Friday 22 March 2019


ലൂല അധികാരത്തിന്‍റെ ചവര്‍ കൂനയില്‍

By SUBHALEKSHMI B R.11 Apr, 2018

imran-azhar

""ചവറിനെ ജനാലയിലൂടെ എറിഞ്ഞുകളയൂ....''ബ്രസീലിയന്‍ വ്യോമസേനയെ വെട്ടിലാക്കിയ വാക്കുകളാണിത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലൂല ഡ സില്‍വയെ ഏപ്രില്‍ ഏഴിന് സാവോപോളോയിലെ കോംഗോനാസ് വിമാനത്താവളത്തില്‍ നിന്ന് തെക്കന്‍ നഗരമായ കുറിറ്റീബിലെ ജയിലിലേക്ക് ഹെലികോപ്ടറിലാണ് കൊണ്ടുപോയത്. ഈ യാത്രയ്ക്കിടെയാണ് കോക്പിറ്റില്‍ ആരോ പൈലറ്റിനോട് വിമാനത്തിലെ ചവറിനെ ജനാലയിലൂടെ താഴേക്കെറിയാന്‍ പറയുന്നത്. സംഭാഷണം ഇങ്ങനെ   ""ലെറ്റ്സ് വണ്‍ലി ടോക്ക് ദി നെസസ്സറി എമൌണ്ട്. ലെറ്റ്സ് റെസ്പെക്റ്റ് ഔര്‍ വര്‍ക്ക്. ഐ ഹാവ് റെസ്പെക്ട്, ബട്ട് ത്രോ ദി ട്രാഷ് ഔട്ട് ഒഫ് ദി വിന്‍ഡോ''. മുന്‍പ്രസിഡന്‍റിനെയാണ് ‘ചവര്‍' എന്ന് ഉദ്ദേശിക്കുന്നതെന്നാണ് ആരോപണം. ഈ കോക്പിറ്റ് റെക്കോര്‍ഡിംഗ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ബ്രസീലിയന്‍ വ്യോമസേനാ വിഭാഗത്തിന് ഇനിയും പിടികിട്ടിയിട്ടില്ല. പുരുഷസ്വരമാണ് റെക്കോര്‍ഡിലേത്.  എന്നാല്‍ ഇത് കണ്‍ട്രോള്‍ ടവറില്‍ നിന്നുളളതല്ലെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞു. ഏപ്രില്‍ ആറിനാണ് ലൂല 12 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി സെര്‍ജിയോ മോറോ വിധിച്ചത്. തടവ് ശിക്ഷ ഒഴിവാക്കാന്‍ മാരത്തണ്‍ അപ്പീലുകളാണ് ലൂല സമര്‍പ്പിച്ചത് എന്നാല്‍ അതൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല സാവോപോളോയിലെ സ്റ്റീല്‍ വര്‍ക്കേഴ്സ് ആസ്ഥാനത്ത് അഭയം പ്രാപിച്ച ഡസില്‍വയോട് എത്രയും പെട്ടെന്ന് കീഴടങ്ങാനും കോടതി ഉത്തരവിട്ടു. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതിനാല്‍ ഡിസില്‍വ കീഴടങ്ങുകയായിരുന്നു. അഴിമതിക്കാരനായ പ്രസിഡന്‍റിനോടുളള വെറുപ്പാണ് കോക്പിറ്റ് സംഭാഷണത്തില്‍ തുടിക്കുന്നതെന്നാണ് എതിരാളികളുടെ അഭിപ്രായം. 

 

 

