Monday 04 July 2022




കോച്ചിംഗ് സെന്ററാകുന്ന പ്ലാറ്റ്‌ഫോമുകള്‍

By parvathyanoop.20 Jun, 2022

imran-azhar

വിപിന്‍കുമാര്‍

ബീഹാറിലെ സസാരം റെയില്‍വെ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ രാവിലെയും വൈകിട്ടും ഈരണ്ട് മണിക്കൂര്‍ വീതം മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവരുടെ സൗജന്യ കോച്ചിംഗ് സെന്ററായി മാറുന്നു. ഇത് ഇന്നലെ ഒരു സുപ്രഭാതത്തില്‍ ആരംഭിച്ചതല്ല, ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന പ്രവര്‍ത്തനമാണ്.2002-03 കാലഘട്ടത്തില്‍ ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ സസാറാം റെയില്‍വേ സ്റ്റേഷനില്‍ പഠിക്കാന്‍ വരാന്‍ തുടങ്ങിയതോടെയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. സ്റ്റേഷനില്‍ 24ഃ7 വൈദ്യുതിയുടെ ലഭ്യതയാണ് അവരെ അവിടേക്ക് ആകര്‍ഷിച്ചത്.

 

റെയില്‍വേ, ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിക്കായുള്ള ഏകദേശം 1,000 ഓളം മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെ ദിവസേന എത്തിച്ചേരുന്നു.മത്സരങ്ങള്‍ക്കും എഴുത്തുപരീക്ഷകള്‍ക്കും വാക്കാലുള്ള പരീക്ഷകള്‍ക്കും ആരും ഫീസൊന്നും നല്‍കേണ്ടതില്ല. സമകാലിക വിഷയങ്ങള്‍, ഗണിതം, ഭാഷ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങള്‍ക്കും പുറമെ, ഈ വിദ്യാര്‍ത്ഥികള്‍ പരീക്ഷകള്‍ എങ്ങനെയെഴുതണം, തൊഴില്‍ അഭിമുഖങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കണം എന്നതുള്‍പ്പെടെ ആവശ്യമായ പരിശീലനങ്ങളും നേടുന്നു.


ചുമ്മാ ഒരു നേരമ്പോക്കിനായി നടത്തുന്ന പരിപാടിയാണിതെന്ന് വിചാരിക്കുന്നുവെങ്കില്‍ തെറ്റി. വളരെ കണിശമായ നിബന്ധനകളോടെ ഗൗരവമായാണ് ഒരോ ഗ്രൂപ്പുകളും ഇവിടെ പരിശീലനം നടത്തുന്നത്. ക്ലാസില്‍ കൃത്യമായി പങ്കെടുക്കാത്തവര്‍ക്ക് പണിഷ്‌മെന്റ് വരെ നല്‍കുന്നുണ്ട്. ഓരോ ഗ്രൂപ്പ് തിരിച്ച് വിദ്യാര്‍ത്ഥികളുടെ നിലവാരം കൃത്യമായി വിലയിരുത്തും.ഇതില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റെയില്‍വെ ഐഡി കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ പ്ലാറ്റ് ഫോമുകള്‍ വൃത്തിയായി സൂക്ഷിക്കുന്നു. യാതൊരു ഫീസും വാങ്ങാതെ സന്നദ്ധപ്രവര്‍ത്തകര്‍ ക്ലാസുകളെടുക്കുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടത്തെ പരിശീലനം മുഖേന ജോലി നേടിയിടുണ്ട്.


കാലക്രമേണ, ഈ കോച്ചിംഗ് തരംഗം പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍, ഒരു ക്ഷേത്ര സമുച്ചയത്തിന്റെ പരിസരവും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലവും ഇവര്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നു.
നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ഇവിടെ എത്തിക്കുന്നത് വൈദ്യുതിയുടെ അഭാവം മാത്രമല്ലെന്നും ഉയര്‍ന്ന വിജയശതമാനമാണെന്നതും ശ്രദ്ധേയമാണ്.