Saturday 06 June 2020
സെക്‌സ് സ്വാമി വീണ്ടും ക്രിമിനല്‍ വേഷത്തില്‍

By online desk.23 Nov, 2019

imran-azhar

 

സ്വാമി നിത്യാനന്ദ വീണ്ടും ക്രിമിനല്‍ കേസില്‍പ്പെട്ടിരിക്കുകയാണ്. ആശ്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ക്രിമിനല്‍ കേസില്‍, നിത്യാനന്ദയെ തേടിക്കൊണ്ടിരിക്കെയാണ് സ്വാമി വിദേശത്തേക്ക് കടന്നിരിക്കുന്നുവെന്ന വിവരം ഗുജറാത്ത് പൊലീസിന് കിട്ടുന്നത്. പ്രാണപ്രിയ, പ്രിയതത്വ എന്നുപേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികള്‍ റിമാന്‍ഡിലാണ്. രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആശ്രമത്തില്‍ പാര്‍പ്പിച്ചുവെന്നും അവരെക്കൊണ്ട് ആശ്രമത്തിനായി സംഭാവന പിരിപ്പിച്ചുവെന്നുമുള്ള രക്ഷിതാക്കളുടെ പരാതിയിലാണ് ഗുജറാത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നത്.

 

നിത്യാനന്ദ സ്വാമി എന്ന നിഗൂഢവ്യക്തിത്വം

 

ആദ്യമായി എ രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദയുടെ പേര് വിവാദങ്ങളുടെ നിഴലില്‍ പ്പെടുന്നത് ആശ്രമത്തില്‍ നിന്ന് പുറത്തുവന്ന ചില അശ്ലീല വീഡിയോകളുടെ പേരിലാണ്. അത് 2010 മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു. ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരില്‍ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന സ്വാമി നിത്യാനന്ദ പരമഹംസയും തമിഴ് നടി രഞ്ജിതയുമായിരുന്നു ആ വിവാദവീഡിയോയില്‍ ഉണ്ടായിരുന്നത്. അവരിരുവരും ആ വീഡിയോ മോര്‍ഫിംഗ് ആണെന്ന് വാദിച്ചു എങ്കിലും ഫോറന്‍സിക് പരിശോധനകളുടെ ഫലം അവര്‍ക്കെതിരായിരുന്നു.

 

സ്വാമിയുടെ മുന്‍ഡ്രൈവര്‍ ആയിരുന്ന ലെനിന്‍ കറുപ്പന്‍, ആ വീഡിയോകള്‍ റെക്കോഡ് ചെയ്തത് താനാണെന്ന വാദവുമായി വന്നിരുന്നു. രഹസ്യമായി സ്ഥാപിച്ച ഒരു കാമറ വഴിയാണ് അന്ന് താന്‍ അത് ചെയ്തതെന്നും അയാള്‍ പറഞ്ഞിരുന്നു. ആശ്രമത്തില്‍ സ്വാമി നിരവധി സ്ത്രീകളുമായി ബന്ധപ്പെടുന്നുവെന്നറിഞ്ഞപ്പോള്‍ അന്നുവരെ വളരെ അടുത്ത ഒരു സ്വാമിഭക്തനായിരുന്ന ലെനിന്‍ സ്വാമിക്കെതിരെ തിരിയുകയായിരുന്നു.
എന്നാല്‍ കോടതിയും കേസും ഒക്കെ അതിന്റെ വഴിക്ക് നടക്കുകയും, രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തര്‍ വീണ്ടും ആശ്രമത്തില്‍ സജീവമാവുകയും ചെയ്തു. 2011ല്‍ ഒരു സിഐഡി അന്വേഷണം തന്നെ ഈ വീഡിയോ വിഷയത്തില്‍ നടന്നെങ്കിലും അതൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. 2012ല്‍ നിത്യാനന്ദയ്ക്കെതിരെ അടുത്ത ആരോപണമുയരുന്നു.

