Monday 25 October 2021
സ്കൂൾ വിപണി ഉണർന്നു : മാതാപിതാക്കളുടെ പോക്കറ്റ് കാലി !!!

By BINDU PP.26 May, 2017

imran-azhar

 

 

 


അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം സ്കൂൾ വിപണി ഉണർന്നു എന്ന് തന്നെ പറയാം. പരസ്യങ്ങളുടെ സ്വാധിനം കുട്ടികളിൽ അന്നും ഇന്നും നിറഞ്ഞുനിൽകുന്നതാണ്. നീണ്ട വെക്കേഷന് ശേഷം സ്കൂളിലേക്ക് പോവുന്ന കൊച്ചു മിടുക്കർക്ക് പുത്തൻ ഉടുപ്പും ,  കുടയും , അടിപൊളി ബാഗും , പുത്തൻമണമുള്ള പുസ്തക കെട്ടുകളും ............ സ്കൂളിൽ കയറാൻ മടിയുള്ളവനായാലും ആദ്യവാരം പോവാൻ നല്ല മിടുക്കയിരിക്കും , അത് പുത്തൻ സാധനങ്ങൾ ചങ്ങായിമാരെ കാണിക്കാനാണ് .....നഗരത്തിൽ ഇറങ്ങിയാൽ ഇനിയൊരു തിരക്കാണ് കടകൾ കാണാത്ത വിധം ബാഗും കുടകളും നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ണിന് കുളിര്മയേകുമെന്നതിൽ സംശയമില്ല. പതിവുപോലെ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാണ് പല പ്രമുഖ ബ്രാന്‍ഡുകളും ഉല്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. സമ്മാന പദ്ധതികളും നറുക്കെടുപ്പുകളുമൊക്കെയായി അവധിക്കാല വിപണി ഉത്സവമായി മാറിയിരിക്കുകയാണ്.

 


സ്കൂളിലേക്ക് പോവുന്ന കുട്ടിക്ക് വേണ്ട സാധനങ്ങൾ

യൂണിഫോം   പുസ്തകം            വാട്ടര്‍ ബോട്ടില്‍     പെൻസിൽ ബോക്സ്


ബാഗ്         പേന / പെൻസിൽ      ബ്രൗണ്‍ കവര്‍      ചെരുപ്പ്


കുട             ടിഫിന്‍ ബോക്‌സ്         നെയിം സ്ലിപ്      റെയിൻ കോട്ടുകൾ

 


വിപണി ഒരുങ്ങി കഴിഞ്ഞു .......


വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും പ്രിയ ബ്രാന്റായ സ്‌കൂബിഡേ മുതല്‍ അമേരിക്കന്‍ ടൂറിസ്റ്ററും ഡിസ്‌യ്‌റും മെഗാ ബാഗ്‌സും വരെ വിപണിയിലുണ്ട്. 300, 400 രൂപയില്‍ തുടങ്ങി 2000, 3000 രൂപവരെ വിലയുള്ള ബാഗുകളാണ് വിപണിയിലുള്ളത്. ബാഗുകൾ എല്ലാം കുട്ടികളുടെ ഇഷ്ടപ്രകാരം വാങ്ങുന്ന ഒരു ഐറ്റമാണ്. കുട്ടികൾക്ക് കളർഫുള്ളും അവരുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുമാണ് പ്രധാനം.ബെൻ 10, ഡോറ, ബാർബി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളുടെയും പുലിമുരുകന്റെയും ചോട്ടാ ഭീമിന്റെയും പേരിലുള്ള ബാഗുകളും കുടകളും കുട്ടിമനസ്സുകൾ കീഴടക്കുന്നു. ബട്ടൺ അമർത്തിയാൽ തുറക്കുന്നതും അടയുന്നതുമായ കുടകൾക്കും ഫാൻസി കുടകൾക്കുമാണ് ആവശ്യക്കാരേറെ. ചൈനയിലും തായ്‌ലൻഡിലും നിർമിച്ച കുടകളും വിപണിയിലുണ്ട്.ബ്രാൻഡുകളുടെ ചിഹ്നത്തിലോ അക്ഷരത്തിലോ നേരിയ വ്യത്യാസം വരുത്തിയ ഡ്യൂപ്ലിക്കറ്റ് കുടകളും ബാഗുകളും സുലഭം. 400 രൂപ മുതൽ 800 രൂപ വരെയാണ് ബാഗിനു വില. മുതിർന്ന കുട്ടികൾ ഓൺലൈൻ പർച്ചേസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. പേന, മൊബൈൽ ഫോൺ, കുട തുടങ്ങിയവ സൂക്ഷിക്കാൻ അഞ്ചും ആറും അറകളുള്ള പൗച്ചുകൾ ഇറങ്ങി.20 മുതൽ 400 രൂപ വരെയുള്ള പൗച്ചുകളുണ്ട്. നോട്ടുപുസ്തകം, ജ്യോമട്രി ബോക്സ്, ഷൂ, സോക്സ് തുടങ്ങിയവയ്ക്കും വില വർധനയുണ്ട്.പഴയ നോട്ടുബുക്കുകൾ തിരിച്ചെടുത്തും 10% മുതൽ കിഴിവ് നൽകിയും കടക്കാർ ആകർഷിക്കുന്നു. സഹകരണ സ്ഥാപനങ്ങളും സ്കൂൾ മാർക്കറ്റുകളുമായി സജീവമാണ്. ........

