By online desk .08 Jan, 2021
സംസ്ഥാനത്തിന്റെ വരുമാന വളര്‍ച്ച മുരടിച്ചു നില്‍ക്കുന്നതിന് കേരള സര്‍ക്കാരിന്റെ മദ്യനയം ഒരു വലിയ കാരണമാണ്. കാലാകാലങ്ങളായി എടുത്തിട്ടുള്ള ശാസ്ത്രീയമല്ലാത്ത, വെറും വൈകാരികമായ തീരുമാനങ്ങള്‍ മദ്യപാനം കുറയ്ക്കാന്‍ ഒട്ടും സഹായിച്ചിട്ടില്ല എന്നല്ല വര്‍ദ്ധിക്കുകയാണുണ്ടായത്.
വടക്കേ ഇന്ത്യയിലെ ബീഫിന്റ കാര്യം പോലെയാണ് കേരളത്തില്‍ മദ്യം. കുറേ മത തീവ്രവാദികളെയും രാഷ്ട്രീയ ദല്ലാളന്മാരെയും സന്തോഷിപ്പിക്കാന്‍ വെറുതെ കുറേ പ്രഹസനങ്ങള്‍!
ഒന്നാം തീയതി മദ്യം ഇല്ലാത്തത് ടൂറിസം മേഖലയ്ക്ക് വല്ലാത്ത ക്ഷീണമുണ്ടാക്കി എന്നല്ലാതെ വേറെ ഗുണം ഒന്നുമില്ല. സാധാരണ മലയാളി ഒന്നാം തീയതി മദ്യം കിട്ടില്ല എന്നറിയാവുന്നതിനാല്‍, തലേദിവസം വാങ്ങി വച്ചോ സ്വന്തമായി വാറ്റിയോ മറ്റു മാര്‍ഗങ്ങളിലൂടെ സംഘടിപ്പിച്ചോ കുടിക്കും.
ചെറിയ ബാറുകള്‍ നിര്‍ത്തിയതിനാല്‍, ബാറിലിരുന്ന് സാധാരണ ഒന്നോ രണ്ടോ ലാര്‍ജ്ജ് മദ്യപിച്ചിരുന്നവര്‍ ഇപ്പോള്‍ ബിവറേജസില്‍ നിന്ന് കുപ്പിക്കണക്കിന് വാങ്ങി കുടിക്കുന്നു. പലര്‍ക്കും വീട്ടില്‍ ഇരുന്നു കുടിക്കാന്‍ പറ്റാത്തതുകൊണ്ട്, മദ്യപാനം പൊതുസ്ഥലങ്ങളിലായി.
പാവപ്പെട്ടവനെ നാണം കെടുത്താന്‍ മാത്രം ഉതകുന്ന സര്‍ക്കാര്‍ കുത്തക ബിവറേജസ് സംവിധാനം നിര്‍ത്തി, മറ്റു കടകള്‍ പോലെ മദ്യം വാങ്ങി, പണം കൊടുത്തു പോകുന്ന സംവിധാനമുണ്ടാക്കണം. കൂടാതെ മറ്റു ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും കൊണ്ടുവരണം.
മദ്യം വിദേശികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. മദ്യം ഭക്ഷണശാലകളില്‍ ലഭ്യമല്ലാത്തതിനാല്‍ വിദേശികള്‍ക്ക് കേരളത്തോട് താല്പര്യം കുറയുന്നു. അതിനാല്‍, കേരളത്തില്‍ ഇപ്പോള്‍ കൂടുതലും ആഭ്യന്തര ടൂറിസ്റ്റുകളാണ് വരുന്നത്.
ടൂറിസത്തില്‍ എണ്ണമല്ലല്ലോ, ചിലവാകുന്ന തുകയല്ലേ പ്രധാനം. വിദേശ ടൂറിസ്റ്റുകള്‍ ആഭ്യന്തര ടൂറിസ്റ്റുകളെക്കാള്‍ ശരാശരി കൂടുതല്‍ പണം ചിലവാക്കുന്നവരാണ്. കൂടാതെ ഇവരുടെ രീതി ഒരു സാധാരണ ഇന്ത്യന്‍ ടൂറിസ്റ്റിനേക്കാള്‍ പ്രകൃതി സൗഹൃദവുമാണ്. അവരെ നമുക്ക് നഷ്ടമാകുന്നു.
ഐറ്റി മേഖലയുടെ നിലനില്‍പ്പിന് ചെറുപ്പക്കാരെ നമ്മുടെ നാട്ടില്‍ത്തന്നെ നിര്‍ത്തുക എന്നത് അത്യാവശ്യമാണ്. എന്നാല്‍, ബംഗളുരു, ഡല്‍ഹി, മുംബൈ മുതലായ സ്ഥലങ്ങളില്‍ പബ്ബ് പോലെ ആണ്, പെണ് ഭേദമില്ലാതെ സുഹൃത്തുക്കള്‍ക്ക് ഒരുമിച്ചു പോയി ഭക്ഷണം കഴിച്ച്, മദ്യപിക്കണമെങ്കില് അതിനുള്ള സൗകര്യവും ഉണ്ട്.
അതിനാല്‍, അവര്‍ കേരളം ഉപേക്ഷിക്കുന്നു. കൂടാതെ ഐറ്റി ജോലി കഴിഞ്ഞ് പലപ്പോഴും വളരെ താമസിച്ചാണ് ഇവര്‍ എത്തുന്നത്. അപ്പോള്‍ നിശ്ചിത സമയത്തിനു ശേഷം, നിര്‍ബന്ധിത ബാര്‍ അടപ്പ് ആര്‍ക്കും സഹായകമാകില്ല.
