Friday 28 January 2022




വള്ളക്കടവിലെ സ്‌കേറ്റിങ് ചാമ്പ്യൻ

By സൂരജ് സുരേന്ദ്രന്‍.21 Dec, 2021

imran-azhar

സൂരജ് സുരേന്ദ്രൻ

 

തിരുവനന്തപുരം: ഡിസംബർ 11 മുതൽ 14 വരെ ഡൽഹിയിൽ നടന്ന ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു എട്ടാം ക്ലാസുകാരനുണ്ട്. വള്ളക്കടവ് സ്വദേശി ഫാരിസ്.എ. ചാമ്പ്യൻഷിപ്പിൽ ഫാരിസിന് നിരാശയായിരുന്നു ഫലമെങ്കിലും, ഭാവിയിലെ വാഗ്ദാനമാണ് ഈ കൊച്ചുമിടുക്കൻ. വള്ളക്കടവ് പുത്തൻപാലം ടിസി 35/279ൽ അഷ്‌റഫ് നസിയ ദമ്പതികളുടെ മകനാണ് ഫാരിസ്. ഒക്ടോബർ 27 മുതൽ 31 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നജില്ലാ മീറ്റിൽ വെള്ളിയും, സ്വർണവും കരസ്ഥമാക്കിയാണ് ഫാരിസ് കേരള സംസ്ഥാന റോളർ സ്‌കേറ്റിങ് (സ്‌പീഡ്‌)2021ൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.


നവംബർ 11 മുതൽ 14 വരെ കോഴിക്കോട് സൈബർ പാർക്കിൽ നടന്ന സംസ്ഥാന മീറ്റിൽ സ്വർണവുമായാണ് ഈ കൊച്ചുമിടുക്കൻ ഡൽഹിയിൽ നടന്ന ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരത്തിൽ നാലാമനായാണ് ഫാരിസിന്റെ നാട്ടിലേക്കുള്ള മടക്കം. വള്ളക്കടവ് ഹാജി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാരിസ്. ചെറുപ്പത്തിൽ തന്നെ റോളർ സ്കേറ്റിങ്ങിൽ പരിശീലനം നേടിയ ഫാരിസ് കായിക കേരളത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

 

എട്ടാം വയസുമുതൽ സ്പാർക്ക് റോളർ സ്‌കേറ്റിങ് ക്ലബ്ബിൽ പരിശീലകൻ അൽ അമീനിന്റെ കീഴിലാണ് ഫാരിസ് പരിശീലനം ആരംഭിച്ചത്. ഭാവിയിൽ ഉയരങ്ങൾ കീഴടക്കാനുള്ള ഫാരിസിനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും സ്നേഹനിധികളായ നാട്ടുകാരും, ബന്ധുക്കളും അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഫാരിസിന് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പോകാൻ പണം സ്വരൂപിച്ച് നൽകിയതും ബന്ധുക്കളും നാട്ടുകാരുമാണ്.


70,000 ത്തോളം രൂപ വിലവരുന്ന റോളർ സ്‌കേറ്റ്‌സ് കിറ്റ് ഫാരിസിന് സമ്മാനിച്ചതും സ്പാർക്ക് ക്ലബ്ബിലെ അംഗങ്ങളായ മറ്റ് കുട്ടികളുടെ അമ്മമാർ ചേർന്നാണ്. വാടകവീട്ടിലാണ് ഫാരിസിന്റെയും കുടുംബത്തിന്റെയും താമസം. അച്ഛന്റെയും, അമ്മയുടെയും അകമഴിഞ്ഞ സ്നേഹവും പിന്തുണയും മാത്രമാണ് ഫാരിസിന് ആകെയുള്ള മുതൽക്കൂട്ട്. റോളർ സ്‌കേറ്റിങ്ങിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ഈ കൊച്ചുമിടുക്കൻ.


സ്പാർക്ക് @26

 

പ്രായഭേദമന്യേ കൊച്ചുകുട്ടികൾക്ക് മുതൽ റോളർ സ്കേറ്റിങ്ങിൽ പരിശീലനം നൽകുന്ന ക്ലബ്ബാണ് സ്പാർക്ക് റോളർ സ്‌കേറ്റിങ് ക്ലബ്. മുഖ്യ പരിശീലകനായ അൽ അമീനിന്റെ നേതൃത്വത്തിൽ 26 വർഷത്തോളമായി ഈ ക്ലബ് മുന്നോട്ട് പോകുന്നു. പ്രാരംഭ ഘട്ടത്തിൽ ഈഞ്ചയ്ക്കലിൽ ആരംഭിച്ച ക്ലബ് പിന്നീട് ശംഖുമുഖത്തേക്കും, തുടർന്ന് ഇ.കെ നയനാർ പാർക്കിലേക്കും മാറ്റുകയായിരുന്നു. ഇക്കുറി ഡൽഹിയിൽ നടന്ന ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്പാർക്ക് ക്ലബ്ബിലെ കുട്ടികൾ മെഡൽ നേട്ടവുമായാണ് മടങ്ങിയത്. സ്പാർക്കിന് വേണ്ടി ശ്രീനിധി വെള്ളിയും, സ്വർണവും കരസ്ഥമാക്കിയപ്പോൾ, കാർത്തിക് നാലാം സ്ഥാനത്തും, ആവണി സന്തോഷ് അഞ്ചാം സ്ഥാനത്തും, റിയ മനോജ് ഏഴാം സ്ഥാനത്തുമാണ് ഇടംനേടിയത്.