Saturday 30 May 2020
പണം വാരുന്ന പെറ്റ്സ് വിപണി

By online desk.15 Jul, 2019

imran-azhar

 

ഒരു വീട്, എട്ടോ പത്തോ അംഗങ്ങള്‍, വീടിന് കാവലിനായി ഒരു പട്ടി, വീട്ടിലെ സ്ത്രീകള്‍ക്ക് ഇടയക്ക് സംസാരിക്കാനും ഓമനിക്കാനും ഒരു പൂച്ച, പാലിന് ആടും പശുവും. മുട്ടയ്ക്ക് കോഴിയും പിന്നെ താറാവും ഇതായിരുന്നു പണ്ടൊക്കെ ഒരു വീടെന്ന് പറഞ്ഞാല്‍ മനസില്‍ തോന്നുക. വളര്‍ത്തു മൃഗങ്ങള്‍ എന്ന് നമ്മള്‍ മക്കളെ പറഞ്ഞ് പഠിപ്പിച്ചതും ഇതൊക്കെ തന്നെ. എന്നാല്‍ ന്യൂജെന്‍ കാലഘട്ടിത്തില്‍ ഇതെല്ലാം മാറി. വളര്‍ത്തു മൃഗങ്ങള്‍ എന്നത് പുതിയൊരു തലത്തിലേക്ക് തന്നെ എത്തി.വിദേശയിനം വളര്‍ത്തു നായ്ക്കള്‍, പക്ഷികള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങി കേരളത്തിന്റെ പെറ്റ് വിപണിയില്‍ ഇന്ന് നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനസാണ്. കൊല്‍ക്കത്തയിലെ ഗലിഭ് സ്ട്രീറ്റ് പോലെയോ ബംഗളൂരുവിലെ ശിവാജി നഗര്‍ മാര്‍ക്കറ്റു പോലെയോ പെറ്റ്സ് വ്യാപാരം നടക്കുന്ന മാര്‍ക്കറ്റുകള്‍ കേരളത്തിലില്ലെങ്കിലും ഓണ്‍ലൈനിലും ഓഫ്ലൈനിലുമായി വ്യാപാരം പൊടിപൊടിക്കുന്നുണ്ട്. 50000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിലമതിക്കുന്ന നായ്ക്കളെ വരെ വിറ്റുപോകുന്നു. ഡോഗ് ഷോകളും അലങ്കാരപ്പക്ഷി വളര്‍ത്തലുകാരുടെ കൂട്ടായ്മകളുമെല്ലാം വിപണി കീഴടക്കുന്നതിനായി മത്സരിക്കുമ്പോള്‍ പെറ്റ് ആസസറീസ് ഷോപ്പുകള്‍, പെറ്റ് സ്പാകള്‍, പെറ്റ് ഹോസ്റ്റലുകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ നിന്നും മികച്ച വരുമാനം ലഭിക്കുന്നു. ഓമന വളര്‍ത്തുമൃഗങ്ങള്‍ ഇന്ന് സോഷ്യല്‍ സ്റ്റാറ്റസിന്റെ കൂടി ഭാഗമായി കഴിഞ്ഞതോടെ ഈ രംഗത്തെ നിക്ഷേപ സാധ്യതകളും വര്‍ദ്ധിച്ചിരിക്കുകയാണ്.

 

ആനന്ദത്തിനും മനസുഖത്തിനും വേണ്ടി ഓമനമൃഗങ്ങളെ വളര്‍ത്തുക എന്ന രീതി കാലാന്തരത്തില്‍ പെറ്റ് ബിസിനസ് എന്ന രീതിയിലേക്ക് ഈ മേഖല വളര്‍ന്നു. വളര്‍ത്തുമൃഗങ്ങളും അവയുടെ അനുബന്ധ ആക്സസറികളും ട്രൈനിംഗ് സെന്ററുകളും എല്ലാം ഉള്‍പ്പെടുന്ന വലിയ നിക്ഷേപം വരുന്ന മേഖലയായി ഇത് മാറിയത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വേരുപിടിച്ചിരിക്കുന്നത് നായ്ക്കള്‍ , പൂച്ച, അലങ്കാരപ്പക്ഷികള്‍, അലങ്കാരമല്‍സ്യങ്ങള്‍ എന്നിവയുടെ പ്രജനനവും വില്‍പനയും തന്നെയാണ്. ലാഭകരമായ പെറ്റ് സംരംഭങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് ഇവ.

