Monday 25 October 2021
മുരളികയാണെന്റെ ജന്മം

By Web Desk.20 Jun, 2021

imran-azhar

 

രവി മേനോന്‍


യുവകവി, വയലും വീടും പരിപാടിയുടെ പുതിയ സബ് എഡിറ്റര്‍, എഴുതിക്കൊണ്ടുവന്ന പാട്ടുകളിലൂടെ കണ്ണോടിച്ച ശേഷം സംഗീതസംവിധായകന്‍ പി കെ കേശവന്‍ നമ്പൂതിരി പറഞ്ഞു: പാട്ടുകള്‍ അസ്സലായി. പക്ഷേ ഒരു കുറവുണ്ട്. തുടക്കത്തിലൊരു ഗണപതിസ്തുതി കൂടി വേണം. നിങ്ങളുടെ ആദ്യ ഗാനസമാഹാരമല്ലേ? വിഘ്‌നങ്ങള്‍ ഉണ്ടായിക്കൂടല്ലോ...'' പിന്നെ സംശയിച്ചില്ല രമേശന്‍ നായര്‍. പേനയും കടലാസും മുന്നിലെത്തേണ്ട താമസമേ ഉണ്ടായുള്ളൂ. നിമിഷങ്ങള്‍ക്കകം ഗണേശ സ്തുതി തയ്യാര്‍. അന്നെഴുതിയ ഗാനം മലയാള ഭക്തിഗാന ചരിത്രത്തിന്റെ ഭാഗമാണിന്ന്: വിഘ്നേശ്വരാ ജന്മനാളികേരം മുന്നില്‍ തൃക്കാല്‍ക്കല്‍ ഉടയ്ക്കുവാന്‍ വന്നു...'' മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഭക്തിഗാന ആല്‍ബങ്ങളിലൊന്നായ പുഷ്പാഞ്ജലി (1981) യിലെ സ്വാഗതഗീതം.''

 

വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, കൂടുംപിണികളെ, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിന്‍കര വാഴും, നീലമേഘം ഒരു പീലിക്കണ്ണ്, പാറമേക്കാവില്‍ കുടികൊള്ളും, തുയിലുണരുക തുയിലുണരുക... പുഷ്പാഞ്ജലി''യിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക? ഭക്തിസാഗരം തന്നെ ഉള്ളിലൊതുക്കി ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍. ജാതിമത ഭേദമന്യേ കേരളീയര്‍ ഏറ്റെടുത്ത പാട്ടുകളായിരുന്നു അവ. തൊട്ടുപിന്നാലെ ഭക്തിഗാനങ്ങളിലെ വിജയകഥ ആവര്‍ത്തിച്ചുകൊണ്ട് വനമാലയും മയില്‍പ്പീലിയും. കേശവന്‍ നമ്പൂതിരി തന്നെയായിരുന്നു വനമാലയുടെ സംഗീതശില്പി. മയില്‍പ്പീലിയുടേത് ജയനും (ജയവിജയ).വനമാലയിലെ ഏറെ പ്രിയപ്പെട്ട ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം'' എന്ന ഗാനത്തെ കുറിച്ചുള്ള ഈ കുറിപ്പ് രമേശന്‍ നായരെ ഓര്‍ത്തുകൊണ്ട് ഒരിക്കല്‍ കൂടി പങ്കുവെക്കുന്നു.മരണത്തിലേക്ക് നേര്‍ത്തൊരു നൂല്‍പ്പാലത്തിന്റെ ദൂരം മാത്രം. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നിയ ആ സന്ദിഗ്ദ്ധ ഘട്ടത്തിലും ദൈവത്തെ വിളിച്ചു കേണില്ല അവന്‍. നിശബ്ദമായെങ്കിലും ദൈവനാമം ഉരുവിട്ടുമില്ല. പകരം ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന നഴ്സിനോട് ഒരാഗ്രഹം പങ്കുവെയ്ക്കുക മാത്രം ചെയ്തു: വനമാല എന്ന കാസറ്റിലെ ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം'' എന്ന പാട്ടൊന്ന് കേള്‍പ്പിച്ചുതരണം.