അഴിമതിയും കളളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ബ്രസീലിന്‍റെ ആദ്യ അടിസ്ഥാനവര്‍ഗ്ഗ പ്രസിഡന്‍റ് നേരിടുന്നത്. നിര്‍മാണക്കന്പനിയെ വഴിവിട്ടു സഹായിച്ചതിനു കൈക്കൂലിയായി ആഡംബര വസതി സ്വന്തമാക്കിയ കേസിലാണ് ഇപ്പോള്‍ ജയില്‍വാസം അനുഭവിക്കുന്നത്. മറ്റ് ആറ് കേസുകളില്‍ വിചാരണ നടക്കുന്നു. 1945 ഒക്ടോബര്‍ 27ന് വടക്കുകിഴക്കന്‍ ബ്രസിലീലെ റെസിഫിന് സമീപുളള കെയ്ത്സിലാണ് ലൂയിസ് ഇനാലിയോ ഡ സില്‍വ ജനിച്ചത്. അരിസ്റ്റൈഡെസ് ഇനാസിയോ ഡ സില്‍വ~ യൂറിഡെസ് ഫെരേരിയ ഡെ മെലോ ദന്പതികളുടെ എട്ട് മക്കളില്‍ ഏഴാമന്‍. റോമന്‍ കത്തോലിക്കാ വിശ്വാസിയായിട്ടാണ് ലൂയിസ് വളര്‍ന്നത്. ദരിദ്രമായ കുടുംബസാഹചര്യം കാരണം ശരിയായ പ്രാഥമിക വിദ്യാഭ്യാസം പോലും ലൂയിസിന് ലഭിച്ചില്ല. പത്താം വയസ്സിലാണ് നേരെ ചൊവ്വെ വായിക്കാന്‍ പഠിക്കുന്നത്. പിന്നീട് സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് ജോലി തേടി. 12~ാം വയസ്സില്‍ ഷൂ പോളിഷുകാരനായി. പിന്നീട് വഴിയോര വില്പനക്കാരനും. 14~ാം വയസ്സില്‍ ഒരു ഗോഡൌണില്‍ ജോലി കിട്ടി. 19~ാം വയസ്സില്‍ പ്രസ് ഓപേറ്ററായി ജോലി നോക്കവേയുണ്ടായ അപകടത്തില്‍ ഇടതുകൈയിലെ ചെറുവിരല്‍ നഷ്ടമായി. ചികിത്സയ്ക്കായി നിരവധി ആശുപത്രികളെ സമീപിക്കേണ്ടി വന്നു. തൊഴിലാളികളോടുളള സമൂഹത്തിലെ ഉന്നതരുടെ മനോഭാവം ലൂയിസിനെ ചിന്തിപ്പിച്ചു. തുടര്‍ന്ന് വര്‍ക്കേഴ്സ് യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. പതിയെ പതിയെ മുന്‍നിരനേതാവായി. 1975~ല്‍ സ്റ്റീല്‍ വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡന്‍റായി. 1978~ല്‍ വീണ്ടും ആ യൂണിയന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. സൈനികഭരണകാലത്ത് സംഘടനാപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. പുറത്തിറങ്ങിയ ലൂയിസ് രാഷ്ട്രീയത്തില്‍ കണ്ണുവച്ചു. 1980 ഒരു കൂട്ടം ബുദ്ധിജീവികളെയും യൂണിയന്‍ നേതാക്കളെയും മറ്റും ഉള്‍പ്പെടുത്തി ‘വര്‍ക്കേഴ്സ് പാര്‍ട്ടി' രൂപീകരിച്ചു. പുരോഗമന ആശയങ്ങള്‍ക്കായി നിലകൊണ്ട ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു വര്‍ക്കേഴ്സ് പാര്‍ട്ടി. 1982~ല്‍ പേരിനൊപ്പം ലൂല എന്ന വിളിപ്പേരുകൂടി കൂട്ടിച്ചേര്‍ത്ത് ലൂയിസ് ഇനാസിയോ ലൂല ഡ സില്‍വയായി. 1984 ~ല്‍ ലൂലയും പാര്‍ട്ടിയും സൈനിക ഭരണത്തിനെതിരെ നേരിട്ടുളള തിരഞ്ഞെടുപ്പിന് വേണ്ടിയുളള പ്രചാരണം ഏറ്റുപിടിച്ചു. 1986 ~ല്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ നിയമനിര്‍മ്മാണവിഭാഗമായ നാഷണല്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989~ല്‍ ലൂലയുടെയും കൂട്ടരുടെയും അധ്വാനം ഫലംകണ്ടു. 29 വര്‍ഷത്തിന് ശേഷം ബ്രസീലില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ലൂല പരാജയപ്പെട്ടു. 1994ലും 1998ലും പരാജയം ആവര്‍ത്തിച്ചു. 2002 അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബ്രസീലിന്‍റെ പ്രഥമപൌരനായി. 