Sunday 18 April 2021




"ഈ നിര്‍ദ്ദേശം പറയുന്നവരുടെ മുഖത്തേക്ക് നീട്ടി തുപ്പാന്‍ പറ്റുമെങ്കില്‍ അങ്ങനെ ഇല്ലെങ്കില്‍ മനസ്സില്‍ തുഫ് തുഫ്"! സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ പ്രതിഷേധ കുറിപ്പ്

By mathew.04 Mar, 2021

imran-azhar

 


ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇത് ചോദിച്ചത്. വിഷയം സമൂഹ മാധ്യമങ്ങളിലും പ്രതിഷേധമായി ആളിക്കത്തുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. കല്യാണം കഴിക്കലാണ് പെണ്ണിന്റെ ഏക ജീവിത ലക്ഷ്യമെന്ന സ്ത്രീ വിരുദ്ധ വിചാരത്തിന്റെ ഉത്പന്നമാണ് ആ ചോദ്യവും പെരുമാറ്റവുമെന്ന് ഡോ. ജോണ്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഡാ..നെനക്ക് ഈ പെണ്ണിനെ കെട്ടിക്കൂടെ

ബലാത്സംഗ കുറ്റം ചെയ്തതിന്റെ പേരില്‍ കോടതിയുടെ കൂട്ടില്‍ നില്‍ക്കുമ്പോള്‍ ന്യായാധിപന്‍ ഇങ്ങനെ ചോദിച്ചാല്‍ അയാള്‍ എന്ത് ചെയ്യും

കണ്ണ് മിഴിച്ചു നില്‍ക്കും.

ഡാ ..കല്യാണം കഴിച്ചു അവളെ കൂടെ പൊറുപ്പിച്ചാല്‍ നെന്നെ ദേ ഈ ഞാന്‍ സഹായിക്കാട്ടോ

എന്നാ പിന്നെ കെട്ടി കളയാമല്ലേ? ശിക്ഷ ഒഴിവായാലോ?

സമ്മതമില്ലാതെ ബലമായി പ്രാപിച്ച പുരുഷനെ കെട്ടാന്‍ പെണ്ണ് ഉടന്‍ ഓക്കേ പറഞ്ഞോളുമെന്ന ഈ ബുദ്ധി സമൂഹ നിര്‍മ്മിതിയാണ്. കല്യാണം കഴിക്കലാണ് പെണ്ണിന്റെ ഏക ജീവിത ലക്ഷ്യമെന്ന സ്ത്രീ വിരുദ്ധ വിചാരത്തിന്റെ ഉത്പന്നമാണ്. ബലാല്‍സംഗം ചെയ്തവനായാലും പെണ്ണിന് ഓക്കെയെന്ന നിലപാടിന് വളം വയ്ക്കാന്‍ പോകരുത്. ഈ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം പലപ്പോഴും വരാറുണ്ട് .അത് പൊളിച്ചടുക്കണം. സമ്മതിച്ചേക്കല്ലേ .ഈ നിര്‍ദ്ദേശം പറയുന്നവരുടെ മുഖത്തേക്ക് നീട്ടി തുപ്പാന്‍ പറ്റുമെങ്കില്‍ അങ്ങനെ. ഇല്ലെങ്കില്‍ മനസ്സില്‍ തുഫ് തുഫ് .

അതാണ് ഉശിരുള്ള പെണ്ണത്തം .

ഏതാണ്ട് ഇത് പോലെയുള്ള ഒരു കോടതി ഡയലോഗിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഈ പോസ്റ്റിന് പ്രചോദനം .അലക്ഷ്യമാകുമോ ?

(സി .ജെ .ജോണ്‍ )