Friday 14 December 2018


പാര്‍വതിയുടെ ശബ്ദ ചിത്രങ്ങള്‍

By Online Desk.23 Nov, 2018

imran-azhar

നിശബ്ദ ലോകത്തില്‍, ക്യാന്‍വാസില്‍ നിറങ്ങള്‍ കൊണ്ട് പാര്‍വതി വരച്ചത് ശബ്ദ ചിത്രങ്ങള്‍. ആ ചിത്രങ്ങളിലൂടെ പാര്‍വതി ലോകത്തോട് ഉറക്കെയുറക്കെ സംസാരിക്കുന്നു...


സെലഷ് മെറിന്‍

വൈകല്യങ്ങളോട് തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല പാര്‍വതി പത്മകുമാര്‍. തന്റെ നിശബ്ദ ലോകത്തില്‍ അവള്‍ നിറങ്ങള്‍ ചാലിച്ചു. ചിത്രങ്ങളിലൂടെ ആശയങ്ങള്‍ കൈമാറി. തനിക്ക് ആകര്‍ഷണീയം എന്നുതോന്നുന്ന ഓരോന്നും പല വര്‍ണ്ണങ്ങളില്‍ ക്യാന്‍വാസില്‍ പകര്‍ത്തി. അങ്ങനെ നമ്മള്‍ ആസ്വദിക്കാന്‍ മറന്നുപോകുന്ന, നിസാര ഭാവങ്ങള്‍ പോലും അവള്‍ ആസ്വദിച്ചു. ജന്മനാ സംസാരശേഷിയും കേള്‍വിയും അന്യമായ പാര്‍വതി, ശാരീരിക പരിമിതികള്‍ മറന്ന് ജീവിതത്തില്‍ നിറങ്ങള്‍ ചാലിച്ചപ്പോള്‍ ജീവിതം വര്‍ണാഭമായി.

നിശബ്ദ ചിത്രങ്ങള്‍


ജന്മനാ കേള്‍വിശക്തിയില്ലായിരുന്നു പാര്‍വതിക്ക്. സ്വഭാവികമായി സംസാരശേഷിയും നഷ്ടപ്പെട്ടു. എങ്കിലും അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തോട് സദാസമയം അവള്‍ സംസാരിച്ചുകൊണ്ടേയിരുന്നു, ചെറിയ ചെറിയ ആംഗ്യങ്ങളിലൂടെ. മുന്നാമത്തെ വയസ്സിലാണ് കുഞ്ഞു പാര്‍വതി പൂര്‍ണമായി ഒരു ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയത്. നിശബ്ദ ലോകത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവള്‍ക്ക് എന്നും കൂട്ടായതും ആ ചിത്രങ്ങള്‍ തന്നെ. പ്രകൃതിയും കുട്ടികളുമായിരുന്നു കുട്ടിക്കാലത്ത് വരയ്ക്കാന്‍ ഏറെ ഇഷ്ടം.


ശബ്ദമായി അനിയത്തി


തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശിനിയാണ് പാര്‍വതി. ഇന്ത്യന്‍ ബാങ്കില്‍ മാനേജറായ പത്മകുമാറിന്റെയും വിജയലക്ഷ്മിയുടെയും രണ്ടു പെണ്‍കുട്ടികളില്‍ മൂത്തയാള്‍. പട്ടം ഗേള്‍സില്‍ സ്‌കൂളിലാണ് പത്തുവരെ പഠിച്ചത്. സ്‌കൂള്‍ മത്സരങ്ങില്‍ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കി. ജഗതി ബധിരമൂക സ്‌കൂളില്‍ പഠിക്കുമ്പോളാണ് പാര്‍വതിക്ക് ചിത്രരചന പഠിക്കാനുള്ള അവസരം ലഭിച്ചത്. രവീന്ദ്രന്‍ പൂത്തൂര്‍ മാഷിന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നു തന്നെ ചിത്രരചന അഭ്യസിച്ചു. നിശബ്ദ ലോകത്ത് ചേച്ചിക്കു ശബ്ദമായത് പാര്‍വതിയുടെ അനിയത്തി ആരതി. പാര്‍വതിയും മാഷും ആശയമിനിമയം നടത്തിയത് ആരതി വഴിയാണ്. ചേച്ചിക്കൊപ്പം ആരതിയും ചിത്രരചന പഠിച്ചു. പിന്നീട് മാഷിന്റെ നേതൃത്വത്തില്‍ മ്യൂസിയത്തില്‍ പാര്‍വതിയുടെയും ആരതിയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

 

നിഷ് തുറന്ന ലോകം


2013 ലാണ് പ്ലസ് ടു കഴിഞ്ഞ് നിഷില്‍ ബിഎഫ്എ പഠിക്കാന്‍ പാര്‍വതി ചേരുന്നത്. ബധിരരും മൂകരുമായ കുട്ടികളുടെ ചിത്രലോകം. നിറങ്ങളുടെ മാത്രം ലോകം. 25 കുട്ടികളാണ് ക്ലാസ്സില്‍. നിഷിലുണ്ടായിരുന്ന കാലമാണ് പാര്‍വതിയുട ജീവിതം മാറ്റിമറിച്ചതെന്ന് അമ്മ പറയുന്നു. നിഷിന്റെ ആഭിമുഖ്യത്തില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ ഒരുക്കി. ലളിതാകലാ അക്കാദമിയുടെ ക്യാമ്പുകളില്‍ പങ്കെടുത്തു. അക്കാദമിയുടെ ചിത്രപ്രദര്‍ശനങ്ങളിലും പാര്‍വതിയുടെ ചിത്രങ്ങള്‍ ഇടം പിടിച്ചു. കഴിഞ്ഞ മൂന്നു കൊല്ലമായി ചിത്രകലാ പരിഷത്തിന്റെ കീഴില്‍ ചിത്രപ്രദര്‍ശനം ഒരുക്കുന്നു.