Friday 22 February 2019


എല്ലാം മറന്ന് അവള്‍ തുള്ളി; കൈയടിച്ച് സോഷ്യല്‍ മീഡിയ

By anju.07 Feb, 2019

imran-azhar




തിരുവനന്തപുരം: പൂരപ്പറമ്പില്‍ താളമേളങ്ങള്‍ക്കനുസരിച്ച് തുള്ളിച്ചാടിയ പെണ്‍കുട്ടിയെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍ മീഡിയ. ചെണ്ടമേളത്തിനനുസരിച്ച് താളം ചവിട്ടിയ പത്തനംതിട്ട പള്ളിക്കല്‍ സ്വദേശി പാര്‍വതിയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. നൂറനാട് ശ്രീശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഓമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പാര്‍വതിക്ക് പിന്തുണയുമായി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തെത്തി.വികാരങ്ങളേയും ആഗ്രഹങ്ങളേയും ഉള്ളിലൊതുക്കിയല്ല, ജീവിതം ആസ്വദിച്ചു വേണം പെണ്‍കുട്ടികള്‍ വളരാന്‍ എന്നാണ് വീഡിയോ ഷെയര്‍ ചെയ്തവരുടെ അഭിപ്രായം.ആനയടി നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന ചെണ്ട മേളത്തിന്റെ ആവേശത്തിലായിരുന്നു പാര്‍വ്വതി സര്‍വ്വം മറന്നാടിയത്. പാര്‍വ്വതിക്ക് നന്ദി പറഞ്ഞു കൊണ്ട് ആനയടി പൂരം ഫെയ്സ്ബുക്ക് പേജില്‍ പാര്‍വ്വതിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

പൂരപ്പറമ്പ് ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്‍കുട്ടികള്‍ക്കും അവകാശപ്പെട്ടതാണെന്ന് പറഞ്ഞു കൊണ്ട് തുള്ളിച്ചാടുന്ന പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയ. പച്ചയുടുപ്പിട്ട് ചുറ്റുമുള്ളതിനെയൊന്നും കാര്യമാക്കാതെ അവള്‍ തുള്ളിച്ചാടുമ്പോള്‍ അത് സ്വാതന്ത്ര്യത്തിന്റെ ആനന്ദ നൃത്തമായി മാറുകയായിരുന്നു.
നാട്ടില്‍ നിന്ന് ഒരു സംഘമായിട്ടാണ് പാര്‍വതി പൂരം കാണാന്‍ പോയത്. പൂരപ്രേമിയായ പെണ്‍കുട്ടി മേളവും നന്നായി ആസ്വദിക്കും. മേളം കൊഴുത്തപ്പോള്‍ ആവേശം കയറി തുള്ളിയതാണെന്നും ഇത്ര വലിയ സംഭവമാകുമെന്ന് വിചാരിച്ചില്ലെന്നും പാര്‍വതി പറഞ്ഞു.

 

ആണ്‍കുട്ടികള്‍ ഉത്സവങ്ങള്‍ ആഘോഷമാക്കുമ്പോള്‍ തുള്ളാനുള്ള ആഗ്രഹം ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് പെണ്‍കുട്ടികളില്‍ അധികവും. മറ്റുള്ളവര്‍ കണ്ടാല്‍ എന്തുവിചാരിക്കുമെന്ന് കരുതി എല്ലാം ഉള്ളില്‍ ഒതുക്കുന്ന പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തയാണ് പാര്‍വ്വതിയെന്നും സോഷ്യല്‍ മീഡിയ പറയുന്നു.