 

ഓണ്‍ലൈന്‍ പെറ്റ് വിപണി

പെറ്റ് വിപണിയുടെ സാധ്യതകള്‍ ഏറ്റവും നന്നായി വിനിയോഗിക്കുന്നത് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയാണ്. വില്‍പ്പനക്കായുള്ള നായ്ക്കളുടെയും പൂച്ചകളുടെയും ചിത്രങ്ങളും വിവരങ്ങളും വിലയും മറ്റും ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നു. ഇത്തരം പരസ്യങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട് എത്തുന്ന ആളുകള്‍ വില പറഞ്ഞുറപ്പിച്ച് മൃഗങ്ങളെ വാങ്ങുന്നു. ബാംഗ്ലൂര്‍ നിന്നുള്ള നായ്ക്കള്‍ കൊച്ചിയിലും ചെന്നൈയിലിരുന്നുമൊക്കെ എത്തുന്നത് ഇങ്ങനെയാണ്. ഇന്ന് വാഹനം വാങ്ങുന്നത് പോലെ തന്നെയാണ് വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നതും. മുതിര്‍ന്ന ഇനം നായ്ക്കള്‍ക്ക് ലൈസന്‍സ് ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അനിവാര്യമാണ്. ഓണലൈനുകള്‍ വഴി മൃഗങ്ങളെ വാങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം ഒറിജിനല്‍ ബ്രീഡുകളെ ലഭിക്കാതെ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ലിന്‍ക്ടിന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ പെറ്റ്സ് വിപണി കരുത്താര്‍ജ്ജിച്ചു വരികയാണ്. ഓണ്‍ലൈനിലൂടെ വിപണനം, വെറ്ററിനറി ഡോക്ടര്‍മാരുമായുള്ള കണ്‍സല്‍ട്ടന്‍സി, ശാസ്ത്രീയ ഭക്ഷണക്രമം, പരിചരണം, പരിശീലനം, രോഗനിയന്ത്രണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നു.

 

www.indiapetstore.com, urbanprat.com, petluxury.com, dogspot.in, petshop18.com, pettrends.com എന്നിവ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പെറ്റ് ഷോപ്പുകളാണ്.ഇവയില്‍ ഭൂരിഭാഗവും ഉല്‍പന്നങ്ങള്‍ സ്വന്തം ചിലവിലാണ് കൊറിയര്‍ വഴി എത്തിയ്ക്കുന്നത് എന്നതും ഇത്തരം ഷോപ്പുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

 

ആക്സസറീസ് ഷോപ്പുകള്‍

മനുഷ്യര്‍ എങ്ങനെ അണിഞ്ഞൊരുങ്ങി നടക്കുന്നുവോ അത് പോലെ തന്നെയാണ് ഇന്ന് വളര്‍ത്തു മൃഗങ്ങളുടെ കാര്യവും. മുന്തിയ ഇനം ബ്രീഡുകളെ അവക്ക് ഇണങ്ങുന്ന രീതിയില്‍ തന്നെ കൊണ്ട് നടക്കാന്‍ ഉടമസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ് നായ്ക്കള്‍, പൂച്ചകള്‍ മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എന്നിവക്കായുള്ള കൂടുകള്‍, ഭക്ഷണം, ബെല്‍റ്റുകള്‍, ബ്രഷുകള്‍ എന്നിവക്കുള്ള വിപണി വര്‍ദ്ധിച്ചു വരുന്നതും. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇത്തരം പെറ്റ് ഷോപ്പുകള്‍ സജീവമാണ്. ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഉത്പന്ന വൈവിധ്യം കൂടുതലാണ് എന്നതിനാല്‍ ധാരാളം ആളുകള്‍ ഓണ്‍ലൈന്‍ വിപണിയെയാണ് ആശ്രയിക്കുന്നത്. ഓണ്‍ലൈനിലൂടെ ഓമനമൃഗങ്ങളുടെ വിപണനം, വെറ്ററിനറി ഡോക്ടര്‍മാരുമായുള്ള കണ്‍സല്‍ട്ടന്‍സി, ശാസ്ത്രീയ ഭക്ഷണക്രമം, പരിചരണം, പരിശീലനം, രോഗനിയന്ത്രണം, തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വരുന്നു.

 


പെറ്റ് ഫുഡ്

റെഡിമെയ്ഡ് പെറ്റ് ഫുഡ് വിപണിയില്‍ ജൈവ, പ്രകൃത്യാ ഉള്ള പെറ്റ് ഭക്ഷണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഈ രംഗത്ത് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 17 ശതമാനത്തിലധികമാണ്. ഹില്‍സിന്റെ സയന്‍സ് ഡയറ്റ്, നെസ്ലേയുടെ പുരിന, വാള്‍മാര്‍ട്ടിന്റെ അള്‍ട്രാ പ്രീമിയം തീറ്റ എന്നിവ പൂര്‍ണമായും ഓര്‍ഗാനിക്ക് ഉത്പന്നങ്ങളാണെന്നാണ് അവകാശവാദം. ജൈവതീറ്റകള്‍ക്ക് ആഗോളതലത്തില്‍ തന്നെ പ്രസക്തിയേറി വരുന്നു. പെറ്റ് ഫുഡ്സിന്റെ ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലാണ് ഇതിനു കാരണം.

