Monday 16 December 2019




ആന്റി വെനം നൽകാൻ മടിക്കുന്ന ഡോക്ടർമാർ

By Chithra.23 Nov, 2019

imran-azhar

 

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഷഹ്‌ല ഷെറിൻ എന്ന കുഞ്ഞ് മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഷഹ്‌ല പഠിക്കുന്ന ക്ലാസിലെ പൊത്തിൽ നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്. അന്വേഷണവിധേയമായി സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

 

ഒരു മണിക്കൂറോളം വൈകി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും വഴിമദ്ധ്യേ കുട്ടി മരിക്കുകയും ചെയ്തു. അന്വേഷണവിധേയമായി ആശുപത്രിയിലെ ഡോക്ടറിനെയും സസ്‌പെൻഡ് ചെയ്തു. ഡിഎംഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.

 

എന്നാൽ സംസ്ഥാനത്തെ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളിലൊന്നായ ആന്റി വെനം ഡോക്ടർമാർക്ക് ഉപയോഗിക്കാൻ മടിയാണെന്നാണ് അറിയാൻ കഴിയുന്നത്. അപകട സാധ്യത കൂടുതലായതിനാലാണ് ഈ മടി. അതിനാൽ തന്നെ പാമ്പ് കടിയേറ്റ് രോഗികൾ എത്തിയാലും ആന്റി സ്നേക്ക് വെനം മരുന്ന് ഉപയോഗിക്കാതെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് തടിയൂരുകയാണ് മിക്ക ആശുപത്രികളുടെയും രീതി.

 

ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഷഹ്‌ലയെ ചികിൽസിക്കാൻ ഒരു ഡ്യൂട്ടി ഡോക്ടർ മാത്രമാണ് അന്നുണ്ടായിരുന്നത്. കൂടാതെ, ആന്റി വെനം ആവശ്യത്തിന് ഇല്ലായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. സീനിയർ ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത് എന്നാണ് പറയുന്നത്. എന്നാൽ മനുഷ്യത്വപരമായോ ഡോക്ടർമാരുടെ ഡയഗ്നോസിസ് ശക്തിയോ കൊണ്ടോ തീരുമാനിക്കാവുന്ന ഒരു കാര്യമാണ് യാത്രാസമയം രോഗിയുടെ ജീവന് ആപത്ത് ഉണ്ടാക്കുമോയെന്നത്. കടിയേറ്റ് ഒരുപാട് സമയം കഴിഞ്ഞാണ് ഷഹ്‌ലയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് എത്താൻ മൂന്ന് മണിക്കൂർ വേണം എന്ന വസ്തുതയും സൗകര്യപൂർവം ഡോക്ടർമാർ മറന്നു. ഇത്രയും ദൂരം അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഷഹ്‌ല. വയനാട്ടിൽ അടിയന്തരമായി മെഡിക്കൽ കോളേജ് തുടങ്ങണം എന്ന ആവശ്യം ഓർമ്മിപ്പിക്കുന്നതാണ് ഷഹ്‌ലയുടെ മരണം.