By sisira.14 Jan, 2021
ബിഹാറില്‍ സഖ്യം ഉണ്ടെങ്കിലും നിതീഷ് ക്യാമ്പില്‍ നിന്നുയരുന്ന എതിര്‍സ്വരങ്ങള്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നിതീഷ് കുമാര്‍ എന്ന ശത്രുവിനെ ഒപ്പം നിര്‍ത്തികൊണ്ട് തന്നെ ബിഹാറില്‍ കളം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്.
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ട് പോലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നല്‍കിയതിന് പിന്നില്‍ ബിജെപിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. എങ്കിലും സംസ്ഥാനത്ത് കാര്യങ്ങള്‍ അത്ര കണ്ട് ശുഭകരമല്ലെന്നതാണ് പുറത്തുവരുന്ന വിവരം.
ജെഡിയു ക്യാമ്പില്‍ തന്നെ ബിജെപി സഖ്യത്തെ എതിര്ക്കുന്നവരുണ്ടെന്നത് നേതൃത്വത്തിന് വെല്ലുവിളിയാണ്. മാത്രമല്ല അരുണാചലില്‍ ഏഴ് എംഎല്‍എമാരുണ്ടായിരുന്ന ജെഡിയുവിനെ പിളര്‍ത്തി ആറ് പേരെ ബിജെപിയിലേയ്ക്കെടുത്തതും നിതീഷ് ക്യാമ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഈ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കെ മറ്റൊരു സംസ്ഥാനത്തും എതിര്‍സ്വരങ്ങള്‍ ഉയരുന്നത് ബിജെപി ദേശീയ നേതൃത്വത്തിന് വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. രാജസ്ഥാന് ബിജെപിയിലാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി വസുന്ധര രാജെ പക്ഷം രംഗത്തെത്തിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. രാജസ്ഥാനില്‍ ബിജെപിയിലെ പടലപിടക്കങ്ങള്ക്കു ആക്കം കൂട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയയെ അനുകൂലിക്കുന്നവരുടെ സംഘടനയ്ക്കു രൂപം നല്‍കിയിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായികള്‍ ഇത്തരമൊരു സംഘടനയുമായി രംഗത്തിറങ്ങിയതിന്റെ പിന്നാലെയാണു പൂനിയ പക്ഷക്കാര്‍ സതീഷ് പൂനിയ സമര്‍ധക് മോര്‍ച്ച എന്ന പേരില്‍ രംഗത്തിറങ്ങിയത്.
എന്നാല്‍ ഇതു സമൂഹമാദ്ധ്യമ വികൃതികളാണെന്നും ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വിശദമാക്കി സതീഷ് പൂനിയ സംഘടനയെ തള്ളിപ്പറഞ്ഞു.
2023ല്‍ വസുന്ധര രാജെ മുഖ്യമന്ത്രിയാകണമെന്ന മുദ്രാവാക്യം ഉയര്‍ത്തി അനുയായികള്‍ വസുന്ധര രാജെ സമര്‍ഥക് മഞ്ച് രാജസ്ഥാന് (വിആര്എസ്എംആര്) എന്ന സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു.
സംസ്ഥാന ഘടകവുമായി ഒരുമിച്ചുപോകാത്ത വസുന്ധരരാജെയെ ഒതുക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നീക്കം തുടങ്ങിയതിന് പിന്നാലെയാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
വസുന്ധരരാജെ ഒഴിച്ചുള്ള രാജസ്ഥാനിലെ പ്രധാന നേതാക്കളുമായി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നഡ്ഡ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ഛന്ദ് കട്ടാരിയ, മുന്‍ കേന്ദ്രമന്ത്രി രാജേന്ദ്ര റാത്തോഡ് എന്നിവരൊക്കെ പങ്കെടുക്കുന്ന യോഗത്തിലേക്കാണു വസുന്ധരയ്ക്കു ക്ഷണമില്ലാതിരുന്നത്. വസുന്ധരരാജെയെ നാടുകടത്താനുള്ള വഴികളാണ് ചര്‍ച്ചയായതെന്നാണ് സൂചന.
