Monday 21 August 2017

മഹാനഗരത്തില്‍ 45 ദിവസം അനിയത്തിയുടെ കൈ വിടാതെ ആറുവയസ്സുകാരന്‍

By Subha Lekshmi B R.23 Mar, 2017

imran-azhar

കണ്ണൂര്‍: കണ്ണുനനയാതെ ആര്‍ക്കും ആറു വയസ്സുകാരന്‍ ആര്യന്‍റെയും നാലു വയസ്സുകാരി അമൃതയുടെയും കഥ കേട്ടിരിക്കാനാവില്ല.അമ്മയെ കൊലപ്പെടുത്തിയ പ്രതി സാക്ഷികളായ ഈ കുരുന്നുകളെ മുംബയിലേക്കുളള ട്രെയിനില്‍ കയറ്റിവിടുകയായിരുന്നു. കൊലപാതകവിവരം വെളിയിലാകുകയുംപിടിയിലായ പ്രതി കുട്ടികളെ താന്‍ നാടുകടത്തിയതായി വെളിപ്പെടുത്തുകയും ചെയ്തതോടെ പൊലീസ് കുട്ടികള്‍ക്കായി തിരച്ചിലാരംഭിച്ചു. നാട്ടുകാരും വീട്ടുകാരും മാത്രമല്ല പൊലീസുകാരും
ആത്മാര്‍ത്ഥമായി ആ കുരുന്നുകള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവരെ കണ്ടെത്തി.

 

മഹാനഗരത്തില്‍ ചെന്നിറങ്ങിയ കുരുന്നുകള്‍ അഞ്ചുദിവസമാണ് അലഞ്ഞുതിരഞ്ഞത്. അപ്പോഴൊക്കെ കുഞ്ഞുപെങ്ങളെചേര്‍ത്തുപിടിച്ചു നടക്കുകയായിരുന്നു ആര്യന്‍. ഭിക്ഷാടന മാഫിയയുടെയും സാമൂഹികവിരുദ്ധരുടെയും കയ്യില്‍പ്പെടാതെ കുരുന്നുകള്‍ സുരക്ഷിത കരങ്ങളിലേക്കെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സംഭവം കേട്ടറിഞ്ഞവര്‍ക്കുമെല്ലാം കണ്ണുനിറഞ്ഞു...സന്തോഷം കൊണ്ട്. ആര്യന്‍റെയും അമൃതയുടെയും കഥ ചുവടെ:

 

ഇരിട്ടി പഴയപാലത്ത് കൊല്ളപ്പെട്ട നാടോടി യുവതി ശോഭയുടേയും കര്‍ണാടകയിലെ തുംകൂറില്‍ കാമുകന്‍ മഞ്ചുനാഥും ശോഭയും ചേര്‍ന്നു കൊലപ്പെടുത്തിയ ശോഭയുടെ ഭര്‍ത്താവ് രാജുവിന്‍റെയും മക്കളാണ് ഇരുവരും. കഴിഞ്ഞ ജനുവരി 21നാണ് ഇരിട്ടി പഴയപാലത്തെ ആളൊഴിഞ്ഞ പറന്പിലെ കിണറില്‍ ശോഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന കാമുകന്‍ മഞ്ചുനാഥ് ശോഭയെ കൊലപ്പെടുത്തിയശേഷം ആര്യനേനയും അമൃതയെയും കൂട്ടിബംഗളുരുവിലെത്തുകയും അവിടെ നിന്ന് മുംബൈ വഴി പോകുന്ന ട്രെയിനില്‍ കുട്ടികളെ കയറ്റിവിടുകയായിരുന്നു. മഞ്ചുനാഥിനെ പിന്നീട് പൊലീസ് പിടികൂടി .കോടതിയുടെ അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ശോഭയ്ക്കൊപ്പം ജീവിക്കാന്‍ ശോഭയുടെ കൂടി സഹായത്തോടെ ഭര്‍ത്താവ് രാജുവിനെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയും പിന്നീട് കര്‍ണാടക വനത്തിലിട്ട് കത്തിക്കുകയുമായിരുന്നുവെന്ന് തെളിഞ്ഞത്. 2015ലാണ് ഈ കൊലപാതകം.

