By Sooraj Surendran.16 Nov, 2018
മലയാള സിനിമയിലെ പ്രതിസന്ധിക്ക് ഇന്നും ശാപമോക്ഷമില്ല. ഈ പ്രതിസന്ധി ഗതികിട്ടാ പ്രേതം പോലെ മലയാള സിനിമയെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. സിനിമ എന്നുപറയുന്നത് ഒരു വ്യക്തിയുടെ മാത്രം ശ്രമഫലമായി ഉണ്ടാകുന്നതല്ല. സ്വന്തം ജീവിതവും കഠിനാധ്വാനവും അർപ്പിച്ചുകൊണ്ട് നിൽക്കുന്ന ഒട്ടനവധി പേരുടെ വിയർപ്പിലൂടെയാണ് ഓരോ സിനിമയും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇത്തരത്തിലൊരു ദുരവസ്ഥയാണ് 'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രസാദ് നൂരനാടിനും, നിർമ്മാതാവ് സുനീഷ് ചുണക്കരയ്ക്കും പറയാനുള്ളത്. പ്രസാദ് നൂരനാടിന്റെ ആദ്യത്തെ സിനിമയായ ചിലപ്പോൾ പെൺകുട്ടി എന്ന പുതുചിത്രം ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തുണ്ടായ പ്രളയം ഇത് തടസപ്പെടുത്തുകയായിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും മറ്റ് അണിയറപ്രവർത്തകരും ഇപ്പോൾ നേരിടുന്ന പ്രശ്നം മറ്റൊന്നാണ്. അനിമൽ വെൽഫെയർ ബോർഡിന്റെ എൻ ഒ സി വൈകുന്നതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നതിന് തടസം സൃഷ്ടിക്കുന്നത്. സിനിമയിൽ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നത് അനിമൽ വെൽഫെയർ ബോർഡാണ് ഈ അനുമതി ലഭിച്ചാൽ മാത്രമേ ചിത്രം സെൻസർ ചെയ്യാൻ സാധിക്കുള്ളു. എന്നാൽ അനിമൽ വെൽഫെയർ ബോർഡ് അധികൃതർ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി എൻ ഒ സി വൈകിപ്പിക്കുകയാണ്. റിലീസിനൊരുങ്ങി നിൽക്കുന്ന പല സിനിമകളുടെയും അവസ്ഥ ഇതാണ്.
എന്നാൽ ബിഗ് ബഡ്ജറ്റ് സിനിമകളുടെ അവസ്ഥ നേരെ മറിച്ചാണ്. ബിഗ് ബഡ്ജറ്റ് സിനിമകളുടെ സംവിധായകനും, നിർമ്മാതാവും അനിമൽ വെൽഫെയർ ബോർഡ് അധികൃതർക്ക് പണം നൽകി എൻ ഒ സി സംഘടിപ്പിക്കുന്നു എന്നതാണ് സത്യാവസ്ഥ. എന്നാൽ സാധാരണക്കാരായ സംവിധായകർക്കും നിർമ്മാതാക്കൾക്കും സിനിമയ്ക്ക് ചെലവായ തുകയുടെ ഇരട്ടി നൽകി എൻ ഒ സി വാങ്ങുക എന്നത് ചിന്തിക്കാനാകില്ല.
ഹരിയാനയിലാണ് അനിമൽ വെൽഫെയർ ബോർഡ് പ്രവർത്തിക്കുന്നത്. സിനിമകളിൽ മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നത് തടയാനാണ് അനിമൽ വെൽഫെയർ ബോർഡ് പ്രവർത്തനമാരംഭിച്ചത്. സിനിമകളിൽ മൃഗങ്ങളെ പട്ടിണിക്കിടുന്നതും, ക്രൂരമായി പീഡിപ്പിക്കുന്നതും മൃഗങ്ങളെ സവാരിക്ക് ഉപയോഗിക്കുന്നതിനും അനിമൽ വെൽഫെയർ ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ചിലപ്പോൾ പെൺകുട്ടി എന്ന ചിത്രം പറയുന്നത് കശ്മീരിലെ കട്ടുവാ സംഭവമാണ്. ഇതിൽ മൃഗങ്ങളെ സ്നേഹത്തിന്റെ പ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത് അതിനാൽ എൻ ഒ സി നിഷേധിക്കാൻ യാതൊരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ചിത്രത്തിന്റെ സംവിധായകൻ പ്രസാദ് നൂരനാട് പറഞ്ഞു. ഈ സംഭവത്തിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഓഫീസിൽ വിളിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
സംവിധായകൻ ഷാജി എൻ കരുണിന്റെ ചിത്രവും ഇത്തരത്തിൽ പ്രതിസന്ധി നേരിടുകയാണ്. ജപ്പാനിലെ ഒരു ലൊക്കേഷനിൽ വെച്ച് പാമ്പിന്റെ രംഗം ചിത്രീകരിക്കുകയുണ്ടായി, ഈ പാമ്പിന്റെ അഫിഡവിറ്റ് ആവശ്യപ്പെട്ട് റിലീസ് വൈകിപ്പിക്കുകയാണ് ബോർഡ്. മാത്രമല്ല ജോഷി മാത്യവിന്റെയും, അജിതന്റെ നല്ല വിശേഷത്തിനും ഇതേ അവസ്ഥയാണുള്ളത്. ഹരിയാനയിൽ പ്രവർത്തിക്കുന്ന അനിമൽ വെൽഫെയർ ബോർഡ് സൗത്ത് ഇന്ത്യൻ സിനിമ, നോർത്ത് ഇന്ത്യൻ സിനിമ എന്ന രീതിയിൽ പ്രവർത്തിച്ചാൽ കൂടുതൽ നന്നായിരിക്കുമെന്ന് അജിതൻ അഭിപ്രായപ്പെട്ടു. മാത്രമല്ല ഒരു സിനിമ എൻ ഓ സിക്കായി അഫിഡവിറ്റ് നൽകിയാൽ അത് ശെരിയായോ ഇല്ലയോ എന്നുപോലും അറിയിക്കാൻ ബോർഡ് തയ്യാറാകുന്നില്ല എന്നതും ഒരു പോരായ്മയാണ്.