Monday 06 December 2021
സ്വപ്‌ന സാമ്രാജ്യമായ് ലുലു മാൾ (വീഡിയോ)

By സൂരജ് സുരേന്ദ്രന്‍.15 Nov, 2021

imran-azhar

സൂരജ് സുരേന്ദ്രന്‍

 

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രേറ്റ്, 200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്റർ, 2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എന്നിവ മാളിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്. നമ്മളിൽ പലർക്കും കേട്ടുകേൾവി പോലുമില്ലാത്ത വിവിധ ബ്രാൻഡുകളാണ് തിരുവനന്തപുരത്തെ ലുലുവിൽ സജ്ജമാകുന്നത്.

 

ഫുഡ്കോർട്ടിന്റെ കാര്യത്തിലും വളരെ വലിയ വ്യത്യസ്തതയും പുതുമയുമാണ് ലുലു ഗ്രൂപ്പ് കൊണ്ടുവന്നിരിക്കുന്നത്. കൊച്ചിയിൽ ആരംഭിച്ച ലുലു മാളിൽ പാരഗൺ ഉൾപ്പെടെയുള്ള നിരവധി റസ്റ്റോറന്റുകൾ ഉണ്ട്. അതിൽ നിന്നും വ്യത്യസ്തമായി തിരുവനന്തപുരത്തുകാർ ഇന്ന് വരെ രുചിച്ചിട്ടില്ലാത്ത രുചിഭേദങ്ങളായിരിക്കും തിരുവനന്തപുരത്തെ ലുലു മാളിൽ ഒരുങ്ങുന്നത്. വസ്ത്രമേഖലയിലെയും സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെയും 10 ബ്രാന്‍ഡുകളാണ് ലുലു മാളിലൂടെ കേരളത്തിലേക്ക് എത്തുന്നത്. തെക്കേ ഇന്ത്യയില്‍ത്തന്നെ ആദ്യമായാണിവ എത്തുന്നത്.

 

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെയുള്ള മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്. ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്.

 

 

മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.ലുലു ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റുകൾ തിരുവനന്തപുരത്തും, ബംഗളൂരുവിലും, ലഖ്‌നൗവിലും മിഴി തുറക്കുവാൻ പോകുകയാണ്. ലുലു മാളിന്റെ വരവ് തിരുവനന്തപുരത്തെ മറ്റ് ഷോപ്പിംഗ് മാളുകളായ മാൾ ഓഫ് ട്രാവങ്കൂറിന്റെയും, സെൻട്രൽ മാളിന്റെയും മുന്നോട്ടുള്ള ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സമീപ കാലത്താണ് തലസ്ഥാനത്ത് ഉള്ളൂരിൽ ഡിക്കാത്ലോണും ആരംഭിച്ചത്. ലുലു മാളിന്റെ വരവ് ഡിക്കാത്ലോണും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക ചെറുതല്ല. കൊച്ചിയിൽ ലുലു മാളിന്റെ ആരംഭത്തോടെ പൂട്ടിപോയ ഷോപ്പിംഗ് മാളുകളും നിരവധിയാണ്. ടെക്‌നോപാർക്ക് ഏരിയയുടെ മുഖച്ഛായ തന്നെ മാറിപ്പോകുന്ന സ്വപ്ന പദ്ധതിയാണ് എംഎ യുസഫ് അലി തലസ്ഥാനത്ത് നഗരഹൃദയത്തിൽ പടുത്തുയർത്തിയിരിക്കുന്നത്.

 

തിരുവനന്തപുരത്തിന്റെ വികസനത്തിന് ലുലു ഗ്രൂപ്പ് നാട്ടിയ ആണിക്കല്ല് കൂടിയാണ് തലസ്ഥാനത്ത് ഉയർന്നുപൊങ്ങിയിരിക്കുന്നത്. തലസ്ഥാനത്തെ ഷോപ്പിംഗ് കൾച്ചർ തന്നെ മാറ്റിമറിക്കാൻ പോകുന്ന സംരംഭമാകും ലുലു മാൾ എന്ന കാര്യത്തിൽ സംശയമില്ല. തിരുവനന്തപുരത്തെ ലുലു മാൾ ഡിസംബർ 15നാണ് പ്രവർത്തനമാരംഭിക്കുന്നത്. ബംഗളൂരുവിലെയും, ലഖ്‌നൗവിലെയും മാളുകൾ അവസാനവട്ട മിനുക്ക് പണികളിലാണ്. ലുലു മാള്‍ കൂടി തുറക്കുന്നതോടെ തലസ്ഥാനത്ത് വ്യാപാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.