 

കൊലപാതകത്തെ തുടര്‍ന്ന് ശോഭയും രണ്ട് മക്കളും മഞ്ചുനാഥിനൊപ്പം ആദ്യം വയനാടിലും പിന്നീട് ഇരിട്ടിയിലും താമസിച്ചുവരികയായിരുന്നു. ഇരിട്ടി പഴയ പാലത്ത് താമസിച്ചിരുന്ന ശോഭയും മഞ്ചുനാഥും രണ്ട് കുട്ടികളും ഭിക്ഷാടനത്തിലൂടെയാണ് ജീവിച്ചിരുന്നത്.ഭാര്യയും മക്കളുമുള്ള മഞ്ചുനാഥ് നാട്ടിലേക്ക് പോകാന്‍ ശ്രമം നടത്തിയെങ്കിലും തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞ് ശോഭ മഞ്ചുനാഥിനെ ഭീഷണിപ്പെടുത്തി. ഇതോടെ ശോഭയെ ഒഴിവാക്കാന്‍ മഞ്ജുനാഥ് തീരുമാനിച്ചു.

 

2017 ജനുവരി 20 നാട്ടിലേക്ക് ഫോണ്‍ വിളിക്കാനൊരുങ്ങിയ മഞ്ചുനാഥുമായി ശോഭ വഴക്കിട്ടു. രാത്രിയോടെ ശോഭയുടെ തലക്കടിച്ചും ശ്വാസം മുട്ടിച്ചും ബോധം കെടുത്തിയ ശേഷം തൊട്ടടുത്ത കിണറ്റിലിടുകയായിരുന്നു. ഈ സംഭവത്തിലെ ഏക ദൃക്സാക്ഷിയാണ് ആറുവയസുകാരന്‍ ആര്യന്‍. സംഭവത്തിന് ശേഷം രണ്ട് കുട്ടികളേയും കൂട്ടി മഞ്ചുനാഥ്
ഇരിട്ടി ടൌണിലൂടെ നടന്നുപോകുന്ന ദൃശ്യം ഇരിട്ടി പഴയ ബസ്റ്റാന്‍ഡില്‍ സ്ഥാപിച്ച സി. സി. ടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് മഞ്ചുനാഥിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതും മറ്റൊരു കൊലപാതകത്തിന്‍െറ ചുരുളഴിക്കുന്നതിലേക്കും അന്വേഷണം എത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതിയായ മഞ്ചുനാഥ്. അമ്മയുടെ കൊലപാതകത്തിന്‍െറ ഏക ദൃക്ക്സാക്ഷികൂടിയായ ആര്യനെയും സഹോദരിയേയും കണ്ടെത്താന്‍ ഇരിട്ടി പോലീസ് ഏറ്റെടുത്ത ദൌത്യം അധികം വൈകാതെ വിജയം കാണുകയായിരുന്നു.

 

മഹാനഗരത്തില്‍  45 ദിനങ്ങള്‍
ബംഗളുരുവില്‍ നിന്ന് ജനറല്‍ കംപാര്‍ട്ട് മെന്‍റില്‍ കയറ്റിവിട്ട കുട്ടികള്‍ സഹയാത്രികര്‍ നീട്ടിയ വെള്ളവും ആഹാരവും കഴിച്ചാണ് ഭിക്ഷാടന സംഘത്തില്‍ പെട്ട കുട്ടികളെന്നപോലെ മുംബൈയിലെത്തിയത്. മുംബൈയില്‍ അനാഥമായി അലക്ഷ്യമായി അലയുകയായിരുന്ന ആര്യനേയും കുഞ്ഞുപെങ്ങളെയുംകുര്‍ള റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുംബൈ ചേന്പൂര്‍ പൊലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ സുനിതാ ധോക്കറെ കണ്ടെത്തുകയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഫെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയായിരുന്നു. വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ഓഫീസിനടുത്തുള്ള ബാലമന്ദിരത്തില്‍ സംരക്ഷണത്തിനായി കുട്ടികളെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.

 

