Saturday 24 September 2022
കണ്‍കണ്ടദൈവം; ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തില്‍ ചില ഗുരു സ്മൃതികള്‍

By Web Desk.21 Sep, 2022

imran-azhar

 

വെളളാപ്പളളി നടേശന്‍
എസ്.എന്‍.ഡി.പി യോഗം
ജനറല്‍ സെക്രട്ടറി

 

ദാര്‍ശനികനും തത്ത്വചിന്തകനും മഹാകവിയും സാമൂഹ്യ പരിഷ്‌കര്‍ത്താവും സന്യാസിയും ആയിരിക്കെ തന്നെ അരുള്‍, അന്‍പ്, അനുകമ്പ എന്നീ ഈശ്വരീയ ഗുണങ്ങള്‍ക്ക് വിളനിലമായിരുന്നു മഹാഗുരു. സമൂഹത്തില്‍ മൃഗങ്ങളുടെ അത്രപോലും പരിഗണന നിഷേധിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ വിമോചനത്തിനായി അവതരിച്ച അഥവാ മനുഷ്യജന്മം സ്വീകരിച്ച ഈശ്വരഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്ന മഹാപുരുഷനാണ് ഗുരു.ഏവര്‍ക്കും അതൊരു അനുഭവസത്യമാണ്.

 

അത്ഭുതപ്രവൃത്തികളും ചെപ്പടിവിദ്യകളും കാട്ടി ആളുകളെ കയ്യിലെടുക്കാനല്ല ഗുരു ശ്രമിച്ചത്. മറിച്ച് സന്ദര്‍ഭാനുസരണം ഉചിതമായവ ചെയ്യുന്നതിനാണ് മുന്‍തൂക്കം നല്‍കിയത്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കായി വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിര്‍മ്മാണവും നിര്‍വഹിച്ച ഗുരുവിനെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. വിവേകശാലികളായവര്‍ എക്കാലത്തും ജാതിമതഭേദമന്യേ ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നു.

 

ഒരേ സമയം കേരളത്തിലും സിലോണിലും പ്രത്യക്ഷപ്പെട്ട് ജനങ്ങള്‍ക്ക് ഗുരു നല്‍കിയ ഉപദേശങ്ങളെകുറിച്ച് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഗുരുദേവന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ചിന്താശീലരായ പല എഴുത്തുകാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല നമുക്ക് പൊതുനിരത്തില്‍ നടക്കാന്‍, വിദ്യാഭ്യാസം ചെയ്യാന്‍, താത്പ്പര്യമുള്ള തൊഴിലെടുക്കാന്‍, സമ്പത്തുണ്ടാകാന്‍, എന്തിനേറെ ഒരു മനുഷ്യന്റെ പ്രഥമവും പ്രാഥമികവുമായ അവകാശമായ ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് തന്നത് ഗുരുവാണ്.

 

 

എം.പി.മൂത്തേടത്തിനും നിത്യവൃത്തിക്ക് പോലും വിഷമിച്ചിരുന്ന സി.ആര്‍.കേശവന്‍ വൈദ്യര്‍ക്കും ഗുരുദേവന്‍ ഒറ്റരൂപാ നാണയം പൂജിച്ച് നല്‍കിയതും ഈ പണം ഉപയോഗിച്ച് വ്യവസായം തുടങ്ങിയ അവര്‍ ശതകോടീശ്വരന്‍മാരായി മാറിയ കഥയും സാങ്കല്‍പ്പികമല്ല, അനുഭവസത്യമാണ്. ഇന്നും നാം മനുഷ്യരായി ജീവിക്കുന്നുണ്ടെങ്കില്‍ നമ്മള്‍ ഗുരുവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അങ്ങനെ വിലയിരുത്തുമ്പോള്‍ ഗുരുദേവന്‍ നമ്മള്‍ക്ക് കണ്‍കണ്ട ദൈവമാണ്.

