Sunday 12 July 2020




കൊലയാളി അമ്മമാരുള്ള നാട്ടില്‍ കുട്ടികളെ ദത്തെടുക്കാന്‍ കാത്തിരിക്കുന്നത് ആയിരക്കണക്കിന് ദമ്പതികള്‍

By online desk.28 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: നൊന്തുപ്രസവിച്ച അമ്മമാര്‍ സുഖംതേടി പോകാന്‍ സ്വന്തം കുഞ്ഞിനെ കല്ലില്‍ എറിഞ്ഞ് കൊല്ലുന്ന ഈ കാലത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കാത്തിരിക്കുന്നത് 1215 പേര്‍. എന്നാല്‍, ദത്തു നല്‍കാന്‍ ആവശ്യത്തിന് കുട്ടികളില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ദത്തുനല്‍കാന്‍ 136 കുട്ടികള്‍ മാത്രമേ ഇപ്പോഴുള്ളൂ. കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധരായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഇത് തിരിച്ചടി ആയിരിക്കുകയാണ്. കേന്ദ്ര വനിത–ശിശു വികസന വകുപ്പിന്റെ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിക്ക് കീഴിലെ സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി നേതൃത്വത്തിലാണ് ദത്ത് നടപടികള്‍ ഏകോപിപ്പിക്കുന്നത്.


കേരള ശിശുക്ഷേമ സമിതിക്ക് കീഴില്‍ 17 ദത്തെടുക്കല്‍ സ്ഥാപനങ്ങളുണ്ട്. കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും കേന്ദ്രങ്ങളുണ്ട്. സാമൂഹിക,–സാമ്പത്തിക പ്രാരാബ്ദങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കുട്ടികളെ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ചവരില്‍ സുരക്ഷിത കരങ്ങളിലേക്ക് നടപടിക്രമങ്ങള്‍ക്കു ശേഷം കുട്ടികളെ ഏല്‍പിക്കും. രക്ഷിതാക്കള്‍ക്ക് വളര്‍ത്താന്‍ നിര്‍വാഹമില്ലാത്ത കൈക്കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ സംവിധാനം എല്ലാ ജില്ലകളിലുമുണ്ട്. അനാഥരും അരക്ഷിതരുമായ കുഞ്ഞുങ്ങളെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് നിയമപ്രകാരം എത്തിക്കാനുള്ള സംവിധാനം നിലനില്‍ക്കെയാണ് കുരുന്നുകള്‍ വ്യാപകമായി കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. പെറ്റമ്മമാരടക്കം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ ദത്തെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്.


കുഞ്ഞുങ്ങള്‍ വീടുകളില്‍ നേരിടുന്നത് കൊടിയ ശാരീരിക പീഡനങ്ങള്‍ മുതല്‍ കൊലപാതകം വരെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018–19ല്‍ 20 കുട്ടികള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. മാതാപിതാക്കളുടെ മോശം ജീവിതസാഹചര്യങ്ങളാല്‍ ഉണ്ടായവയാണ് ഇതില്‍ ഭൂരിഭാഗവും. ഇത്തരം കുട്ടികള്‍ക്ക് മോചനമാകേണ്ട ദത്തുസംവിധാനം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനാകുന്നില്ല എന്നാണ് പൊലീസിന്റെ നിരീക്ഷണം. 2018–19ല്‍ 132 കുട്ടികളെയാണ് ദത്തുനല്‍കിയത്. 59 പെണ്‍കുട്ടികളും 73 ആണ്‍കുട്ടികളും. 13 കുട്ടികള്‍ രാജ്യത്തിന് പുറത്തേക്കാണ് ദത്തെടുത്തത്. സര്‍ക്കാര്‍ കണക്ക് പ്രകാരം നാലു വര്‍ഷത്തിനിടെ മൂന്ന് കുട്ടികള്‍ മാത്രമാണ് ദത്തു നല്‍കിയശേഷം തിരിച്ചുവന്നത്. ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍, ചികിത്സ, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ശിശുക്ഷേമ സമിതി നല്‍കും. കുട്ടിയെ ദത്തെടുക്കുന്ന മാതാപിതാക്കളുമായി സമിതി ബന്ധം നിലനിര്‍ത്തുന്നുണ്ട്. ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കും.