 

ഹെഡ് ഫോണില്‍ നഴ്സ് കേള്‍പ്പിച്ച ആ ഗാനമാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് സമ്മതിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല എന്റെ സുഹൃത്തിനുള്ളിലെ ഉറച്ച യുക്തിവാദിയുടെ മനസ്സ്. എങ്കിലും യേശുദാസ് പാടിയ ആ ഗാനത്തിനും അതിന്റെ ശില്പികളായ എസ് രമേശന്‍ നായര്‍ക്കും പി കെ കേശവന്‍ നമ്പൂതിരിക്കും നന്ദി പറയാന്‍ മറക്കുന്നില്ല അവന്‍. എല്ലാം നഷ്ടപ്പെട്ടുവെന്നുറച്ച ആ ഘട്ടത്തില്‍ വനമാലയിലെ ആ പാട്ട് എനിക്ക് പകര്‍ന്നു തന്ന ഊര്‍ജ്ജം, ആത്മവിശ്വാസം എത്ര വലുതായിരുന്നു എന്ന് വിവരിക്കുക വയ്യ. ഗുരുവായൂരമ്പലത്തില്‍ ഇന്നുവരെ പോയിട്ടില്ല ഞാന്‍. പോകാന്‍ ആഗ്രഹിച്ചിട്ടുമില്ല. പക്ഷേ ആ പാട്ട് കേള്‍ക്കുമ്പോഴെല്ലാം എന്റെ സങ്കല്‍പ്പങ്ങളില്‍ ഒരു ഗുരുവായൂര്‍ തെളിഞ്ഞുവരാറുണ്ട്. മനുഷ്യ സ്‌നേഹത്തിന്റെ, നന്മയുടെ ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന ഒരു ഗുരുവായൂര്‍. ചിലപ്പോള്‍ സംഗീതത്തിന്റെ ജാലവിദ്യയാകാം..''ആ ജാലവിദ്യ''ക്ക് മുന്നില്‍ ഭക്തിപരവശരായി കൈകൂപ്പുന്നവരെ ദിനം പ്രതിയെന്നോണം കണ്ടുമുട്ടാറുണ്ട് ഇന്നും കേശവന്‍ നമ്പൂതിരി. മലയാളത്തിലെ ഭക്തിഗാന ആല്‍ബങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച കാസറ്റുകളായിരുന്നു സംഗീത കാസറ്റ്‌സ് പുറത്തിറക്കിയ പുഷ്പാഞ്ജലിയും (1981) തരംഗിണിയുടെ വനമാലയും (1983). ആദ്യത്തേതില്‍ ജയചന്ദ്രനായിരുന്നു ഗായകനെങ്കില്‍, രണ്ടാമത്തേതില്‍ യേശുദാസ്. രമേശന്‍ നായരും കേശവന്‍ നമ്പൂതിരിയുമാണ് ഗാനശില്‍പ്പികള്‍. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ ചലച്ചിത്രേതര ആല്‍ബങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട് രണ്ടും. കോംപാക്റ്റ് ഡിസ്‌ക്കിന്റെയും എം പി ത്രീയുടേയും പെന്‍ ഡ്രൈവിന്റെയും ഒക്കെ യുഗങ്ങള്‍ പിന്നിട്ട് പാട്ടുകള്‍ വിരല്‍ത്തുമ്പില്‍ വന്നു കാത്തുനില്‍ക്കുന്ന ഈ കാലത്തും പുഷ്പാഞ്ജലിയും വനമാലയും സൂപ്പര്‍ ഹിറ്റുകളായിത്തന്നെ നിലനില്‍ക്കുന്നു

 

