Friday 25 May 2018

ഓഖി : പഴിചാരി കേന്ദ്രവും-കേരളവും

By Pradeep Anand.01 Dec, 2017

imran-azhar

ഓഖി മുന്നറിയിപ്പിന്റെ പേരില്‍ കേന്ദ്ര സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കം വിവാദമാകുന്നു. കഴിഞ്ഞ 28 ന് തന്നെ കന്യാകുമാരി തീരത്ത് ഓഖി 80 മുതല്‍ 120 കി. മി വേഗതയില്‍ ആഞ്ഞടിക്കാനുള്ള സാധ്യത പരിഗണിക്കണമെന്നും അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും സമുദ്ര ഗവേഷണ വിഭാഗവും കേരളം തമിഴ്‌നാട് ലക്ഷദ്വീപ് ഭരണകൂടങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

കേരളത്തില്‍ ചീഫ് സെക്രട്ടറിക്കും ഇവിടുത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും ഉള്‍പ്പെടെ നാലോളം ഭരണകേന്ദ്രങ്ങളിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശത്തിന് അനുസരിച്ച് നടപടികള്‍ സ്വീകരിച്ചപ്പോള്‍ കേരളം അത് അവഗണിക്കുകയായിരുന്നുവെന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രമാണ് തങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയത് എന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചതോടു കൂടി കൂടുതല്‍ തെളിവുകളും ശക്തമായ വാദവുമായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും രംഗത്ത് വന്നു. മറ്റ് സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തില്‍ കേന്ദ്രത്തെ അനുകൂലിക്കുമ്പോള്‍ കേരളം മാത്രം എതിര്‍ത്തത് എന്ത് അടിസ്ഥാനത്തിലാണെന്നും തങ്ങള്‍ കൃത്യമായി തങ്ങളുടെ കടമ നിര്‍വഹിച്ചിരുന്നു എന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അവകാശവാദം.

 

എന്നാല്‍ മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രിയുമുള്‍പ്പെടെ കേന്ദ്രത്തിന്റെ അറിയിപ്പ് വൈകി എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയില്‍ ജനങ്ങള്‍ കേരളത്തെയാണ് ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. മുന്നറിയിപ്പ് വൈകിയത് സംസ്ഥാനത്തിന്റെ അനാസ്ഥമൂലമാണെന്ന പരാതിയാണ് അവര്‍ ഉന്നയിക്കുന്നത്. മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ആരും കടലില്‍ പോകുകയില്ലായിരുന്നുവെന്നും അവര്‍ പറയുന്നു. പല സ്ഥലങ്ങളിലും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുകൊണ്ടാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. നാവിക കോസ്റ്റ് ഗാര്‍ഡ് വ്യോമസേന സംഘങ്ങള്‍ക്ക് മാത്രമാണ് ജനം പിന്തുണ നല്‍കുന്നത്.