Wednesday 20 June 2018

സ്ത്രീ​സു​രക്ഷ ഉ​റ​പ്പാ​ക്ക​ട്ടെ "181'

By kkm posted by Subha Lekshmi B R.28 Mar, 2017

imran-azhar

പൊതുസ്ഥലങ്ങളിലും സ്വകാര്യസ്ഥലങ്ങളിലുമൊന്നും സ്ത്രീകള്‍ക്കു സുരക്ഷിതത്വമില്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായം തേടാന്‍ ഏതു സമയത്തും ഉപയോഗിക്കാവുന്ന ടോള്‍ഫ്രീ നന്പര്‍ സംസ്ഥാനത്ത് ഇന്നലെ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ഫോണിലോ ലാന്‍ഡ് ഫോണിലോ 181 എന്ന നന്പരില്‍ വിളിച്ചു സഹായം തേടാനുള്ള സൌകര്യം ആപത്തുകളില്‍ സ്ത്രീകള്‍ക്കു വലിയ ആശ്രയമായിരിക്കുമെന്നതില്‍ സംശയമില്ല. ഒരേ നന്പരില്‍ സ്ത്രീസുരക്ഷാസഹായങ്ങള്‍ ഏകീകരിക്കാനുള്ള 181 ടോള്‍ ഫ്രീ നന്പര്‍ പദ്ധതി നടപ്പാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണു കേരളം. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിലുള്ള വനിതാ വികസന കോര്‍പറേഷനാണ് ഇതിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

 

എത്രയൊക്കെ സ്ത്രീസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും അതിനെയെല്ലാം അപഹാസ്യമാക്കുന്ന വിധത്തില്‍ സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങളും വര്‍ധിച്ചുവരുന്നതായാണു കാണുന്നത്. കേരളത്തെപ്പോലെ വിദ്യാഭ്യാസ നിലവാരത്തിലും സാംസ്കാരിക ബോധത്തിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സംസ്ഥാനത്തുപോലും ദിനംപ്രതി എത്രയോ സ്ത്രീപീഡന സംഭവങ്ങളാണു നടക്കുന്നത്. പിഞ്ചുകുട്ടികള്‍പോലും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഗാര്‍ഹിക ചുറ്റുപാടുകളില്‍പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നു വരുന്പോള്‍ 181 വന്നിട്ടും എന്താണു കാര്യം എന്നു ചോദിക്കുന്നവരുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഒന്നു വാവിട്ടു കരയാനോ പോലും സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പീഡനങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ഇത്തരം പരാതി സംവിധാനങ്ങള്‍ പ്രയോജനം ചെയ്യില്ലായിരിക്കും.

 

പുരുഷകേന്ദ്രീകൃതമായൊരു സംസ്കാരമാണു നമ്മുടെ നാട്ടിലുള്ളത്. സ്ത്രീവിദ്യാഭ്യാസവും ഭരണത്തില്‍ സ്ത്രീപങ്കാളിത്തവുമൊക്കെ ഏറെ വര്‍ധിച്ചെങ്കിലും ഇപ്പോഴും പല പരിമിതികളോടുംകൂടി മാത്രമേ സ്ത്രീകള്‍ക്കു സമൂഹത്തില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നുള്ളൂ. കാലം പുരോഗമിക്കുന്പോഴും, സ്ത്രീകള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്പോഴും, അവരുടെ അസ്വാതന്ത്യ്രത്തിന് ഒട്ടുംതന്നെ കുറവില്ല. മാത്രമല്ല, അരനൂറ്റാണ്ടു മുന്പു കേരളീയ സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നത്ര സുരക്ഷിതത്വം ഇപ്പോഴില്ല എന്നതല്ലേ സത്യംസ്ത്രീസുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനുമായി എത്രയോ നിയമനിര്‍മാണങ്ങളുണ്ടായി, എത്രയോ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. സ്ത്രീകള്‍ക്കു വളരാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള ഒട്ടനവധി സാഹചര്യങ്ങള്‍ സര്‍ക്കാര്‍ തലത്തിലും പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ഒരുക്കിയിട്ടും സ്ത്രീയെ മാനിക്കാനും അവള്‍ക്ക് എല്ലാ സ്വാതന്ത്യ്രവും അനുവദിക്കാനുമുള്ള മനോഭാവം പുരുഷാധിപത്യസമൂഹത്തില്‍ ഉണ്ടാകുന്നില്ല.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കാനാവാത്ത ഒരു നാട്ടില്‍ നല്ല ഭരണമുണ്ടെന്നു പറയാനാവില്ല. ആ സുരക്ഷ ഉറപ്പുവരുത്തേണ്ടതു സര്‍ക്കാരിന്‍റെകേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന കേസുകള്‍ പോലെതന്നെ സ്ത്രീകള്‍ പ്രതികളാകുന്ന കേസുകളും സ്ത്രീകള്‍ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനു വനിതാ പോലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. പിങ്ക് പോലീസ് പോലുള്ള സംവിധാനങ്ങള്‍ ഇതിന്‍റെ ഭാഗമാണ്.