 


ഓൺലൈൻ പർച്ചേസിലേക്കോ ?


ന്യൂ ജെൻ കുട്ടികൾ കൂടുതലായി ഓൺലൈൻ വഴിയാണോ സ്കൂൾ സാധങ്ങൾ വാങ്ങുന്നത് ? നാൽപതു ശതമാനം ഇത് ശരിയാണ്. മുതിർന്ന കുട്ടികളിലേക്ക് ടെക്‌നോളജിയുടെ കടന്നുകയറ്റമാണ് ഇതിന് കാരണം. തിരക്ക് പിടിച്ച ജോലികളിൽ നടക്കുന്ന മാതാപിതാക്കൾക്ക് സ്കൂൾ വിപണിയിലേക്ക് ഇറങ്ങാൻ സമയം കിട്ടാത്ത അവസ്ഥയിൽ അവർ സ്കൂളിലേക്ക് പോവാൻ തയ്യാറെടുക്കുന്ന മക്കൾക്കായി ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നു . ഈ വര്ഷം ഓൺലൈൻ വിപണി ഒന്നുകൂടെ വിപുലമായി എന്ന് പറയാം.

 

സാധനങ്ങൾക്ക് വില കൂടിയോ ?

 

നല്ല സാധനം കിട്ടണമെങ്കിൽ നല്ല വില കൊടുക്കണമെന്ന് പറയുന്നപോലെയാണ് കാര്യങ്ങൾ ..... രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിൽ വിലക്കയറ്റം. 10% മുതൽ 40% വരെ സ്കൂൾ സാമഗ്രികൾക്ക് വിലകൂടി. യൂണിഫോമിനു പുറമേ, ഒരു കുട്ടിയെ സ്കൂളിലയ്ക്കാൻ 2,000 രൂപയോളം ചെലവാകും. എണ്ണത്തിൽ കുറച്ചും ബ്രാൻഡിലേക്ക് പോകാതെ ലോക്കൽ സാധനങ്ങൾ കൊണ്ട് തൃപ്തിപ്പെടുന്നവരുമുണ്ട്.അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് വിലക്കയറ്റത്തിന് കാരണം. വിലവർധനയ്ക്കനുസരിച്ച് ആവശ്യം കൂടിയില്ലെന്ന് കച്ചവടക്കാർ പറയുന്നു. വിദേശത്തുനിന്ന് തിരിച്ചുവരവ് കൂടിയതും നാണ്യവിളകളുടെ വിലക്കുറവും ബാധിച്ചു.

 

സീറോ പ്ലാസ്റ്റിക്

ഈ വര്ഷം സ്കൂൾ വിപണിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറച്ചിട്ടുണ്ട്. ഗ്രേഡ് നിലവാരമുള്ള പ്ലാസ്റ്റിക്കുകൾ മാത്രമേ ഈ വർഷത്തെ സ്കൂൾ വിപണിയിൽ ഉപയോഗിച്ചിട്ടൊള്ളു. അതുകൊണ്ട് തന്നെ ടിഫിൻ ബോക്സുകൾ അലുമിനിയത്തിൽ ഉണ്ടാക്കിയതും. വാട്ടർ ബോട്ടിലുകൾ നിലവാരം കൂടിയ പ്ലാസ്റ്റിക്കിൽ ഉണ്ടാക്കിയതുമാണ്. അതുകൊണ്ട് തന്നെ ലോക്കൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഈ വർഷം കുറയാൻ സാധ്യതയുണ്ട്.

 


സ്കൂൾ വിപണിയിലെ ഈ വർഷത്തെ താരം

സ്കൂൾ വിപണിയിൽ ഈ വര്ഷം തിളങ്ങി നിൽക്കുന്നത്‌ പുലിമുരുകനും ബാഹുബലിയും തന്നെയാണ്. സ്കൂപ്പിടെ മുതൽ അമേരിക്കൻ ടൂറിസ്റ്റർ വരെയുള്ള ബ്രാൻഡുകളിൽ ആകർഷകമായി പ്രിന്റുകൾ കുട്ടികളെ വല്ലാതെ ആകര്ഷിപ്പിക്കുമെന്നതിൽ ഉറപ്പാണ്. പെൺകുട്ടികൾ ഏറെ ഇഷ്ടപെടുന്ന ബാർബി എല്ലാം ഇപ്പോഴും മാർക്കറ്റിൽ നല്ല നിലവാരം പുലർത്തുന്നു. നിറങ്ങൾ നിറഞ്ഞ കുടകളും മാർക്കറ്റിലെ താരങ്ങളാണ് .

 

ഇനി ദിവസങ്ങൾ മാത്രം..... സ്കൂൾ വിപണി ചൂടുപിടിച്ചു തുടങ്ങി.മാതാപിതാക്കളുടെ പോക്കറ്റ് കാലിയായും തുടങ്ങി.മഴയും വന്നു ....ഇനി കാത്തിരിപ്പാണ് കുഞ്ഞോമനകളുടെ സ്കൂൾ തുറക്കുന്നതിനായുള്ള കാത്തിരിപ്പ് ...........