Thursday 23 May 2019


മാറേണ്ടത് സമൂഹത്തിന്റെ ചിന്താഗതി...

By മഞ്ജുഷ കൃഷ്ണന്‍.08 Mar, 2019

imran-azhar

 

പുരുഷനോളം തുല്യതയും സമഭാവനയും വീടിനുള്ളിലും സമൂഹത്തിലും സ്ത്രീകള്‍ക്ക് വേണമെന്ന വാദമുയരുമ്പോള്‍ ചില എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നു വരുന്നത് ഇപ്പോഴും നമ്മെ അസ്വസ്ഥതപ്പെടുത്തുന്നു എന്നു പറയാതെ വയ്യ. അത് ആദ്യം ഉയരുന്നത് സ്വന്തം കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. 'നിനക്ക് ഞങ്ങള്‍ പരമാവധി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടല്ലോ' എന്ന വാദമാണ് ആദ്യം കേള്‍ക്കുക. എന്നാല്‍ ആ സ്വാതന്ത്ര്യാനുവാദം പോലും ഒരു ഔദാര്യമായി മാറുകയും അതിനായി യാചിക്കേണ്ടി വരികയും ചെയ്യുന്നതാണ് സ്ത്രീ നേരിടുന്ന ഏറ്റവും വലിയ ദുരവസ്ഥ. സ്വാതന്ത്ര്യം സൗജന്യമായി ലഭിക്കേണ്ട ഒന്നല്ല എന്ന് ആരും തിരിച്ചറിയുന്നില്ല. അത് പുരുഷനെപ്പോലെ സ്ത്രീയുടെയും അവകാശമായി മാറുന്നിടത്താണ് യഥാര്‍ത്ഥ നന്മയെന്ന് സമൂഹം തിരിച്ചറിയാതെ പോകുന്നതാണ് വിഷമം. സമത്വം നിറഞ്ഞ അന്തരീക്ഷം രൂപപ്പെട്ടുവരണമെങ്കില്‍ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടല്ലോ എന്ന മനോഭാവമാണ് മാറേണ്ടത്. ആരും അനുവദിച്ചു നല്‍കേണ്ട ഒന്നായി സ്ത്രീ സമത്വം നിശ്ചയിക്കപ്പെടേണ്ടി വരരുത്. ആ നിലയ്ക്കുളള സാമൂഹിക ചിന്തയാണ് നമ്മില്‍ രൂപപ്പെടേണ്ടത്.