2006~ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2011 വരെ ബ്രസീലിയന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്ന ലൂലയുടെ കീഴില്‍ ബ്രസീല്‍ വളര്‍ന്നു. സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കിയ കുടുംബ അലവന്‍സ്, വിശപ്പുരഹിത പദ്ധതികള്‍ ലോകശ്രദ്ധയാര്‍ജ്ജിച്ചു. ആഗോളതാപനം, ഇറാന്‍റെ ആണവപദ്ധതി തുടങ്ങിയ അന്താരാഷ്ട്രവിഷയങ്ങളിലും ലൂല സുപ്രധാന പങ്ക് വഹിച്ചു. രാജ്യങ്ങള്‍ തമ്മിലുളള അധികാരസംതുലനത്തെ പോലും മാറ്റിമറിക്കാന്‍ തക്കവിധം സാഹസികമായ ആഗ്രഹങ്ങളുളള ഒരാള്‍ എന്നാണ് ലൂല വിശേഷിപ്പിക്കപ്പെട്ടത്. ലൂലയുടെ കീഴില്‍ ബ്രസില്‍ ലോകത്തെ എട്ടാമത്തെ വലിയ സാന്പത്തികശക്തിയായി ഉയര്‍ന്നുവെന്നും 20 ദശലക്ഷത്തിലേറെ ജനം ദാരിദ്യ്രത്തില്‍ നിന്ന് കരകയറിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തി. ആദ്യമായി ഒളിന്പിക്സിന് ആതിഥ്യമരുളാന്‍ തെക്കേ അമേരിക്കയ്ക്ക് അവസരം ലഭിക്കുന്നതും ലൂലയുടെ കാലത്താണ് . അതായത് 2016~ലെ ഒളിന്പിക്സ് റിയോ ഡി ജനീറോയില്‍ നടത്താമെന്ന് തീരുമാനിക്കുന്നത് ലൂലയുടെ കാലത്താണ്. ആ നേട്ടം സ്വന്തമാക്കിയതില്‍ ലൂലയുടെ പങ്ക് വലുതാണ്. ലോകത്തിലെ അതിപ്രശസ്തരായ രാജ്യത്തലവന്മാരില്‍ ഒരാളായി മാറിയ ലൂല 2010~ല്‍ ടൈം മാസികയുടെ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ പട്ടികയിലിടം നേടി. എന്നാല്‍ തന്‍റെ മുന്‍ഗാമികളെ പോലെ രണ്ടാമൂഴത്തില്‍ ലൂലയും അഴിമതിയിലേക്ക് നീങ്ങി. 2017 ജൂലായ് 12ന് കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജഡ്ജി സെര്‍ജിയോ മോറോ ഒന്‍പത് വര്‍ഷവും ആറുമാസവും തടവ് വിധിക്കുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ സമര്‍പ്പിച്ച ലൂല സ്വതന്ത്രനായി തുടര്‍ന്നു. 2018 ജനുവരി 24ന് പ്രാദേശിക ഫെഡറല്‍ കോടതിയിലെ മൂന്നംഗ ബഞ്ച് മോറോയുടെ വിധി ശരിവച്ചു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജഡ്ജി മോറോ അപ്പീല്‍ തളളി . ഏപ്രില്‍ 6ന് വിധി പ്രസ്താവിക്കുകയും ചെയ്തു. അപ്പോള്‍ ഒന്പതര വര്‍ഷമെന്നത് 12 വര്‍ഷവും ആറുമാസവുമായി ഉയര്‍ന്നു. തുടര്‍ന്ന് അറസ്റ്റ് തടയാന്‍ പഴയ തട്ടകമായ സ്റ്റീല്‍ വര്‍ക്കേഴ്സ് ആസ്ഥാനത്ത് അഭയം തേടിയ ലൂലയെ അണികള്‍ സംരക്ഷിച്ചെങ്കിലും ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. താന്‍ അടുത്ത പ്രസിഡന്‍റ് ആകുന്നത് തടയാന്‍ എതിരാളികള്‍ ഉന്നയിക്കുന്നതാണ് ഇത്തരം അഴിമതിക്കഥകളെന്നാണ് ലൂലയുടെ വാദം. ഒക്ടോബറില്‍ ബ്രസീലില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പാണ് . ആ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അഴികള്‍ക്ക് പിന്നിലെ ലൂലയെ തന്നെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് വര്‍ക്കേഴ്സ്പാര്‍ട്ടിക്കാര്‍ പറയുന്നത്. എന്നാല്‍, ലൂലയ്ക്ക് പകരമുളള ഒരു കൂട്ടം പേരുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും , പാര്‍ട്ടിയേക്കാള്‍ ലൂല വളര്‍ന്നതിനാല്‍ അദ്ദേഹത്തെ ഭയന്ന് ഇലക്ട്രല്‍ കോടതി അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം തളളുന്നതുവരെ പാര്‍ട്ടി ലൂലയെ ഉയര്‍ത്തിക്കാട്ടുമെന്നുമാണ് എതിര്‍പക്ഷം പരിഹസിക്കുന്നത്. ബ്രസീലിലെ നിയമപ്രകാരം കുറ്റവാളിയെന്ന് കണ്ടെത്തിയവര്‍ക്ക് ഇത്തരം പദവികളിലേക്ക് മത്സരിക്കാനാവില്ല.

 

 

ദാരിദ്യ്രത്തിന്‍റെ പടുകുഴിയില്‍ നിന്ന് ആഡംബരത്തിന്‍റെ ഉത്തുംഗശൃംഗത്തിലെത്തിയ ലൂല വീണ്ടും പരിമിതമായ സൌകര്യങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കുറിറ്റീബിലെ ജയിലില്‍ ലൂലയ്ക്ക് അനുവദിച്ച 160 ചതുരശ്രയടി വലുപ്പമുള്ള തടവറയില്‍ ചൂടുവെളളവും ശുചിമുറിയും മാത്രമാണ് ആഡംബരങ്ങള്‍ . എന്നാല്‍, തടവറയിലെ ലൂല മറ്റാരേക്കാളും ജനപ്രിയനാണെന്ന് സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു