Wednesday 07 December 2022
ഇന്തൊനീഷ്യൻ ദിനങ്ങൾ; അവധിക്കാലം ആഘോഷമാക്കി അന്നാബെന്‍

By santhisenanhs.20 Aug, 2022

imran-azhar

 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അന്നബെൻ. യാത്രകളോട് അടങ്ങാത്ത അഭിനിവേശമുള്ള താരത്തിന് അഡ്വഞ്ചറസ് ട്രിപ്പുകളാണ് ഏറെ താൽപര്യം.

 

ഒത്തിരി യാത്രകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും നമ്മുടെ ലോകത്തിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ ഒട്ടും യാത്ര ചെയ്തിട്ടില്ലെന്നും അതുകൊണ്ട് കുറേ ട്രിപ്പ് പോകണമെന്നുതന്നെയാണ് ആഗ്രഹമെന്നും ഒരിക്കൽ അന്ന ബെൻ പറഞ്ഞിരുന്നു.

 

ഇപ്പോഴിതാ ഇന്തൊനീഷ്യയില്‍ വെക്കേഷനിലാണ് അന്നാബെന്‍. ജക്കാര്‍ത്തയിലെ മോജ മ്യൂസിയത്തില്‍ നിന്നും എടുത്ത ചിത്രം അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണിത്. നിരവധി ആരാധകര്‍ ഇതിനു താഴെ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്.

 

ജക്കാർത്തയിലെ താരതമ്യേന പുതിയ മ്യൂസിയമാണ് മോജ. മാത്രമല്ല, ഇവിടുത്തെ ആദ്യ ഇന്‍ററാക്ടീവ് മ്യൂസിയം കൂടിയാണ് ഇത്. 2018 ഒക്ടോബറിലാണ് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്. സഞ്ചാരികള്‍ക്കായി കൗതുകകരമായ നിരവധി കാഴ്ചകളും വിനോദങ്ങളും ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ആർക്കേഡ് ഗെയിമുകള്‍ മുതല്‍ ബോൾ പിറ്റ് വരെ സന്ദർശകർക്ക് മികച്ച അനുഭവം ഒരുക്കുന്ന 14 മുറികള്‍ ഇവിടെയുണ്ട്.

 

മേഘങ്ങള്‍ക്ക് മുകളിലൂടെ ഊഞ്ഞാലാടുന്ന പ്രതീതി ഉളവാക്കുന്ന ചാര്‍ളി ആന്‍ഡ്‌ ദി മില്ലേനിയല്‍ പിങ്ക് കാന്‍ഡി റൂം ആണ് ഇവിടുത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. വർണ്ണാഭമായ ഊഞ്ഞാലുകളുള്ള ഒരു മുറിയാണിത്‌. ഒരു ചുവരില്‍ മഴവില്ല് വരച്ചുവെച്ചിരിക്കുന്നു. തറയില്‍ മേഘങ്ങളെപ്പോലെ തുണി വിരിച്ചതും കാണാം.

 

ചുവരുകൾ നിറയെ പത്ര ക്ലിപ്പിങ്ങുകളും മാഗസിനുകളും നിറഞ്ഞ ഗോഡ്ഫാദർ റെഡ് റൂമാണ് മറ്റൊരു ആകര്‍ഷണം. ഡിസ്കോ ബോൾ ഉള്ള ദി സ്കൂൾ ഓഫ് ഡിസ്കോ എന്ന ഇരുണ്ട മുറിയാണ് അടുത്ത കാഴ്ച. അവിടെ സംഗീതത്തിനനുസരിച്ച് വെളിച്ചം മാറുന്നു. കുട്ടിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ മടക്കിക്കൊണ്ടു വരുന്ന ദ പർസ്യൂട്ട് ഓഫ് ബട്ടർ ബോൾ പിറ്റിനുള്ളിൽ മഞ്ഞയും വെള്ളയും നിറഞ്ഞ പന്തുകൾ നിറഞ്ഞിരിക്കുന്നു.

 

റോജ എന്ന പേരില്‍ റോളർ സ്കേറ്റിങ് നടത്താനാവുന്ന ഒരു ഭാഗവും ഇതിനുണ്ട്. 80 കളിലും 90 കളിലും റോളർ സ്കേറ്റിങ് ഇവിടെ വളരെ ജനപ്രിയമായ ഒരു പ്രവർത്തനമായിരുന്നു. മ്യൂസിയത്തിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് പ്രൊഫഷണൽ ക്യാമറ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഒരുമുറിയില്‍ നിന്നും അടുത്ത മുറിയിലേക്ക് പോയ ശേഷം, മുമ്പത്തെ മുറിയിലേക്ക് മടങ്ങാൻ കഴിയില്ല. ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 7 വരെ മ്യൂസിയം തുറന്നിരിക്കും.