 

എന്നാല്‍ ഈ സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് എത്രമാത്രം ഉപയോഗപ്പെടുന്നുണ്ട് സംസ്ഥാനത്ത് ഏഴു പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്‍റെ തുടക്കമായി കഴിഞ്ഞ വര്‍ഷമാദ്യം കോട്ടയം ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിച്ചിരുന്നു. സ്ത്രീകള്‍ വാദികളും പ്രതികളുമായ എല്ലാ കേസുകളും വനിതാ സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യാനായിരുന്നു തീരുമാനം. കേരളത്തിലെ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ സ്ത്രീകളാണെങ്കിലും പോലീസ് സേനയില്‍ വനിതകള്‍ പത്തു ശതമാനത്തില്‍ താഴെയാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഏറെപ്പേര്‍ വനിതാ പോലീസുകാരിലുമുണ്ട്. അവരുടെ കഴിവുകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ സ്ത്രീസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകില്ലേ ജനമൈത്രി പോലീസും സ്റ്റുഡന്‍റ് പോലീസ് സംവിധാനവുമൊക്കെ ഏര്‍പ്പെടുത്തി പുതിയ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയിട്ടുള്ള സംസ്ഥാനമാണു കേരളം.

 

സൈബര്‍ സെല്ലിന്‍റെ പ്രവര്‍ത്തനവും കേരളത്തില്‍ കാര്യക്ഷമമാണ്. സങ്കീര്‍ണമായ പല കേസുകളിലും അന്വേഷണ മികവിലൂടെ കുറ്റവാളികളെ കണ്ടെത്താന്‍ കേരള പോലീസിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 2007ല്‍ 500 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ 2014ല്‍ അത്തരം കേസുകളുടെ എണ്ണം 2183 ആയി. സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍, പൂവാലശല്യം, സ്ത്രീധന മരണം തുടങ്ങിയ കേസുകള്‍ വേറെ. ഗാര്‍ഹിക പീഡനങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണ്. പരാതിപ്പെടാന്‍ തയാറാവുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതാവാം കേസുകള്‍ വര്‍ധിക്കാന്‍ ഒരു കാരണം. വ്യാജപരാതികളും എത്തുന്നുണ്ടാവാം.

 

ഏതായാലും സ്ത്രീകള്‍ക്ക് ആപത്ഘട്ടങ്ങളില്‍ പോലീസ് സഹായം തേടാന്‍ ഒരു ഫോണ്‍ നന്പര്‍ ഒരുക്കിയിരിക്കുന്നത് ആശ്വാസകരംതന്നെ. 181 എന്ന നന്പറില്‍ എവിടെനിന്നു വിളിച്ചാലും തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലുള്ള കോള്‍ സെന്‍ററിലാണ് എത്തുക.
അവിടെനിന്നുള്ള അറിയിപ്പനുസരിച്ച് അടിയന്തരസഹായം ആവശ്യമുള്ള സ്ഥലത്തു പോലീസ് എത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പോലീസ് സഹായം മാത്രമല്ല, ആശുപത്രി, ആംബുലന്‍സ് സഹായങ്ങളും ഇതിലൂടെ ലഭ്യമാകും. വനിതാ മാനേജരുടെ നേതൃത്വത്തില്‍ ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്‍റെ സേവനം ആവശ്യക്കാര്‍ക്കു ലഭിക്കാതെ പോകില്ലെന്നു പ്രതീക്ഷിക്കാം. എങ്കില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ ഏറെ കുറവുണ്ടാകുമെന്നതിനു സംശയമില്