രണ്ട് ആല്‍ബങ്ങളിലെയും പാട്ടുകളെ ഹൃദയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ ഇന്നും കണ്ടുമുട്ടാറുണ്ട്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ അതിജീവിക്കാന്‍ സഹായിച്ചത് ആ ഗാനങ്ങളാണെന്ന് പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷവും സംതൃപ്തിയും തോന്നും.' കേശവന്‍ നമ്പൂതിരി. കറകളഞ്ഞ ഭക്തിയെപ്പോലെ ഈശ്വര സാക്ഷാല്‍ക്കാരത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നുതന്നെയാണല്ലോ സംഗീതവും.''

 

പുഷ്പാഞ്ജലിയുടെ തുടര്‍ച്ച തന്നെയാണ് ഒരര്‍ത്ഥത്തില്‍ വനമാല. വിഘ്‌നേശ്വരാ ജന്മ നാളികേരം, വടക്കുംനാഥന് സുപ്രഭാതം പാടും, ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം, കൂടുംപിണികളെ, മൂകാംബികേ ഹൃദയ താളാഞ്ജലി, അമ്പാടി തന്നിലൊരുണ്ണി, നെയ്യാറ്റിന്‍കര വാഴും, നീലമേഘം ഒരു പീലിക്കണ്ണ്, പാറമേക്കാവില്‍ കുടികൊള്ളും, തുയിലുണരുക തുയിലുണരുക... പുഷ്പാഞ്ജലിയിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക? ആത്മവിസ്മൃതിയുടെ തലത്തിലേക്കുയര്‍ന്ന് ജയചന്ദ്രന്‍ ആലപിച്ച ഗാനങ്ങള്‍. ജാതിമത ഭേദമന്യേ കേരളീയര്‍ ഏറ്റെടുത്ത പാട്ടുകളായിരുന്നു അവ. അതേ കൂട്ടുകെട്ടിനെ വെച്ച് രണ്ടാമതൊരു ആല്‍ബം കൂടി പുറത്തിറക്കി വിജയകഥ ആവര്‍ത്തിക്കാന്‍ സംഗീത കാസറ്റ്‌സ് ആലോചിച്ചുപോയത് സ്വാഭാവികം. പക്ഷേ വിധിനിശ്ചയം മറ്റൊന്നായിരുന്നു.

 

തൃശൂര്‍ ആകാശവാണി നിലയത്തിലെ ഡ്യൂട്ടി റൂമിലേക്ക് 1980 കളുടെ തുടക്കത്തിലൊരു നാള്‍ നിനച്ചിരിക്കാതെ വന്ന ഒരു ഫോണ്‍കോളില്‍ നിന്ന് തുടങ്ങുന്നു ഭഭവനമാല''യുടെ ചരിത്രം. ഫോണെടുത്ത പ്യൂണ്‍ ഓടിക്കിതച്ചെത്തി കേശവന്‍ നമ്പൂതിരിയോട് പറഞ്ഞു: ഭഭതിരുമേനീ, യേശുദാസ് വിളിക്കുന്നു. സാക്ഷാല്‍ യേശുദാസ്.'' അത്ഭുതം തോന്നി നമ്പൂതിരിക്ക്. ചെന്നൈയില്‍ ഡോ ബാലമുരളീകൃഷ്ണയുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന കാലം തൊട്ടേ യേശുദാസിനെ അറിയാം. അന്ന് സിനിമയില്‍ തുടക്കകാരനാണ് ദാസ്. എങ്കിലും നാട്ടില്‍ തിരിച്ചെത്തിയ ശേഷം അപൂര്‍വമായേ തമ്മില്‍ ബന്ധപ്പെടേണ്ടി വന്നിട്ടുള്ളൂ. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായിരുന്നു ആ ഫോണ്‍കോള്‍. എന്തായിരിക്കാം ഈ വിളിക്ക് പിന്നില്‍?