 

പല്ലനയാറ്റിലെ ബോട്ട് യാത്രയ്ക്ക് മുന്‍പ് ഗുരുദേവനെ കണ്ട് യാത്ര പറയാന്‍ വന്ന കുമാരനാശാന് തിരക്ക് മൂലം മുഖം കാണിക്കാന്‍ കഴിഞ്ഞില്ല. ബോട്ടിന്റെ സമയമായതുകൊണ്ട് ശിഷ്യരോട് ഗുരു വരുമ്പോള്‍ വിവരം അറിയിക്കാന്‍ പറഞ്ഞേല്‍പ്പിച്ച് ആശാന്‍ പോയി. പൂജ കഴിഞ്ഞ് വന്ന ഗുരുവിനോട് ശിഷ്യര്‍ ആശാന്‍ പോയ വിവരം പറഞ്ഞപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു.
'കുമാരു പോയല്ലേ. ങാ... പോയി'


ശിഷ്യര്‍ക്ക് ആദ്യശ്രവണമാത്രയില്‍ അതിന്റെ ആന്തരികാര്‍ത്ഥം പിടികിട്ടിയില്ല. എന്നാല്‍ അടുത്ത പ്രഭാതം ഉണര്‍ന്നത് റെഡിമര്‍ ബോട്ട് അപകടത്തില്‍ കുമാരനാശാന്‍ നമ്മെ വിട്ടുപോയ വാര്‍ത്തയുമായിട്ടായിരുന്നു.

 

ഈ തരത്തില്‍ അന്തര്‍ദൃഷ്ടിയുണ്ടായിരുന്ന ഗുരുദേവന്‍ സ്വന്തം സമാധി പോലും കൃത്യമായി പ്രവചിച്ചിരുന്നു. 73-ാം വയസില്‍ മഹാസമാധിക്ക് മുന്‍പുളള ദിവസങ്ങളില്‍ അടുത്ത ശിഷ്യരോട് തന്റെ ലൗകികജീവിതദൗത്യം അവസാനിക്കുകയാണെന്നും സമാധിയാവാനുളള സമയം സമാഗതമായിരിക്കുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി.

 

മനുഷ്യാതീതമായ കഴിവുകളുളള ഗുരുവിനെ ഈശ്വരസ്ഥാനത്ത് സങ്കല്‍പ്പിച്ച് പൂജിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഗുരുമന്ദിരങ്ങളും ഗുരുദേവ ക്ഷേത്രങ്ങളും സ്ഥാപിക്കുന്നതും അനൗചിത്യമാണെന്ന് വാദിക്കുന്ന ബുദ്ധിജീവിനാട്യക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് പറയാതെ വയ്യ. ഹൈന്ദവപുരാണം പരിശോധിച്ചാല്‍ നാം ഈശ്വരസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ദേവന്‍മാരിലേറെയും മനുഷ്യജന്മം പൂകിയപ്പോള്‍ മനുഷ്യസഹജമായ ദോഷങ്ങളും തിന്മകളും ദൗര്‍ബല്യങ്ങളും പ്രകടിപ്പിച്ചവരാണ് എന്ന് കാണാന്‍ സാധിക്കും. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നന്മയുടെ പ്രതിരൂപമെന്നോ മാതൃകാബിംബങ്ങളെന്നോ വിശേഷിപ്പിക്കുക സാധ്യമല്ല. എന്നാല്‍ ഗുരുദേവനാകട്ടെ ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നനാണ്.

 

സാമൂഹ്യപരിഷ്‌കരണശ്രമങ്ങളോട് വിയോജിപ്പുളളവര്‍ പോലും ഗുരുദേവന്റെ ശത്രുക്കളായിട്ടില്ല. എല്ലാവരും ആദരിക്കുന്ന, ഭയഭക്തിബഹുമാനങ്ങളോടെ വീക്ഷിക്കുന്ന സവിശേഷ വ്യക്തിത്വമായിരുന്നു എക്കാലവും ഗുരുദേവന്‍. അതിന്റെ ആത്യന്തികവും അടിസ്ഥാനപരവുമായ കാരണം മറ്റൊന്നല്ല. എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയോട് അടുത്തു നിന്ന, നന്മയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു ശ്രീനാരായണഗുരുദേവന്‍.