കുട്ടികളെ കണ്ടെത്താന്‍ ഇരിട്ടി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇന്ത്യയിലെന്പാടുമുള്ള റെയില്‍ വെ സ്റ്റേഷനുകളിലും പൊലീസ് സ്റ്റേഷനുകളിലും മറ്റു ജനത്തിരക്കേറിയ നഗരങ്ങളിലും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ മറ്റൊരു കേസന്വേഷണത്തിനായി മുംബൈ ചേന്പൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ കാലടി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ  പി. പി. ബിനുവിനോട് വനിതാ കോണ്‍സ്റ്റബിളായ സുനിതാ ധോക്കറെ കുട്ടികളേക്കുറിച്ച് പറയുകയും പിന്നീട് വിനു ഇരിട്ടി പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതാണ് കുട്ടികളെ കണ്ടെത്താനും ഏറ്റുവാങ്ങാനും പൊലീസിന് തുണയായത്. ഇരിട്ടി പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ പാലക്കാട് സ്വദേശിയായ എസ് . അന്‍ഷാദ്, എ.എസ്.ഐ. ഇരിട്ടി സ്വദേശിയായ ശശീന്ദ്രന്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് കുമാര്‍, ആര്യന്‍െറയും അമൃതയുടെ പിതൃ സഹോദരി കാവ്യ, കാവ്യയുടെ ഭര്‍ത്താവ് എന്നിവര്‍ കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്. ഇന്നലെയാണ് കുട്ടികളെ ഏറ്റുവാങ്ങി മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കുട്ടികളെ റെയില്‍വേസ്േറ്റഷനില്‍ നിന്നും കണ്ടെത്തി വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച വനിതാ കോണ്‍സ്റ്റബിള്‍ സുനിതാ ധോക്കറെ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നല്‍കിയാണ് കുട്ടികളെ യാത്രയാക്കിയത്. മുംബൈയിലെ നിയമപരമായ മറ്റ് നടപടിക്രമങ്ങളും കൂടി പൂര്‍ത്തീകരിച്ചാണ് സംഘം നാട്ടിലേക്ക് തിരിച്ചത്.

 

നാട്ടിലെത്തിയ പൊലീസ് സംഘം ശോഭയുടെ കൊലപാതകത്തിന് ദൃക്സാക്ഷിയായ ആര്യന്‍െറ മൊഴി മജിസ്ട്രേറ്റ് മുന്പാകെ രേഖപ്പെടുത്തി. ഇതിനിടെ കുട്ടികളില്ളാത്ത പലരും കുട്ടികളെ തങ്ങള്‍ ദത്തെടുത്തുകൊള്ളാമെന്നും ചില സന്നദ്ധസംഘടനകള്‍ കുട്ടികളെ തങ്ങള്‍ ഏറ്റെടുത്തു കുട്ടികളുടെ പഠനവും ജീവിതവുംസംരക്ഷിക്കാമെന്നും വാഗ്ദാനം ചെയ്ത് രംഗത്തെത്തി.

 

ആര്യനെയും അമൃതയെയും നാട്ടിലെത്തിച്ചെങ്കിലും ബന്ധുക്കള്‍ക്ക് കൈമാറാനായില്ള. കുട്ടികളെ വൈകിട്ടോടെ ശിശുക്ഷേമ സമിതിയില്‍ ഹാജരാക്കിയെങ്കിലും ബന്ധം സ്ഥാപിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ബന്ധുക്കള്‍ക്കു കഴിയാതിരുന്നതോടെ പട്ടുവം സ്നേഹനികേതനിലേക്കു മാറ്റി. രേഖകള്‍ ഹാജരാക്കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുമെന്നും ഇക്കാര്യത്തില്‍ മലപ്പുറം ജില്ളാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ശിശുകേഷമ സമിതി അധികൃതര്‍ പറഞ്ഞു.

 

പൊലീസുകാര്‍ക്ക് ആദരം
നാടോടി ദന്പതികളുടെ കൊലപാതക കേസുകള്‍ക്കു തുന്പുണ്ടാക്കിയും അനാഥരാക്കി ഉപേക്ഷിക്കപ്പെട്ട ഇവരുടെ പിഞ്ചുമക്കളെ വിണ്ടെടുത്തും കേരള പൊലീസിന് അഭിമാനമായ അന്വേഷണ സംഘത്തിന് അഭിനന്ദനപ്രവാഹം. നഗരത്തില്‍ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ 27ന് അഞ്ചിനു വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ അന്വേഷണ സംഘാംഗങ്ങളെ ആദരിക്കും. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, പേരാവൂര്‍ സിഐ എന്‍.സുനില്‍ കുമാര്‍, ഇരിട്ടി എസ്ഐ കെ.സുധീര്‍, പ്രബേഷന്‍ എസ്ഐ എസ്.അര്‍ഷാദ്, എസ്ഐ കെ.ടി.സെബാസ്റ്റ്യന്‍, എഎസ്ഐമാരായ കെ.കെ.ശശീന്ദ്രന്‍, ടി.കെ.രമേഷ്ബാബു,രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീശന്‍, ഷംസുദ്ദീന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജീഷ്, കെ.അനീഷ്, ജോളി, എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.

 

കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചില്‍ പ്രചാരണങ്ങളുടെ വിജയം കൂടിയാണ് കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്. കുട്ടികള്‍ക്കു ബന്ധുക്കളുടെ തണലും ശിശുക്ഷേമ സമിതിയുടെ സുരകഷിതത്വവും സഹായം വാഗ്ദാനം ചെയ്തവരുടെ സഹകരണം ലഭ്യമാക്കി മികച്ച ഭാവിയും ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.