 

ചുരുങ്ങിയ വാക്കുകളില്‍ വിഷയം അവതരിപ്പിച്ചു യേശുദാസ്. ഭഭതിരുമേനി ഇയ്യിടെ ജയന് വേണ്ടി ചെയ്ത പുഷ്പാഞ്ജലി എന്ന കാസറ്റ് കേട്ടു. വളരെ നല്ല പാട്ടുകള്‍. എനിക്കും അതുപോലൊരു ആല്‍ബം ചെയ്തുതരണം. ഒരു ആഗ്രഹമാണ്. എതിര്‍ത്തൊന്നും പറയരുത്.'' അപ്രതീക്ഷിതമായിരുന്നു ആ അഭ്യര്‍ത്ഥന എന്ന് നമ്പൂതിരി. ഭഭവിനയപൂര്‍വം ഒഴിഞ്ഞുമാറാനാണ് ആദ്യം ശ്രമിച്ചത്. ആകാശവാണിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ പുറത്ത് പ്രവര്‍ത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. പ്രധാനമായും സമയത്തിന്റെ പ്രശ്നം തന്നെ. വാരാന്ത്യങ്ങളില്‍ മാത്രമേ ഔദ്യോഗിക ചമതലകളില്‍ നിന്ന് ഒഴിവ് കിട്ടൂ. യേശുദാസിനെ പോലെ സമയത്തിന് പൊന്നും വിലയുള്ള ഒരു ഗായകനോട് എന്റെ സമയത്തിന് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ പറയുന്നത് അധികപ്രസംഗമല്ലേ? ദാസിന് വേണ്ടി പാട്ട് ചെയ്യാന്‍ സന്തോഷമേ ഉള്ളുവെങ്കിലും ഈ അവസ്ഥയില്‍ എന്നെ ഒഴിവാക്കുകയാകും പ്രായോഗികം എന്ന് അദ്ദേഹത്തെ ധരിപ്പിക്കാന്‍ ശ്രമിച്ചു ഞാന്‍..''

 

പക്ഷേ യേശുദാസുണ്ടോ പിന്മാറുന്നു. ഭഭഅതൊന്നും പറഞ്ഞാല്‍ ശരിയാവില്ല.''- അദ്ദേഹം പറഞ്ഞു. ഭഭനമുക്കൊന്ന് നേരില്‍ കാണണം. ഞാന്‍ ഉടന്‍ കൊച്ചിയില്‍ വരുന്നുണ്ട്. അവിടെ വെച്ച് കണ്ടിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം..'' അടുത്തൊരു ദിവസം ഗാനമേളക്കായി യേശുദാസ് കൊച്ചിയിലെത്തുന്നു. ഒപ്പം പാടിയത് സുജാത. ആ രാത്രി തന്നെ സുജാതയുടെ വീട്ടില്‍ ദാസിനെ ചെന്നു കാണുന്നു കേശവന്‍ നമ്പൂതിരി. എല്ലാം തീരുമാനിച്ചുറച്ച പോലെയായിരുന്നു യേശുദാസിന്റെ സംസാരം. ഭഭസംഗീത കാസറ്റ്‌സുമായി എന്തോ പ്രശ്‌നമുണ്ടെന്ന് കേട്ടു. വിഷമിക്കേണ്ട. നിങ്ങളുടെ അടുത്ത ആല്‍ബം തരംഗിണി ഇറക്കും. പാട്ടുകള്‍ റെഡിയാക്കിക്കൊള്ളൂ. താങ്കളുടെ സൗകര്യം കൂടി നോക്കി ഉടന്‍ റെക്കോര്‍ഡ് ചെയ്യണം. എന്നിട്ടു വേണം എനിക്ക് വിദേശയാത്രക്ക് പോകാന്‍..'' മറുത്തു പറയാന്‍ തോന്നിയില്ലെന്ന് നമ്പൂതിരി.