 

ദൈവങ്ങള്‍ക്ക് പോലും കരഗതമാക്കാന്‍ കഴിയാത്ത വിധം പൂര്‍ണ്ണതയെ സ്പര്‍ശിക്കുക എന്ന മനുഷ്യസാധ്യമല്ലാത്ത നിഷ്ഠയും നൈതികതയും പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കിയ ഗുരുദേവന്‍ ഒരേ സമയം ഏറ്റവും മികച്ച മനുഷ്യനും ഈശ്വരതുല്യനുമാണ്. ഈശ്വരന്‍ എന്ന് തീര്‍ത്ത് പറയാനും നാം മടിക്കേണ്ടതില്ല. കാരണം ഗുരുദേവനോളം ഈശ്വരീയ ഗുണങ്ങളും ഭാവങ്ങളും കര്‍മ്മങ്ങളും അനുഷ്ഠിച്ച മറ്റൊരു അവതാര പുരുഷന്‍ ഈ ഭൂമിയില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഗുരുവിന്റെ അനുഗ്രഹാശിസുകളാണ് ഈഴവസമുദായത്തെ തലപ്പൊക്കമുള്ള ഒരു വിഭാഗമായി ഉയര്‍ത്തിയത്.

 

 

ഇതരമതസ്ഥരും സമുദായങ്ങളും പോലും അനുദിനം ഗുരുദേവന്റെ പ്രഭാവം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഗുരുദേവന്റെ കൃതികള്‍ക്ക് വ്യാഖ്യാനം ചമക്കുവാനും ദര്‍ശനത്തിന്റെ പ്രസക്തി ഉയര്‍ത്തി പിടിക്കാനും എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നത് നമുക്ക് അഭിമാനിക്കാന്‍ വകനല്‍കുന്നു.

 

ജീവിതപരിചയം വച്ച് നെഞ്ചുറപ്പോടെ പറയാന്‍ കഴിയും എന്റെ കര്‍മ്മമണ്ഡലത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും യശസിനും ഞാന്‍ പൂര്‍ണ്ണമായി കടപ്പെട്ടിരിക്കുന്നത് കറകളഞ്ഞ ഗുരുഭക്തിയോടാണ്. ആശ്രയിക്കുന്നവരെ കൈവിടാത്ത ഗുരുദേവന്‍ ഏത് പ്രതിസന്ധിയിലും നിഴല്‍ പോലെ നമുക്ക് ഒപ്പം നിലകൊള്ളുന്നു. നമ്മെ കൈവെളളയില്‍ കാത്ത് പരിപാലിക്കുന്നു. അതുകൊണ്ട് തന്നെ കേവലം സമുദായപരിഷ്‌കര്‍ത്താവ് എന്നതിനപ്പുറം കണ്‍കണ്ട ദൈവം എന്ന തലത്തില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 

എന്നേക്കാള്‍ തീവ്രമായ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവുമെന്ന് അറിയാം. ഗുരുജയന്തിയ്ക്കും സമാധിക്കും മാത്രമല്ല ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പരമകാരുണികനായ ഗുരുദേവനെ ഹൃദയമദ്ധ്യത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് നമുക്ക് ജീവിതപരീക്ഷയെ നേരിടാം. ആത്യന്തിക വിജയം നമ്മുടേതായിരിക്കുമെന്ന കാര്യം സംശയാതീതമാണ്. ഗുരുദേവന്‍ ജയിക്കട്ടെ. ഗുരുധര്‍മ്മം ജയിക്കട്ടെ.
''ഓം..ശ്രീനാരായണ പരമഗുരവേ നമ: ''