Monday 25 October 2021
"കുണുക്കിട്ട കോഴി കുളക്കോഴി .........കുന്നുംചരിവിലെ വയറ്റാട്ടി....": സ്കൂൾ ഓർമ്മകളുമായി സീമ ജി നായർ

By BINDU PP.31 May, 2017

imran-azhar
 
 
 
 
"കുണുക്കിട്ട കോഴി കുളക്കോഴി .........കുന്നുംചരിവിലെ  വയറ്റാട്ടി...." മലയാളികളുടെ പ്രിയപ്പെട്ട നടി  സീമ ജി നായരുടെ സ്കൂൾ ഓർമ്മകളിൽ ആദ്യം ഓടിവരുന്നത് ചെമ്പരത്തിയിലെ ഈ പാട്ടാണ്. വ്യത്യസ്തമായ ആ ശബ്ദവും  വിടര്‍ന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.രണ്ട് ദശകത്തിലേറെയായി അഭിനയലോകത്തില്‍ സജീവമാണ് ഈ നടി. കോട്ടയം ജില്ലയിലെ മുണ്ടക്കയം എന്ന മലയോര പ്രദേശത്തായിരുന്നു സീമയുടെ  ആടിത്തിമിർത്ത ബാല്യം.  
 
 
 
രജനിയിൽ നിന്ന് സീമയിലേക്ക് ..............
 
 
ആർക്കും അറിയാത്ത ഒരു രഹസ്യമാണ് സീമ ജി നായരുടെ പേര് രജനിയായിരുന്നു എന്ന്. അഞ്ച് വയസിൽ മുറിപ്പാവാടയും ഇട്ട് ചേച്ചിയുടെയും അച്ഛന്റെയും കൈയിൽ തൂങ്ങിയാണ്  സീമ  ആദ്യമായി സ്കൂളിലേക്ക് പോകുന്നത്. മുണ്ടക്കയം എന്ന ചെറിയ ആ  മലയോര പ്രദേശത്ത്  സിസ്റ്റർമാർ നടത്തുന്ന സെന്റ് ജോസഫ്  കോൺവെന്റ് സ്കൂളിലാണ് സീമ ആദ്യാക്ഷരങ്ങൾ പഠിച്ചത്. ആദ്യമായി സ്കൂളിൽ പോകുന്ന അമ്പരപ്പൊന്നുമില്ലാതെ ചേച്ചിയുടെ കൈ പിടിച്ച് ഗമയിലാണ് സീമ നടന്നിരുന്നത്. സീമയുടെ ഊഴമായപ്പോഴാണ് അറിയുന്നത് രജനിമാർ ഒരുപാട് പേരുണ്ടെന്ന്. അങ്ങനെ സീമയുടെ ചേച്ചിയുടെ നിർദേശ പ്രകാരമാണ് രജനി എന്ന പേര് മാറ്റി സീമയിലേക്ക് മാറിയത്. അങ്ങനെയാണ് മലയാളികൾക്ക് സീമ ജി നായർ എന്ന അനുഗ്രഹീത കലാകാരിയെ കിട്ടിയത്.
 
 
സീമയുടെ സ്കൂൾ യാത്രകൾ 
 
 
ആരെയും കൊതിപ്പിക്കാവുന്ന ബാല്യമായിരുന്നു സീമയുടേത്. വയലും ആറും മറികടന്ന് ഇടവഴികളിലൂടെയുള്ള യാത്രയായിരുന്നു സ്കൂളിലേക്ക്. പുത്തൻ  ബാഗും  സ്ലൈറ്റും  നെഞ്ചോട് ചേർത്തൊരു  ഒരു നടത്തം ആണ്. ഒപ്പം കുറെ കൂട്ടുകാരും. ചെറിയ മഴയെല്ലാം നനയുന്നത് ഒരു ഹരമായിരുന്നു. ആ മഴയിൽ സീമ ഉറക്കെ പാടും,  കൂട്ടുകാരികൾ അത് ഏറ്റ് പാടും ....പിന്നെ അങ്ങ് ഒരു നടത്തം. ആ ഇടവഴികളിൽ തങ്ങി നിൽക്കുന്ന മഴത്തുള്ളികളെ കൈയിലെടുത്ത് പതിയെ തലോടും പിന്നെ അത് കണ്ണിൽ വരയ്ക്കും. അതുപോലെ മഷിത്തണ്ട് പൊട്ടിക്കും. അന്ന്  സ്ലൈറ്റ്  മായിക്കുന്നത് മഷിത്തണ്ടുകൊണ്ടാണ്. അതുകൊണ്ട് തന്നെ ആ  വഴിയിലെ മഷിത്തണ്ട് പൊട്ടിക്കാൻ ഞങ്ങൾ എല്ലാവരും ഒരു ഓട്ടമാണ്. അതെല്ലാം ശേഖരിച്ച് ബാഗിൽ നിറയ്ക്കും. ഇങ്ങനെയുള്ള കുഞ്ഞു കുസൃതികൾ നിറഞ്ഞ ആ കാലഘട്ടത്തെ സീമ ഇന്നും ഓർത്തിരിക്കുന്നു. മുറിപ്പാവാടയിട്ട ആ  കൊച്ചു സുന്ദരി അന്നേ കൂട്ടുകാരികളുടെ പ്രിയപ്പെട്ടവളായിരുന്നു. ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചുവരാത്ത സമയം..... ഇപ്പോൾ ഉള്ള കുട്ടികൾക്ക് നഷ്‌ടമായ സ്കൂൾ വഴികൾ..... ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു ഞാൻ മുണ്ടക്കയം പോവുമ്പോൾ അവിടെയെല്ലാം പോവാറുണ്ട്, എന്റെ കണ്ണിലൂടെ ഇന്നും ആ ഇടവഴികളിൽ കല്ലും ,ചെളിയും , തങ്ങിനിൽക്കുന്ന മഴതുള്ളികളെല്ലാം എനിക്ക് കാണാൻ കഴിയും...
 