 

ഇവിടെ ഒരു കൗതുകം കൂടി. ജയചന്ദ്രനെ മനസ്സില്‍ കണ്ട് കേശവന്‍ നമ്പൂതിരി ചിട്ടപ്പെടുത്തിയതായിരുന്നു വനമാലയിലെ ഗാനങ്ങള്‍. ഭഭപുഷ്പാഞ്ജലി'' യുടെ അഭൂതപൂര്‍വമായ വിജയത്തിനു പിന്നാലെ സംഗീതയുടെ തന്നെ ലേബലില്‍ ഗുരുവായൂരപ്പ ഭക്തിഗാനങ്ങളുടെ ഒരു സമാഹാരം പുറത്തിറക്കാനായിരുന്നു ആലോചന. അതിനു വേണ്ടി എഴുതി ചിട്ടപ്പെടുത്തിയതാണ് വനമാലയിലെ ഗാനങ്ങള്‍. ഷൊര്‍ണ്ണൂര്‍ റോഡില്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഇരുന്ന് ആ ഗാനങ്ങള്‍ ഒരുക്കുമ്പോള്‍ രമേശന്‍ നായരും ജയചന്ദ്രനും ഉണ്ടായിരുന്നു ഒപ്പം. ജയന്‍ പാടേണ്ട പാട്ടുകളായിരുന്നല്ലോ. എന്തു ചെയ്യാം, ജയന് അതിനുള്ള യോഗമില്ലാതെ പോയി. ഈശ്വര നിശ്ചയമാകാം..'' -- കേശവന്‍ നമ്പൂതിരി.

 

കരാര്‍ ലംഘനത്തിന്റെ പേരില്‍ ഗാനരചയിതാവായ രമേശന്‍ നായര്‍ ആയിടെ സംഗീത കാസറ്റ്സിനെതിരെ കോടതിയെ സമീപിച്ചതാണ് പദ്ധതികള്‍ ആകെ മാറ്റിമറിച്ചത്. കമ്പനിക്ക് അതോടെ വനമാലയില്‍ താല്‍പ്പര്യം ഇല്ലാതായി. ആ ഘട്ടത്തിലായിരുന്നു യേശുദാസിന്റെ അപ്രതീക്ഷിത രംഗപ്രവേശം. യേശുദാസ് തന്റെ ഗാനങ്ങള്‍ പാടുന്നതില്‍ രമേശന്‍ നായര്‍ക്കും സന്തോഷം. ഭഭപാട്ടുകള്‍ എല്ലാം നേരത്തെ കംപോസ് ചെയ്തു വെച്ചതാണ്. അവയുടെ നൊട്ടേഷനുകള്‍ കൃത്യമായി ഒരു ഫയലില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു.'' - കേശവന്‍ നമ്പൂതിരി ഓര്‍ക്കുന്നു. ഭഭഇത്തരം കാര്യങ്ങളില്‍ ഗുരുതുല്യനായ രാഘവന്‍ മാഷാണ് എന്റെ മാര്‍ഗ്ഗദര്‍ശി. പാട്ടുകളുടെ വരികള്‍ വായിച്ചു നോക്കി അനുയോജ്യമായ രാഗം നിശ്ചയിച്ചു കഴിഞ്ഞാല്‍ ഉടന്‍ നൊട്ടേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ മറന്നുപോകും. വനമാലയിലെ പാട്ടുകള്‍ സ്വരപ്പെടുത്തിയ ശേഷം എന്റെ ശബ്ദത്തില്‍ തന്നെ അവയുടെ ട്രാക്കും എടുത്തുവെച്ചിരുന്നു. അതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.''