ഗവര്‍ണറായി മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാനാണ് ആലോചന. വസുന്ധരയോട് ആര്‍എസ്എസ് നേതൃത്വത്തിനും മോദി-അമിത് ഷാ സഖ്യത്തിനുമുള്ള അതൃപ്തി മുന്‍പേ വ്യക്തമാണ്. ദേശീയ വൈസ് പ്രസിഡന്റായ വസുന്ധര രാജെയ്ക്ക് സംസ്ഥാനത്ത് ചുമതല ഒന്നുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷമാണ് അവരെ സംസ്ഥാന ചുമതലകളില്‍നിന്നെല്ലാം ഒഴിവാക്കുന്നത്.
എന്നാല്‍ രാജസ്ഥാന് വിടില്ലെന്ന നിലപാടിലാണ് വസുന്ധര. അതേസമയം, അവര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് വിആര്എസ്എംആര് സംസ്ഥാന പ്രസിഡന്റ് അഡ്വ.വിജയ്ഭരദ്വാജ് അവകാശപ്പെടുന്നു.
25 ഓളം ജില്ലകളില്‍ വസുന്ധര രാജെയുടെ പുതിയ സംഘടനയ്ക്ക് സ്വാധീനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ബിജെപിക്ക് ഗുണകരമാകില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അടുത്ത വര്‍ഷത്തോടെ വസുന്ധരയ്ക്കു പകരം നേതൃത്വത്തെ സംസ്ഥാനത്തു കണ്ടെത്തുകയാണു ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം.
പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ഏറെ താല്പര്യമുള്ള കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ആണ് കേന്ദ്ര നേതൃത്വത്തിന്റെ മനസിലെന്നാണ് സൂചന. അദ്ദേഹത്തെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി ബംഗാളില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ഒരുക്കങ്ങളുടെ ചുമതലയും അദ്ദേഹത്തിനാണു നല്‍കിയിരിക്കുന്നത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തെയാണു കേന്ദ്രനേതൃത്വം കണ്ടുവച്ചിരുന്നത്.
എന്നാല്‍ വസുന്ധര രാജെയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാനത്തു പാര്‍ട്ടിയെ നയിക്കാന്‍ മറ്റു ചില നേതാക്കളെയും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
അതിനിടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ പ്രതാപ് സിങ് സിഗ്വിയും രാജെയ്ക്കായി പരസ്യമായി രംഗത്തിറങ്ങി. രാജസ്ഥാനില്‍ ബിജെപിയുടെ ഏറ്റവും പരിചിതമായ മുഖമാണ് രാജയുടേതെന്നും അവരെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടി രംഗത്തിറങ്ങിയാലാണു പാര്‍ട്ടിക്കു വിജയസാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഘടനാ കാര്യങ്ങളും വസുന്ധര രാജെയോടുകൂടി ആലോചിച്ചു മാത്രം ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വസുന്ധര വിമതയായി നില്‍ക്കുന്നത് ബിജെപിക്ക് ഗുണമാകില്ലെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയും ബിഹാറില്‍ ജെഡിയുവിന്റെ വിഭാഗീയത വിള്ളലുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ പെട്ടൊന്നൊരു നീക്കത്തിന് നേതൃത്വം മുതിരില്ല.
വസുന്ധരെയും ഒപ്പം നിര്‍ത്തികൊണ്ട് ഭരണം പിടിച്ചെടുക്കാനായിരിക്കും
ബിജെപിയുടെ ശ്രമം. രാജസ്ഥാനില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ അത് മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്.
ബിജെപി നേതൃത്വം ഏറെ വാശിയോടെ കാണുന്ന മറ്റൊരു തിരഞ്ഞെടുപ്പാണ് ബംഗാളില്‍ നടക്കാനിരിക്കുന്നത്. ഇത്തവണ ഭരണം പിടിക്കുക തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.
പത്ത് വര്‍മായി അധികാരത്തില്‍ തുടരുന്ന തൃണമൂലിനെയും മമത ബാനര്‍ജിയെയും പുറന്തള്ളാനുള്ള തീവ്രശ്രമത്തിലാണ് ഇത്തവണ ബിജെപി. സംഘപരിവാറിന് ഒരു കാലത്തും മേല്‍ക്കോയ്മ നേടാന്‍ സാധിച്ചിട്ടില്ലാത്ത ബംഗാളില്‍ ഇത്തവണ അധികാരത്തിലെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.