 

ഇന്‍ഷ്വറന്‍സ് പരിരക്ഷ

വാഹനങ്ങളും വീടും അങ്ങനെ മനുഷ്യന് പ്രിയപ്പെട്ട വസ്തുക്കള്‍ എല്ലാം ഇന്‍ഷ്വര്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്. അത് പോലെ തന്നെയാണ് ഇപ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷുര്‍ ചെയ്യുന്നതും. ചെലവിടുന്ന തുകയില്‍ 4ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ഇത് മനസിലാക്കിയാണ് ഇന്‍ഷ്വറന്‍സ് കമ്പനിക്കാരും രംഗത്തിറങ്ങിയിരിക്കുന്നത്. പെറ്റ് ഇന്‍ഷ്വറന്‍സ് രംഗത്ത് 12 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി മൃഗങ്ങളെ വാങ്ങുന്നവര്‍ അവയെ ഇന്‍ഷ്വര്‍ ചെയ്ത് വളര്‍ത്തുന്നതാണ് ഉചിതം. ഇന്‍ഷ്വറന്‍സ് തുക കൊണ്ട് നഷ്ടപ്പെട്ട ജീവന്‍ പകരം വയ്ക്കാന്‍ കഴിയില്ലെങ്കിലും ധാരാളം മൃഗങ്ങളെ വളര്‍ത്തുന്ന ബ്രീഡര്‍മാരും മറ്റും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നു.

 

പെറ്റ് ഹോസ്പിറ്റല്‍

ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലെ തന്നെ ഏറെ സാധ്യതയുള്ളതാണ് പെറ്റ് ഹോസ്പിറ്റലുകള്‍. കാര്‍ഡിയോളജി, ന്യൂറോളജി, ഓന്‍കോളജി, ഒഫ്താല്‍മോളജി തുടങ്ങി പെറ്റ്സ് ചികിത്സാ രംഗത്ത് നിരവധി സ്പെഷ്യലൈസേഷനുകള്‍ നിലവിലുണ്ട്. ഓമന മൃഗത്തിന് ആപത്തുകള്‍ ഒന്നും സംഭവിക്കരുതെന്നു കരുതി നല്ലൊരു തുക തന്നെ ആരോഗ്യ പരിരക്ഷക്കായി മുടക്കാന്‍ ഉടമകള്‍ ഇന്ന് തയ്യാറാകുന്നു. അതിനാല്‍ തന്നെ മൃഗാശുപത്രികളുടെ സാധ്യതയും വര്‍ധിച്ചു വരുന്നു. കൃത്യസമയത്തുള്ള വാക്സിനേഷനുകള്‍ ഇന്‍ജക്ഷനുകള്‍ തുടങ്ങി ആരോഗ്യ സംരക്ഷണത്തിനായി ഒരു നല്ല തുക തന്നെ മാറ്റി വച്ചിരിക്കുന്നു. അതിനാല്‍ തന്നെ നായ്ക്കളും, പൂച്ചകളും, ഓമനപ്പക്ഷികളും അടക്കിവാഴുന്ന പെറ്റ്സ് ലോകത്തിനായി സൂപ്പര്‍ സ്പെഷാലിറ്റി ഹോസപിറ്റലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഗ്രൂമിംഗ് സെന്ററുകള്‍, ഡേ കെയറുകള്‍, ബോര്‍ഡിംഗുകള്‍ തുടങ്ങിയവ കേരളത്തിലും സജീവമായിരിക്കുന്നു.കേവലം പട്ടി വില്‍പ്പന നടത്തുന്ന കെന്നലുകള്‍ ഇന്ന് വെല്‍നെസ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

 

ബെല്‍റ്റ് മുതല്‍ കൂടുവരെ എന്തും തയ്യാര്‍

നായ്ക്കള്‍ക്കുള്ള കൂടിന്റെ സ്ഥാനം വീട്ടുമുറ്റത്തു നിന്ന് വീടിനുള്ളിലേക്ക് മാറ്റപ്പെടുന്നതോടെ റെഡിമെയ്ഡ് കൂടുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയായി. വിവിധ തരത്തിലുള്ള ബെല്‍റ്റുകള്‍ , റോപ്പുകള്‍, റെഡിമേഡ് കൂടുകള്‍, ബ്ലാങ്കെറ്റുകള്‍, കുളിപ്പിക്കാനുള്ള സോപ്പ്, ഷാംപൂ, മറ്റ് വസ്തുക്കള്‍ തുടങ്ങി രണ്ടായിരത്തില്‍ തുടങ്ങി ഗുണമേന്മയനുസരിച്ച് പതിനയ്യായിരം വരെ വിലവരുന്ന വസ്തുകകള്‍ വിപണിയില്‍ ലഭ്യമാണ്.