 

അടുത്തൊരു ദിവസം തന്നെ യേശുദാസിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് തരംഗിണിയില്‍ ചെല്ലുന്നു കേശവന്‍ നമ്പൂതിരി. രണ്ടു ദിവസമാണ് ആകെ കിട്ടിയ അവധി. അതിനകം പാട്ട് റെക്കോര്‍ഡ് ചെയ്തു തീര്‍ക്കണം. യേശുദാസ് ആകട്ടെ ചെന്നൈയിലും തിരുവനന്തപുരത്തും മുംബൈയിലുമൊക്കെയായി പറന്നുനടന്നു പാടുന്ന കാലവും. ശ്വാസം വിടാന്‍ പോലും സമയം കിട്ടാത്ത അവസ്ഥ. ആ തിരക്കിനിടയിലും വനമാലക്ക് വേണ്ടി രണ്ടു ദിവസം നീക്കിവെക്കാന്‍ തയ്യാറായി അദ്ദേഹം. ആദ്യ ദിവസം വൈകുന്നേരത്തോടെയാണ് റെക്കോര്‍ഡിംഗ് തുടങ്ങിയത്. അന്ന് ഒരൊറ്റ പാട്ടേ തീര്‍ക്കാന്‍ കഴിഞ്ഞുള്ളു. അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുണരുന്നൂ അഗ്രേപശ്യാമി... പാടിത്തീര്‍ന്നപ്പോഴേക്കും ക്ഷീണിതനായിരുന്നു യേശുദാസ്. ബാക്കി പാട്ടുകള്‍ നാളെ ചെയ്തു തീര്‍ക്കാം എന്നു പറഞ്ഞു യാത്രയായി അദ്ദേഹം.

 

ആശങ്ക ഒഴിഞ്ഞിരുന്നില്ല സംഗീത സംവിധായകന്റെ മനസ്സില്‍. പതിനൊന്ന് പാട്ടാണ് പാടാന്‍ ബാക്കിയുള്ളത്. വ്യത്യസ്ത ആശയങ്ങളും ശൈലികളും രാഗപഥങ്ങളും പിന്തുടരുന്ന ഗാനങ്ങള്‍. ഒരൊറ്റ ദിവസം കൊണ്ട് അവയെല്ലാം പാടി റെക്കോര്‍ഡ് ചെയ്തു തീര്‍ക്കാന്‍ പറ്റുമോ? ഇനിയെല്ലാം ഗുരുവായൂരപ്പന്റെ കയ്യില്‍ എന്ന് സ്വയം സമാധാനിച്ചു അദ്ദേഹം. ഭഭപക്ഷേ പിറ്റേന്ന് കാലത്ത് യേശുദാസ് സ്റ്റുഡിയോയില്‍ വന്നത് പതിവിലും ഊര്‍ജ്ജസ്വലനായാണ്. വഴിക്കുവഴിയായി ട്രാക്ക് കേട്ട് ഏകാഗ്രതയോടെ അദ്ദേഹം പാട്ടുകള്‍ പഠിച്ചെടുക്കുന്നതും പൂര്‍ണ്ണമായി മനസ്സര്‍പ്പിച്ചുകൊണ്ട് പാടി റെക്കോര്‍ഡ് ചെയ്യുന്നതും ഒരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ഒന്നും രണ്ടുമല്ല പതിനൊന്ന് പാട്ടുകള്‍. അവസാനത്തെ പാട്ടും റെക്കോര്‍ഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും രാത്രി പത്തര മണി. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് അന്ന് ഞങ്ങള്‍ സ്റ്റുഡിയോ വിട്ടത്.''

 

