By sisira.23 Feb, 2021
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇവിടെ ശരിയായ നീതി ഉറപ്പാക്കിയോ എന്ന ചോദ്യം ഉയരുകയാണ്.
രാജ്യദ്രോഹക്കുറ്റമൊഴികെ ജാമ്യം ലഭിക്കാവുന്ന സാധാരണക്കാരനായപൗരന്റെ അവകാശത്തിലൂന്നിയുള്ള നിയമത്തിലെ ഇളവ് മാത്രമായിരിക്കാം ഒരു പക്ഷെ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നാണ് നിയമ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
മാസങ്ങളായി ജയിലിലായ 80 വയസുള്ള വരവര റാവുവിന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോഗ്യപരമായി വളരെയധികം പ്രശ്നങ്ങളുണ്ട്. നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് വരവര റാവു ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.
ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആരോഗ്യപരമായ കാര്യങ്ങളില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി.
അതിനാല്‍ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരികെ അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യം അനുവദിച്ചത്. ആറുമാസത്തിന് ശേഷം ജാമ്യം നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.
വരവര റാവുവിന് മറവിരോഗം ഉള്‍പ്പടെയുളള അസുഖങ്ങളുണ്ടായിരുന്നു. ജയിലിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റുന്നത്.
ഒരു പക്ഷെ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നുവെങ്കിലും ഭീമ കൊറേഗാവ് കേസ്സിന്റെ തുടക്കം മുതല്‍ അതു സംബന്ധിച്ച ഔദ്യോഗിക അവകാശവാദങ്ങളും, രേഖകളും സംശയത്തിന്റെ നിഴലില്‍ ആയിരുന്നു.
ഇന്ത്യയിലെ ക്രിമിനല്‍ ഗൂഢാലോചന കേസ്സുകളുടെ ചരിത്രത്തില്‍ സാര്‍വദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ ഈ കേസ്സിന്റെ വിശ്വാസ്യത ഏതാണ്ട് പൂര്‍ണ്ണമായും ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പ്രശസ്ത അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് നടത്തിയതും ശ്രദ്ധേയമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും, കേന്ദ്രസര്‍ക്കരിനെ അട്ടിമറിക്കാനും ഗൂഢാലോചന നടത്തിയതാണ് ബികെ കേസ്സില്‍ പ്രധാനമായും ആരോപിക്കപ്പെടുന്ന കുറ്റം.
കുറ്റാരോപിതരുടെ കമ്പ്യൂട്ടറുകളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഗൂഢാലോചനയുടെ തെളിവുകള്‍ കണ്ടെത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ അവകാശവാദം.
അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളും, ഇമെയിലുകളും മനപ്പൂര്‍വ്വമായി കെട്ടിച്ചമച്ച സൈബര്‍ തെളിവുകള്‍ ആണെന്ന് വാപോ റിപ്പോര്‍ട്ട് പറയുന്നു.
സൈബര്‍ ഫോറന്‍സിക് മേഖലയില്‍ അമേരിക്കയിലെ വിദഗ്ദ്ധ ഏജന്‍സിയായ ആര്‍സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന ലബോറട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാപോ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ആര്‍സണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്വതന്ത്രരായ മൂന്നു വിദഗ്ധര്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയെ വധിക്കുവാന്‍ കുറ്റാരോപിതര്‍ ഗൂഢാലോചന നടത്തിയതിന് പകരം കുറ്റാരോപിതരെ അങ്ങനെയൊരു കേസ്സില്‍ കുടുക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നാണ് വാപോ പുറത്തുവിട്ട റേപ്പോര്ട്ടിന്റെ അന്തസത്ത.
ബികെ കേസ്സില്‍ 2018-ല്‍ അറസ്റ്റിലായ റോണ വില്‍സണ്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ് കമ്പ്യൂട്ടര്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് ആര്‍സണല്‍ തങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്.
വില്‍സണിന്റെ ലാപ്ടോപില്‍ അദ്ദേഹമറിയാതെ നുഴഞ്ഞ് കയറിയവര്‍ നിക്ഷേപിച്ച വിവരങ്ങളാണ് പിന്നീട് ഗൂഢാലോചനയുടെ തെളിവായി ബികെ കേസ്സിലുടനീളം ഉപയോഗിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
വില്‍സണിന്റെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയതിന്റെ വിശദാംശങ്ങളും, അവര്‍ നിക്ഷേപിച്ച ഫയലുകളുമാണ് ആര്‍സണലിന്റെ സൈബര്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
വ്യക്തികള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ അവരുടെ അറിവും, സമ്മതവുമില്ലാതെ അതിക്രമിച്ചു കയറുന്നതിന് ഉപയോഗിക്കുന്ന മാള്‍വെയര്‍ പ്രോഗ്രാമുകളിലൊന്നായ നെറ്റ്വയര് എന്ന പ്രോഗ്രാം ഉപയോഗിച്ച് വില്‍സണിന്റെ കമ്പ്യൂട്ടര്‍ അധീനപ്പെടുത്തിയവര് നിക്ഷേപിച്ച ഫയലുകളിലാണ് അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്ന ഗുഢാലോചനയുടെ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.