 

ഇത്തവണ ബലാത്സംഗക്കുറ്റവും,തട്ടിക്കൊണ്ടുപോയി തടഞ്ഞുവച്ചു എന്നുള്ള ആരോപണവുമാണ് ഉന്നയിക്കപ്പെട്ടത്. എന്തായാലും അന്നും ആരോപണമുണ്ടായ പാടേ സ്വാമി മുങ്ങി. അഞ്ചുദിവസം പൊലീസ് സ്വാമിയെ തിരഞ്ഞുകൊണ്ടിരുന്നു എങ്കിലും കണ്ടുകിട്ടിയില്ല. പിന്നീട് അഞ്ചുനാള്‍ കഴിഞ്ഞ് കോടതിയില്‍ പൊങ്ങിയ സ്വാമി അറസ്റ്റ് ചെയ്യപ്പെടുകയും റിമാന്‍ഡിലാവുകയും ചെയ്തു. അതോടെ നിത്യാനന്ദയ്ക്ക് പൊതുജനമദ്ധ്യേ 'സെക്‌സ് സ്വാമി' എന്നൊരു ഇരട്ടപ്പേര് ചാര്‍ത്തിക്കിട്ടി.

 

ഈ സമയത്താണ് ആരതി റാവു എന്ന യുവതി രംഗപ്രവേശം ചെയുന്നത്. നിത്യാനന്ദസ്വാമിയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്നു റാവു. അവര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. അഞ്ചുവര്‍ഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവര്‍ തുറന്നു പറഞ്ഞു. ഈ കാലയളവില്‍ സ്വാമി നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തതെന്ന് ആരതി തുറന്നു പറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സ്വാമിയുടെ ഭീഷണി. സ്വാമി തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും ആരതി റാവു അന്ന് ആരോപിച്ചിരുന്നു. 2010ലെ രഞ്ജിതയുമൊത്തുള്ള സ്വാമിയുടെ വീഡിയോ എടുത്തത് താനാണെന്നും ആരതി അവകാശപ്പെടുകയുണ്ടായി.

 

ധ്യാനപീഠം ആശ്രമത്തിലേക്ക് പ്രവേശനം കിട്ടുന്നതിന് മുമ്പ് ഭക്തരെക്കൊണ്ട് ഒരു ഉടമ്പടിയില്‍ ഒപ്പിടീക്കുമായിരുന്നു. അതില്‍ ഇങ്ങനെ ഒരു നിബന്ധനയുണ്ട്. 'ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്‌സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തര്‍ക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിര്‍വാണലബ്ധിക്കുള്ള പരിശ്രമങ്ങള്‍ ഇവിടത്തെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ആശ്രമത്തില്‍ ചേരുന്ന ഭക്തര്‍ക്ക് ഇക്കാര്യത്തെപ്പറ്റി നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. അവരുടെ പൂര്‍ണ്ണസമ്മതവും ഇക്കാര്യത്തില്‍ ആശ്രമത്തിനുണ്ടായിരിക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും പരിപൂര്‍ണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോണ്‍സ്ട്രേഷനുകള്‍, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങള്‍, ശാരീരികമായ അടുത്തിടപഴകലുകള്‍ എന്നിവരെയും പരിശീലനത്തില്‍ ഉള്‍പ്പെടുമെന്നും ഇതിനാല്‍ മുന്‍കൂട്ടി ബോധ്യപ്പെട്ടുകൊള്ളുന്നു.'

 