മെയ് മാസമാണ്. കടുത്ത ചൂടുള്ള കാലം. സ്റ്റുഡിയോയിലെ എ സിയിലും യേശുദാസ് വിയര്‍ത്തുകുളിക്കുന്നത് കാണാമായിരുന്നുവെന്ന് കേശവന്‍ നമ്പൂതിരി. ഓരോ പാട്ടും പടിക്കഴിഞ്ഞാല്‍ തലതോര്‍ത്തും ഗായകന്‍. പാടുന്ന പാട്ടിന്റെ പൂര്‍ണ്ണതക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ മടിയില്ലാത്ത യേശുദാസിനെ കണ്മുന്നില്‍ കാണുകയായിരുന്നു നമ്പൂതിരി. ആ അര്‍പ്പണബോധം വെറുതെയായില്ല. വനമാല പുറത്തിറങ്ങിയതും ജനങ്ങള്‍ ഹൃദയപൂര്‍വം ഏറ്റെടുത്തതും ഞൊടിയിടയില്‍. കേദാരം, മധ്യമാവതി, ശങ്കരാഭരണം, കല്യാണവസന്തം, പന്തുവരാളി, കമാസ്, ചക്രവാകം, തിലംഗ്, ചെഞ്ചുരുട്ടി, ശാമ, ധര്‍മ്മവതി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രാഗഭാവങ്ങള്‍ ഉള്‍ക്കൊണ്ട ഗാനങ്ങള്‍. ആകാശം നാഭീ നളിനം, കായാമ്പൂക്കളോടിടയും തിരുമെയ്, ഗുരുവായൂരൊരു മധുര എഴുതിയാല്‍ തീരാത്ത കവിത, അനേകമൂര്‍ത്തേ അനുപമകീര്‍ത്തേ, ആയിരം നാവുള്ളോരനന്തതേ, അഗ്രേപശ്യാമി സാക്ഷാല്‍ ഗുരുപവനപുരം, നിര്‍മ്മലമിഴികള്‍ ഗുരുവായൂരിലെ നിര്‍മ്മാല്യത്തിനുണര്‍ന്നു, ഭഗവാന്റെ ശ്രീപാദ ധൂളീകണം, അണ്ഡകടാഹങ്ങള്‍ ചിറകടിച്ചുണരുന്നൂ, വേദങ്ങള്‍ മീളാന്‍ മല്‍സ്യം, ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും, ധീരസമീരേ യമുനാതീരേ, ഗുരുവായൂര്‍ ഏകാദശി തൊഴുവാന്‍ പോകുമ്പോള്‍ ... സിനിമാഗാനങ്ങളെ പോലും ജനപ്രീതിയില്‍ നിഷ്പ്രഭമാക്കിയ അപൂര്‍വ്വസുന്ദര ഗാനങ്ങള്‍. നിര്‍മ്മലമായ കൃഷ്ണ ഭക്തിയില്‍ ചാലിച്ചെടുത്ത രമേശന്‍ നായരുടെ വരികളെ ഹൃദയം കൊണ്ട് തഴുകി ഒഴുകുകയായിരുന്നു കേശവന്‍ നമ്പൂതിരിയുടെ സംഗീതം.

 

ഇത്രയേറെ ജനപ്രിയവും കാലാതിവര്‍ത്തിയുമാകും ആ പാട്ടുകളെന്ന് സങ്കല്പിച്ചിരുന്നോ അവ ചിട്ടപ്പെടുത്തുമ്പോള്‍? മറുപടിയായി ഗുരുവായൂരൊരു മഥുര എന്ന ഗാനത്തില്‍ രമേശന്‍ നായര്‍ എഴുതിയ തനിക്കേറെ പ്രിയപ്പെട്ട വരികള്‍ മൂളുന്നു കേശവന്‍ നമ്പൂതിരി: ഭഭഞാനാ കവിതയെ ഉള്ളിലുണര്‍ത്തും ഗാനമാകുന്നു, അഷ്ടപദീ ഗാനമാകുന്നു, ഈ ഗാനം കേള്‍ക്കുമോ നാദബ്രഹ്‌മത്തിന്‍ തേരുതെളിക്കും ഭഗവാന്‍ ?''

 

സാക്ഷാല്‍ ശ്രീഗുരുവായൂരപ്പന്‍ അത് കേട്ടു എന്നതിന്റെ തെളിവല്ലേ ഈ ചോദ്യം പോലും? കേശവന്‍ നമ്പൂതിരി ചിരിക്കുന്നു.