Wednesday 12 December 2018


നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്‌നതയേക്കാള്‍ വികൃതം; പൂര്‍ണ്ണ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധം

By Amritha AU.12 Mar, 2018

imran-azhar


പല ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ലോകമെങ്ങും നടക്കുന്ന പ്രതിഷേധങ്ങള്‍ പലതാണ്. പലരീതിയിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും. നഗരത്തിലെ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയൊരുക്കാത്തില്‍ പ്രതിഷേധിച്ച് സാധാരണ പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ രണ്ടും കല്പിച്ച് നിരത്തിലിറങ്ങി. പ്രതിഷേധമറിയിക്കാന്‍. സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി, വെറുതെയല്ല, പൂര്‍ണ്ണ നഗ്നരായി.

 

മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് പൂര്‍ണ നഗ്‌നരായി അവര്‍ പ്രതിഷധത്തിനിറങ്ങിയത്. മുദ്രാവാക്യങ്ങള്‍ മുതുകത്ത് എഴുതിയായിരുന്നു പ്രതിഷേധം. നിങ്ങളുടെ തിരക്ക് ഞങ്ങളുടെ ജീവനെടുക്കുന്നൂവെന്നും കാറുകളില്‍നിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്‌നതയേക്കാള്‍ വികൃതമെന്നുമുളള മുദ്രാവാക്യങ്ങളിലൂടെയായിരുന്നു അവരുടെ പ്രതിഷേധം. സംഭവം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതിരിക്കാന്‍ അധികൃതര്‍ക്ക് കഴിയാതായി.

ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. അത് കൂടാതെ സൈക്കിള്‍ യാത്രക്കാര്‍ക്ക് കൃത്യമായി സുരക്ഷയൊരുക്കാത്തതുകൊണ്ട് തന്നെ ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. മുന്‍ വര്‍ഷത്തെക്കാള്‍ 23 ശതമാനം കൂടുതലാണിത്.

 

വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്.