2013ല്‍ രഞ്ജിത, ആശ്രമത്തിലെ മുഴുവന്‍ സമയ അന്തേവാസിയായി മാറാനും മാ ആനന്ദമയി എന്നപേരില്‍ നിത്യാനന്ദയുടെ അടുത്ത ശിഷ്യയായി സന്യാസം സ്വീകരിക്കാനുമുള്ള തന്റെ തീരുമാനം പ്രഖ്യാപിച്ചിരുന്നു. പിന്നീട് കുറച്ചുകാലം മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് വളരെ ശാന്തമായി ആ ആശ്രമം പ്രവര്‍ത്തിച്ചുപോന്നു.
2018ല്‍ സ്വാമി നിത്യാനന്ദ വീണ്ടും ഒരു കള്‍ട്ട് സ്റ്ററ്റസിലേക്ക് ഉയര്‍ന്നു. ഇന്റര്‍നെറ്റിലൂടെ സ്വാമിയുടെ പ്രഭാഷണങ്ങള്‍ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. ആ പ്രഭാഷണങ്ങളില്‍, പശുക്കളെയും കാളകളെയും കൊണ്ട് സംസ്‌കൃതം സംസാരിപ്പിക്കാനുള്ള സോഫ്റ്റ്വെയര്‍ താന്‍ കണ്ടുപിടിച്ചു കഴിഞ്ഞുവെന്ന് സ്വാമി പ്രഖ്യാപിച്ചു.
ഇത് സ്വാമി നിത്യാനന്ദയുടെ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളില്‍ ആദ്യത്തേത് മാത്രമായിരുന്നു. തുടര്‍ന്നും നിരവധി അവകാശവാദങ്ങളുമായി സ്വാമി നിത്യാനന്ദയുടെ നിരവധി വിഡിയോകള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിറഞ്ഞു. അതിലൊന്നില്‍, ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണ് എന്ന് സ്വാമി പ്രഖ്യാപിച്ചു. 'എം ആന്‍ഡ് സി ഈസ് നോട്ട് എംസി. ഇട്ട് ഈസ് യെം...സീ....' അദ്ദേഹം വിശദീകരിച്ചു. ഒരു പ്യുവര്‍ വെജിറ്റേറിയന്‍ തലച്ചോറിനുമാത്രമേ താന്‍ ഇപ്പോള്‍ വിശദീകരിച്ചത് മനസ്സിലാകൂ എന്നും നിത്യാനന്ദ കൂട്ടിച്ചേര്‍ത്തു.

 

വരുന്ന മൂന്നുവര്‍ഷത്തേക്ക് നിങ്ങള്‍ ജീവനോടെ ഇരിക്കുക മാത്രം ചെയ്താല്‍ മതി എന്നായിരുന്നു സ്വാമി തന്റെ ശിഷ്യരോട് പറഞ്ഞത്. 'യൂ ജസ്റ്റ്് സ്റ്റേ അലൈവ് ഫോര്‍ ദ നെക്സ്റ്റ് ത്രീ ഇയേഴ്‌സ്, ആന്‍ഡ് ഐ വില്‍ ഫൈന്‍ഡ് യു ആന്‍ഡ് ഓപ്പണ്‍ യുവര്‍ തേര്‍ഡ് ഐ ' തേടിപ്പിടിച്ചു വന്ന് ശിഷ്യരുടെ മൂന്നാംകണ്ണ് തുറന്നുനല്‍കും എന്നായിരുന്നു വാഗ്ദാനം. 'ഐ വില്‍ ഡെവലപ്പ് എ പ്രോപ്പര്‍, ഫൊണറ്റിക്, ലിംഗിസ്റ്റിക്-കേപബിള്‍ വോക്കല്‍ കോഡ് ഫോര്‍ ദ മങ്കീസ്, ലയണ്‍സ്, ആന്‍ഡ് ടൈഗേഴ്സ് വിത്തിന്‍ ത്രീ ഇയേഴ്‌സ്...' എന്നും അദ്ദേഹം തന്റെ ഭക്തര്‍ക്ക് വാക്കുനല്‍കി. അതോടെ നമ്മോട് സംസ്‌കൃതത്തിലും തമിഴിലും വ്യക്തമായി സംസാരിക്കുന്ന പശുക്കളും കാളകളുമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം ധ്യാനത്തിന് ഒത്തുകൂടിയ ഭക്തരെ പറത്താന്‍ ഒരു ശ്രമവും അദ്ദേഹം നടത്തി എങ്കിലും, അത് തകര്‍ന്നു പോയി. അന്ന് നടി രഞ്ജിതയടക്കമുള്ള പലരും പറക്കാന്‍ ശ്രമിച്ച് താഴെ വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

 

എന്തായാലും ഇത്തവണ സ്വാമി നിത്യാനന്ദയെ വിദേശത്തു ചെന്നും അറസ്റ്റു ചെയ്തു കൊണ്ടുവരും എന്നാണ് ഗുജറാത്ത് പൊലീസ് പറഞ്ഞിരിക്കുന്നത്. ഇതുവരെ പല കേസുകളിലും പൊലീസ് അന്വേഷണവും അറസ്റ്റും ജയില്‍വാസവും ഒക്കെ ഉണ്ടായിട്ടും കോലാഹലങ്ങള്‍ അടങ്ങുമ്പോള്‍ സ്വാമി തിരികെ ആശ്രമത്തിലെത്തി പഴയ പരിപാടികള്‍ തുടരുന്ന അവസ്ഥയായിരുന്നു.