 
സ്കൂളിലെ കരയാത്ത മിടുക്കിക്കുട്ടി 
 
അച്ഛന് അന്ന് കടയായിരുന്നു . അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ഞാൻ വീട്ടിൽ കാണില്ല കടയും അച്ഛനുമൊക്കെയായിരുന്നു കൂടുതൽ പ്രിയം. കടയിൽ വരുന്നവരോട് കൂട്ടുകൂടും, സത്യം പറഞ്ഞാൽ പറന്നു നടക്കുവായിരുന്നു. സ്കൂളിലെ  ആദ്യദിവസം ഞാൻ ബെഞ്ചിൽ പോയിരിക്കുമ്പോൾ അപ്പുറവും ഇപ്പുറവും എല്ലാ കുട്ടികളും കരയുന്നു. അവർക്ക് അമ്മമാരുടെ അടുത്ത പോകണം എന്ന് പറഞ്ഞ്. പക്ഷെ എന്നെ ഇതൊന്നും ബാധിക്കുന്ന കാര്യമല്ലായിരുന്നു. ഞാൻ സ്കൂളിൽ അങ്ങനെ പാറി നടന്നു......
 
 
പഠിത്തത്തിൽ പിന്നിൽ , പാട്ടിൽ ഫസ്റ്റ് ......
 
 
അടി എന്നും പതിവായിരുന്നു. പഠിത്തത്തിന്റെ കാര്യത്തിൽ അത്രയ്ക്ക് മിടുക്കിയായിരുന്നു(ചിരിയോടെ ).ഹോം വർക്കെല്ലാം  എനിക്കൊരു തമാശയായിരുന്നു. സത്യം പറഞ്ഞാൽ ബാല്യം ആഘോഷിക്കുന്നതിന്റെ ഇടയിൽ അതൊന്നും ശ്രദ്ധിക്കാൻപോലും  സമയം  ഉണ്ടായിരുന്നില്ല. സ്കൂളിന്റെ പുറകിൽ ഒരു പാണൻ  ഇല  എന്നൊരു ഇല ഉണ്ട്. അതിന്റെ മാജിക് അത് കെട്ടിയിട്ട് പോയാൽ അടി കിട്ടില്ല എന്നായിരുന്നു ഞങ്ങൾക്കിടയിലെ ഒരു വിശ്വാസം.ഒന്നും പഠിക്കാതെ പാണൻ  ഇല  കെട്ടിയിട്ട് പോയിട്ട് കണക്ക് ടീച്ചറുടെ കൈയിൽ നിന്നെല്ലാം കണക്കിന് കിട്ടിയിട്ടുണ്ട്. അടികിട്ടിയ ദിവസമെല്ലാം ഇലയെ ചീത്തവിളിയ്ക്കും. എത്ര കിട്ടിയാലും പിറ്റേന്നും പോയി കെട്ടും പിറ്റേന്നും അടികിട്ടും അത് പിന്നെ  ഒരു പതിവായിമാറി. എത്ര അടി വാങ്ങിയാലും സ്കൂളിലെ താരമായിരുന്നു, പാട്ടുക്കാരിയായിരുന്നു സീമ. "കുണുക്കിട്ട കോഴി കുളക്കോഴി .........കുന്നുംചരിവിലെ  വയറ്റാട്ടി..." ഈ പാട്ടാണ് സീമ സ്കൂളിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത്. സ്കൂളിന്റെ പ്രിയ പാട്ടുക്കാരിയായതുകൊണ്ട് ടിച്ചർമാരുടെയും സിസ്റ്റർമാരുടെയും കണ്ണിലുണ്ണിയായിരുന്നു. സ്കൂൾ കലോത്സവങ്ങളിലെല്ലാം ലളിതഗാനം പദ്യം ചൊല്ലൽ എല്ലാം ഫസ്റ്റ് സീമ തന്നെയായിരുന്നു.
 
 
 
സീമ എന്ന  നടിയായി  സ്കൂളിലേക്ക് .....
 
എനിക്ക് എന്നും പ്രിയപ്പെട്ട  ഇടം മുണ്ടക്കയത്തിലെ  ആ സ്കൂളും എന്റെ നാടുമൊക്കെയാണ്. അതുകൊണ്ട് തന്നെ എത്ര തിരക്കാണെലും അവിടെ പോവാനും സമയം  ചിലവഴിക്കാനും ഞാൻ സമയം കണ്ടത്തേറുണ്ട്. എന്റെ സ്കൂളിൽ ഇപ്പോഴും പോവുന്ന ഒരു പൂർവ വിദ്യാർത്ഥി ഞാൻ ആണ്. എനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് അദ്ധ്യാപകരുണ്ട് അവിടെ. ഏഴാം ക്ലാസിലെ അന്നമ്മ ടീച്ചറെയൊക്കെ ഇപ്പോഴും കാണാൻ പോവാറുണ്ട് ഞാൻ. സ്കൂളിൽ എന്ത് പരിപാടികൾ   ഉണ്ടെങ്കിലും എത്താൻ ശ്രമിക്കാറുണ്ട്. ഇന്നും ആ  വസന്തകാലത്തിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ........