Friday 28 January 2022




'ഫൺ അൺലിമിറ്റഡ്', ഇതാണ് ലുലു മാളിന്റെ ഹൈലൈറ്റ്; നിങ്ങൾക്കും ഇഷ്ടപ്പെടും (വീഡിയോ കാണാം)

By സൂരജ് സുരേന്ദ്രന്‍.18 Dec, 2021

imran-azhar

 

 

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരഹൃദയത്തിൽ ഉയർന്നുപൊങ്ങിയ എം എ യൂസഫ് അലിയുടെ സ്വപ്ന സാമ്രാജ്യമായ ലുലു മാൾ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഷോപ്പിങ്ങിനോടൊപ്പം വിനോദത്തിനും പ്രഥമ പരിഗണനയാണ് ലുലു ഗ്രൂപ്പ് നൽകിയിരിക്കുന്നത്. ഇതിനോടകം ലുലു മാൾ സന്ദർശിച്ചവരോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അതവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തവുമാണ്. എന്നാൽ ഇനിയും ലുലു മാൾ സന്ദർശിക്കാത്തവരോടാണ്, കുട്ടികള്‍ക്കായി കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കാണ് ഫണ്‍ ട്യൂറ എന്നപേരില്‍ മാളില്‍ തയാറാക്കിയിരിക്കുന്നത്. ഇവിടെ ഫൺ അൺലിമിറ്റഡാണ്.


450 റൈഡുകള്‍. ഇതില്‍ തന്നെ 50 റൈഡുകള്‍ കേരളത്തില്‍ ആദ്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 80,000 ചതുരശ്ര അടി ഫാമിലി എന്റര്‍ടൈന്‍മെന്റ് സെന്ററും ഇതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുമിച്ച് കുതിച്ചു ചാടാന്‍ ട്രാംപോളിന്‍ പാര്‍ക്കുമുണ്ട്. മാളിന്റെ ഏറ്റവും മുകൾ നിലയിലാണ് ഫൺ ട്യൂറ. മാളിന്റെ വിസ്തീർണം അളന്നുകുറിച്ച് ഒരു വലിയ സ്ഥലം മാറ്റിവെച്ച് തന്നെയാണ് ഫൺ ട്യൂറ സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും ആകര്ഷണീയമായ ഒരു റൈഡുണ്ട്. ഉദാഹരണമായി പറയാൻ ഒരു കേബിൾ കാറിനു സമാനമായ സംവിധാനമാണ്. മാളിനെ ടോപ് വ്യൂവിൽ നിന്ന് സഞ്ചരിച്ച് കാണാം എന്നതാണ് ഈ റൈഡിന്റെ പ്രത്യേകത.

 


കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ഫൺ ട്യൂറയുടെ ക്രമീകരണം. ഡാർക്ക് ഷെയ്ഡ് ലൈറ്റിങ് സംവിധാനവും പ്രധാന ആകർഷണമാണ്. ബൗളിംഗ് ബാൾ, ബില്യാർഡ്‌സ് ഉൾപ്പെടെ നിരവധി ഗെയിംസും ഇവിടുത്തെ പ്രത്യേകതയാണ്. റേസിംഗ് പ്രേമികളുണ്ടോ? നിങ്ങൾക്കും സന്തോഷിക്കാൻ വകയുണ്ട്. വി ആർ റേസിംഗ് ഗെയിംസ്, ഉൾപ്പെടെയുള്ള സംവിധാനവും, എന്തിനേറെ കുതിര സവാരി വരെ ഫൺ ട്യൂറയിൽ നടത്താം.


എല്ലാ റൈഡുകൾക്കൊപ്പവും രണ്ടോ മൂന്നോ സ്റ്റാഫുകളും നിർദേശങ്ങൾ നല്കാൻ ഒപ്പമുണ്ടാകും. റൈഡിൽ കയറിയും, ഗെയിംസ് കളിച്ചും തളർന്നവർക്ക് ഭക്ഷണം കഴിച്ച് അല്പമൊന്ന് വിശ്രമിക്കാനും ഫൺ ട്യൂറയിൽ പ്രത്യേക സംവിധാനവുമുണ്ട്. ഇതോടെ മാള്‍ നഗരത്തിലെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് മേഖലയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഫൺ അൺലിമിറ്റഡാണെന്ന് വെറുതെ തള്ളിയതല്ലെന്ന് ഇപ്പൊ മനസിലായില്ലേ. അപ്പൊ നിങ്ങൾ എന്നാ ലുലു മാളിലേക്ക്?