ഇത്രയും വ്യാപകവും, ആസൂത്രിതവുമായ നിലയില്‍ സൈബര്‍ തെളിവുകളുടെ വ്യാജനിര്‍മിതി ഇതിന് മുമ്പ് ശ്രദ്ധയില്‍ വന്നിട്ടില്ലെന്ന് ആര്‍സണലിന്റെ പ്രസിഡന്റ് മാര്‍ക് സ്പെന്‍സര്‍ പറയുന്നു.
2009-ല്‍ സ്ഥാപിച്ച ആര്‍സണല്‍ ബോസ്റ്റണ്‍ മാരത്തോണ്‍ ബോംബ് കേസ്സ് അടക്കമുള്ള പ്രമാദമായ പല കേസ്സുകളിലും സൈബര്‍ ഫോറന്‍സിക് വിശകലനം നടത്തി പേരെടുത്ത സ്ഥാപനമാണ്.
ജൂണ്‍ 13, 2016 ലാണ് ഈമെയില്‍ വഴി വില്‍ണിന്റെ കമ്പ്യൂട്ടറില്‍ മാള്‍വെയര്‍ കടത്തി വിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ പരിപാടിക്ക് തുടക്കമിട്ട നുഴഞ്ഞു കയറ്റക്കാരന് വില്‍സണിന്റെ കമ്പ്യൂട്ടര്‍ അദ്ദേഹത്തിന് ഒരു സൂചന പോലും ഇല്ലാതെ നിരീക്ഷണത്തിലാക്കുകയായിരുന്നു.
അതിനു ശേഷം 52 രേഖകള്‍ ഞയമരസൗു എന്ന രഹസ്യ ഫോള്‍ഡറില്‍ അദ്ദേഹത്തിന്റെ കമ്പ്യൂട്ടറില്‍ നിക്ഷേപിച്ചു. 2018 ഏപ്രില്‍ 17-ാം തീയതി വില്‍സണ്‍ന്റെ വീട് അന്വേഷണ ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി അദ്ദേഹത്തിന്റെ ലാപ്ടോപ് പിടിച്ചെടുക്കുന്നതിന്റെ തലേ ദിവസമാണ് അവസാനത്തെ രേഖ നിക്ഷേപിക്കപ്പെട്ടത്.
2018 ജൂണ്‍ ആറിനാണ് വില്‍സണെ അറസ്റ്റു ചെയ്യുന്നത്. ഈ ഫോള്‍ഡറിലെ 52 ഫയലുകളില്‍ 10 എണ്ണം പരിശോധിക്കുന്നതിനാണ് ആര്‍സണലിനെ അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന് ചുമതല ഏല്‍പ്പിച്ചത്.
വില്‍സണിന്റെ കേസ്സ് വാദിക്കുന്ന വക്കീലന്മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന് ഈ ദൗത്യം ഏറ്റെടുത്തത്.
വില്‍സണ്‍ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവിന്റെ ക്ലോണ്‍ പതിപ്പ് 2019 നവംബറിലാണ് ആര്‍സണലിന് കെമാറിയത്.
തെളിവുകളുടെ വ്യാജനിര്മിതിയിലും അവയുടെ വിന്യാസത്തിലുമുള്ള ദീര്‍ഘമായ ഇടവേളകളും കണക്കിലെടുക്കുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ ആവശ്യപ്പെടുന്ന കേസ്സായി ഇതിനെ കണക്കാക്കേണ്ടി വരും എന്നാണ് ആര്‍സണലിന്റെ നിഗമനം.
വില്‍സണെ സംബന്ധിച്ചിടത്തോളം ഒരു സൂചനപോലും ഇല്ലാതെ അദ്ദേഹത്തിന്റെ ലാപ്ടോപിലെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വന്നിരുന്നു.
ആര്‍സണലിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിന്റെ പിന്നാലെ തന്റെ കമ്പ്യൂട്ടറില്‍ വ്യാജഫയലുകള്‍ നിക്ഷേപിച്ച സംഭവത്തെപ്പറ്റി പ്രത്യേക അന്വേഷണ ടീമിനെ നിയമിച്ച് അന്വേഷിക്കണമെന്ന് വില്‍സണ്‍ ബോബെ ഹൈക്കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു.
സുപ്രീം കോടതി അല്ലെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി എസ്ഐടി-യുടെ നേതൃത്വം വഹിക്കണമെന്നും വില്‍സണ്‍ ആവശ്യപ്പെട്ടു.
വ്യാജമായ തെളിവുകളുടെ പേരില്‍ തന്റെയും മറ്റുള്ളവരുടെയും മേല്‍ ചാര്‍ത്തിയിട്ടുള്ള കേസ്സുകള്‍ റദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബികെ കേസ്സിന്റെ ചുമതലയുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ വക്താവായ ജാന റോയി അഭിപ്രായപ്പെട്ടത് വില്‍സണ്‍ന്റെ കമ്പ്യൂട്ടറില്‍ മാള്വയറിന്റെ സാന്നിദ്ധ്യം ഉള്ളതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നില്ല എന്നായിരുന്നു.
അതിന് പുറമെ കുറ്റാരോപിതര്‍ക്ക് എതിരെ വേണ്ടത്ര രേഖപരമായ തെളിവുകളും, സാക്ഷി മൊഴികളും ഉണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.