Monday 06 December 2021
പ്രളയത്തില്‍ മുങ്ങി കേരളം, നെതര്‍ലാന്‍ഡ് മാതൃക പഠിച്ചിട്ടും തീരുന്നില്ല, വെള്ളത്തിലായത് കോടികള്‍

By RK.20 Oct, 2021

imran-azhar

 

2019 മേയിലെ നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തിന് ശേഷം ആ വര്‍ഷം ഓഗസ്റ്റിലും 2020, 2021 വര്‍ഷങ്ങളിലും കേരളത്തില്‍ മഴക്കാല ദുരിതങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ എന്തിനാണ് കോടികള്‍ പൊട്ടിച്ചത് എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. നെതര്‍ലാഡിനെ മാതൃകയാക്കി കേരളത്തില്‍ എന്തുമാറ്റമാണ് രണ്ടര വര്‍ഷത്തിന് ശേഷം കൊണ്ടു വന്നത് എന്നു പരിശോധിച്ചതാല്‍ ആകെ നടന്നത് മാര്‍ച്ചില്‍ ചെന്നൈ ഐ.ഐ.ടിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചുവെന്നത് മാത്രമാണ്

 

ആര്‍. രാജേഷ്

 

കേരളത്തില്‍ മഴ ശക്തമാകുകയും പ്രളയ സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചര്‍ച്ചയാകുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മാധവ് ഗാഡ്ഗിന്റെ റിപ്പോര്‍ട്ടും രണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നെതര്‍ലാന്‍ഡ് മാതൃകയും. ഇവ രണ്ടും കേരളത്തില്‍ നടപ്പായിട്ടില്ലയെന്നതു തന്നെയാണ് ഇവ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണം.

 

2018-ലെ പ്രളയത്തിനുശേഷം 2019 മേയിലാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും കുടുംബസമേതം നെതര്‍ലാന്‍ഡില്‍ സന്ദര്‍ശനം നടത്തിയത്. നെതര്‍ലാന്‍ഡിലെ പദ്ധതികള്‍ കണ്ടു പഠിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അതേ മാതൃക കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചു. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഇനിയും പദ്ധതി തുടങ്ങി വയ്ക്കാന്‍ പോലും സാധിച്ചിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ സന്ദര്‍ശനത്തിനും പഠനത്തിനുമായി ചിലവഴിച്ചു കഴിഞ്ഞു.

 

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധ സംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. ഡിസംബറോടെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേട് വന്‍ വിവാദമായിരുന്നു. ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ദുരൂഹത ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച ഈ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. പിന്നീടാണ് ചെന്നൈ ഐ.ഐ.ടിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്.

 

നെതര്‍ലാന്‍ഡില്‍ പോയി മടങ്ങി മൂന്നാമത്തെ മാസം തന്നെ കേരളത്തില്‍ രണ്ടാമത്തെ പ്രളയം എത്തി. അന്നും ഒന്നും സംഭവിച്ചില്ല. പക്ഷേ സമയക്കുറവ് ഒരു ന്യായമാണ്. പക്ഷേ 2020, 2021 ലും ഇത് ആവര്‍ത്തിക്കുമ്പോള്‍ എന്തിനാണ് കോടികള്‍ പൊട്ടിച്ചത് എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. നെതര്‍ലാഡിനെ മാതൃകയാക്കി കേരളത്തില്‍ എന്തുമാറ്റമാണ് രണ്ടര വര്‍ഷത്തിന് ശേഷം കൊണ്ടു വന്നത് എന്നു പരിശോധിച്ചാല്‍ ആകെ നടന്ന് മാര്‍ച്ചില്‍ ചെന്നൈ ഐ.ഐ.ടിയെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചുവെന്നത് മാത്രമാണ്.

 

എന്നാല്‍ കേരളം സന്ദര്‍ശിച്ച നെതര്‍ലാന്‍ഡ് സംഘം ഒന്നും ചെയ്തില്ലെന്നും കരുതരുത്. സന്ദര്‍ശനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോള്‍ തന്നെ അവര്‍ റിപ്പോര്‍ട്ട് നല്‍കി. നെതര്‍ലാന്‍ഡിലെ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അടങ്ങിയ സംഘമാണ് പഠനം നടത്തിയത്. മലയോര പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, പ്രധാന നദികള്‍, പൊഴിമുഖങ്ങള്‍, കുട്ടനാട്, കടല്‍ത്തീരവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, പരിസ്ഥിതി ദുര്‍ബല മേഖലകള്‍ എന്നിവിടങ്ങള്‍ മൂന്ന് തവണയായി സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

 

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ നീരൊഴുക്ക് ശക്തമാക്കുക, എസി കനാലിന്റെ ആഴവും വീതിയും വര്‍ധിപ്പിക്കുക, തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തികരിക്കുക എന്നിവയാണ് മലയോര ജില്ലകളില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളെ മുക്കുന്നത് തടയാന്‍ സംഘം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

ഇതുകൂടാതെ തോട്ടപ്പള്ളി പൊഴിമുഖത്ത് 360 മീറ്റര്‍ വീതിയില്‍ ആഴമുള്ള ജലാശയം, വീയപുരം തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ വീതി 80 മീറ്ററില്‍ നിന്ന് 100 മീറ്ററാക്കി ആഴം വര്‍ദ്ധിപ്പിക്കണം, സ്ഥലം ഏറ്റെടുക്കുന്നതിന് തടസമുണ്ടെങ്കില്‍ ലീഡിംഗ് ചാനലിന് സമാന്തരമായി ഒഴുകുന്ന കരിയാര്‍, കോരംകുഴി തോടുകളില്‍ റഗുലേറ്ററിംഗ് സംവിധാനത്തോടെ ആഴം വര്‍ധിപ്പിച്ച് നീരൊഴുക്ക് ശക്തമാക്കണം, തോട്ടപ്പള്ളി പൊഴിമുഖത്ത് കരിമണല്‍ അടിഞ്ഞുകൂടുന്നത് നീക്കണം, എസി കനാലിന്റെ ആഴവും വീതിയും വര്‍ദ്ധിപ്പിക്കണം, കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശത്തെ 400 പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

 

കടലിനോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് അഞ്ചില്‍ രണ്ട് ഭാഗവും താഴ്ന്നു കിടക്കുന്ന പ്രദേശമാണ് നെതര്‍ലാന്‍ഡ്. വെള്ളപ്പൊക്കമാണ് പ്രധാന പ്രശ്നം. കടലാക്രമണവും ശക്തമാണ്. ഇവയോട് പൊരുതിയാണ് ഇവിടത്തെ ജനത ജീവിതം കരുപ്പിടിപ്പിച്ചത്. ഇതാണ് പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നെതര്‍ലാന്‍ഡ് സംഘത്തെ തിരഞ്ഞെടുക്കാന്‍ കാരണം.

 

നെതര്‍ലാന്‍ഡ് സംഘത്തിന്റെ റിപ്പോര്‍ട്ട് 2019 ല്‍ തന്നെ മന്ത്രിസഭ ചര്‍ച്ച ചെയ്തു. ചില ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാല്‍ ഒന്നും നടന്നില്ല എന്നുമാത്രം. മധ്യകേരളമെന്നും തെക്കന്‍ കേരളമെന്നും വടക്കന്‍ കേരളമെന്നും വേര്‍തിരിവില്ലാതെ ഇപ്പോള്‍ അനുഭവിക്കുന്ന മഴക്കാല ദുരന്തങ്ങള്‍ നെതര്‍ലാന്‍ഡ് മാതൃക എവിടെ എന്ന ചോദ്യം സജീവമായി തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.