Friday 24 September 2021




കൂ ഒടുവില്‍ ഓടിയെത്തി; 16 മാസം, ഒരു കോടി ഉപഭോക്താക്കള്‍; ട്വിറ്ററിനെ പൊളിക്കുമോ?

By RK.31 Aug, 2021

imran-azhar

 

 

ട്വിറ്ററിനു ബദലായി ഒന്നേകാല്‍ വര്‍ഷം മുമ്പാണ് ഈ ആപ്പ് എത്തിയത്. എന്നാല്‍, ട്വിറ്ററിന്റെ ആധിപത്യം പൊളിക്കാനാവുമോ എന്ന സംശയത്തിലായിരുന്നു ബഹുഭൂരിപക്ഷത്തിനും. 16 മാസം കഴിയുമ്പോള്‍ ഈ ആപ്പിനെ എഴുതിത്തള്ളാനാവില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. കാരണം ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായത്. അതേ കൂ ആപ്പിനെക്കുറിച്ചു തന്നെയാണ് പറയുന്നത്.

 

ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് കൂ ആപ്പിന്റെ രംഗപ്രവേശം.

 

ഉപഭോക്താക്കളുടെ എണ്ണത്തില്‍ കൂ ആപ്പ് ഒരു കോടി പിന്നിട്ടിരിക്കുന്നു. മറ്റ് ആപ്പുകളില്‍ നിന്ന് കൂവിനെ വേറിട്ടതാക്കുന്നത് മാതൃഭാഷയിലൂടെ ആശയങ്ങള്‍ അവതരിപ്പിക്കാം എന്നതാണ്.

 

കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം കൂ ആപ്പിന് ഇപഭോക്താക്കളുടെ എണ്ണത്തില്‍ 85 ശതമാനം വര്‍ദ്ധനവ് ഉണ്ടായി.

 

ഒരു വര്‍ഷം കൊണ്ട് 10 കോടി ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്ന് കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു.

 

ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ആപ്പിന് കൂടുതല്‍ സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. ട്വിറ്ററിന്റെ നടപടികള്‍ക്കെതിരെ നിരവധി തവണ കേന്ദ്രം രംഗത്തെത്തിയിരുന്നു. മാത്രമല്ല, രാജ്യത്തെ ഐടി നിയമങ്ങള്‍ പാലിക്കണമെന്ന് കോടതി പോലും ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ട്വിറ്റര്‍ വഴങ്ങിയത്.

 


ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിങ്ങനെ ഇംഗ്ലീഷിന് പ്രാധാന്യം കുറവുള്ള രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.