Monday 16 December 2019




ഇവൾ നിതാ ഫാത്തിമ, ഷഹ്‌ലയുടെ ശബ്ദം

By Chithra.22 Nov, 2019

imran-azhar

 

പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിൻ മരിച്ച വിവരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിന്ന് ഉറച്ച ശബ്ദത്തിൽ നടന്ന കാര്യങ്ങളും ഇതുവരെ സർവജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന കാര്യങ്ങളും പറഞ്ഞ് തന്നത് നിതാ ഫാത്തിമ എന്ന ഏഴാം ക്ലാസുകാരിയാണ്. ഷഹ്‌ലയുടെ കൂട്ടുകാരിയും സഹപാഠിയുമാണ് നിതാ.

 

ഷഹ്‌ലയ്ക്ക് പാമ്പുകടിയേറ്റെന്നും അത് അധ്യാപകരോട് പറഞ്ഞപ്പോൾ അവർ ഷഹ്‌ലയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ലെന്നും നിതാ പറഞ്ഞുതന്നു. ഷഹ്‌ലയ്ക്ക് കിട്ടാതെ പോയ നീതി നേടിയെടുക്കാൻ വീറോടെ ആത്മവിശ്വാസത്തോടെ അവൾ പ്രതികരിച്ചു...അധ്യാപകരെയോ സ്‌കൂൾ അധികൃതരെയോ വകവെയ്ക്കാതെ.

 

 

കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിതയുടെ ചിത്രം ഇപ്പോൾ പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം ഇപ്പോൾ വൈറലായി മാറിക്കഴിഞ്ഞു. മരിച്ചുപോയ സുഹൃത്തിന് വേണ്ടി പോരാടുന്ന നാളത്തെ വാഗ്ദാനമാണ് നിത എന്നാണ് സമൂഹ മാധ്യമങ്ങൾ ഇവളെ വാഴ്ത്തുന്നത്. തിരക്ക് പിടിച്ച ഈ ലോകത്ത്, സ്വന്തത്തിനും ബന്ധത്തിനും വില നൽകാത്ത ഈ ലോകത്ത് സ്‌കൂളിൽ ഒപ്പം പഠിക്കുന്ന കൂട്ടുകാരിക്ക് വേണ്ടി ശബ്ദം ഉയർത്തിയ നിതാ ഫാത്തിമ പ്രചോദനം തന്നെയാണ്.

 

 

 

സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ ചിത്രം ഷഹ്‌ലയുടെ മരണത്തിൽ പ്രതിഷേധിച്ച് സർവജന സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ ചിത്രമല്ല. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോൾ ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടവയൽ പകർത്തിയ ചിത്രമാണ്. നീതിക്കും ന്യായത്തിനും വേണ്ടി ഇതാദ്യമായല്ല നിത സംസാരിച്ചത് എന്നത് വ്യക്തം.