ങളും

By Priya.10 May, 2022

imran-azhar

ഭൂമിയിലെ ഏറ്റവും പുരാതനവും സ്ഥിരമായി ജനവാസമുണ്ടായിരുന്നതുമായ നഗരങ്ങളിലൊന്നാണ് വൈഗാ നദീതീരത്തെ മധുരാനഗരം. ചുരുങ്ങിയത് 3000 വര്‍ഷത്തെയെങ്കിലും ചരിത്രം അവകാശപ്പെടാവുന്ന പാണ്ഡ്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മധുര.

 

മൗര്യസാമ്രാജ്യത്തിലെ ഗ്രീക്ക് അംബാസിഡര്‍ മെഗസ്തനീസ് മധുര സന്ദര്‍ശിച്ചിരുതായി രേഖപ്പെടുത്തുന്നു. 2300 വര്‍ഷം മുമ്പായിരുന്നു മഗസ്തനീസിന്റെ സന്ദര്‍ശ്ശനം. പാണ്ഡിയോ രാജ്യം എന്നാണ് മെഗസ്തനീസ് പാണ്ഡ്യ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. പാണ്ഡ്യ രാജ്യത്തെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. അക്കാലത്തുതനെന മധുര ഒരു വലിയ നഗരം തന്നെ ആയിരുന്നു.

 

മധുര നഗരം മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിനു ചുറ്റുമാണ് സഹസ്രാബ്ദങ്ങളിലൂടെ പടര്‍ന്ന് വികസിച്ചത്. ക്ഷേത്രം ബൃഹത് രൂപം പ്രാപിച്ചത് ആറാം ശതകത്തിലെ പാണ്ഡ്യരാജാക്കന്‍മാരുടെ കാലത്താവണം. പന്ത്രണ്ടാം ശതകത്തില്‍ പാണ്ഡ്യ ചക്രവര്‍ത്തി മാരവര്‍മ്മന്‍ സുന്ദര പാണ്ഡ്യനാണ് ക്ഷേത്ര ഗോപുരങ്ങള്‍ പണി കഴിപ്പിച്ചത്. 170 അടിയാണ് ഏറ്റവും ഉയരമുള്ള ഗോപുരത്തിന്റെ ഉയരം. സുന്ദരപാണ്ഡ്യന്റെ കാലത്ത് ക്ഷേത്രം അതിസമ്പമായി.

 


ഉത്തര ഇന്ത്യയിലെ വൈദേശിക അധിനിവേശത്തിന്റെ അലയൊലികള്‍ പതിനാലാം ശതകത്തില്‍ മധുരയിലുമെത്തി. മാലിക്ക് കഫൂര്‍ എന്ന നരാധമന്‍ നഗരം കൊള്ളയടിച്ചു. അപ്പോഴേക്കും ദുര്‍ബലരായിരുന്ന പാണ്ഡ്യരാജ്യത്തിനു ആക്രമണത്തെ തടുക്കാനായില്ല. പക്ഷേ വിജയനഗര സാമ്രാജ്യം ശക്തമായപ്പോള്‍ നീചരായ ആക്രമണകാരികള്‍ തുരത്തിയോടിക്കപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ സാമന്തരായിരുന്ന മധുര നായകന്‍മാര്‍ ക്ഷേത്രത്തെ പുനരുദ്ധരിച്ച് സംരക്ഷിച്ചു. ഇന്ന് നാം കാണുന്ന മധുരയും മീനാക്ഷി ക്ഷേത്രവും മധുര നായ്കര്‍ സംരക്ഷിച്ചതാണ്. പ്രചരിപ്പിക്കപ്പെടുന്ന ലോകാത്ഭുതങ്ങളേക്കാള്‍ ഉതമായ മഹത്തായ ഒരു വാസ്തു വിസ്മയമാണ് മധുരയിലെ മീനാക്ഷിയമ്മന്‍ ക്ഷേത്ര സമുച്ചയം.