കൂടാതെ, ചില മദ്യം നമ്മുടെ ഒരു പ്രത്യേകത ആക്കി അത് നമ്മുടെ വരുമാനത്തിനുതകുന്നതാക്കണം. ഗോവയിലെ ഫെനി, ശ്രീലങ്കന്‍ അരാക്ക്, ജപ്പാന് സാകെ ഒക്കെ പോലെ. നമുക്ക് പറങ്കിപ്പഴം, കൈതച്ചക്ക, കരിക്ക് മുതലായവ കൊണ്ടും കള്ള് നല്ലപോലെ മാര്‍ക്കറ്റ് ചെയ്യുന്നതുവഴിയും നല്ല രീതിയില്‍ പുതിയ മാര്‍ക്കറ്റ് ഉണ്ടാക്കാവുന്നതേയുള്ളു.
സംസ്ഥാനത്തിന് വരുമാനത്തിനൊപ്പം നമ്മുടെ കൃഷിക്കാര്‍ക്ക് വളരെ സഹായകമാകും കള്ള്. നമ്മുടെ കള്ളുഷാപ്പുകളില്‍ നല്ല ഭക്ഷണം ഉള്‍പ്പെടെ നല്‍കുന്നത് ആര്‍ക്ക് തോല്‍പ്പിക്കാന്‍ പറ്റും?
നമ്മുടെ കേരളത്തില്‍ കിട്ടുന്ന മിക്ക മദ്യവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതാണ്. ഇത് കേരളത്തില്‍ത്തന്നെ ഉല്പാദിപ്പിച്ചാല് നമുക്ക് തൊഴിലും വരുമാനവും വര്‍ദ്ധിക്കും.
സ്കോച്ച് വിസ്ക്കി ഉള്‍പ്പെടെ പ്രീമിയം മദ്യം ലഭ്യമാക്കി, നല്ല രീതിയില്‍ വിറ്റാല്‍ നല്ല വരുമാനം ഉണ്ടാക്കാം. മദ്യ ലഭ്യത കുറയ്ക്കുന്നതും വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതും സാമ്പത്തിക സാമാന്യ ബുദ്ധിക്ക് വിപരീതമാണെന്ന് മാത്രമല്ല, മറ്റപകടങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും.
ഉദാഹാരണത്തിന്, മയക്കു മരുന്ന് ഉപയോഗവും അശാസ്ത്രീയമായി മദ്യം വാറ്റി ഉപയോഗിക്കുന്നതും വര്‍ദ്ധിക്കും.
അത് കൊണ്ട് മദ്യനയം അടിയന്തിരമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഇതിനു മുമ്പും പല വേദികളില്‍ പറഞ്ഞിട്ടുള്ളതു തന്നെ ഇവിടെ പങ്കുവയ്ക്കുന്നു.
1. ഒന്നാം തീയതിയും മദ്യം ലഭ്യമാകുക
2. റെസ്റ്റോറന്റുകളില്‍ മദ്യം ഭക്ഷണത്തോടൊപ്പം ലഭ്യമാക്കുക
3. ഐറ്റി, ടൂറിസ്റ്റ് മേഖലകളില്‍ രാത്രി രണ്ടു മണി വരെ മദ്യം ലഭ്യമാക്കുക
4. പബ്ബ്, മൈക്രോബ്രുവേറി ലൈസന്‍സ് നല്‍കുക
5. ബിവറേജസ് ഔട്ട്ലറ്റ്സ് കൂടാതെ മറ്റ് ചില കടകളിലും മദ്യം ലഭ്യമാക്കുക. ബിവറേജസ് ക്യൂ പരിഷ്കരിക്കുക
6. കര്‍ണാടകം മുതലായ സ്ഥലങ്ങളില്‍ ബോട്ടില്‍ ചെയ്യാതെ, കേരളത്തില്‍ ചെയ്യുക
7. നീര, വീര്യം കുറഞ്ഞ മദ്യം എന്ന പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ മാറ്റി, കേരളത്തില്‍ ലഭ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നല്ല നാച്ചുറല്‍ അല്‍ക്കോഹോള്‍ ഉണ്ടാക്കി വില്‍ക്കുക
8. കള്ള് കേരളത്തിന്റെ പ്രത്യേകതയായി മാര്‍ക്കറ്റ് ചെയ്ത്, കള്ള് ഷാപ്പുകള്‍ നാടന്‍ ഭക്ഷണവും കള്ളും കിട്ടുന്ന വിദേശി കുടുംബ സൗഹൃദ സ്ഥലം ആക്കി മാറ്റി പരസ്യപ്പെടുത്തുക.
9. നല്ല ക്വാളിറ്റി മദ്യം, സ്കോച്ച് വിസ്ക്കി ഉള്‍പ്പെടെ കേരളത്തില്‍ ലഭ്യമാക്കുക
10. മദ്യപിച്ച് കുടുംബകലഹമുണ്ടാക്കുന്നവരെയും മദ്യപിച്ചു വാഹനം ഓടിക്കുന്നവരെയും മദ്യം കാരണമാക്കുന്ന മറ്റു സാമൂഹ്യ വിരുദ്ധരെയും യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുക.
മദ്യം ഒരു വിലക്കപ്പെട്ടെ വസ്തു അല്ല എന്നായാല്‍ ഇത് ഒരു പരിധിവരെ മാറും. ഒന്നും നിരോധിക്കുകയല്ല, ഉത്തരവാദിത്ത്വത്തോടു കൂടി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.