Tuesday 18 September 2018



എന്റെ ജീവിതമാണ് എന്റെ ആയുധം ; ഇറോം ശർമിളയുടെ സമര ജീവിതം

By Greeshma G Nair.28 Feb, 2017

imran-azhar

 

 

എന്റെ ജീവിതമാണ്  എന്റെ ആയുധം എന്ന് പറഞ്ഞ ഉരുക്കുവനിത. മരണത്തെ പോലും തോൽപ്പിച്ച ധീര വനിത.അതെ  ഇറോം ശര്‍മിള  ചാനു   എന്ന സ്ത്രീയെ കുറിച്ച് പറയാൻ വാക്കുകൾ പരിമിതം .   പതിനാറ് വർഷം നീണ്ടു നിന്ന നിരാഹാര സമരം .ലോക ജനത കണ്ടതിൽ വച്ച് ഏറ്റവും വലിയ നിരാഹാര സമരമായിരുന്നു ഇറോമിന്റെത് . ഒരു ജനതയ്ക്കുവേണ്ടി ഭരണകൂടത്തേയും മരണത്തേയും കീഴടക്കിയ കഥയാണ് ഇറോമിന്റെ സമര ജീവിതം.

 
സ്വാതന്ത്ര്യ  ലഭിക്കുന്നതിന് മുൻപ്  മുതൽ   അധികാരികളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരകളായി കഴിയേണ്ടി വന്നവരാണ് മണിപ്പൂർ ജനത . പണ്ട് മുതലെ  പ്രതിരോധവും സമരവും രക്തത്തിൽ അലിഞ്ഞു ചേർന്നവരാണ് മണിപ്പൂരി  സ്ത്രീകള്‍. അത്തരത്തിൽ അക്രമണങ്ങൾക്ക് എതിരെ ശക്തമായി പോരാടിയ  ശര്‍മിള 28ആം വയസ്സിലാണ്  നിരാഹാരം ആരംഭിക്കുന്നത്  . മനസാക്ഷിയുടെ തടവുകാരി എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍  ശര്‍മ്മിളയെ വിളിച്ചത്.

 
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദമായ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെ  ട്ടാണ് കഴിഞ്ഞ 16 വർഷം   ഈറോം ശര്‍മിള നിരാഹാര സമരം നടത്തിയത് . ആത്മഹത്യാശ്രമത്തിന്റെ പേരില്‍ നിരവധി തവണ ഈറോം ശര്‍മ്മിളയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. കേസില്‍ നിന്നെല്ലാം കുറ്റവിമുക്തയായിരുന്നുവെങ്കിലും നിരാഹാര സമരം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.



സൈന്യത്തിന് പ്രത്യേക അവകാശം നല്‍കുന്ന കരിനിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം പിന്‍വലിക്കാന്‍ തയാറാണെന്നായിരുന്നു ഇറോം ശര്‍മിള അറിയിച്ചിരുന്നു. കേസില്‍ മാപ്പപേക്ഷിക്കാന്‍ ഇറോം ശര്‍മിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ശര്‍മിള സ്വയം ജീവനൊടുക്കാന്‍ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അഫ്‌സ്പ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ മാത്രമാണ് തന്റെ പോരാട്ടമെന്നും ഇറോം ശര്‍മിള വ്യക്തമാക്കിയിരുന്നു .
 
 
നിരാഹാരസത്യാഗ്രഹം ആത്മഹത്യാ ശ്രമമാണെന്നും നിരന്തരമായി നിരാഹാരസമരം നടത്തുന്നത് കടുത്ത ആത്മഹത്യാ പ്രവണത മൂലമാണെന്നും കോടതിയിലും ലോകജനതയ്ക്കു മുന്നിലും ഉറച്ചു പറയുകയാണ് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്ന ഇന്ത്യയിലെ സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്.


 ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ച് മൂക്കിലൂടെ കുഴലിട്ട് ദ്രവഭക്ഷണം നല്‍കി ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തത്.



വരണ്ട ചുണ്ടുകളില്‍ വെള്ളമിറ്റിക്കുക പോലും ചെയ്യാതെ സ്വന്തം ജനതയ്ക്കായി സമരം ചെയ്യുന്ന ഇറോംശര്‍മിള മണിപ്പൂരിന്റെ ഉരുക്കു വനിത എന്നതിനപ്പുറം ലോകമെങ്ങുമുള്ള മനുഷ്യാവകാശ സമരങ്ങളുടെ ആവേശവും പ്രചോദനവുമായിക്കൂടി മാറിക്കഴിഞ്ഞു. വരുന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ഇറോം .  മണിപ്പൂർ ജനതയ്ക്ക്  വേണ്ടി പോരാടിയ ഇറോമിനു തന്നെയാണ്   മറ്റാരെക്കാളും മണിപ്പൂർ ഭരിക്കാൻ അർഹത .