Friday 27 May 2022




ആരാണ് പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന?

By santhisenanhs.07 May, 2022

imran-azhar

 

യുക്രെയ്നെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ വിലക്കുകൾ പ്രഖ്യാപിക്കാനിരിക്കുന്ന റഷ്യൻ നേതാക്കളുടെ പട്ടികയിലുൾപ്പെട്ടിരിക്കുകയാണ് അലീന കബീവ എന്ന സ്ത്രീയും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കാമുകിയെന്ന് കരുതപ്പെടുന്ന അലീന ആരാണെന്ന ചോദ്യമാണ് ഇപ്പോളുയരുന്നത്.

 

ഒളിംമ്പിക് ജേതാവായ ജിംനാസ്റ്റ്, മീഡിയ ബോസ്, രാഷ്ട്രീയക്കാരി തുടങ്ങി പല വിധ ഖ്യാതികൾ അലീനയുടെ പേരിലുണ്ട്. പക്ഷെ പുടിനോടൊപ്പമുള്ള ഗോസിപ്പുകൾ ചേർത്താണ് അലീനയെ പുറംലോകം കൂടുതലായി അറിയുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പുറത്തു പറയാത്ത പുടിൻ ഇത്തരം വാർത്തകളെയൊക്കെ പാടെ നിഷേധിക്കുന്നത് വർഷങ്ങളായി തുടരുകയാണ്.

 

ആദ്യമായി അലീന-പുടിൻ ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ സ്ഥാപനം തന്നെ റഷ്യയിൽ പൂട്ടിപ്പോവുകയുമുണ്ടായി. 2008 ലാണ് റഷ്യയിലെ മോസ്കോവ്സ്കി കറസ്പോണ്ടന്റ് പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭാര്യ ലിഡ്മിലയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച് അലീനയെ വിവാഹം കഴിക്കാൻ പുടിൻ ഒരുങ്ങുന്നു എന്നായിരുന്നു വാർത്ത. പിന്നാലെ ഈ പത്ര സ്ഥാപനം അധികൃതർ അടപ്പിച്ചു. ഈ വാർത്ത വന്ന് അഞ്ച് വർഷം കഴിഞ്ഞ് പുടിനും ഭാര്യയും വേർപിരിയുകയും ചെയ്തു.

 

റഷ്യയുടെ യശസുയർത്തിയ കായികതാരമായാണ് 2000 ങ്ങളിൽ അലീന വാർത്തകളിൽ നിറഞ്ഞത്. മികച്ച ജിംനാസ്റ്റായ അലീന ഒളിംബിക് ജേതാവുമാണ്. 1996 ലാണ് അലീന ആദ്യമായി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തത്.

 

18 ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ, 25 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകൾ എന്നിവയാണ് അലീന കായിക ജീവിതത്തിൽ സ്വന്തമാക്കിയത്. 2004 ൽ ഏഥൻസിൽ നടന്ന ഒളിംബിക്സിൽ അലീന സ്വർണ മെഡലും നേടിയിട്ടുണ്ട്.

 

എന്നാൽ 2001 ൽ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ ഇവരുടെ പേരിന് ചെറിയ കോട്ടവും സംഭവിച്ചു. ഇതിന് പിന്നാലെയാണ് അലീന രാഷ്ട്രീയത്തിലിറങ്ങുന്നത്. 2007 ൽ റഷ്യൻ പാർലമെന്റ് ഉപരിസഭയിൽ അലീന സീറ്റ് നേടി.

 

2014 ൽ റഷ്യയുടെ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ചെയർപേഴ്സണായി അലീന തെരഞ്ഞെടുക്കപ്പെട്ടു. പുടിനുമായി എപ്പോഴാണ് അലീനയുടെ സൗഹൃദം തുടങ്ങിയതെന്ന് വ്യക്തമല്ല. പക്ഷെ ഇവർ തമ്മിൽ അടുത്ത സൗഹൃദമാണെന്നാണ് ഗോസിപ്പുകൾ.

 

പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2019 ൽ ഇരട്ടക്കുട്ടികളാണ് ജനിച്ചത്. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം റഷ്യ അംഗീകരിക്കുന്നില്ല. ഏപ്രിലിൽ മോസ്കോയിൽ നടന്ന ജൂനിയർ ജിംനാസ്റ്റിക്സ് ഫെസ്റ്റിവലിൽ അഥിഥിയായി അലീന എത്തിയിരുന്നു. അന്ന് യുക്രെയ്നിലെ റഷ്യൻ സൈനിക നീക്കങ്ങളെ അലീന അഭിനന്ദിക്കുകയും ചെയ്തിരുന്നു.